അമേരിക്കയുടെ ആയുധക്കളി

ഒരു വിളിയ്ക്കപ്പുറത്ത് തങ്ങളുണ്ട് എന്ന് അമേരിക്ക ഇസ്രായേലിനോട് പറയാൻ തുടങ്ങിയത് ഒക്ടോബർ 7ന് ശേഷമല്ല

Update: 2024-01-15 04:59 GMT
Advertising

ഗസ്സയിൽ നൂറാം ദിനത്തിലെത്തിയിരിക്കുകയാണ് ഇസ്രായേലിന്റെ മരണക്കളികൾ. ഇന്നും ഗസ്സ സിറ്റിയിലും ഖാൻ യൂനൂസിലുമുൾപ്പടെ രൂക്ഷ ആക്രമണങ്ങളാണ് ഇസ്രായേൽ അഴിച്ചു വിടുന്നത്. രക്തം പുരണ്ട പിഞ്ചുമുഖങ്ങളോ, ചലനമറ്റ കുഞ്ഞിക്കാലുകളോ ഇസ്രായേലിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നില്ലെന്നിരിക്കെ, ഗസ്സയിൽ ഇസ്രായേലിനോളം പഴി ചാരേണ്ട രാജ്യമാണ് ലോക വൻശക്തിയായ അമേരിക്ക.

ഏത് വിധേനയും പിടിച്ചുനിൽക്കാനുള്ള ഫലസ്തീനികളുടെ നിശ്ചയദാർഢ്യത്തിന് പിന്നിൽ പതറുന്ന സന്ദർഭങ്ങളിൽ, ഇസ്രായേലിന്റെ രക്ഷയ്ക്ക് ഓടിയെത്താറുണ്ട്, അമേരിക്ക. ഒരു വിളിയ്ക്കപ്പുറത്ത് തങ്ങളുണ്ട് എന്ന് അമേരിക്ക ഇസ്രായേലിനോട് പറയാൻ തുടങ്ങിയത് ഒക്ടോബർ 7ന് ശേഷവുമല്ല.

ഗസ്സയുടെ ദുർവിധിക്ക് ഇസ്രായേൽ മാത്രമല്ല ഉത്തരവാദി എന്നത് പണ്ടേക്കു പണ്ടേ പരസ്യമായ ഒരു രഹസ്യമാണ്.. കൂട്ടുത്തരവാദിത്തമുള്ള രാജ്യമാകട്ടെ, അമേരിക്കയും. അമേരിക്ക തന്നെയാണ് ഇസ്രായേൽ എന്ന ചൊല്ല് അങ്ങനെ കാരണമേതുമില്ലാതെ പൊട്ടിമുളച്ചതല്ല. സന്ദർഭങ്ങളും സാഹചര്യങ്ങളും വിലയിരുത്തി, അത് ലോകരാജ്യങ്ങൾ ശരിവച്ചിട്ട് എത്രയോ നാളുകൾ പിന്നിട്ടിരിക്കുന്നു. അമേരിക്കയുടെ 51ാമത് സ്റ്റേറ്റ് ആയാണ് ഇസ്രായേൽ കണക്കാക്കപ്പെടുന്നത് പോലും.

 ഗസ്സ വിഷയത്തിൽ നൂറ് ശതമാനവും ഇസ്രായേലിനൊപ്പമെന്ന് പ്രത്യക്ഷത്തിലും പരോക്ഷത്തിലും വെളിപ്പെടുത്തിയിട്ടുണ്ട് അമേരിക്ക. ഗസ്സയിൽ വെടിനിർത്തൽ ആഹ്വാനം ചെയ്തുള്ള യുഎൻ പ്രഖ്യാപനത്തെ വീറ്റോ ചെയ്തതിലൂടെ, തങ്ങൾ ഇസ്രായേലിനൊപ്പം തന്നെയെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ തീരുമാനത്തോടെയാണ് ജോ ബൈഡന് 'ജീനോസൈഡ് ജോ' എന്ന വിളിപ്പേര് വീണത്. 

സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് എത്ര തവണയാണ് അമേരിക്ക ആവർത്തിച്ചത്. ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ, 1945 മുതൽ 38 തവണയാണ് യുഎസ് ഇസ്രായേലിനനുകൂലമായി വീറ്റോ ചെയ്തത്. വീറ്റോ ചെയ്യാനുള്ള അധികാരത്തിൽ 65ശതമാനവും ഇസ്രായേലിനായാണ് അമേരിക്ക ഉപയോഗിച്ചതെന്നർഥം. ഏറ്റവുമൊടുവിൽ ഇപ്പോഴിതാ, ലോകകോടതി വിധി ദക്ഷിണാഫ്രിക്കയ്ക്കനുകൂലമായാൽ യുഎൻഎസ്‌സിയിൽ വീറ്റോ ചെയ്യാൻ അമേരിക്കയെ ആശ്രയിക്കുകയാണ് ഇസ്രായേൽ. ഇസ്രായേലിനോട് അമേരിക്കയ്ക്കുള്ള ഈ അനുകൂല സമീപനം തന്നെയാണ് അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന് രക്ഷയാകുന്നതും.

ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന് ശേഷം അറബ് നേതാക്കളുമായി നടത്തിയ തിരക്കിട്ട ചർച്ചകളിലും തിരിച്ചടിക്കാനുള്ള ഇസ്രായേലിന്റെ അവകാശമാണ്  യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ പ്രധാനമായും ഉന്നയിച്ചത്. ഇതിനിടെ ഇസ്രായേൽ സന്ദർശിച്ച ബൈഡൻ, അറബ് നേതാക്കളെ തങ്ങളുടെ വരുതിയിൽ വരുത്താൻ ശ്രമിച്ചെങ്കിലും അൽഅഹ്‌ലി ആശുപത്രി ഇസ്രായേൽ ബോംബിട്ട് നശിപ്പിച്ചത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. എങ്കിലും ഇസ്‌ലാമിക് ജിഹാദിന്റെ മിസൈൽ ഉന്നം തെറ്റി ആശുപത്രിക്ക് മേൽ പതിച്ചതാണെന്ന ഇസ്രായേലിന്റെ വാദത്തിന് അന്ന് പ്രസിഡന്റ് സാക്ഷ്യപത്രം നൽകി.

ഗസ്സയിൽ വാക്കാലുള്ള പിന്തുണ മാത്രമല്ല ഇസ്രായേലിന് അമേരിക്ക വകയിരുത്തിയിരിക്കുന്നത്. ഗസ്സയ്ക്ക് മേൽ വർഷിക്കപ്പെടാൻ തയ്യാറായി നിൽക്കുന്ന ഓരോ ബോംബും, പിഞ്ചു കുഞ്ഞുങ്ങൾക്ക് നേരെ പോലും ചീറിയടുക്കുന്ന പീരങ്കിയുണ്ടകൾ പോലും അമേരിക്കയുടെ സംഭാവനയാണ്. ഗസ്സയ്ക്ക് മേൽ പ്രയോഗിക്കാൻ ഒക്ടോബർ 7ന് ശേഷം 10,000 ടൺ മാരകായുധങ്ങളാണ് അമേരിക്ക ഇസ്രായേലിന് നൽകിയത്. 

 240 കാർഗോ പ്ലെയിനുകളിലും 20 കപ്പലുകളിമായെത്തിയ ഇവയിൽ 22,000ത്തിലധികം ബോംബുകൾ ഇതിനോടകം ഇസ്രായേൽ ഗസ്സയിൽ പ്രയോഗിച്ചു കഴിഞ്ഞു. ഗസ്സയെ ഇത്രമേൽ തകർക്കാൻ അമേരിക്കയെ പോലൊരു വൻ ശക്തിയുടെ കൂട്ടുപിടിച്ചല്ലാതെ ഇസ്രായേലിന് കഴിയില്ലെന്നിരിക്കെ, പരസ്പര സഹകരണത്തിലൂടെ എല്ലാ പിന്തുണയും പ്രകടമാക്കുന്നുണ്ട് അമേരിക്ക.

യുദ്ധത്തിന് സായുധസഹായം ഒന്നും തന്നെ തങ്ങൾ ഇസ്രായേലിന് നൽകുന്നില്ലെന്നാണ് പെന്റഗണിന്റെ വാദമെങ്കിലും ദി വാൾ സ്ട്രീറ്റ് ജേണലിന്റെ ഡിസംബർ 1ലെ റിപ്പോർട്ട് പ്രകാരം ഒക്ടോബർ 7ന് ശേഷം 15,000 ബോംബുകളും 57,000 ആർട്ടില്ലറി ഷെല്ലുകളും അമേരിക്ക ഇസ്രായേലിന് കൈമാറി. ആളുകൾ തിങ്ങിപ്പാർക്കുന്ന, ഗസ്സയിലെ പ്രധാന ജനവാസകേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രയോഗിക്കുന്ന മൂന്ന് കിലോയിലധികം ഭാരം വരുന്ന 5000ത്തിലേറെ ബോംബുകളും ഇതിലുൾപ്പെടുന്നു.

 സുരക്ഷിത സ്ഥലമെന്ന് ചൂണ്ടിക്കാട്ടി പലായനം ചെയ്യാൻ ഇസ്രായേൽ ഫലസ്തീനികളോട് നിർദേശിച്ച വടക്കൻ ഗസ്സയിൽ ഈ ബോംബുകളാണ് ഇസ്രായേൽ പ്രയോഗിച്ചത്. ഈ ബോംബുകൾ ഏൽപ്പിച്ച ക്ഷതം ഭീകരമായിരുന്നു എന്നത് വ്യക്തമായത് കൊണ്ടു തന്നെ യുഎസ് ഇനി ഈ ബോംബുകൾ ജനവാസകേന്ദ്രങ്ങളിൽ ഉപയോഗിച്ചേക്കില്ലെന്ന് പോലും റിപ്പോർട്ടുകളുണ്ട്.

ബോംബുകളെ കൂടാതെ യുദ്ധസജ്ജമായ സൈനിക വാഹനങ്ങൾ, സൈനികായുധങ്ങൾ, സുരക്ഷാകവചങ്ങൾ, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയും യുഎസിന്റെ വക ഇസ്രായേലിന് ലഭിച്ചിരുന്നു. ഇതിൽ ഡിസംബറിൽ മാത്രം രണ്ടു തവണ സ്‌റ്റേറ്റ് കോൺഗ്രസിൽ ചർച്ച ചെയ്യാതെ, മാരകശേഷിയുള്ള ആയുധങ്ങൾ അടിയന്തരമായി അമേരിക്ക ഇസ്രായേലിന് നൽകി. ഇസ്രായേലിന്റെ അടിയന്തര ആവശ്യം മാനിച്ച് ആയുധങ്ങൾ കൈമാറാൻ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുകയായിരുന്നുവന്നാണ് ആന്റണി ബ്രിങ്കൺ അന്ന് അറിയിച്ചത്. ഇസ്രായേലിന്റെ സുരക്ഷയിൽ അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്ന് അന്ന് തെല്ലും സങ്കോചമില്ലാതെ വെളിപ്പെടുത്തുകയും ചെയ്തു, ബ്ലിങ്കൺ. 

ഇസ്രായേൽ-യുഎസ് ബന്ധം ഉടലെടുത്ത കഥ

ഗസ്സ യുദ്ധത്തിനും എത്രയോ മുമ്പ് തന്നെ ഇസ്രായേലിന് ആയുധങ്ങൾ നൽകി തുടങ്ങിയതാണ് അമേരിക്ക. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മാത്രം 158 ബില്യൺ ഡോളറിന്റെ ആയുധശേഖരമാണ് അമേരിക്ക ഇസ്രായേലിന് എത്തിച്ചു നൽകിയത്. മറ്റൊരു രാജ്യത്തിനും ഇത്രയും കയ്യയച്ച് സഹായം അമേരിക്ക ചെയ്തിട്ടില്ല.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജൂതരാഷ്ട്രം നിർമിക്കാൻ അമേരിക്കയുടെ സഹായമുണ്ടായിരുന്നെങ്കിൽ പോലും ഇപ്പോഴുള്ളത് പോലെ അത്ര ദൃഢമായിരുന്നില്ല ഇസ്രായേൽ-അമേരിക്ക ബന്ധം. ഒരു പ്രത്യേക ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നായിരുന്നു അന്ന് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ്.കെന്നഡിയുടെ പരാമർശം പോലും.

സമാധാനപരമായി ജീവിക്കാൻ ഇസ്രായേൽ ജനതയ്ക്ക് അവകാശമുണ്ട് എന്ന സമീപനമായിരുന്നു അന്ന് ഇസ്രായേലിനെയും അമേരിക്കയും കൂട്ടിയോജിപ്പിച്ചിരുന്ന പ്രധാന കണ്ണി. എന്നാൽ 1967ലെ മൂന്നാം അറബ്-ഇസ്രായേൽ യുദ്ധത്തോടെ കഥ മാറി.

യുദ്ധത്തിൽ പുറംശക്തികളുടെ കാര്യമായ സഹായമില്ലാതെ, ഇസ്രായേൽ അറബ് കൂട്ടുകക്ഷിയെ തോൽപ്പിച്ചതും, സമീപപ്രദേശങ്ങളുൾപ്പടെ പിടിച്ചെടുത്ത് തങ്ങളുടെ രാഷ്ട്രം വ്യാപിപ്പിച്ചതുമെല്ലാം അമേരിക്കയെ ഇരുത്തി ചിന്തിപ്പിച്ചു. ആ സമയത്ത് വിയറ്റ്‌നാം യുദ്ധത്തിൽ ഇടപെട്ട് ഇനിയെന്ത് എന്ന അവസ്ഥയിലായിരുന്നു യുഎസ്. ഇസ്രായേലുമായി സഹകരിച്ച് മുന്നോട്ടു പോകാം എന്ന് അമേരിക്ക തീരുമാനിക്കുന്നത് ആ കാലഘട്ടത്തിലാണ്. തുടക്കത്തിൽ ഇസ്രായേലിന് ആയുധങ്ങൾ കൈമാറുക മാത്രമാണ് അമേരിക്ക ചെയ്തിരുന്നതെങ്കിൽ പിന്നീട് സൈനികതലത്തിലുള്ള വളർച്ചയ്ക്ക് സാധ്യമായതെല്ലാം അമേരിക്ക ഇസ്രായേലിന് ചെയ്തു കൊടുത്തു.

80കളിലും 90കളിലുമൊക്കെ ആധുനികരീതിയിൽ ആയുധങ്ങൾ വികസിപ്പിച്ചെടുക്കാൻ ഇരു രാജ്യങ്ങളും സംയുക്തമായി ഗവേഷണങ്ങളിലേർപ്പെട്ടു. 1999ൽ ഇസ്രായേലിന് സൈനികശേഷി വർധിപ്പിക്കാൻ സാമ്പത്തികസഹായം നൽകുന്ന പത്ത് വർഷം വീതമുള്ള മൂന്ന് മെമ്മോറാണ്ടങ്ങളിൽ അമേരിക്ക ഒപ്പുവച്ചതാണ് ഇസ്രായേൽ-അമേരിക്ക ബന്ധത്തിലെ ഏറ്റവും നിർണായകമായ നീക്കം. 9/11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ തങ്ങളുടെ സർവൈലൻസ് സാങ്കേതിവിദ്യ വളർത്തിയെടുക്കാൻ ഇസ്രായേലിന് ഈ ഫണ്ട് ഏറെ മുതൽക്കൂട്ടായി. യുഎസിന്റെ പക്കലുള്ള നിരീക്ഷണസംവിധാനങ്ങളെ പോലും കവച്ചു വയ്ക്കുന്നതായിരുന്നു ഇസ്രായേൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ.

അമേരിക്കയുടെ തന്നെ സാമ്പത്തികസഹായത്തോടെയാണ് 2011ൽ ഇസ്രായേൽ അയൺ ഡോമും വികസിപ്പിച്ചെടുത്തത്. 2019ൽ ഒപ്പിട്ട കരാർ പ്രകാരം, നിലവിൽ 3.8ബില്യൺ ഡോളറിന്റെ സാമ്പത്തിക-സൈനിക സഹായമാണ് യുഎസ് വർഷാവർഷം ഇസ്രായേലിന് നൽകുന്നത്. ഇസ്രായേൽ സൈന്യത്തിന്റെ ആകെ സാമ്പത്തിക ശേഷിയുടെ 16 ശതമാനം വരുമിത്.

നിലവിൽ ഏല്ലാ തലത്തിലും ഇരുകൂട്ടരും പരസ്പരം കൊടുക്കൽ വാങ്ങലുകളുമായി സഹകരിച്ച് തന്നെയാണ് മുന്നോട്ടു നീങ്ങുന്നതെങ്കിലും യുഎസിന്റ സഹായമില്ലാതെ യുദ്ധസന്നാഹങ്ങളും നിരീക്ഷണസംവിധാനങ്ങളും വികസിപ്പിക്കാം എന്ന നിലയിലെത്തി, ഇസ്രായേൽ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Similar News