പുസ്തകം വായിക്കുമ്പോൾ ദൈവികതയെ അറിയുന്നു

കോഴിക്കോട് ആരംഭിച്ച മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രഭാഷണം

Update: 2023-12-07 15:09 GMT
Advertising

ഗുജറാത്ത് മുതൽ തെക്കോട്ട് ഇത്രയും ദീർഘമായ ഒരു സമുദ്രതീരമുള്ള നമ്മുടെ ഇന്ത്യയിൽ വൈദേശിക ശക്തികളായാലും കച്ചവടക്കാരായാലും ആദ്യമായി കടൽമാർഗം വന്നണഞ്ഞത് കോഴിക്കോടിന്റെ മണ്ണിലാണെന്നുള്ളതിൽ കേവല യാദ്യശ്ചികതക്കപ്പുറമുള്ള ഒരു വിസ്മയമുണ്ടെന്ന് വിചാരിക്കുന്നയാളാണ് ഞാൻ. 'മനുഷ്യന് ഒരു ആമുഖം' എന്ന എന്റെ ആദ്യത്തെ പുസ്തകത്തിൽ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയ ജിതേന്ദ്രൻ എന്ന ചെറുപ്പക്കാരനെ ചിത്രീകരിക്കുന്ന സന്ദർഭത്തിൽ ഞാനത് വ്യക്തമായി പറയാൻ ആഗ്രഹിച്ചിരുന്നു. മുഴുവൻ പേരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു കാന്തം കോഴിക്കോടിന്റെ മണ്ണിലുണ്ടെന്നാണ് ആ സൂചന. കടലിലൂടെ വരുമ്പോൾ അജ്ഞാതവും അതുവരേക്കും അദ്ദേഹം പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതുമായ ഒരു ഭൂപ്രദേശത്തിൽ എന്തുകൊണ്ടാണ് കോഴിക്കോട്ടെ കാപ്പാട്ടേക്ക് ഗാമ തന്റെ കപ്പലടുപ്പിച്ചത് എന്നുള്ളതിന് നമുക്ക് ഉത്തരം കിട്ടുകയില്ല. ഈ അദൃശ്യമായ കാന്തിക ശക്തി വന്നുചേരുന്ന എല്ലാവരേയും സ്വന്തം മണ്ണിൽ ചേർത്തുപിടിക്കുവാനുള്ള ഈ നാടിന്റെ മഹനീയമായ ആന്തരിക ബലം തീർച്ചയായും പ്രവർത്തിച്ചിരിക്കുമെന്ന് ഞാൻ കരുതുകയാണ്. കേരളത്തിൽ ധാരാളമായി എഴുത്തുകാരും സാഹിത്യവുമുണ്ടെങ്കിലും കടലിനെ പ്രമേയമാക്കുന്ന രചനകൾ നമുക്ക് തുലോം കുറവാണ്. മലയാളത്തിന്റെ ഏറ്റവും വലിയ സാഹിത്യകാരന്മാരിലൊരാളായ വൈക്കം മുഹമ്മദ് ബഷീർ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് കഴിച്ചുകൂട്ടിയതെങ്കിലും അദ്ദേഹം കടലിനെ പ്രമേയമാക്കി ഒരു കഥയോ നോവലോ രചിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തകഴി ശിവശങ്കരപ്പിള്ള ആലപ്പുഴയിലിരുന്ന് ചെമ്മീൻ എഴുതിയിരുന്നുവെങ്കിലും , ഒരു പ്രണയകഥയുടെ പിന്നിൽ വെറുതെ തിരയടിക്കുകയാണ് ഒരു മഹാസമുദ്രമെന്ന് പിന്നീട് ജി.എൻ പിള്ള വിമർശിച്ചു പറഞ്ഞതുപോലെ കടലിന്റെ ആന്തരികമായ ഗഹനതയും ഗാംഭീര്യമൊന്നും ആ കൃതിയിലും പകർത്താൻ തകഴിക്കും സാധിച്ചിട്ടില്ലെന്നതും അദ്ദേഹത്തോടുള്ള വളരെ ആദരവോടെ തന്നെ പറയുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. കടൽ തീരത്ത് വന്ന് വെറുതെ കടല കൊറിച്ചിരുന്നുകൊണ്ട് കുശലം പറയുകയല്ലാതെ കടലിലേക്ക് നോക്കി കടലിനെ മനസ്സിലാക്കുവാനും ലോകത്തെ അപ്രതിമങ്ങളായിട്ടുള്ള ഗംഭീരസാഹിത്യകൃതികളിൽ ചെയ്തിട്ട പോലെ കടലിനെ പ്രധാന കേന്ദ്ര പ്രമേയമാക്കിക്കൊണ്ട് ഒരു രചന നിർവഹിക്കുവാൻ നമ്മുടെ മലയാളി എഴുത്തുകാർക്ക് ഇനിയും സാധിച്ചിട്ടില്ലായെന്നത് അത്ഭുതകരമാണ്. നമ്മുടെ വലിയ എഴുത്തുകാരുടെ നിരയെടുത്താൽ , എഴുത്തച്ഛനത് തന്റെ എഴുത്താണിയിൽ വാക്കുകൾ തുടരെതുടരെ വരുന്നതിനെ ഉപമിച്ചിടത്ത് കടലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പിന്നീട് യുദ്ധരംഗത്ത് വെള്ളത്തിലെ തിര തള്ളുന്നതുപോലെ തള്ളിവരുന്നിത് വെള്ളക്കുതിരകളെന്ന് മഹാഭാരതയുദ്ധം വർണ്ണിക്കുന്നിടത്ത് ഉപമിച്ചിട്ടുണ്ടെങ്കിലും കടല് അദ്ദേഹത്തിന്റെ രണ്ട് കിളിപ്പാട്ടുകളിലും മുഖ്യപ്രമേയമായി വരുന്നില്ല. എന്നാൽ, ലോകത്തിലെ അതിഗംഭീരങ്ങളായ എത്രയോ സൃഷ്ടികളിൽ നിങ്ങൾക്ക് പരിചിതമായ രണ്ട് കൃതികളെപ്പറ്റിയെങ്കിലും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ഹെർമൻ മെൽവിലിന്റെ മൊബിഡിക്കാണ് അതിലൊന്നാമത്. അദ്ദേഹമത് എഴുതിയ സന്ദർഭത്തിൽ ആദ്യപ്രതി പുറത്തിറങ്ങിയപ്പോൾ വെറും അറുപത്തിനാല് കോപ്പികൾ മാത്രമേ വിറ്റുപോയതുള്ളൂ. ശേഷം, ഒരുപക്ഷേ, ബൈബിളും ഖുർആനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റുപോയ, വായനക്കാർ വിശുദ്ധ പുസ്തകം പോലെ ആസ്വദിച്ചു വായിച്ച സാഹിത്യകൃതികളിൽ ഒന്നായി അത് മാറി. അഹാബ് എന്ന കഥാപാത്രം തന്റെ വലതുകാല് കടിച്ചുതകർത്ത ഒരു വെളുത്ത തിമിംഗലത്തോട് പ്രതികാരം ചെയ്യാനായ് തന്റെ വെപ്പുകാലുമായ് പെക്കോഡ് (Pequod)എന്ന കപ്പലിൽ പോകുന്നതാണ് അതിലെ പ്രമേയം. കടലിനെയും മൊബിഡിക്ക് എന്ന വെളുത്ത തിമിംഗലത്തെയും കീഴടക്കാനുള്ള തന്റെ ത്വരയെ അദ്ദേഹം വിവരിക്കുന്നത് ജീവിതത്തിന്റെ കരഗതമാക്കാൻ കഴിയാത്ത മായികസത്തയെ തേടിയുള്ള യാത്രയെന്നാണ് (the ungraspable phantom of life). വെറുമൊരു തിമിംഗല വേട്ടയല്ലാ അതെന്ന് സൂചിപ്പിക്കുകയാണ് മെൽവിൻ .

നോബൽ സമ്മാനം നേടിയ ഏറ്റവും ചെറിയ കൃതികളിലൊന്നായ ഹെമിംഗ് മേയുടെ ചിരപരിചിതമായ കിഴവനും കടലുമാണ് രണ്ടാമത്തേത്. മലയാളത്തിലത് രണ്ടോ മുന്നോ പേർ സുന്ദരമായ് വിവർത്തനം ചെയ്തിട്ടുണ്ട്. അതിൽ കിഴവൻ സാന്റിയാഗോ കടലിൽ തനിക്ക് കീഴടക്കാനുള്ള മാൽവിൻ മത്സ്യത്തെ തേടി അലയുകയാണ്. ഒരു പക്ഷേ, മൊബിഡിക്കിന്റെ ഒരു സംഗ്രഹീത പുനരാഖ്യാനം പോലെ എന്നാൽ അതിനേക്കാൾ എങ്ങനെയാണോ വേദങ്ങളിൽ നിന്ന് ഉപനിഷത്തുകൾ ഉണ്ടാക്കിയത് അതുപോലെ ഹർമൻ മെൽവലിന്റെ മനസ്സിന്റെ സാരസംഗ്രഹം മറ്റൊരു ഉദാത്തകൃതിയായ് മാറ്റിയെഴുതിയതാണ് കിഴവനും കടലും. തന്റെ നിരന്തര പരാജയത്തിന്റെ പതാക പോലെ പാറിയ കാറ്റുപായകൾ തുന്നിക്കെട്ടിയ വഞ്ചിയിൽ ഒരു ചൂണ്ടയുമായ് ഉൾക്കടലിൽ പോയി മീൻ പിടിക്കാനിരിക്കുന്ന വൃദ്ധനായ സാന്റിയാഗോയെ അവതരിപ്പിക്കുന്നത് എൺപത്തി നാലാം ദിവസം പട്ടിണി കിടന്നിട്ടും വൃദ്ധനായിരുന്നിട്ടും തന്റെ ഇച്ഛാശക്തി കടലിന്റെയും പ്രാകൃതിക ശക്തികളുടെയും മുമ്പിൽ അടിയറവ് വെക്കാത്ത മനുഷ്യനായിട്ടാണ്.

കടലെന്ന നിത്യവിസ്മയത്തെ നാം വേണ്ടത്ര , സാഹിത്യത്തിൽ അടയാളപ്പെടുത്തിയിട്ടില്ല. സാഹിത്യ സമ്മേളനങ്ങൾ നടത്താനുള്ള മണൽപരപ്പും വേദിയുമാക്കി മാത്രം അതിനെ ചുരുക്കാതെ അതിലേക്കിറങ്ങിച്ചെല്ലേണ്ടതുണ്ട്. ഒരുപക്ഷേ അതിൽ ജാതീയമായ ഉള്ളടക്കമുണ്ടെന്ന് ഞാൻ കരുതുന്നു. കാരണം നമ്മുടെ സാഹിത്യം പലപ്പോഴും വരേണ്യവർഗത്തിന്റെ മാത്രം വിനോദോപാധിയായതു കൊണ്ട് കടലുമായിട്ട് കൂടുതൽ ബന്ധമുള്ളത് മത്സ്യത്തൊഴിലാളികളായതുകൊണ്ടും അവരിലെ വിദ്യാഭ്യാസമുള്ളവർക്കു പോലും തങ്ങൾ സാഹിത്യമെഴുതാൻ പ്രാപ്തിയുള്ളവരാണെന്ന് സ്വയം ബോധ്യമില്ലാതിരുന്നതുമാവണം കടലിനെ ആസ്പദമാക്കി സാഹിത്യ സൃഷ്ടികൾ ഇല്ലാതെപോയതിന് ഒരു കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്നത് മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യനെ പല തട്ടുകളായ് വിഭജിച്ച് കൊണ്ടുള്ള ജാതീയതയുടെ ആ കാലം നല്ല സാഹിത്യത്തിന് വിഘാതമായിട്ടുണ്ട്.

കേരളമൊരു ഭ്രാന്താലയമെന്ന് വിവേകാനന്ദൻ പറഞ്ഞതായി നമ്മൾ കേട്ടിട്ടുണ്ടെങ്കിലും നൂറ്റിമുപ്പത് വർഷങ്ങൾക്ക് മുമ്പ് , ഏകദേശംപതിനെട്ടാം നൂറ്റാണ്ടിന്റെ അന്തിമദശകത്തിൽ കേരളത്തിൽ വന്ന വിവേകാനന്ദൻ പറഞ്ഞ യഥാർത്ഥ വാചകം കേരളമെന്നല്ല മലബാർ ഈസ് എ ലുനാറ്റിക് അസൈലം എന്നാണ്. അന്ന് കേരള സംസ്ഥാനം രൂപപ്പെട്ടിട്ടില്ലാത്തതു കൊണ്ട് പിന്നീട് അതിനെ കേരളം ഒരു ഭ്രാന്താലയമാണെന്ന് നാം മാറ്റിയെഴുതുകയായിരുന്നു. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ജാതീയാസമത്വങ്ങൾക്കെതിരെ പോരാടാൻ നിശ്ചയിച്ച ആ യുവസന്ന്യാസി ഡോ. പൽപുവിനെ പോയിക്കണ്ടിരുന്നു.ഒരു ഡോക്ടറായി ബിരുദമെടുത്തെങ്കിലും ജാതിയിൽ ഈഴവനായതു കൊണ്ട് കേരളത്തിൽ സേവനം അനുഷ്ഠിക്കാൻ കഴിയാതെ വന്നപ്പോൾ ബാംഗ്ലൂരിൽ പോയി ജോലിചെയ്യുന്ന സന്ദർഭമായിരുന്നു അത്. സഹോദരൻ അയ്യപ്പന്റെ നിർദേശപ്രകാരം വിവേകാനന്ദൻ പൽപുവിനെ ചെന്നുകാണുമ്പോഴാണ് നിങ്ങൾക്ക് ജാതീയതയുടെ കൊടുംക്രൂരത കാണണമെങ്കിൽ കുറച്ചു കൂടി തെക്കോട്ടു പോണമെന്ന് അഥവാ കേരളത്തിലേക്ക് പോകണമെന്ന് പറഞ്ഞിട്ട് വരികയും ചെയ്ത വിവേകാനന്ദൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു മുമ്പിൽ നാല് ദിവസം കാത്തുകെട്ടി കിടക്കേണ്ടി വന്നു. അന്വേഷിച്ചപ്പോൾ അദ്ദേഹം ബംഗാളിലെ കായസ്തൻ എന്ന ജാതിയാണെന്നറിഞ്ഞു. ഇവിടത്തെ ജാതിത്തമ്പുരാക്കന്മാർ എടുത്തു നോക്കിയപ്പോൾ പ്രസ്തുത ജാതി സവർണർക്ക് താഴെയുള്ളതാണ്. നിരാശനായ് മടങ്ങുമ്പോൾ അദ്ദേഹം ഉച്ചരിച്ച വാക്കുകളാണ് മലബാർ ഈസ് എ ലുനാറ്റിക് അസൈലം .

വടക്കേയിന്ത്യയിൽ നിന്ന് താഴേക്ക് വരുന്നവർക്ക് കേരളമെന്ന് പറഞ്ഞാൽ മലബാർ തന്നെയാണ്. പഴയകാലത്തെ കേരളത്തിന്റെ പ്രതിനിദാനമാണ് മലബാർ. അതുകൊണ്ട്, ഇപ്പോഴും യു.എ.ഇ യിലൊക്കെ ചെന്നാൽ കേരളത്തിലുള്ളവരെക്കുറിച്ച് അവർ പറയുന്നത് മലബാരീ എന്നു തന്നെയാണ്.

ജാതീയവും വർഗീയവും സാംസ്കാരികവും മതകീയവുമായ വിഭജനങ്ങളെ പൊളിച്ചുകളയുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്ന ആളുകളാണ് സാഹിത്യപ്രവർത്തകർ എന്നുള്ളതുകൊണ്ടാണ് നാം അവരെ ബഹുമാനിക്കുകയും സാംസ്കാരിക നായകരായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. സാഹിത്യോത്സവങ്ങൾ നടത്തുമ്പോൾ നമുക്കുള്ളിലെ ഈ അതിർത്തികളെ പൊളിച്ചുകളയുന്ന ഒരു പ്രകാശം അതിന്റെ പ്രസരണം പൂർണ്ണമായിട്ടും നടത്തണമെന്നുള്ളതാണ്.

നോക്കൂ, പതിനാറാം നൂറ്റാണ്ടിൽ ലോകം മുഴുവൻ കീഴടക്കിയ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രതാപികളായ് ഇംഗ്ലീഷുകാർ നിൽക്കുമ്പോൾ ഭാഷയിലൂടെ ലോകം കീഴടക്കിയ പ്രതിഭാശാലിയായിരുന്നു വില്യം ഷേക്സ്പിയർ . ആ പ്രതിഭാശാലി ചെയ്തതെന്താണെന്ന് ഇന്ന് തിരിഞ്ഞ് നിന്ന് നോക്കുമ്പോൾ ഒരത്ഭുതം കാണാം. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങളിലെ പ്രമേയങ്ങളോ അതിന്റെ കേന്ദ്രപരിസരമോ ഭൂമികയോ ഇംഗ്ലണ്ടല്ല. വെനീസിലെ വ്യാപാരിയിൽ ശീർഷകം തന്നെ വെനീസാണ്. ആന്റണി ആന്റ് ക്ലിയോപാട്രറയിൽ ഗ്രീക്കാണ് പശ്ചാത്തലം. ടെമ്പസ്റ്റെന്ന് പറയുമ്പോൾ അലകടലിൽ അജ്ഞാതമായ് കിടക്കുന്ന ഏതോ ഒരു ദ്വീപാണ്. ഒഥല്ലോയിൽ ഒരു നിഗ്രോയാണ് കഥാപാത്രം. ജൂലിയസ് സീസർ മറ്റൊരു ദേശത്തെ ആസ്പദമാക്കിയാണ്. അങ്ങനെ പ്രാധാനപ്പെട്ട എല്ലാ ദേശങ്ങളെയും അദ്ദേഹം തന്റെ സർഗപ്രതിഭയിലേക്ക് സ്വാംശീകരിച്ചത് കടലു കടന്നുള്ള അക്കാലത്തെ യുറോപ്യൻ സഞ്ചാരികൾനിന്നുള്ള ഉൾവെളിച്ചങ്ങളെ തോറ്റിയെടുത്തിട്ടാണ്. ഇംഗ്ലീഷ് സർവ്വവ്യാപിയായതുകൊണ്ടല്ല ഷേക്സ്പിയർ ഇന്നും നിലനിൽക്കുന്നത് , പതിനാറാം നൂറ്റാണ്ടിൽ തന്നെ സ്വന്തം ദേശത്തിന്റെയും കാലത്തിന്റെയും അപ്പുറത്തേക്ക് തന്റെ പ്രതിഭയെ നാടകകൃതികളിലൂടെ വ്യാപരിപ്പിക്കാൻ സാധിച്ചുവെന്നതുകൊണ്ടു മാത്രമാണ്. അത് കേവലം ഭാഷാമേൽക്കോയ്മയോ പ്രതിഭാമേൽക്കോയ്മയോ അല്ല. മനുഷ്യൻ ഇംഗ്ലണ്ടിനു പുറത്തും ഒന്നു ത്തന്നയാണെന്നും യജമാനന്മാരായ് കരുതി ലോകം മുഴുവൻ കീഴാക്കാൻ ഈ ജനത ചെന്നെത്തുന്ന സ്ഥലങ്ങളിലും അവരുടേതായ നായകന്മാരുണ്ടെന്നും ഓരോ മനുഷ്യരും സ്വന്തം ജീവിതത്തിന്റെ നായകനും നായികയും മാത്രമാണെന്നുമുള്ള തിരിച്ചറിവ് ഒരെഴുത്തുകാരനിൽ പ്രവർത്തിച്ചതിന്റെ ഫലമാണ് ഷേക്സ്പിയറിന്റെ കൃതികളെന്ന് ഞാൻ വിചാരിക്കുന്നു. അതിർത്തികളെ ഭേദിക്കുവാനുള്ള ഈ ത്വരയാണ് എല്ലാ കലാകാരന്മാരിലും വിശേഷിച്ച് അക്ഷരങ്ങളെ ആയുധമാക്കിയ എഴുത്തുകാരനിലും പ്രവർത്തിക്കുന്നത്.

ഒരുകാലത്ത് കടലുകടന്ന ഹിന്ദുക്കൾ ക്ഷേത്രങ്ങളിലെ വരേണ്യപദവികളിൽ ഭ്രഷ്ട്കൽപ്പിക്കപ്പെട്ടിരുന്നു. എത്ര സങ്കുചിതമായിരുന്നു നമ്മുടെ പഴക്കാല മത-യാഥാസ്ഥിതിക ബോധം .ഒരു പക്ഷേ മതം അതിന്റെ യഥാർത്ഥ ശക്തികളും വെളിച്ചങ്ങളും കാഴ്ചവെക്കുന്ന ഇടങ്ങളിൽ നിന്ന് മാറി നമ്മുടെ വൈകാരികമായ അനുഭൂതിമാത്രമായി മനസ്സിക്കാൻ തുടങ്ങിയാൽ സാഹിത്യത്തേക്കാൾ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഫാന്റസിയായ് വിൽക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്. വലിയ മുതൽ മുടക്കില്ലാതെ വൈകാരികതയെ പ്രക്ഷേപണം ചെയ്തു കൊണ്ടാണ് മതം വിൽക്കപ്പെടുന്നത്. എല്ലാ മതങ്ങളിലും തതുല്യമായ ഫാന്റസികളുണ്ടെന്നും അതിന്റെ വിപണന മൂല്യത്തെ സംബന്ധിച്ചും മതമേധാവികൾക്ക് നന്നായറിയാം. നിരീശ്വരവാദികൾക്ക് ദൈവമുണ്ടോ ഇല്ലയോ എന്നതിൽ സംശയമുണ്ടാകും എന്നാൽ ഈ മതമേധാവികൾക്കുറപ്പാണ് ദൈവമില്ലായെന്ന് .കാരണം അവർക്ക് അവരുടെ ബിസിനസ് നടത്താൻ ഈ ഇല്ലായ്മയെ എങ്ങനെയെങ്കിലും നിറച്ചു വെച്ചേ പറ്റൂ. അതുകൊണ്ട് നിങ്ങൾ ക്ഷേത്രമുണ്ടാക്കാൻ തമ്മിൽ തല്ലുന്നു. പള്ളിയുണ്ടാക്കാൻ തമ്മിൽ തല്ലുന്നു. പക്ഷേ, ഒരു പുസ്തകം വായിക്കാൻ നിങ്ങൾ തമ്മിൽ തല്ലുന്നേയില്ല. മേ ജോ കുച്ച് കഹുംഗാ സച്ച് കുഹൂഗാ സച്ച് കെ സിവാ കുച്ച് നഹീം കഹുംഗാ എന്ന്,ചില ഹിന്ദി സിനിമകളിൽ , ബൈബിളിന്റെയും ഗീതയുടെയും ഖുർആനിന്റെയും മുകളിൽ കൈവെച്ചിട്ട് സത്യം ചെയ്യുന്നത് കാണാം. പക്ഷേ, അവൻ ആ പുസ്തകം പോലും ജന്മത്തിൽ വായിച്ചിട്ടുണ്ടാവില്ല.

മനുഷ്യ ജീവിതത്തെ പറ്റി അവഗാഹം നൽകുന്ന ഏതു പുസ്തകവും വേദ പുസ്തകങ്ങളാണ്. അതുകൊണ്ട് ഹർമൻ മെൽവിലി എഴുതിയ മൊബിഡിക്ക് ഒരു വേദപുസ്തകമാണ്. ഹെമിംഗ്വേയുടെ കിഴവനും കടലും വേദപുസ്തകമാണ്. ദസ്തയോവ്സ്കി എഴുതിയ കാരമസോവ് ബ്രദേഴ്സ് മറ്റൊരു വേദപുസ്തകമാണ്. അതുകൊണ്ട് നിങ്ങൾ പുസ്തകം വായിക്കുമ്പോൾ യഥാർഥമായ ദൈവികത അറിയുന്നു. ക്ഷേത്രത്തിൽ ഒരു വലിയ പ്രതിമക്കു മുമ്പിൽ നമസ്കരിക്കുന്ന ഒരാൾ അബോധത്തിലെങ്കിലും ആ പ്രതിമ നിർമിച്ച അപാരനായ ശില്പിയെയാണ് വന്ദിക്കുന്നത്. ദേവാലയങ്ങളിൽ അകപ്പെടുമ്പോൾ അനുഭവദേദ്യമാകുന്ന ആത്മീയമായ ഉണർവ് അവിടെ ചൂഴ്ന്നു നിൽക്കുന്ന സർഗ്ഗാത്മകതയുടെ സാന്നിധ്യം കൊണ്ടാണ്.എന്റെ സംഗീതാവബോധം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഏറ്റവും വലിയ സംഗീതാനുഭൂതി കിട്ടിയത് താജ്മഹലിൽ ഒരു മുല്ല വന്ന് ബാങ്ക് വിളിച്ചപ്പോഴാണ്. മറ്റൊരു മതത്തിന്റെ ആത്മീയ ധാരയെ നമ്മൾ അത്രമേൽ പിൻപറ്റിയിട്ടില്ലെങ്കിലും ആ സർഗ്ഗാത്മകത സൃഷ്ടിയുടെ ഉദ്ദേശത്തെ സംബന്ധിച്ച് നമുക്ക് തിരിച്ചറിയാൻ സാധിക്കും. അമ്പലത്തിൽ നിന്ന് രാവിലെ കേൾക്കുന ശംഖധ്വനം, സന്ധ്യാസമയത്ത് ബസ്സിലെ എകാന്തതയിൽ പോകുമ്പോൾ ദൂരെ നിന്നുമുള്ള ബാങ്കുവിളി, അതിരാവിലെ ക്രിസ്ത്യൻ പള്ളികളിൽ നിന്ന് കേൾക്കുന്ന മണിമുഴക്കം നിങ്ങൾക്ക് ആ മതവുമായി യാതൊരു ബന്ധവുമില്ലെങ്കിൽകൂടി നിങ്ങളിൽ ഒരാത്മീയാനുഭൂതിയുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇവയുടെ വിപുലീകരണമാണ് സാഹിത്യ സൃഷ്ടികൾ.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇവിടെ അടക്കി വാണിരുന്ന സന്ദർഭത്തിൽ ഈ കടൽപ്പുറത്തു നിന്ന് പിടിച്ചു കൊണ്ടുപോയ ഒരു മുസ്‍ലിം മധ്യവയസ്കയെ ആറ് പോർച്ചുഗീസ് ഉദ്യോഗസ്ഥർ വെള്ളിയാങ്കലിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. എന്നാൽ അങ്ങോട്ട് വഞ്ചിയിൽ പോകുമ്പോൾ തനിക്ക് കുഞ്ഞുങ്ങളും ഭർത്താവുണ്ടെന്ന് കരഞ്ഞു പറഞ്ഞപ്പോൾ ആറിലൊരാൾ ദയ തോന്നി അവരെ ഒന്നും ചെയ്യരുതെന്ന് കൂട്ടുകാരോട് യാചിച്ചു. ലിസ്ബനിലേക്ക് വിവരമെത്തിക്കുമെന്ന് ഭയന്ന മറ്റു ഉദ്യോഗസ്ഥർ അയാളെക്കുറിച്ച് കള്ളകഥകൾ ഉണ്ടാക്കുകയും മേലുദ്യോഗസ്ഥരാൽ ലിസബണിൽ തുറുങ്കിലടക്കപ്പെടുകയും ചെയ്തു. കാരാഗ്രഹവാസത്തിലിരുന്ന് ഇദ്ദേഹമെഴുതിയ ആയിഷ എന്ന ഖണ്ഡകാവ്യമാണ് പോർച്ചുഗീസ് ഭാഷയിലെ ആദ്യ ഖണ്ഡകാവ്യം. കൽതുറുങ്കിലിരുന്ന് വേദനയോടെ എഴുതുന്ന ആ ഉദ്യോഗസ്ഥൻ എഴുത്തു മുറികളിലിരുന്ന് എഴുതുന്ന ഏതൊരു എഴുത്തുകാരന്റെയും പ്രതിനിധിയാണ്.

ഇഖ്റഅ് എന്നാൽ വായിക്കുകയെന്നാണർഥം. ഖുർആൻ വായിക്കുകയെന്നു മാത്രമല്ല അതിന്റെ വിവക്ഷ. എല്ലാ പുസ്തകങ്ങളും വായിക്കുയെന്നാണ്. മികച്ച എല്ലാ പുസ്തകങ്ങളേയും വേദപുസ്തകങ്ങളായ് അംഗീകരിക്കാർ സാധിക്കുന്ന വിശാലമനസ്കരായ് മാറട്ടെ നിങ്ങളെന്ന് പ്രാർഥിക്കുന്നു

(കോഴിക്കോട് ആരംഭിച്ച മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രഭാഷണം)

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - സുഭാഷ് ചന്ദ്രന്‍

കഥാകൃത്ത്, നോവലിസ്റ്റ്

Similar News