ബീഫ് ഫെസ്റ്റിവലും പോര്‍ക്ക് ഫെസ്റ്റിവലും (2010-2024): വംശീയവിരുദ്ധ രാഷ്ട്രീയത്തില്‍ നിന്ന് ആഹാര സ്വാതന്ത്ര്യത്തിലേക്ക്

2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 09.

Update: 2024-10-16 07:29 GMT
Advertising

വയനാട് ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവരുടെ അതിജീവനത്തിനുവേണ്ടി നിരവധി സന്നദ്ധസംഘടനകളും സര്‍ക്കാരും ജനങ്ങളില്‍നിന്ന് ഫണ്ട് സ്വരൂപിച്ച് നല്‍കിയിരുന്നു. ഡിവൈഎഫ്ഐയും തങ്ങളുടേതായ ഒരു സവിശേഷ ശൈലി സ്വീകരിച്ചു. പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി അവര്‍ ഒരു പോര്‍ക്ക് ചാലഞ്ച് പ്രഖ്യാപിച്ചു. പോര്‍ക്കിറച്ചി ധാരാളം വിറ്റഴിക്കപ്പെടുകയും കഴിയ്ക്കുകയും ചെയ്യുന്ന പ്രദേശത്ത് പോര്‍ക്ക് ചലഞ്ച് നടത്തുന്നത് ദുരിതാശ്വാസത്തിനു പണം സ്വരൂപിക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗങ്ങളിലൊന്നാണ്.

അറിഞ്ഞിടത്തോളം ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ പരിപാടി. മിനിപ്പടിയില്‍ പോര്‍ക്ക് ചലഞ്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടി എ.ആര്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. (ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്; പോര്‍ക്ക് ചാലഞ്ച് നടത്തി ഡിവൈഎഫ്ഐ, മലയാളമനോരമ, ആഗസ്റ്റ് 18, 2024). ഇതേ പോര്‍ക്ക് ചാലഞ്ച് ഡിവൈഎഫ്ഐക്കാര്‍ ആഗസ്റ്റ് 10ാം തിയ്യതി കാസര്‍കോഡു രാജാപുരത്ത് സംഘിപ്പിച്ചിരുന്നു. അന്നു തന്നെ അങ്കമാലിക്കടുത്ത മഞ്ഞപ്രയിലും പോര്‍ക്ക് ചാലഞ്ച് നടന്നു.

പോര്‍ക്ക് ചലഞ്ചും അവഹേളനവും:

സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി എഫ്ബി പോസ്റ്റുമായി രംഗത്തുവന്നു: ''മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസം. വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിതനിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന 'ന്യായം'' അതുകൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല. (നാസര്‍ ഫൈസി കൂടത്തായി, എഫ്ബി, ആഗസ്റ്റ് 17, 2024).

നാസര്‍ ഫൈസി കൂടത്തായിയുടെ പോസ്റ്റ് സ്വാഭാവികമായും വിവാദമായി. ഇതേ സമയത്തുതന്നെ മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതനും അധ്യാപകനുമായ സിയാവുദീന്‍ ഫൈസിയും പോര്‍ക്ക് ചാലഞ്ചിനെതിരേ രംഗത്തുവന്നിരുന്നു. പിന്നീട് അദ്ദേഹം ആ കുറിപ്പ് പിന്‍വലിച്ചു. (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ആഗസ്റ്റ് 18, 2024)

വിഷയം വഴിതിരിച്ചു കെ ടി ജലീലിന്റെ വിമര്‍ശനം:

പോര്‍ക്ക് ചാലഞ്ചിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്തുവന്നു. സമസ്തയുടെ ഭാരവാഹിയെ വിമര്‍ശിക്കാന്‍ അല്ല ജലീല്‍ ശ്രമിച്ചത്. പകരം പ്രസ്തുത വിഷയത്തില്‍ മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും കുറ്റപ്പെടുത്തുന്നതായിരുന്നു 'പോര്‍ക്ക് ചാലഞ്ചും' ലീഗ്-ജമകളുടെ 'വര്‍ഗീയ കുലുക്കിസര്‍ബത്തും'! എന്ന ശീര്‍ഷകത്തിലുള്ള അദ്ദേഹത്തിന്റെ എഫ്ബി പോസ്റ്റ്. ബീഫ് കഴിക്കരുതെന്നു പറഞ്ഞതും പോര്‍ക്ക് ഫെസ്റ്റിനെതിരേ നടന്ന വിയോജിപ്പും സമാനമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവില്‍ പോലും മതവും വര്‍ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഏര്‍പ്പാട്് ലീഗുകാരും ജമാഅത്തെ ഇസ്‌ലാമിക്കാരും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു:

''പന്നി ഇസ്‌ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണ്. എന്നാല്‍, ക്രൈസ്തവ മതക്കാര്‍ക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതക്കാര്‍ നാട്ടിലുണ്ട്. എന്നാല്‍, പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിത ബാധിതര്‍ക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞതായി കേട്ടില്ല. പലിശ മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണ്. എന്നാല്‍, പലിശ സ്ഥാപനങ്ങള്‍ കൊടുക്കുന്ന പണം ദുരിത ബാധിതര്‍ക്ക് വേണ്ടെന്ന് ''പന്നിയിറച്ചി വിരോധികള്‍' പറയാത്തതെന്താണ്? ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംഘടനയല്ല. അതില്‍ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചാലഞ്ചും പോര്‍ക്ക് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മില്‍ എന്തു വ്യത്യാസം? കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവില്‍ പോലും മതവും വര്‍ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന 'കുലുക്കിസര്‍ബത്ത്' ഉണ്ടാക്കി വില്‍ക്കുന്ന ഏര്‍പ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്‌ലാമിക്കാരും അവസാനിപ്പിക്കണം. (എഫ്ബി, ഡോ. കെ.ടി ജലീല്‍, ആഗസ്റ്റ് 17, 2024)

വിയോജിക്കുന്നവര്‍ താലിബാന്‍ ബോധക്കാര്‍ ': അഡ്വ. ഷുക്കൂര്‍

പന്നിയിറച്ചി ചലഞ്ചിനെ വിമര്‍ശിക്കുന്നവര്‍ താലിബാന്‍ ബോധക്കാരാണെന്നാണ് ഇതേ കുറിച്ച് സിപിഎം സഹയാത്രികനായ അഡ്വക്കറ്റ് ഷുക്കൂര്‍ ഉയര്‍ത്തിയ വിമര്‍ശനം. കൂടത്തായി വിഷം കലര്‍ത്താന്‍ ശ്രമിക്കുകയാണെന്നും മുസ്‌ലിംകളെ പ്യൂരിറ്റന്‍ സമൂഹമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി: ''പന്നിയിറച്ചി വില്‍ക്കുന്നവരുടെ പണം വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് വേണ്ടെന്ന സമസ്ത നേതാവ് കുടത്തായി നാസര്‍ ഫൈസിയുടെ (ഫത്വ) പ്രഖ്യാപനം അത്യന്തം അപകടം പിടിച്ചതും മുസ്‌ലിം അപരവത്കരണത്തിനു ഊര്‍ജം പകരുന്നതുമാണ്. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് പന്നി ഇറച്ചി അല്ലാഹു നിഷിദ്ധമാക്കിയ ഭക്ഷണമാണ്. തീര്‍ത്തും വിശ്വാസപരം. എന്നാല്‍, പന്നി ഇറച്ചി തിന്നുന്നവരെയോ അതു വില്‍ക്കുന്നവരെയോ മതം നിഷിദ്ധമാക്കുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്യുന്നില്ല. പന്നി ഇറച്ചി തിന്നുന്ന അനേക ലക്ഷം മനുഷ്യര്‍ മുസ്ലിമിങ്ങളുമായി ദൈനംദിന ജീവിത ഇടപാടുകള്‍ നടത്തുന്നുണ്ട്. അവരാരും തൊട്ടു കുടാത്തവരോ തീണ്ടല്‍ ഉള്ളവരോ അല്ല. അതുപോലെയാണ് ബാറുടമകളും ബാങ്കര്‍മാരും ഒക്കെ. എന്നിട്ടും കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള യുവജന സംഘടന ഡിവൈഎഫ്ഐ പോര്‍ക്ക് ധാരാളം തിന്നുന്ന മനുഷ്യര്‍ ഉള്ളിടത്ത് പോര്‍ക്ക് ഫെസ്റ്റ് നടത്തി മിച്ചം കിട്ടുന്ന പണം വയനാട്ടിലെ ദുരിതം പേറുന്നവര്‍ക്ക് നല്‍കുന്നതു 'മതം' കൊണ്ട് തടയുവാന്‍ ഒരു കൂടത്തായി ശ്രമിക്കുന്നതാണ് നാം കണ്ടത്. ലീഗിനെ നിയന്ത്രിക്കുന്ന ജമാഅത്ത് മീഡിയകള്‍ ആ വിഷയം പരമാവധി കത്തിച്ചു നിര്‍ത്തുമുണ്ട്. ഉദ്ദേശം കൃത്യമാണ് മുസ്‌ലിമീങ്ങളെ മറ്റൊരു പ്യൂരിറ്റന്‍ സമൂഹമാക്കി മാറ്റണം. ക്രമേണ താലിബാനിലും ഇറാഖിലും ഒക്കെ നടക്കുന്നതു പോലെ തീര്‍ത്തും മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു കമ്മ്യൂണ്‍ കെട്ടിപടുക്കണം. അതിനു ഏറ്റവും ആവശ്യം നമ്മുടെ മതേതര ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചും വിഷം നല്‍കിയും ഇല്ലാതാക്കുക എന്നതാണ്. ഇതു കരുതിയിരിക്കണം. ഈ മതമൗലികവാദികള്‍ നമ്മുടെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെയാണ് തീയിട്ടു കളയുവാന്‍ ശ്രമിക്കുന്നത്. വളരെ കരുതലോടെ സംഘ്പരിവാരത്തിനു അവസരം ഒരുക്കി നല്‍കി, മുസ്‌ലിം വിരുദ്ധതയക്കു ഇന്ധനം നിറക്കുന്ന ഇത്തരം ക്ഷുദ്രജീവികളെ തിരിച്ചറിയുക തന്നെ വേണം. മുസ്‌ലിം സ്വത്വം ഉയര്‍ത്തി പിടിച്ചു താലിബാന്‍ കമ്യൂണ്‍ ഉണ്ടാക്കി അവരുടെ മത അജണ്ടകള്‍ സാധാരണ മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢപദ്ധതിയാണിത്. ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന താലിബാന്‍ ബോധം തിരിച്ചറിയുകയും സ്വയം തിരുത്തുകയും ചെയുന്നതു ഏതു സയനേഡിനും നല്ലതാണ്. (ഷുക്കൂര്‍ വക്കീല്‍, എഫ്ബി, ആഗസ്റ്റ് 17, 2024)

നാസര്‍ ഫൈസിയെ അനുകൂലിച്ചവര്‍:

മുസ്ലിം സാമുദായിക - രാഷ്ട്രീയ സംഘടനകളില്‍ ബഹുഭൂരിപക്ഷവും നാസര്‍ ഫൈസിയുടെ പ്രതികരണത്തെ ഗൗരവത്തിലെടുക്കുകയോ സമസ്തയുടെ ഔദ്യോഗിക നിലപാടായോ പരിഗണിച്ചില്ല. നാസര്‍ ഫൈസിയെ അനുകൂലിച്ച് പോസ്റ്റിട്ട മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ അധ്യാപകന്‍ സിയാവുദീന്‍ ഫൈസി, അത് പിന്‍വലിച്ചതിന് പറഞ്ഞ കാരണം പോര്‍ക്ക് ഫെസ്റ്റ് നടത്താനുള്ള അവകാശമുള്ളപ്പോള്‍ത്തന്നെ അത് നടത്തുന്നവര്‍ക്ക് ചില ഉദ്ദേശ്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നാണ്: 'പോര്‍ക്ക് ചലഞ്ച് നടത്താനും എതിര്‍ക്കാനും രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ഈ വിവാദം വെല്ലുവിളിക്ക് കൂടുതല്‍ പ്രചാരണം നല്‍കാനേ ഉപകരിക്കൂവെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് തോന്നുന്നുവെന്നും മനസ്സിലാക്കിയ ശേഷം ഞാന്‍ എന്റെ പോസ്റ്റ് പിന്‍വലിച്ചു.''(ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ആഗസ്റ്റ് 18, 2024).

ഡിവൈഎഫ്ഐ നിലപാടിനോട് വിയോജിച്ച് മതവിധി പറഞ്ഞ മുസ്ലിംപണ്ഡിതന്മാരെ വര്‍ഗീയവാദികളും പിന്തിരിപ്പന്മാരുമായി ചിത്രീകരിക്കുന്ന ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സുന്നി മഹല്‍ ഫെഡറേഷന്‍ പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ പറഞ്ഞു: ദുരന്തത്തില്‍പ്പെട്ട എല്ലാവര്‍ക്കും സ്വീകാര്യമായ രീതി ഉണ്ടായിരിക്കെ ഒരു വിഭാഗത്തിന് നിഷിദ്ധമായ രീതിയില്‍ പണം സ്വരൂപിക്കുന്നത് മതേതരത്വത്തിന് ചേര്‍ന്ന രീതിയല്ല. മതവിശ്വാസത്തെ അവഗണിക്കലല്ല, പരിഗണിക്കലാണ് ഇന്ത്യന്‍ മതേതരത്വം. ബീഫ് നിരോധനകാലത്ത് പോര്‍ക്ക് ചാലഞ്ച് നടത്താന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിച്ച സംഘ്പരിവാറിന് ആവേശം പകരുന്നതും ന്യൂനപക്ഷ പ്രീണനം ആരോപിക്കുന്ന സാമുദായിക നേതാക്കളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതുമായ ഇത്തരം സമീപനങ്ങള്‍ കമ്യൂണിസത്തിന്റെ ഇരട്ടത്താപ്പാണ്. മതവിധിപ്രകാരം ഡിവൈഎഫ്ഐയുടെ നിലപാടിനോട് വിയോജിക്കാന്‍ നാസര്‍ ഫൈസിക്ക് അവകാശമുണ്ട്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ വര്‍ഗീയമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയമാടമ്പിത്തമാണ്. മതപണ്ഡിതര്‍ മതം പറഞ്ഞുകൊണ്ടിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ആഗസ്റ്റ് 18, 2024) .

ബീഫ് വിലക്കിന്റെ ചെറുപതിപ്പ്:

നാസര്‍ ഫൈസി കൂടത്തായിയുടെ പ്രതികരണത്തിനെതിരേ നിരവധി യുട്യൂബ് ചാനലുകള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. അതിലൊന്നാണ് മധു കെ.വിയുടെ ന്യൂസ്അറ്റ് ഹൗസ്. നാസര്‍ ഫൈസി ഭക്ഷണ വിലക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് ആരോപിക്കുന്ന അദ്ദേഹം ബീഫ് വിലക്കിന്റെ ചെറുപതിപ്പായാണ് കൂടത്തായിയുടെ ഇടപെടലിനെ കാണുന്നത്. 'ഞെട്ടിത്തരിച്ചോ! ഇനി പോര്‍ക്ക് ചാലഞ്ച്' എന്നായിരുന്നു അദ്ദേഹത്തിന്റെ വീഡിയോവാര്‍ത്തയുടെ ശീര്‍ഷകം: 'ബിജെപി വന്നശേഷം ചില ഭക്ഷണം കഴിക്കരുതെന്ന മട്ടില്‍ വിലക്കുകളുണ്ടായി. പന്നിയിറച്ചിയുമായി ബന്ധപ്പെട്ട് അതുപോലൊന്ന് ഇപ്പോഴുണ്ട്. ചില ഭക്ഷണം കഴിക്കരുതെന്നാണ് നാസര്‍ ഫൈസി കൂടത്തായി പറയുന്നത്. ഇത് മതത്തെ മുന്‍നിര്‍ത്തിയുള്ള ഫാസിസമാണ്. അദ്ദേഹം ഒന്ന് ഇട്ടുനോക്കിയതാണ് പക്ഷേ, വിജയിച്ചില്ല. ഫാസിസ്റ്റ് പരിപാടികള്‍ നടപ്പാക്കുന്ന ഇത്തരം ചിന്തകള്‍ മുളയിലേ നുള്ളണം. ലീഗ്, ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സംയമനം പാലിക്കണം. രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് അതാവശ്യമാണ്. എന്റെ മതം, എന്റെ കാഴ്ച എന്ന സമീപനം ശരിയല്ല. മതവിശ്വാസത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അടിച്ചേല്‍പ്പിക്കുന്നത് ആശാസ്യമല്ല. (ഞെട്ടിത്തരിച്ചോ! പോര്‍ക്ക് ചാലഞ്ച്! ന്യൂസ്അറ്റ്ഹൗസ്, ആഗസ്റ്റ് 18)

മുസ്‌ലിംലീഗ് നേതൃത്വം ജമാഅത്തിന്റെ തടവറയില്‍:

നാസര്‍ ഫൈസി കൂടത്തായിയുടെ വിമര്‍ശനം മുസ് ലിംലീഗ് നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയുടെ തടവറയിലാണെന്ന കാര്യം തെളിയിക്കുന്നുവെന്നാണ് സിപിഎം നേതാവ് വി. വസീഫ് ഇതേ കുറിച്ച് പറഞ്ഞത്: ''മുസ് ലിംലീഗ് നേതൃത്വം ഇന്ന് ജമാഅത്ത് ഇസ്ലാമിയുടെ തടവറയിലാണ് ഉള്ളത്. ഇവരെ പുറത്തിറക്കി വിട്ടിട്ട് വ്യാപകമായി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍മീഡിയയിലും ഇതുപോലെയുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്. കേരളത്തിലെ പുരോഗമന സ്വഭാവമുള്ളവരെല്ലാം ഇവരെ നിലക്കു നിര്‍ത്തണം. ഇവര്‍ ആലോചിക്കേണ്ടത് സഹകരണ ബാങ്കുകളാണ് കേരളത്തില്‍ സിഎംഡിആര്‍എഫിലേക്ക് ഏറ്റവും കൂടുതല്‍ പണം സംഭാവന ചെയ്തത്, അവിടത്തെ ജീവനക്കാരും. സഹകരണബാങ്കില്‍ നൂറോളം ഭരിക്കുന്നത് മുസ്‌ലിംലീഗാണ്. പാണക്കാട്ടെ തങ്ങളാണ് ലീഗിന്റെ പ്രസിഡന്റുമാരെ നിയമിച്ചുകൊടുക്കുന്നത്. ഇതിനെക്കുറിച്ച് പറയാത്തതെന്താണ്. അപ്പോള്‍ തെറ്റിദ്ധാരണയുണ്ടാക്കുക. പാവപ്പെട്ട വിശ്വാസികള്‍ക്കിടയില്‍ എങ്ങനെയെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കി ധ്രുവീകരണമുണ്ടാക്കാന്‍ പറ്റുമോയെന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (വി. വസീഫ്, ഞെട്ടിത്തരിച്ചോ! പോര്‍ക്ക് ചാലഞ്ച്! ന്യൂസ്അറ്റ്ഹൗസ്, ആഗസ്റ്റ് 18)

സൂക്ഷ്മതയില്ലാത്ത രാഷ്ട്രീയതന്ത്രം:

നാസിര്‍ ഫൈസിയുടെ നിലപാടിനോട് വിയോജിച്ചുകൊണ്ടുതന്നെ ഡിവൈഎഫ്ഐയുടെ തന്ത്രം രാഷ്ട്രീയ സൂക്ഷ്മതയില്ലാത്തതാണെന്ന അഭിപ്രായക്കാരും ഉണ്ടായിരുന്നു. വെല്‍ഫെയര്‍പാര്‍ട്ടി നേതാവായ സജീദ് ഖാലിദിന്റെ വിമര്‍ശനം ആ വിഭാഗത്തില്‍പ്പെടുന്നു. അദ്ദേഹം എഴുതുന്നു: ''നാസര്‍ ഫൈസി കൂടത്തായി സമസ്തയുടെ പ്രമുഖ നേതാവൊന്നുമല്ല. എങ്കിലും അദ്ദേഹത്തിന്റെ ഈ വിമര്‍ശനം സംസ്ഥാന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വലിയ തോതില്‍ എതിര്‍ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചു. സ്വാഭാവികമായും ഇസ്‌ലാമോഫോബുകള്‍ നിറഞ്ഞ കേരളീയ സമൂഹത്തില്‍ മുസ്‌ലിംകളുടെ ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഉണ്ടാകുന്ന ചെറിയ സ്ട്രാറ്റജിക്കല്‍ അബദ്ധങ്ങള്‍ പോലും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കും. അതാണ് ഇവിടെയും ഉണ്ടായത്. മത പണ്ഡിതന്‍ എന്ന നിലയില്‍ വിശ്വാസികള്‍ക്ക് നിഷിദ്ധത്തെക്കുറിച്ചൊക്കെ ഉപദേശിക്കാനുള്ള ബാധ്യതയാകും നാസര്‍ ഫൈസി ഉപയോഗിച്ചത്. പക്ഷേ, കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ ഇതിന്റെ ഇംപാക്ടിനെക്കുറിച്ച് വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയി ഫൈസിയുടെ പരാമര്‍ശം. ബീഫ് ഫെസ്റ്റിനോടൊപ്പം പന്നിഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ എന്നത് സംഘ്പരിവാറിന്റെ ചോദ്യമാണ്. ഈ ചോദ്യം പൊതുസമൂഹത്തെ വഴിതെറ്റാക്കാന്‍ മാത്രമുള്ള ചോദ്യമാണ്. നാസര്‍ ഫൈസി കൂടത്തായി അത്തരം ഒരു പ്രസ്താവന നടത്തിയത് അനുചിതമായതുപോലെ തന്നെയാണ് ഡിവൈഎഫ്‌ഐയുടെ പന്നി ചലഞ്ചും. ഡിവൈഎഫ്‌ഐ എല്ലാ ജനവിഭാഗങ്ങളിലും പെട്ട യുവാക്കളെ ഉള്‍ക്കൊള്ളിക്കുന്ന സംഘടനയാണ് എന്നാണ് വെയ്പ്. അത്തരം ഒരു സംഘടന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കുമ്പോള്‍ എല്ലാവര്‍ക്കും സഹകരിക്കാവുന്ന രീതിയായിരുന്നു സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദാനങ്ങള്‍ നല്‍കുന്ന സമൂഹം മുസ്‌ലിംകളാണെന്ന് സാമൂഹ്യ വിശകലനം നടത്തിയാല്‍ മനസ്സിലാക്കാം. സ്‌കൂള്‍ പിടിഎ ഫണ്ടു മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വരെ അവലോകനം ചെയ്താല്‍ അത് ബോധ്യമാകും. മുസ്‌ലിം സംഘടനകള്‍ സ്വന്തം നിലയ്ക്ക് ചെയ്യുന്ന ചാരിറ്റി വേറെയും. മുസ്‌ലിംകള്‍ ദാന ധര്‍മങ്ങളില്‍ ഏര്‍പ്പടുന്നത് കേവലം സഹാനുഭൂതി മാത്രമല്ല വിശ്വാസപരവും കൂടിയാണ്. ബീഫ് ഫെസ്റ്റും പന്നി ഫെസ്റ്റും സമാനമേയല്ല. രണ്ടും വ്യക്തമായ രണ്ട് രാഷ്ട്രീയ വഴികളാണ്. അത് രണ്ടും സമാനമെന്നു വ്യാഖ്യാനിക്കുന്നത് അപകടമാണ്. നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത് ആ നിലയിലേ ആയിരുന്നില്ല. പക്ഷേ, ബോധത്തിലും അബോധത്തിലും ഇസ്‌ലാമോഫോബിയ നിറഞ്ഞ സമൂഹത്തിന് അങ്ങനെ പറയാനുള്ള വഴിയൊരുക്കി (പന്നി ഫെസ്റ്റിനില്ല ബീഫ് ഫെസ്റ്റിന്റെ രാഷ്ട്രീയ വാലിഡിറ്റി, സജീദ് ഖാലിദ്, ദി ക്രിട്ടിക്, സെപ്തംബര്‍, 24, 2024)

പോര്‍ക്ക് ഫെസ്റ്റും സാമൂഹിക പശ്ചാത്തലവും:

മനസ്സിലാക്കാന്‍ കഴിഞ്ഞിടത്തോളം 2024ല്‍ പോര്‍ക്ക് ഫെസ്റ്റ് നടത്തിയ മിക്കവാറും സ്ഥലങ്ങള്‍ വ്യാപകമായി പോര്‍ക്ക് ഇറച്ചി ഉപയോഗിക്കുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. 2011ലെ സെന്‍സസ് അനുസരിച്ച് കോതമംഗലം 57.5 ശതമാനം ക്രൈസ്തവരാണ്. പോര്‍ക്ക് ഒരു നിഷിദ്ധ ഭക്ഷണമായി കരുതുന്ന മുസ്‌ലിംകള്‍ ഈ പ്രദേശത്ത് 8.91 ശതമാനം മാത്രമേയുള്ളൂ. (2011 സെന്‍സസ് റിപോര്‍ട്ട്). പോര്‍ക്ക് ചലഞ്ചുമായി ബന്ധപ്പെട്ട് പ്രദേശത്തെ മുസ്‌ലിംകള്‍ എതിര്‍പ്പൊന്നും ഉന്നയിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ കോതമംഗലം മേഖല സെക്രട്ടറി രഞ്ജിത്ത് സി.ടി പറഞ്ഞതായും റിപോര്‍ട്ടുണ്ട്. കാസര്‍കോഡുനിന്നും സമാനമായ വിശദീകരണം വന്നിട്ടുണ്ട്. പോര്‍ക്ക് ചാലഞ്ച് നടന്ന രാജപുരം മേഖലയില്‍ നിരവധി പന്നി ഫാമുകളും പന്നിയിറച്ചി കയറ്റുമതി കേന്ദ്രങ്ങളും ഉണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു ചാലഞ്ച് തെരഞ്ഞെടുത്തതെന്നും കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് ഷാലു മാത്യു പറഞ്ഞു. പ്രദേശത്ത് പന്നിയിറച്ചിക്ക് വലിയ ഡിമാന്റുണ്ടെന്നും അദ്ദേഹം പറഞ്ഞു. (ആഗസ്റ്റ് 18, 2024, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)

വിമര്‍ശനത്തിലെ ഇസ്ലാമോഫോബിയ:

പോര്‍ക്ക് ഫെസ്റ്റിനെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ഉപയോഗിച്ച നാസര്‍ ഫൈസിയുടെ വിശകലനം ദുര്‍ബലവും അസ്ഥാനത്തായിരുന്നുവെന്നതും പറയാനും വിമര്‍ശനം നടത്താനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, വംശീയേതര ഭാഷ അദ്ദേഹത്തിന്റെ വിമര്‍ശര്‍ക്കുണ്ടായിരുന്നില്ല. സംഘ്പരിവാര്‍ പക്ഷത്തുനിന്നും അധികാരകേന്ദ്രങ്ങളില്‍നിന്നുമുണ്ടായ ബീഫ് നിരോധനത്തെ നാസര്‍ ഫൈസിയുടെ അഭിപ്രായവുമായി ചേര്‍ത്തുവയ്ക്കുന്നതുതന്നെ വിമര്‍ശകരുടെ ഉദ്ദേശ്യത്തെക്കുറിച്ച് സൂചന നല്‍കുന്നു. മതമൗലികവാദം, താലിബാന്‍ മനോഭാവം, മുസ്‌ലിംലീഗിനു മുകളില്‍ അധികാരം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി, വര്‍ഗീയത, കുത്തിത്തിരുപ്പ്, സൗഹാര്‍ദ്ദാന്തരീക്ഷത്തിനുനേരെയുണ്ടായ ആക്രമണം തുടങ്ങിയ ഇസ്ലാമോഫോബിക് പദാവലികളാലാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറയാക്കി വിമര്‍ശകര്‍ വിശദീകരിച്ചത്.

ചരിത്രപരമല്ലാത്ത വിമര്‍ശനങ്ങള്‍:

മുസ്‌ലിം വ്യക്തികളെ ബീഫിന്റെ പേരില്‍ കൊല്ലുന്ന ഹിന്ദുത്വ വംശീയക്കെതിരെ മുസ്ലിംകളുമായി ഇടതുപക്ഷം ചേര്‍ന്നു നിന്ന സമയത്താണ് പോര്‍ക്ക് ചാലഞ്ച് ഇടതുപക്ഷത്തിനുള്ള വെല്ലുവിളിയായി കേരളത്തില്‍ ഒരു ദശകം മുമ്പ് 2015-ല്‍ സംഘ്പരിവാര്‍ അനുയായികളും മൃദുഹിന്ദുത്വ മതേതരും മുന്നോട്ടുവയ്ക്കുന്നത്. സ്വാഭാവികമായും മുസ്ലിം ന്യൂനപക്ഷ കാഴ്ചപ്പാടുള്ളവര്‍ പോര്‍ക്ക്‌ഫെസ്റ്റ് ബീഫിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശീയ ആക്രമണങ്ങളെ മറക്കുന്നതും കേവല ആഹാര സ്വാതന്ത്ര്യവാദത്തെ ഉയര്‍ത്തി പിടിക്കുന്നതും ആയ സമീകരണ ആശയമായാണ് മനസ്സിലാക്കിയത്. മുസ്ലിം വിരുദ്ധ വംശീയാക്രമണങ്ങളെ ലഘൂകരിക്കുന്ന ഒരു ലളിത യുക്തിയോടുള്ള രാഷ്ട്രീയ വിമര്‍ശനമാണിത്.

ഇതേകുറിച്ച് മാധ്യമം കോളമായ അപരപ്രിയത്തില്‍ പ്രശസ്ത എഴുത്തുകാരനും ബുദ്ധിജീവിയുമായ കെ.കെ ബാബുരാജ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ബീഫിന്റെ പേരിലും പോര്‍ക്കിറച്ചിയുടെ പേരിലും ഹിന്ദുത്വ വംശീയവാദികള്‍ നടത്തുന്ന അതിക്രമങ്ങളുടെ ഫോക്കസ് മറ്റുതരത്തില്‍ മാറ്റിമറിക്കുക മാത്രമല്ല അതിന്റെ തന്നെ കെണികളില്‍ സ്വയം അകപ്പെടുക എന്നതും കൂടിയാണ് പോര്‍ക്കിറച്ചി സമം പശുവിറച്ചി എന്ന സമീകരണത്തിലൂടെ സംഭവിക്കുന്നത്.''(ഭക്ഷണത്തിന്റെ മതേതരവത്കരണമോ?, കെ.കെ ബാബുരാജ്, അപരപ്രിയം, മാധ്യമം ദിനപത്രം, ആഗസ്റ്റ് 22, 2024). ബീഫ് ഫെസ്റ്റിവല്‍ എന്ന ആശയം പോര്‍ക്ക് ഫെസ്റ്റിവെല്‍ എന്ന ആശയത്തിനു സമാന്തരമായി വികസിച്ചതിലെ ഇസ്‌ലാമോഫോബിക് സാഹചര്യങ്ങള്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നതാണ്.

ബീഫ് ഫെസ്റ്റിവല്‍(2012): ഒരു ദലിത് പിന്നാക്ക ന്യൂനപക്ഷ പ്രാതിനിധ്യ പ്രശ്‌നം

ബീഫ് ഫെസ്റ്റിവല്‍ എന്ന രാഷ്ട്രീയ പ്രയോഗം വംശീയവിരുദ്ധ ഉള്ളടക്കടമുള്ള ഒരു കീഴാള രാഷ്ട്രീയ പ്രയോഗമാണ്. ബീഫ് ഫെസ്റ്റിവലുകള്‍ക്ക് പല ചരിത്രങ്ങളുണ്ട്. അതിലൊന്നാണ് തെലങ്കാനയിലേത്. 2009ലാണ് പ്രത്യേക തെലങ്കാന സംസ്ഥാനവാദം ശക്തിപ്പെടുന്നത്. തെലങ്കാനയ്ക്കു മുകളില്‍ ഇതര പ്രദേശങ്ങളുടെ സാംസ്‌കാരിക സാമ്പത്തിക കടന്നു കയറ്റത്തിനെതിരെയുള്ള ചെറുത്തുനില്‍പായിരുന്നു ഈ സമരം. ദലിത് പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഒസ്മാനിയ സര്‍വകലാശാലയും ഈ സമരങ്ങളുടെ കേന്ദ്രമായി. തെലങ്കാന സംസ്ഥാനവാദത്തിന്റെ അടിസ്ഥാനം ദലിത്, ഒബിസി വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നുവെങ്കിലും നേതൃത്വം സവര്‍ണരുടെ കയ്യിലായിരുന്നു. സമരനേതൃത്വവും സമരപോരാളികളും തമ്മിലുള്ള ഈ സംഘര്‍ഷം 2012 ആയതോടെ മൂര്‍ധന്യത്തിലെത്തി. തെലങ്കാന സമരത്തിലെ ജാതി പ്രാതിനിധ്യ ഘടകം ഇക്കാലമായപ്പോഴേക്കും പ്രകടമായിത്തുടങ്ങി.

2012 മാര്‍ച്ച് മാസം തുടക്കത്തില്‍ ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാഗ്വേജസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും പ്രശസ്ത ആക്റ്റിവിസ്റ്റുമായ രവിചന്ദ്രന്‍ യുട്യൂബില്‍ ഒരു വീഡിയോ അപ് ചെയ്തു. ഹോസ്റ്റല്‍ മെസ്സില്‍ ബീഫ്എന്തുകൊണ്ട് വിളമ്പുന്നില്ലെന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ചോദ്യം. അങ്ങനെ 'ബീഫ്' ചര്‍ച്ചയുടെ ഭാഗമായി. ഇത് എബിവിപി വിദ്യാര്‍ഥികളെ ചൊടിപ്പിച്ചു. ഏപ്രില്‍ 15, 2012ന് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിന്റെ മുമ്പില്‍ തെലങ്കാന സമരത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ദലിത്, ഒബിസി വിദ്യാര്‍ഥികള്‍ ഒരു ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. രവിചന്ദ്രന്റെ ചോദ്യത്തോടും തെലങ്കാന സമരത്തോടുമുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക പ്രതികരണമായിരുന്നു അത്.

ബീഫ് ഫെസ്റ്റിവല്‍ തുടങ്ങി മിനിറ്റുകള്‍ക്കകം എബിവിപി പ്രവര്‍ത്തകര്‍ കാമ്പസില്‍ ആക്രമണമഴിച്ചുവിട്ടു. കല്ലേറ് തുടങ്ങി. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. വാഹനങ്ങള്‍ക്ക് തീവെച്ചു. തുടര്‍ ദിവസങ്ങളില്‍ എബിവിപി പോസ്റ്റര്‍ ഇറക്കി. ഫെസ്റ്റിവലിനെ പിന്തുണച്ചഴുതിയ മാധ്യമപ്രവര്‍ത്തകരെ ഭീക്ഷണിപ്പെടുത്തി. പിറ്റേന്ന് എബിവിപി പ്രവര്‍ത്തകനെ കത്തിക്കൊണ്ട് ആക്രമിച്ചു എന്ന പരാതിയില്‍ ഏഴ് ഫെസ്റ്റിവല്‍ ഭാരവാഹികളെ പൊലീസ് കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്തു.

പൊതുസ്ഥലത്തുവച്ച് ബീഫ് ഭക്ഷിക്കണമെന്ന തീരുമാനം ചില വിഭാഗങ്ങളുടെ സാംസ്‌കാരിക ചരിത്രത്തിന്റെ പ്രകടനമായി മാറിയത് ഈ സാഹചര്യത്തിലാണ്. ബീഫ്ഫെസ്റ്റിവല്‍ രാഷ്ട്രീയപ്രശ്നം ആകുന്നതും ദലിത് പ്രാതിനിധ്യ ശക്തിപ്രകടനം ആകുന്നതും കീഴാളസാംസ്‌കാരിക ആഘോഷമാകുന്നതും ഇങ്ങനെയാണ്. അതുവരെ തെലങ്കാന എന്ന വലിയ സമസ്യയുടെ നിഴലില്‍ കഴിഞ്ഞിരുന്ന ദലിത് സ്വത്വം ഒറ്റ രാത്രികൊണ്ട് ബീഫ് ഫെസ്റ്റിവലിലൂടെ പുറത്തുവന്നു.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ബീഫ് എന്നത് മുസ്ലിം രാജാക്കന്മാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിദേശഭക്ഷണരീതിയാണെന്നാണ് സംഘ്പരിവാറിന്റെ വാദം. ഗോവധം മിക്കപ്പോഴും ഹിന്ദു മുസ്ലിം കലാപങ്ങളെ ന്യായീകരിക്കാനുള്ള ഒഴിവുകഴിവായി ഉപയോഗിക്കുന്നത് ഇതിന്റെ ഭാഗമാണ്. ബീഫ് ഫെസ്റ്റിവല്‍ നടക്കുന്നതിനു തൊട്ടു മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നു. ഇതിനോടുള്ള പ്രതികരണം കൂടിയായിരുന്നു ബീഫ് ഫെസ്റ്റ്. (മുഴുവന്‍ വിവരങ്ങള്‍ക്ക് കടപ്പാട്, നിഖില ഹെന്‍ട്രി, പച്ചക്കുതിര, മേയ് 2012ന് എഴുതിയ ലേഖനത്തില്‍നിന്ന് , പുനഃപ്രസാധനം: ബീഫ് ഫെസ്റ്റിവല്‍, ഉത്തരകാലം, 17 ഡിസംബര്‍ 2012).

ബീഫ് ഫെസ്റ്റ് ചര്‍ച്ച കേരളത്തില്‍ (2010): 'സെക്കുലര്‍ പൊതുതീന്‍മേശക്ക്' അപ്പുറം

2010 മുതല്‍ ബീഫ് ഫെസ്റ്റ് ചര്‍ച്ചകള്‍ അതുവരെ കേരളീയ പൊതുമണ്ഡലത്തിലില്ലാതിരുന്ന നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഡിഎന്‍ ഝായുടെയുടെയും (ദ മിത്ത് ഓഫ് ഹോളി കൗ, വേഴ്സൊ, 2004) കാഞ്ച ഐലയ്യയുടെയും (എരുമ ദേശീയത, വിവ: എ.എസ് അജിത്കുമാര്‍, ഡി.സി ബുക്ക്‌സ്, 2004) പഠനങ്ങള്‍ പശുരാഷ്ട്രീയത്തെക്കുറിച്ചു കേരളത്തില്‍ പരിചിതമായിരുന്നെങ്കിലും ബീഫ് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തില്‍ അതുന്നയിക്കുന്നത് 2010 നു ശേഷമാണ്. പന്തിഭോജനം എന്ന കേരള നവോത്ഥാന ആശയത്തെക്കുറിച്ച് ഹനു ജി ദാസ് നടത്തിയ വിമര്‍ശനങ്ങള്‍ (കേരളീയ ഭക്ഷണ വ്യവഹാരങ്ങളെക്കുറിച്ച് ഒരു ചരിത്രപരമായ അന്വേഷണം, ആഖ്യാനത്തിലെ അപരസ്ഥലികള്‍ (എഡി. അരുണ്‍ എ) സബ്ജക്റ്റ് & ലാംഗേജ് പ്രസ്, കോട്ടയം, 2010) 2010ല്‍ തന്നെ പുറത്തു വന്നിരുന്നു. നിഖില ഹെന്‍ട്രി, ഹനു ജി ദാസ്, അരുണ്‍ അശോകന്‍ തുടങ്ങിയ ദലിത് ബഹുജന്‍ ഗവേഷകരാണ് ഈ ചര്‍ച്ചകള്‍ക്ക് ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയത്. ഡിവൈഎഫ്‌ഐ അടക്കമുള്ള പരമ്പരാഗത ഇടതു സംഘടനകള്‍ ഈ ചര്‍ച്ചയുടെ ഭാഗമല്ലായിരുന്നു. എന്തിനധികം എസ്എഫ് ഐ ആഭിമുഖ്യമുള്ള മലയാളി കൂട്ടായ്മകള്‍ നേതൃത്വം നല്‍കുന്ന ഓണാഘോഷത്തിനു കേരളത്തിനു പുറത്തുള്ള ഹൈദരാബാദ് കാമ്പസുകളില്‍ 2012-വരെയെങ്കിലും ബീഫ് വിളമ്പാറുണ്ടായിരുന്നില്ല (മുഹമ്മദ് അഫ്‌സല്‍ പി., മതരഹിത ഓണങ്ങള്‍': ഒരു വിയോജനക്കുറിപ്പ്, ഉത്തരകാലം, 30 ഡിസംബര്‍ 2012). 2015ല്‍ കേരളത്തില്‍ ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തുമ്പോള്‍ ഈ ചരിത്രം ഓര്‍മിപ്പിച്ചും കേവല ആഹാര സ്വാതന്ത്ര്യമായി ബീഫ് ഫെസ്റ്റിവലിനെ മാറ്റിയതിനെക്കുറിച്ചും ഹൈദരാബാദ് സര്‍വകാലാശാലയില്‍ ഗവേഷകനായ താഹിര്‍ ജമാല്‍ എഴുതിയിരുന്നു ('നമ്മുടെ സമരങ്ങളെ ഏറ്റെടുത്തു തന്നെയാണ് അവര്‍ നമ്മുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നത്. ഉത്തരകാലം, 29, മാര്‍ച്ച്, 2015).

കേരളത്തില്‍ ബീഫ് കഴിക്കുന്ന നിരവധി സമുദായങ്ങളുണ്ട്. മുസ്‌ലിംകളും, ക്രൈസ്തവരും, ഹൈന്ദവരിലെ വലിയൊരു വിഭാഗവും ബീഫ് തീറ്റക്കാരാണ്. കേരളം ബീഫ് വിരുദ്ധ മനോഭാവം കുറഞ്ഞ പ്രദേശമായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ അതൊരു മോശം ഭക്ഷണമല്ല. എന്നാല്‍, ബീഫിനോടുള്ള പൊതുഇന്ത്യന്‍ മനോഭാവം ഇതല്ല. മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റു പിന്നോക്ക ജാതിക്കാരും ബീഫ് ഭക്ഷിക്കുന്നു എങ്കില്‍പ്പോലും ദലിത് ജാതി മണക്കുന്ന ഒരു ഭക്ഷണ പദാര്‍ഥമായിട്ടാണ് ഇന്ത്യന്‍ പൊതു സമൂഹം എല്ലാക്കാലത്തും ബീഫിനെ കാണുന്നത്. (വീണ്ടും ചില ബീഫ് വിചാരങ്ങള്‍, ഹനു ജി. ദാസ്, ഉത്തരകാലം, ഡിസംബര്‍ 3, 2012)

ഗ്രാമത്തിനുള്ളില്‍ സവര്‍ണ്ണരും ഗ്രാമങ്ങള്‍ക്കു പുറത്ത് ദലിതരും നിവസിച്ചിരുന്ന കേരളത്തിലൊഴികെയുള്ള പ്രദേശങ്ങളുടെ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ മാതൃകയിലായിരുന്നില്ല കേരളത്തിലെ ജാതി ആവാസവ്യവസ്ഥ നിലനിന്നിരുന്നത്. ഇവിടെ ജനങ്ങള്‍ ഇടപഴകി ജീവിക്കുകയും 'ശരീരപരമായ അകലം' പാലിക്കുകയുമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ബീഫ് കേരളത്തിലെ പൊതുതീന്‍മേശയിലേക്ക് കടന്നുവന്നത്. ജാതീയമായ നിരവധി സങ്കീര്‍ണതകള്‍ക്കുള്ളിലാണ് പൊതുതീന്‍മേശയും രൂപം കൊണ്ടത്. ബീഫിന്റെയും പശുവിറച്ചിയുടെയും അര്‍ഥങ്ങളെ വ്യത്യസ്തമായി നിര്‍മിച്ചുകൊണ്ടാണ് കേരളം ഇതിനെ മറികടന്നത്.

കേരളത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളുടെ കേരളത്തിലെ സവിശേഷസാന്നിദ്ധ്യം ബീഫിന് താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യപദവി നല്‍കുന്നു. കേരളത്തില്‍ 'ബീഫ്' എന്നാല്‍ പോത്തിറച്ചിയാണ്. പോത്തിറച്ചി എന്ന പേരില്‍ കാളയിറച്ചിയും ലഭിക്കും. എന്നാല്‍, കേരളത്തിനു പുറത്ത് ബീഫ് എന്നാല്‍ ഗോമാംസമാണ്. ബീഫ് എന്ന പേരില്‍ ലഭിക്കുന്നത് പശുവിന്റെയോ കാളയുടെയോ എരുമയുടെയോ ഒക്കെ ഇറച്ചി ആവാം. എന്നാല്‍, ഗോമാംസം അഥവാ പശു ഇറച്ചി എന്ന പേരില്‍ തന്നെയാണ് ഇവ ലഭ്യമാകുന്നതും സ്വീകരിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെയാണ് ബീഫ് എന്നത് ഒരു ദലിത് സൂചകമായിരിക്കുന്നതും. കേരളത്തില്‍ പശു ഇറച്ചി തിന്നുന്നത് പറയര്‍ എന്ന ദലിത് ഉപജാതിയില്‍പ്പെട്ടവരാണ്. പശു ഇറച്ചി തിന്നുന്നവര്‍ എന്ന ഹീന മുദ്രയുള്ളതിനാല്‍ തന്നെ മറ്റു ദലിത് ഉപജാതികള്‍ ഉള്‍പ്പെടെയുള്ള ജാതി സമൂഹം അവരോട് അയിത്തവും വെറുപ്പും വച്ചുപുലര്‍ത്തുന്നു. കേരളത്തില്‍ പോത്തിറച്ചിക്കുള്ള സവിശേഷ സാമൂഹ്യപദവിയും ബീഫ് എന്ന വ്യാജ നാമകരണവുമാണ് അതിനെ പൊതുതീന്‍മേശയില്‍ ഇടംപിടിക്കുവാന്‍ കാരണമാക്കിയത്. (വീണ്ടും ചില ബീഫ് വിചാരങ്ങള്‍, ഹനു ജി. ദാസ്, ഉത്തരകാലം, ഡിസംബര്‍ 3, 2012)

അതുകൊണ്ടുതന്നെ ദലിത് വിദ്യാര്‍ഥികളുടെ മുന്‍കയ്യില്‍ കേരളത്തിനു പുറത്തുനടന്ന ബീഫ് ഫെസ്റ്റിവല്‍ ഹൈന്ദവവും വരേണ്യവുമായ മൂല്യങ്ങള്‍ ഒളിച്ചിരിക്കുന്ന, ഉന്നത സാമൂഹ്യപദവി നേടിയ ഭക്ഷണശീലങ്ങള്‍ക്കെതിരേയുള്ള വ്യാജമായ 'സെക്കുലര്‍ പൊതുതീന്‍മേശക്ക്' എതിരേയുള്ള സാംസ്‌കാരികകലാപമായിരുന്നു. ഒസ്മാനിയയില്‍ പാകം ചെയ്ത ബീഫ് സാമൂഹികജനാധിപത്യത്തിനു വേണ്ടിയുള്ള ഒരു കീഴാള ശ്രമമാണ്. അതിനെതിരായുള്ള അക്രങ്ങളും കൊള്ളിവെപ്പുകളും സാംസ്‌കാരിക ഫാസിസത്തിന്റെ സൂചകങ്ങളുമാണ്. (വീണ്ടും ചില ബീഫ് വിചാരങ്ങള്‍, ഹനു ജി. ദാസ്, ഉത്തരകാലം, ഡിസംബര്‍ 3, 2021). ഇതായിരുന്നു ബീഫ് ഫെസ്റ്റിവലിന്റെ കീഴാള പാഠങ്ങള്‍. കേവല ആഹാര/ഭക്ഷണ സ്വാതന്ത്ര്യവുമായി അതിനൊരു ബന്ധവുമില്ല.

ബീഫ് ഫെസ്റ്റിവലുകള്‍ കേരളത്തില്‍ (2015): കീഴാള പ്രശ്‌നത്തില്‍ നിന്ന് ആഹാര സ്വാതന്ത്ര്യത്തിലേക്ക്

1995ല്‍ മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സഖ്യം 1976ലെ മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്തു. ബില്ല് നിയമസഭ പാസാക്കിയെങ്കിലും രാഷ്ട്രപതി ഒപ്പുവച്ചില്ല. ഒടുവില്‍ 19വര്‍ഷത്തിനുശേഷം 2015ല്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ബില്ലില്‍ ഒപ്പുവയ്ക്കുകയും ബീഫ് നിരോധനം നിലവില്‍വരികയും ചെയ്തു. ഇതോടെ ബീഫ് കൈവശം വക്കുന്നതും വില്‍ക്കുന്നതും ജാമ്യം കിട്ടാത്ത കുറ്റകൃത്യമായി മാറി. ഈ നിയമപ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. ബീഫ് എന്നതുകൊണ്ട് പശു, കാള, കാളക്കുട്ടി, പശുക്കുട്ടി എന്നിവയാണ് ഉദ്ദേശിച്ചത്. ഈ സംഭവത്തിനുശേഷമാണ് കേരളത്തില്‍ പ്രധാനമായും ഇടതു-മതേതരപക്ഷത്തിന്റെ മുന്‍കയ്യില്‍ ബീഫ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. എന്നാല്‍, 2012ലെ ഒസ്മാനിയയിലെ ബീഫ് ഫെസ്റ്റും 2015ലെ കേരളത്തിലെ ബീഫ് ഫെസ്റ്റും തമ്മില്‍ അവതരണത്തിലും മനസ്സിലാക്കലുകളിലും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

2015ലെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനം കേരളം സജീവമായി ചര്‍ച്ച ചെയ്തു. പ്രതിരോധ-സമര മാര്‍ഗമെന്ന നിലയില്‍ സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റിവലുകള്‍ അരങ്ങേറി. യുവജനസംഘടനകളാണ് നേതൃത്വം നല്‍കിയത്. അതില്‍ത്തന്നെ ഡിവൈഎഫ്ഐ-എസ്എഫ്ഐ അടക്കമുള്ള ഇടതു സംഘടനക്കാരായിരുന്നു മുന്നില്‍. എതിര്‍ത്തും അനുകൂലിച്ചും ബീഫ് ഫെസ്റ്റിവലിനെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഇത് തുടക്കം കുറിച്ചത്. ഇത് ഏകദേശം ഒന്നര വര്‍ഷം നീണ്ടുനിന്നു. ഡോ. ബി അശോക്, ഹമീദ് ചേന്നമംഗലൂര്‍, കെഇഎന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, അജു കെ. നാരായണന്‍, ചെറി ജേക്കബ് കെ, കെ. ഹരിദാസ്, സി. രാധാകൃഷ്ണന്‍, ഉണ്ണി ആര്‍., എസ്. ഹരീഷ്, സതീശ് സൂര്യന്‍, സിവിക് ചന്ദന്‍, എ.എം ഷിനാസ്, ജീവന്‍ ജോബ് തോമസ്, സച്ചിദാനന്ദന്‍, ഉണ്ണി ബാലകൃഷ്ണന്‍, കെ. കണ്ണന്‍, രാഘവന്‍ പയ്യനാട്, എന്‍.പി വിജയകൃഷ്ണന്‍, ഒ. രാജഗോപാല്‍, അരുണ്‍ അശോകന്‍, മനില സി. മോഹന്‍, കെ.സി നാരായണന്‍... തുടങ്ങി നിരവധി പേര്‍ ചര്‍ച്ചയുടെ ഭാഗമായി. കഥകളും കവിതകളും പുറത്തുവന്നു.

ദലിത് പിന്നാക്ക ന്യൂനപക്ഷ പ്രാതിനിധ്യ പ്രശ്‌നം ഉന്നയിച്ച ഒസ്മാനിയ സര്‍വകലാശാലയില്‍നിന്നു വ്യത്യസ്തമായി ബീഫ് ഫെസ്റ്റിവലിനെക്കുറിച്ചുള്ള സംവാദം കേരളത്തില്‍ ആഹാര സ്വാതന്ത്ര്യം എന്ന ലിബറല്‍ മൂല്യത്തിലും ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നുവെന്ന സെക്കുലര്‍ ആരോപണത്തിലുമാണ് കുരുങ്ങിക്കിടന്നിരുന്നത്. സ്വാഭാവികമായും പൗരാണിക കൃതികളില്‍നിന്ന് മാംസഭക്ഷണത്തിന്റെ ചരിത്രം കണ്ടെത്തുക, ഭക്ഷണവിലക്കിന് നാസിസവുമായുള്ള ബന്ധം കല്‍പ്പിച്ചെടുക്കുക, സാമുദായികമായ സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യം തിരിച്ചറിയുക തുടങ്ങിയ ചര്‍ച്ചകളിലൂടെയാണ് ഇത് വികസിച്ചത്. എങ്കിലും കീഴാള പ്രസ്ഥാനങ്ങള്‍ ഉന്നയിച്ച രാഷ്ട്രീയ പ്രാതിനിധ്യം, ജാതി വിവേചനം, ന്യൂനപക്ഷ വിരുദ്ധ വംശീയാക്രമണം എന്ന അടിസ്ഥാന പ്രമേയങ്ങള്‍ ഈ ചര്‍ച്ചകള്‍ പതുക്കെ വഴിമാറ്റി വിട്ടു.

ബീഫിനൊപ്പം രണ്ട് ബിരിയാണി സൃഷ്ടികള്‍: ആഹാര സ്വാതന്ത്ര്യത്തിന്റെ ഉപപാഠങ്ങള്‍

ബീഫ് വിവാദം കത്തി നില്‍ക്കുന്ന സമയത്ത് 2015 ജനുവരി 4ാം തിയ്യതി പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് ബീഫിനെ കവര്‍ സ്റ്റോറിയാക്കി. സിവിക് ചന്ദന്‍, എ.എം ഷിനാസ്, എന്നിവരുടെ ലേഖനങ്ങളും പി.എന്‍ ഗോപീകൃഷ്ണന്റെ ബിരിയാണി എന്ന പേരിലുള്ള കവിതയും ഈ ലക്കത്തിലെ പ്രധാന ഇനങ്ങളായിരുന്നു. (2015 ജനുവരി 4, മാതൃഭൂമി, പുസ്‌കതകം 92, ലക്കം 42, പേജ് 8-21) ഏകദേശം ഒന്നര വര്‍ഷത്തിനുള്ളില്‍ ഇതേ പേരില്‍ മാതൃഭൂമിയില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു കഥ പ്രസിദ്ധീകരിച്ചു (2016 ആഗസ്റ്റ് 21 മാതൃഭൂമി, പുസ്തകം 94, ലക്കം 23, പേജ് 12). രണ്ട് സൃഷ്ടികളും ബിരിയാണിയില്‍ മുസ്ലിംകളുടെ മതസ്വത്വത്തെയാണ് കണ്ടത്. ഏച്ചിക്കാനം ബിരിയാണിയെന്ന രൂപകത്തെ ധൂര്‍ത്തിന്റെ പര്യായമായി അവതരിപ്പിച്ചു. ഗോപീകൃഷ്ണന്‍ മുസ്‌ലിം സംസ്‌കാരത്തിന്റെ പ്രതീകമായാണ് ബിരിയാണിയെ കണ്ടെടുത്തത്. 'അനേകം വൈരുദ്ധ്യങ്ങളെ ലളിതമായി കൂട്ടിയിണക്കുന്ന, വ്യത്യാസങ്ങളെ സൗന്ദര്യങ്ങമായി ഉദ്ഘോഷിക്കുന്ന' സംസ്‌കാരവുമായാണ് അദ്ദേഹം അതിനെ ചേര്‍ത്തുവയ്ക്കുന്നത്. ബീഫ് ഫെസ്റ്റിവലിന്റെ സാമുദായിക രാഷ്ട്രീയം അട്ടിമറിക്കപ്പെടുകയും ചര്‍ച്ചകള്‍ ആഹാര സ്വാതന്ത്ര്യം എന്ന പ്രമേയത്തിലേക്ക് വഴിമാറുന്ന മറ്റൊരു ഘട്ടമാണിത്.

ഡിവൈഎഫ്ഐയുടെ ബീഫ് ഫെസ്റ്റ്: ആഹാര സ്വാതന്ത്ര്യ ഫെസ്റ്റ്

മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരേ ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് 2015 മാര്‍ച്ച് 10ാം തിയ്യതി ബീഫ് ഫെസ്റ്റിവല്‍ നടത്തി. ദേശവ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പ്രതിഷേധം പ്രധാനമായും കേരളത്തില്‍ ഒതുങ്ങിനിന്നു. (ബംഗളൂരുവാണ് പ്രതിഷേധം നടന്ന മറ്റൊരു സ്ഥലം) തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിനു മുന്നിലെ പ്രതിഷേധ പരിപാടി ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. 'എന്ത് കഴിക്കണമെന്ന് നിങ്ങള്‍ എങ്ങനെ തീരുമാനിക്കു'മെന്നായിരുന്നു സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ജനങ്ങളുടെ ഭക്ഷണരീതിയില്‍പോലും സംഘ്പരിവാര്‍ ഇടപെടുന്നു. ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനു മേലുള്ള ഫാഷിസ്റ്റ് കടന്നുകയറ്റമാണ് നടക്കുന്നത് എന്ന് സമരത്തിനെത്തിയ നേതാക്കള്‍ പറയുന്നു. (ഏഷ്യാനെറ്റ് ന്യൂസ്, മാര്‍ച്ച് 10, 2015) ഒരുപക്ഷേ, കേരളത്തില്‍ നടന്ന ഏറ്റവുമധികം ശ്രദ്ധ കിട്ടിയ ആദ്യ ബീഫ് ഫെസ്റ്റിവലും ഇതായിരിക്കും. പിന്നീട് പലയിടങ്ങളിലും ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിനിടയില്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ക്കെതിരേ സംസ്ഥാന നേതൃത്വം നടപടിയെടുത്ത വാര്‍ത്തയും വണ്ടൂരില്‍നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും നേതൃത്വം ഇടപെട്ട് അത് റദ്ദാക്കി.

ഡിവൈഎഫ്ഐയുടെ ബീഫ് ഫെസ്റ്റിവലിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പല കോളജുകളിലും എസ്എഫ്ഐയും ബീഫ് ഫെസ്റ്റിവലുകള്‍ നടത്തി. മാര്‍ച്ച് 26ാം തിയ്യതി ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലും ബീഫ് ഫെസ്റ്റിവല്‍ നടന്നു. ഇതിന്റെ പ്രകമ്പനം വെറ്റിനറി സര്‍വകലാശാലയിലാണ് അനുഭവപ്പെട്ടത്.

ഗുരുവായൂരപ്പന്‍ കോളജങ്കണത്തില്‍ ബീഫ് കറി ഭക്ഷിച്ച് സായൂജ്യമടഞ്ഞവര്‍ മമ്പാട് കോളജില്‍ പോര്‍ക്കുല്‍സവം സംഘടിപ്പിക്കുമോ?

ബീഫ് ഫെസ്റ്റുകള്‍ക്കെതിരെ ബീഫ് വിരോധികളും മൃദുഹിന്ദുത്വ നിലപാടുള്ളവരുമാണ് ഒരു സമീകരണ ആവശ്യമായി പോര്‍ക്ക് ഫെസ്റ്റ് എന്ന ആശയം നിര്‍മിക്കുന്നത്. ആഹാര സ്വാതന്ത്ര്യ പ്രശ്‌നമായി ചുരുക്കിയ ആ ചര്‍ച്ചയില്‍ എളുപ്പം കയറി വരാവുന്ന ഒരു ആവശ്യമായിരുന്നു അത്.

2015ല്‍ ബീഫ് നിരോധന വിവാദം കത്തിനില്‍ക്കുന്ന സമയത്ത് 'ബീഫ് അപകടകരം' എന്ന പേരില്‍ വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് മലയാള മനോരമ പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു (2015, മാര്‍ച്ച് 15, 2015, മലയാളമനോരമ, ബി അശോക്, ബീഫ് അപകടകരം). മഹാരാഷ്ട്രയിലെ ബീഫ് നിരോധനം രാഷ്്ട്രീയം കലര്‍ന്നതാകാമെങ്കിലും ഗോമാംസമാണ് ഏറ്റവും അപകടകരമായ മാംസാഹാരമാണെന്നായിരുന്നു ലേഖകന്റെ വാദം. ബീഫ് അപ്പാടെ നിരോധിക്കണമെന്നല്ല തന്റെ താല്‍പര്യമെന്നും രാഷ്ട്രീയമോ അല്ലാത്തതോ ആയ കാരണത്താല്‍ മേള സംഘടിപ്പിച്ച് ബീഫിനെ പ്രോത്സാഹിപ്പക്കരുതെന്നാണ് തന്റെ പക്ഷമെന്നും അദ്ദേഹം എഴുതി. ബീഫിനു പകരം ചിക്കനും മീനും നിര്‍ദേശിച്ചു.

തൊട്ടടുത്ത ദിവസം സര്‍വകലാശാലാ കാമ്പസില്‍ ഇടതു യൂണിയനുകളും വിദ്യാര്‍ഥികളും ചേര്‍ന്ന് 'ബീഫ് കഴിച്ചാത്മഹത്യ' എന്ന പേരില്‍ ഒരു സമരം നടത്തി. 'ബീഫ് കഴിച്ചാത്മഹത്യ!, വൈസ്ചാന്‍സലറുടെ 'ശാസ്ത്രീയ' ലേഖനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നു' എന്നായിരുന്നു കാപ്ഷന്‍. പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് കറിയുണ്ടാക്കി വിതരണവും ചെയ്തു. ഡോ. അശോകിന്റെ ലേഖനം ശാസ്ത്രീയമല്ലെന്നായിരുന്നു വെറ്റിനറി സര്‍വകലാശാലയിലെ ബീഫ് ഫെസ്റ്റിവല്‍ സംഘാടകര്‍ ആരോപിച്ചത്.

ഈ സമരത്തെക്കുറിച്ച് മാര്‍ച്ച് 23ന് കേരള ശബ്ദത്തില്‍ 'ബീഫ്: നിയമം, ആരോഗ്യം, രാഷ്ട്രീയം' എന്ന പേരില്‍ പ്രതികരണലേഖനം ബി. അശോക് പ്രസിദ്ധീകരിച്ചു. പരിഷ്‌കൃതമായ സരസ്വതീക്ഷേത്രത്തില്‍ അരങ്ങേറാന്‍ പാടില്ലാത്ത സമരമെന്നുപറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. ബീഫ് കഴിക്കാനും കഴിച്ച് ആത്മഹത്യ ചെയ്യാനും ആര്‍ക്കും അവകാശമുണ്ടെന്ന് അദ്ദേഹം ലേഖനത്തില്‍ പരിഹസിച്ചു. ഇത്തവണ തന്റെ നിലപാടിലേക്ക് കുറച്ചുകൂടി വസ്തുതകള്‍ കൂട്ടിച്ചേര്‍ത്തു. ബീഫ് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സെക്യുലറായ സുപ്രിംകോടതിയുടെ വിധിയനുസരിച്ച് അവകാശമുണ്ടെന്ന് അദ്ദേഹം വാദിച്ചു: ''വ്യക്തമായും ആരോഗ്യപരവും നിയമപരവുമായ അടിസ്ഥാനം മനസ്സിലാക്കാതെയോ, മനസ്സിലാക്കുന്നതില്‍നിന്ന് ഹ്രസ്വ ദൃഷ്ടിയുള്ള രാഷ്ട്രീയമോ ലാഭാധിഷ്ഠിതമോ ആയ കാഴ്ചപ്പാട് അവരെ തടഞ്ഞിരിക്കുന്നതുകൊണ്ടും ആണ് അപൂര്‍വം ചില മൃഗവൈദ്യപ്രഫസര്‍മാരുംവിദ്യാര്‍ഥികളും ബീഫിനനുകൂലമായി രംഗത്തുവന്നിട്ടുള്ളത്. ബീഫ് നിരോധനമോ നിരുത്സാഹപ്പെടുത്തലോ സെക്യുലര്‍ രാഷ്ട്രീയത്തിന് എതിരാണെന്ന് അവര്‍ തെറ്റിദ്ധരിക്കുകയാണ്. എങ്ങനെയോ ബീഫ് ഒരു സെക്യുലര്‍ നന്മയാണെന്നവര്‍ കരുതുന്നു ഇതബദ്ധമാണ്''. (കേരളശബ്ദം, ഏപ്രില്‍ 12, 2015, പുസ്തകം 53, ലക്കം 34)

കോളജിലെ ബീഫ് പ്രിയരുടെ വസ്തുതാനിഷേധത്തെ തുറന്നുകാട്ടുന്നുവെന്ന മട്ടില്‍ എഴുതിയ ഈ ലേഖനം അവസാനിപ്പിക്കുന്നത് താന്‍ മദ്യത്തിനെതിരേ എഴുതാതിരുന്നത് നന്നായി എന്നു പറഞ്ഞാണ്. എങ്കില്‍ കോളജങ്കണത്തില്‍ മദ്യപ്രേമിയുടെ പരസ്യപാനം നടക്കുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.

ഈ വിവാദങ്ങള്‍ക്കിടയില്‍ മറ്റൊരു കൗതുകംകൂടി ഇതേ സര്‍വകലാശാലയില്‍ അരങ്ങേറി. പ്രയാര്‍ ഗോപാലകൃഷ്ണനെ അനുമോദിച്ചുകൊണ്ട് വിസിയുടെ നേതൃത്വത്തില്‍ ഗോദാനം നല്‍കി. അത്യപൂര്‍വമായ ഒരു ഗോദാനമെന്നാണ് ഈ സംഭവത്തെ കേരളശബ്ദം വിശേഷിപ്പിച്ചത്. (2015, മാര്‍ച്ച് 14, പുസ്തകം 53, ലക്കം 32, പേജ് 51, അത്യപൂര്‍വമായ ഗോദാനം).

ഇതിനിടയിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണ കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടന്നത്. ഇതേ കുറിച്ചും അശോക് ഒരു കുറിപ്പ് എഴുതിയിരുന്നു. നമുക്കെന്തുകൊണ്ട് പോര്‍ക്ക് ഫെസ്റ്റിവല്‍ ഉണ്ടാകുന്നില്ല? എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ ഗുരുവായൂരപ്പന്‍ കോളജങ്കണത്തില്‍ ബീഫ് കറി ഭക്ഷിച്ച് സായൂജ്യമടഞ്ഞവര്‍ മമ്പാട് കോളജില്‍ പോര്‍ക്കുല്‍സവം എന്നാണ് സംഘടിപ്പിക്കുകയെന്ന ചോദ്യമുയര്‍ത്തി? (മലയാളം ഏപ്രില്‍ 17, 2015, പുസ്തകം 18, ലക്കം 47)

കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റ്: സംഘ്പരിവാര്‍ ആക്രമണം

ബീഫ് വിവാദം കത്തിനില്‍ക്കുന്നതിനിടയില്‍ യുപിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന 52വയസ്സുകാരനെ ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ കൊലപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കേരള വര്‍മ കോളജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ 2015 ഒക്ടോബര്‍ ഒന്നിന് ബീഫ് ഫെസ്റ്റിവല്‍ നടത്തി. ഇതിനെതിരേ എബിവിപിക്കാര്‍ രംഗത്തുവരികയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കേരളവര്‍മ ക്ഷേത്രത്തില്‍ മാംസം നിഷിദ്ധമാണെന്നും ബീഫ് ഫെസ്റ്റ് ക്ഷേത്രാചാരത്തിന് എതിരാണെന്നുമായിരുന്നു എബിവിപിക്കാരുടെ വാദം. കോളജിലെ ആല്‍ത്തറയില്‍ കുത്തി നിര്‍ത്തിയ ഒരു കല്ലായിരുന്നു എബിവിപിക്കാര്‍ പറഞ്ഞ ക്ഷേത്രം. ഈ സംഭവം നടക്കുന്നതിന് ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഈ കല്ലിനു മുന്നില്‍ ആരോ വിളക്കുകത്തിക്കാന്‍ തുടങ്ങിയത്. (സംഭവിച്ചത് കേരളവര്‍മ്മയിലോ കേരളത്തിലോ?, മാധ്യമം ദിനപത്രം, ഒക്ടോബര്‍ 7, 2015)

ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചും എബിവിപിക്കാരുടെ വാദത്തെ തള്ളിയും കോളജിലെ അധ്യാപികയായ ദീപ നിഷാന്ത് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. കലാ'ക്ഷേത്ര'ത്തിലേക്ക് ബീഫ് കടത്തേണ്ടെന്ന് പറയുന്നവര്‍ ക്ഷേത്രത്തില്‍ അശുദ്ധി സമയത്ത് സ്ത്രീകള്‍ കയറരുതെന്ന് നാളെ പറഞ്ഞേക്കാ'മെന്നായിരുന്നു അവര്‍ എഴുതിയത്. കോളജ് മാനേജ്മെന്റ് അവരോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ അവര്‍ക്കെതിരേ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ആറ് വിദ്യാര്‍ഥികളെ ഈ പ്രശ്നത്തിന്റെ പേരില്‍ കോളജ് അധികൃതര്‍ സസ്പെന്‍ഡും ചെയ്തിരുന്നു (ദേശാഭിമാനി, ഒക്ടോബര്‍ 5, 2015, അഴിമുഖം ഒക്ടോബര്‍ 7, 2015). എന്നാല്‍, ഇതേ ദിവസം യൂണിയന്‍ ഓഫിസ് കത്തിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ ഒരു നടപടിയും കൈക്കൊണ്ടില്ല.

കേരളഹൗസിലെ റെയ്ഡ്:

2015 ഒക്ടോബര്‍ 26ന് ഡല്‍ഹി കേരള ഹൗസ് സമൃദ്ധി കാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് പൊലിസ് റെയ്ഡ് നടത്തി. ആരോ നല്‍കിയ പരാതിയുടെ ഭാഗമായിരുന്നു പൊലിസ് നടപടി. ഫെഡറല്‍ സംവിധാനത്തിനെതിരായ നീക്കമെന്നാണ് ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ജനാധിപത്യമുന്നണിയും പ്രതികരിച്ചത്. എന്നാല്‍, അന്നത്തെ കേരള ചീഫ് സെക്രട്ടറിയാകട്ടെ കേരള ഹൗസില്‍ വിളമ്പിയത് പശുഇറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പ്രഖ്യാപിച്ചു. പശു ഇറച്ചി ആദ്യമേ വിളമ്പാറില്ലെന്നാണ് കാന്റീന്‍ അധികൃതര്‍ നല്‍കിയ മറുപടി.

ഭക്ഷണ സ്വാതന്ത്ര്യമെന്ന ലിബറല്‍ ജനാധിപത്യാവകാശത്തിന് തൊടാനാവാത്ത തരത്തില്‍ പശുഇറച്ചി മാറിക്കഴിഞ്ഞുവെന്ന് അരുണ്‍ അശോകന്‍ തന്റെ മാതൃഭൂമി കുറിപ്പില്‍ ഇതേ കുറിച്ച് നിരീക്ഷിക്കുന്നു: ''എല്ലാ ജാതികളും വിശ്വാസ സമുദായങ്ങളും പൊതുഇടത്തില്‍ തത്വത്തില്‍ പ്രവേശിച്ചിരിക്കുന്ന വര്‍ത്തമാനകാലത്തും പശുവിറച്ചി നേരിട്ട് കേരളത്തിലെ പൊതു തീന്‍മേശകളിന്‍ ഇടം പിടിക്കാത്തത് പരമാധികാരത്തിന്റെ വേഷപ്പകര്‍ച്ചകളെയല്ലാതെ മറ്റെന്തിനെയാണ് അടയാളപ്പെടുത്തുന്നത്? പശുവിന്റെ ആധികാരിക അസാന്നിധ്യവും പശുവിറച്ചിയുടെ ദൃശ്യാദൃശ്യതയും ആധുനികമായി വേഷം മാറിയ ബ്രാഹ്മണപരമാധികാരത്തിന്റെ പ്രവര്‍ത്തന തന്ത്രങ്ങളല്ലാതെ മറ്റെന്താണ്? (ഹിരണ്യഗര്‍ഭവും തീന്‍മേശയിലെ പശുവും, അരുണ്‍ അശോകന്‍, മാതൃഭൂമി, പുസ്തകം 94, ലക്കം 13, പേജ് 60)

പൊലിസ് അക്കാദമിയിലെ ബീഫ് നിരോധനവും ബീഫ് ആഘോഷവും

2015 തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് വിജയം ആഘോഷിക്കാന്‍ കേരള പൊലിസ് അക്കാദമിയിലെ ചില ഉദ്യോഗസ്ഥര്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിത് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ രാമവര്‍മപുരം അക്കാദമിയിലാണ് ഐജി തന്റെ ബീഫ് വിരോധനം നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമാണ് ബീഫ് വിതരണം ചെയ്തത്. കാന്റീന്‍ ചുമതലയുള്ളവരെ വിളിച്ചുവരുത്തി ഐജി ശാസിക്കുകയും ചെയ്തു. ഇതിനെതിരേ സിപിഎം നേതാവ് എംബി രാജേഷ് ഫേസ്ബുക്കിലൂടെ രംഗത്തുവന്നു. അക്കാദമിയില്‍ ഒന്നര കൊല്ലമായി ബീഫ് നിരോധനമുണ്ടെന്നതിന് അദ്ദേഹം തെളിവുകള്‍ നിരത്തി വാദിച്ചു: തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആര്‍എസ്്എസ്സിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്രകാരം ഒരു തീരുമാനമുണ്ടായിട്ടുള്ളത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സംഘ്പരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. എറണാകുളത്തെ മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യക്ക് നേരെയുണ്ടായ ഭീഷണിയെ പൊലീസ് അവഗണിച്ചതും ശക്തമായ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. ആര്‍.എസ്.എസ് നിലപാട് പൊലീസിലും അടിച്ചേല്‍പ്പിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട് ലജ്ജാകരമാണ്. ഈ നിലപാട് തിരുത്താനും വിലക്ക് പിന്‍വലിക്കാനും ഉടന്‍ തയ്യാറാകണം (നവംബര്‍ 3, 2015 എഫ്ബി എം.ബി രാജേഷ്).

ഭക്ഷണം വ്യക്തിസ്വാതന്ത്ര്യം:

2015ലാണ് രണ്ടാം ഘട്ട ബീഫ് ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചക്ക് ബീഫ് ഫെസ്റ്റുകളുടെ അകമ്പടിയുമുണ്ടായിരുന്നു. ഭക്ഷണസ്വാതന്ത്ര്യം, ഭക്ഷണവൈവിധ്യം, ഭക്ഷണസംസ്‌കാരം, ഭക്ഷണത്തെക്കുറിച്ചുള്ള മതവിധി തുടങ്ങിയ പ്രമേയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകളില്‍ പലതും. കീഴാള രാഷ്ട്രീയ പ്രശ്‌നം പ്രമേയമായ 2010 മുതലുള്ള ചര്‍ച്ചകളില്‍നിന്ന് തികച്ചും വ്യത്യസ്തം.

'മുഴുവന്‍ പരമ്പരയിലും സസ്യാഹാരിയായിരുന്നവര്‍ കൈപൊക്കാമോ? എന്നായിരുന്നു ശാസ്ത്രഎഴുത്തുകാരനായ ജീവന്‍ ജോബ് തോമസിന്റെ ചോദ്യം (മുഴുവന്‍ പരമ്പരയിലും സസ്യാഹാരിയായിരുന്നവര്‍ കൈപൊക്കാമോ?, മാതൃഭൂമി 2015 ഏപ്രില്‍ 19, പുസ്തകം 93, ലക്കം 5, പേജ് 83) ഇന്നത്തെ മനുഷ്യനെ നിര്‍മിക്കുന്നതില്‍ മാംസാഹാരം വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹം വാചാലനായി.

ബീഫ് നിരോധനത്തെ അഹിംസ, ഹത്യ, പാപം തുടങ്ങിയവയിലേക്ക് നീട്ടിവയ്ക്കുന്നു സി. രാധാകൃഷ്ണന്‍. പാലുല്‍പ്പന്നങ്ങളും സസ്യത്തിനും നെല്‍മണിക്കും ജീവനുണ്ടെന്ന പാഠം പാക്കനാരുടെ കഥയിലൂടെയും ഗാന്ധിദര്‍ശനം ചര്‍ച്ച ചെയ്തുമാണ് സ്ഥാപിക്കുന്നത് (നാടുവഴിയെ നടന്നാല്‍ നെടുനീളം, സി. രാധാകൃഷ്ണന്‍, വീണ്ടുവിചാരം കോളം, സമകാലിക മലയാളം, ഏപ്രില്‍ 10, 2024). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകത്തിന്റെ മുക്കാലോഹരി ആളുകളെയും മ്ളേച്ഛരായി ചിത്രീകരിക്കാനുതകുന്ന ഒരു കുതര്‍ക്കമാണ് നടക്കുന്നത്. അനേകകോടി മനുഷ്യരുടെ ആയിരക്കണക്കിന് പ്രശ്നങ്ങള്‍ പിഹാരം കാണാനാകാതെ ശേഷിക്കുമ്പോള്‍ ഇല്ലാക്കഥകള്‍ പറഞ്ഞ് ആളുകളെ ഹാലിളക്കി പരസ്പരം കൊല്ലാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ആകെ ഉള്ള അല്‍പം സ്വസ്ഥത പോലും നശിപ്പിക്കുന്നു. ഈ ബുദ്ധിയെ അടിമുടി വക്രബുദ്ധിയെന്നാണ് രാധാകൃഷ്ണന്‍ വിളിക്കുന്നത്. (ബുദ്ധിമന്ത, വക്രബുദ്ധിമന്ത!, സി. രാധാകൃഷ്ണന്‍, മലയാളം നവംബര്‍ 20, 2015, മലയാളം വാരിക, പുസ്തകം 19, ലക്കം 26, പേജ് 9)

ഒരാള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ ആളുകള്‍ക്കുമുണ്ടെന്ന് ലീലാവതി പറയുന്നു. അതിനു മുകളില്‍ നിയമ ഇടപെടലുകള്‍ നടത്തുന്നത് ശരിയല്ല. ഏത് ഭക്ഷണവും ആര്‍ക്കും കഴിക്കാനുള്ള അവകാശമുണ്ട്. മറ്റൊരാള്‍ക്ക് അതില്‍ നിര്‍ബന്ധം വയ്ക്കാനാവില്ല. (ആഹാരവും അധികാരവും, സമകാലിക മലയാളം, 2015 നവംബര്‍ 27, പുസ്തകം 19, ലക്കം 27, പേജ് 26-27) എന്നാല്‍, സദ്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായം കുറച്ചുകൂടി വ്യത്യസ്തമാണ്. ബീഫ് കഴിക്കുന്നത് അധാര്‍മികമാണെന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍, കഴിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. കയറ്റുമതി പാടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2015 ഒക്ടോബര്‍ 25, മാതൃഭൂമി, പേജ് 61, സദ്ഗുരു ജഗ്ഗി വാസുദേവ്, ഉണ്ണി ബാലകൃഷ്ണന്‍, പുസ്തകം 93, ലക്കം 32, പേജ് 60)

ബിജെപി നേതാവ് ഒ രാജഗോപാലും ഭക്ഷണസ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. ഭക്ഷണം ഒരാളുടെ തെരഞ്ഞെടുപ്പാണ്. ആര്‍ക്കും പൂര്‍ണസ്വാതന്ത്ര്യമുണ്ട്. ബീഫിനെതിരേ നടന്ന ആക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ അദ്ദേഹം കരുതുന്നുള്ളൂ (ഇന്ത്യയില്‍ എന്ത് ഭക്ഷണവും കഴിക്കാം, ശബരിമലയില്‍ പോകാം, ഒ. രാജഗോപാല്‍, മനില സി. മോഹന്‍ (അഭിമുഖം), മാതൃഭൂമി 2016, ജൂലൈ 17, പുസ്തകം 94, ലക്കം 18, പേജ് 22).

ബീഫ് ഫെസ്റ്റുകളെ സഹിഷ്ണുതയുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കണമെന്നായിരുന്നു രാഘവന്‍ പയ്യനാടിന്റെ അഭിപ്രായം: ''പശു സാമൂഹികപ്രശ്നമായിത്തീരുന്നത് പശുവിനെ ഒരു രാഷ്ട്രീയപ്രശ്നമാക്കാം എന്നുള്ളതുകൊണ്ടാണ്. പശു വിശുദ്ധപശു ആകുമ്പോള്‍ ആരാധിക്കപ്പെടും. വിഭിന്ന സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ എങ്ങനെയാണ് സഹനസ്വഭാവത്തോടെ ജീവിക്കേണ്ടത് എന്ന് പശുവിനുവേണ്ടി ഇരുപക്ഷം പിടിക്കുന്ന നമുക്കറിയില്ലെങ്കിലും നമ്മുടെ വീട്ടമ്മമാര്‍ക്കറിയാം. പശു വിശുദ്ധപശുവായിരിക്കുമ്പോഴും അത് തിന്നാനുള്ളതുകൂടിയാണെന്നവര്‍ക്കറിയാം. അതിന്റെ പേരില്‍ സമൂഹത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാറില്ല. വ്യക്തിജീവിതത്തിലെന്നപോലെ സമൂഹജീവിതത്തിലും പലതും കണ്ടില്ല കേട്ടില്ല എന്ന് വരുത്തിയാണ് വ്യത്യസ്ത ലോകവീക്ഷണങ്ങളുള്ള ജനതകള്‍ കൂടിക്കലര്‍ന്ന് ജീവിച്ചുവരുന്നത്. അതുപോലെ പശുവിനെ തിന്നുന്നവര്‍ പരസ്യമായി പശുവിനെ അറക്കാറില്ല. അറുത്ത തല പ്രദര്‍ശിപ്പിക്കാറില്ല. വിശുദ്ധമൃഗത്തെ എങ്ങനെ രാഷ്ട്രീയമൃഗമാക്കി മാറ്റാം എന്ന അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായുണ്ടാകുന്ന കോലാഹലങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആ രാഷ്ട്രീയപ്രവര്‍ത്തനത്തനെ രാഷ്ട്രീയമായി നേരിടാനുള്ള ശ്രമത്തിലാണ് മറുപക്ഷം. ഫലത്തില്‍ പശുവിനെ മുന്‍നിര്‍ത്തി മതത്തിന്റെ പിന്‍ബലത്തോടെയുള്ള രാഷ്ട്രീയമായ ഏറ്റുമുട്ടലുകള്‍ക്ക് കളമൊരുക്കിക്കൊണ്ടിരിക്കുന്നു. പുരോഗമനപക്ഷത്തുനിന്നുകൊണ്ടായാല്‍പോലും ബഹുസ്വരതയെ നിലനിര്‍ത്താനാണെങ്കില്‍പ്പോലും ബീഫ് ഫെസ്റ്റോ പോര്‍ക്ക് ഫെസ്റ്റോ നടത്തുമ്പോല്‍ അവരറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ഏറ്റുമുട്ടലില്‍ ഇരുപക്ഷമേയുള്ളൂ. ഏതെങ്കിലും ഒരു പക്ഷത്തുനിന്നുകൊണ്ടേ അതില്‍ പങ്കുചേരാനാവൂ. രാഷ്ട്രീയം മതത്തിന്റെ കൂട്ടുപിടിച്ച് അധികാരമുറപ്പിക്കുമ്പോള്‍ പിന്നെ ജനാധിപത്യമില്ല. സഹിഷ്ണുതയില്ല. (2015 ഡിസംബര്‍ 27, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 93, ലക്കം 41, പേജ് 76, രാഘവന്‍ പയ്യനാട്, ഒരേയൊരു പശുവിന്റെ പലതരം യാത്രകള്‍!, പേജ് 77)

കുറച്ചുകൂടെ കടന്ന് മാംസാഹാരപ്രിയത്തെ ക്രൂരതയുമായി ബന്ധപ്പെടുത്തിയവരും ഉണ്ടായിരുന്നു. അവരിലൊരാളാണ് അക്കിത്തം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പശുവിനെ കൊല്ലുന്ന സംസ്‌കാരം അംഗീകരിക്കാനാവില്ല. അത് ക്രൂരതയാണ്. പാല്‍ തരാന്‍ വന്ന പശുവിനെ ഭക്ഷണമാക്കുക എന്ന ക്രൂരത. ആലോചനയില്ലാത്തതുകൊണ്ട് ചിലര്‍ പശുമാംസം കഴിക്കുന്നു എന്നേയുള്ളൂ. പശുവിനെപ്പോലെ ദാനം ചെയ്യുന്ന ജീവിയില്ല. സ്വന്തം കുട്ടികള്‍ക്കുള്ള ഭക്ഷണമാണ് പശു മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്. ഗാന്ധിസവും ഗോവധവും പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു (ഇന്ത്യയില്‍ ഫാസിസം ഉണ്ടാവില്ല, അക്കിത്തം, എന്‍.പി വിജയകൃഷ്ണന്‍, 2016 ഏപ്രില്‍ 2, പുസ്തകം 94, ലക്കം 2, പേജ് 26).

മാംസഭക്ഷണത്തിന് മതവിലക്കില്ല:

ബീഫ് നിരോധനത്തെ ഒരു മതപ്രശ്നമായാണ് മിക്കവാറും പേര്‍ കണ്ടത്. ആഹാര സ്വാതന്ത്യം എന്ന ഫ്രെയിമിന്റെ സ്വാഭാവിക തുടര്‍ച്ചയുമാണ്. അതുകൊണ്ടുതന്നെ പലരും മാംസഭക്ഷണത്തിന് മതവിലക്കുകളില്ലെന്നതിന് മതത്തില്‍നിന്നുതന്നെ തെളിവുകള്‍ കണ്ടെത്താന്‍ പരിശ്രമിച്ചു. മത-മതേതര കൃതികളും വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ ഉദ്ധരണികളും മുന്നില്‍വച്ച് ഗോമാംസോപയോഗത്തിന് മതപരമായ വിലക്കുകളില്ലെന്നു സമര്‍ഥിക്കാന്‍ ഡിവൈഎഫ്ഐക്കാര്‍ കഠിനാദ്ധ്വാനം നടത്തി (ബീഫ് ഫെസ്റ്റിവല്‍ മാത്രം മതിയോ?, ഹമീദ് ചേന്ദമംഗലൂര്‍, സമകാലിക മലയാളം വാരിക, 2015, ഏപ്രില്‍ 3, പുസ്തകം 18, ലക്കം 45, പേജ് 18-19).

എഴുത്തുകാരും വെറുതെയിരുന്നില്ല. അവരും കഠിനാധ്വാനം ചെയ്ത് തെളിവുകള്‍ കണ്ടെത്തി. പൗരാണിക ഭാരത്തിലെ മനുഷ്യര്‍ സസ്യഭുക്കുകളായിരുന്നില്ല അവര്‍ മാംസവും കഴിച്ചിരുന്നുവെന്ന് അജു നാരായണനും ചെറി ജേക്കബ്ബും എഴുതി. മൃഗക്ഷേമ തല്‍പരരായിരുന്ന ബൗദ്ധരുടെ വരവോടെയാണ് അവരെ പ്രതിരോധിക്കാന്‍ ബ്രാഹ്മണിസം മാംസാഹാരം ഒഴിവാക്കുന്നത്. അതും പ്രതീകാത്മകമായി. ഗോമാംസ നിരോധനത്തിന്റെ രാഷ്ട്രീയം ആര്‍ഷഭാരത സംസ്‌കാരത്തിലൂന്നിയ ഇന്ത്യന്‍രാഷ്ട്ര സങ്കല്‍പ്പമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു: ആധുനിക ഇന്ത്യയെ പരികല്‍പ്പിക്കുന്നതുതന്നെ ആര്‍ഷഭാരതം എന്ന സവര്‍ണവും ഹൈന്ദവവുമായ ഒരു മിത്തിക്കല്‍ ഇടത്തെ പുനരാനയിച്ചുകൊണ്ടാണ്. ആ സങ്കല്‍പ്പമനുസരിച്ച് ആര്‍ഷഭാരതം സംശുദ്ധവും സ്വര്‍ഗതുല്യവുമായ കാല-സ്ഥലമാണ്. ആധുനിക ഇന്ത്യയുടെ പരിമിതകളെ മറികടക്കാന്‍ ആര്‍ഷഭാരതസംസ്‌കാരത്തിലേക്കു തിരിച്ചുപോകണമെന്നുവരെ വാദം നീളുന്നു. ഇത്തരം വാദങ്ങളുടെ പ്രതിഫലനമെന്ന നിലയിലാണ് മഹാരാഷ്ട്രയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കിയത്. (ഗോമാംസം എന്ന രാഷ്ട്രീയഭക്ഷണം, അജു കെ. നാരായണന്‍, ചെറി ജേക്കബ് കെ., സമകാലിക മലയാളം, ഏപ്രില്‍ 3, 2015, പുസ്തകം 18, ലക്കം 45, പേജ് 10 -17).

ഗോവധ നിരോധനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത എ.എം ഷിനാസിന്റെ കുറിപ്പില്‍ ആഹാരസ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കുന്നത് ഗോമാംസം പ്രാചീന ഇന്ത്യയിലെ വിശിഷ്ടഭോജ്യമായിരുന്നുവെന്നതിനുള്ള തെളിവുകള്‍ നിരത്തിയാണ്. പല തെളിവുകളും ആര്‍.എസ്.എസ്, ഹിന്ദുത്വ നേതാക്കളുടെ എഴുത്തുകളില്‍നിന്നായിരുന്നു. (ഇനി ആഹാരെപാലിസും?, എ.എം ഷിനാസ്, 2015 ജനുവരി 4, മാതൃഭൂമി, പുസ്തകം 92, ലക്കം 42, പേജ് 8-21)

ബ്രാഹ്മണര്‍ പശുമാംസം കഴിച്ചിരുന്നുവെന്ന് നളചരിതത്തിലെ ഒരു സന്ദര്‍ഭമെടുത്താണ് കെ.സി നാരായണന്‍ വിശദീകരിക്കുന്നത്. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍നിന്നുള്ള തെളിവുകളും അദ്ദേഹം എടുത്തുകാട്ടുന്നു. അതിഥികളെ പശുഇറച്ചി നല്‍കി സല്‍ക്കരിക്കുന്നതുകൊണ്ട് ബ്രാഹ്മണനെ ഗോഘ്നന്‍ എന്നും വിളിച്ചിരുന്നു (കെ.സി നാരായണന്‍, നളചരിതവും പശുമാംസവും, ഭാഷാപോഷിണി, 2015 നവംബര്‍, പുസ്തകം 39, ലക്കം 11, പേജ് 32).

പന്നി/പോര്‍ക്ക് ഫെസ്റ്റും വേണം: മുസ്‌ലിംകള്‍ പ്രതികളാവുന്ന സമീകരണ യുക്തിയുടെ ചരിത്രം

ബീഫ് നിരോധനത്തെ മതരാഷ്ട്രീയത്തിന്റെ ഇടപെടലായും മതപ്രശ്നമായും എല്ലാവരുടേയും ആഹാര സ്വാതന്ത്ര്യ പ്രശ്‌നമായും കണ്ടതുകൊണ്ടുതന്നെ അതേക്കുറിച്ചുള്ള സംവാദങ്ങള്‍ വളരെപ്പെട്ടെന്ന് ഇതര മതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കും നീണ്ടു. ഇതര മതങ്ങളില്‍നിന്ന് സമാനമായവ കണ്ടെത്താനായിരുന്നു ശ്രമം. ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ പന്നിയെ നിഷിദ്ധഭക്ഷണമായി കാണുന്നതിനെയും ചോദ്യം ചെയ്യണമെന്നായിരുന്നു ഉയര്‍ന്നുവന്ന ഒരു കാര്യം. ബീഫ് ഫെസ്റ്റിനൊപ്പം ഒരു പന്നി ഫെസ്റ്റാണ് വിമര്‍ശകര്‍ ആവശ്യപ്പെട്ടത്. അറിയാന്‍ കഴിഞ്ഞിടത്തോളം മാതൃഭൂമിയുടെ ബിരിയാണിപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഷിനാസിന്റെ ലേഖനത്തോടുള്ള പ്രതികരണത്തിലാണ് ഈ ആശയം ആദ്യം കാണുന്നത്. ഇതുസംബന്ധിച്ച രണ്ട് കത്തുകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചു. ഒന്ന് മലപ്പുറത്തുനിന്നുള്ള ഡോ. ദിലീപ് ഡി.യുടെതും മറ്റൊന്ന് കൊയിലാണ്ടിയില്‍നിന്നുള്ള പ്രേമന്‍ താവട്ടത്തിന്റെതും.

മാംസാഹാരത്തിന്റെ മഹത്വം ഘോഷിക്കുന്ന എ.എം ഷിനാസ് പന്നിമാംസത്തെ വിസ്മരിച്ചുവെന്ന് ഡോ. ദിലീപ് തന്റെ കത്തില്‍ കുറ്റപ്പെടുത്തി. ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് അദ്ദേഹം മാതൃഭൂമിയെയും വിമര്‍ശിക്കുന്നുണ്ട്: ''മാംസാഹാരത്തിന്റെ മഹത്ത്വം ഘോഷിക്കുവാന്‍ ലേഖകന് ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും നിരത്തേണ്ടി വരുന്നു. ഗാന്ധിജിയെ വിസ്മരിക്കേണ്ടിവരുന്നു. ഗോമാംസത്തിന്റെ പ്രാധാന്യം വിസ്തരിച്ചെഴുതിയ ലേഖകനോട് ഒരു കാര്യം മാത്രം ചോദിക്കുന്നു. അങ്ങെന്തുകൊണ്ട് പന്നിമാംസത്തെ വിസ്മരിച്ചു? ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എരുമേലിയിലെ ഒരു സ്വകാര്യ സ്‌കൂളധ്യാപകനെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പന്നിമാംസം വിളമ്പിയെന്ന വെറുമൊരു അഭ്യൂഹത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത് നാം കണ്ടതാണ്. അന്ന് ഇതേ ലേഖകന് പന്നിമാംസ മാഹാത്മ്യത്തെക്കുറിച്ചും ഒരു ലേഖനം എഴുതാമായിരുന്നു. എങ്കില്‍ എന്താണ് യഥാര്‍ഥ ആഹാര പൊലീസെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്യുമായിരുന്നു.'' (ഡോ. ദിലീപ് ഡി, 2015 ജനുവരി 18 മാതൃഭൂമി, പുസ്തകം 92, ലക്കം 44, പേജ് 4-5).

മുസ് ലിംസ്ഥാപനങ്ങളില്‍ പന്നിയിറച്ചി ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായാല്‍ മാത്രമേ ഭക്ഷണത്തിന്മേലുള്ള സ്വയം നിര്‍ണയവാകാശസമരം മതേതരമാവുകയുള്ളൂവെന്നായിരുന്നു മറ്റൊരു പ്രതികരണം: ''ഗോവധ നിരോധനത്തിനും ഗോമാംസഭോജനത്തിനെതിരെയും സംഘ്പരിവാര്‍ തുറന്നുകാട്ടപ്പെടണം. സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങള്‍ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. ഭക്ഷണം സ്വയം തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ആ നിലയ്ക്ക് ഒസ്മാനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികകള്‍ നടത്തിയ ബീഫുത്സവം ശ്രദ്ധേയമാണ്. ഇതേരീതിയിലുള്ള സമരം ജാമിയ മില്ലിയ സര്‍വകലാശാലയിലെയും അലിഗഢ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ പന്നിയിറച്ചി ലഭിക്കുന്നതിനു വേണ്ടിയും നടത്തണം. അപ്പോള്‍ മാത്രമാണ് ഭക്ഷണത്തിനു മേലുള്ള സ്വയം നിര്‍ണയാവകാശ സമരം മതേതരമാകുന്നത്. എന്നാല്‍, ആരെങ്കിലും ഇതിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ അവരുടെ ഇടം പരലോകത്തായിരിക്കുമെന്ന കാര്യത്തില്‍ രണ്ടു മതമില്ല. ഓണത്തിന് കാളന്‍ ആകാമെങ്കില്‍ കാളയുമാകാമെന്നു പറയുന്നവര്‍ പെരുന്നാളിന് പത്തിരിയാകാമെങ്കില്‍ പന്നിയുമാകാമെന്നു പറയണം. വിമര്‍ശനം ഏകപക്ഷീയമാണെന്ന തോന്നല്‍ സമൂഹത്തില്‍ വിപരീത ഫലമാണ് ഉളവാക്കുക.'' പ്രേമന്‍ താവട്ടത്ത്, കൊയിലാണ്ടി, (2015 ജനുവരി 18 മാതൃഭൂമി, പുസ്തകം 92, ലക്കം 44, പേജ് 86).

ഏറെ താമസിയാതെ പന്നിഫെസ്റ്റ് എന്ന വാദം മറ്റു എഴുത്തുകാരും ഏറ്റെടുത്തു. പന്നി മാസം നിഷേധിക്കുന്നതിനെതിരേ ശക്തമായ ഇടപെടലുണ്ടാവണമെന്ന് ഹമീദ് ചേന്നമംഗലൂര്‍ എഴുതി. ബീഫ് ഫെസ്റ്റിവല്‍ മാത്രം മതിയോ? എന്ന ശീര്‍ഷകത്തില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം മുസ്‌ലിംരാഷ്ട്രങ്ങളിലെ 'പന്നിവിലക്കി'നെയും വിമര്‍ശനവിധേയമാക്കി: ''പൗരന്മാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ടതും താരതമ്യേന കുറഞ്ഞ ചെലവില്‍ ലഭ്യവുമായ പോഷകാഹാരം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന വ്യവസ്ഥിതിക്കുകൂടിയാണ് ജനാധിപത്യം എന്നു പറയുന്നത്. മത്സ്യം കഴിക്കുന്നവര്‍ക്ക് അതും ബീഫ് കഴിക്കുന്നവര്‍ക്ക് അതും പിന്നിമാംസം കഴിക്കുന്നവര്‍ക്ക് അതും കഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടണം. പന്നിമാംസം നിഷേധിക്കുന്ന സൗദി അറേബ്യപോലുള്ള മുസ്ലിംരാഷ്ട്രങ്ങളുടെ വിലക്കുകള്‍ ബീഫ് നിഷേധിക്കുന്ന പരിവാറിന്റെ വിലക്കുകള്‍ പോലെത്തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്. (ബീഫ് ഫെസ്റ്റിവല്‍ മാത്രം മതിയോ?, ഹമീദ് ചേന്ദമംഗലൂര്‍, സമകാലിക മലയാളം വാരിക, 2015, ഏപ്രില്‍ 3, പുസ്തകം 18, ലക്കം 45, പേജ് 18-19)

ഈ വാദഗതി ഉയര്‍ത്തിയ മറ്റൊരാള്‍ ഡോ. ബി. അശോകാണ്. അദ്ദേഹം ബീഫിന് പകരം പന്നി പ്രോത്സാഹിപ്പിക്കണമെന്ന ആശയത്തില്‍നിന്നാണ് തുടങ്ങിയത്. ക്രമേണ മുസ്‌ലിംസ്ഥാനപങ്ങളിലെ പന്നി ഫെസ്റ്റിലേക്ക് അരിച്ചെത്തുകയായിരുന്നു: നമുക്കെന്തുകൊണ്ട് ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ ഉണ്ടാകുന്നില്ല? എന്ന ശീര്‍ഷകത്തില്‍ സമകാലിക മലയാളം ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പില്‍ മതശക്തികള്‍ നിയമബാഹ്യമായ തിട്ടൂരങ്ങളാല്‍ നിരോധിച്ചിരിക്കുന്ന പോര്‍ക്കിനു വേണ്ടിയും അരശബ്ദം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായും ബന്ധപ്പെടുത്തി. ''ദേശീയ ജനാധിപത്യ യുവജനങ്ങള്‍ ഇത്തരം ഒരു മാംസത്തെ മാത്രം ഫെസ്റ്റിവല്‍ നടത്തി പ്രമോട്ടു ചെയ്യുകയും ഗുരുവായൂരപ്പന്റെ കലാലയത്തില്‍ വരെ ആയത് ശ്രമപ്പെട്ട് ആചരിക്കുകയും ചെയ്യുമ്പോള്‍ മതശക്തികള്‍ രാജ്യത്തിന്റെ പല ഭാഗത്തും നിയമബാഹ്യമായ തിട്ടൂരത്താല്‍ നിരോധിച്ചിരിക്കുന്ന പോര്‍ക്കിനുവേണ്ടിയും ഒരു അരശബ്ദം ഉയര്‍ത്തേണ്ടേ? വിശുദ്ധമാസം കഞ്ഞിവിളമ്പിയാല്‍ കേരളത്തിലെ ചില ജില്ലകളില്‍ ഹോട്ടലുകള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു എന്ന് വളരെ സെക്യുലറായ ഹമീദ് ചേന്ദമംഗല്ലൂര്‍ മലയാളത്തില്‍ പറയുന്നു''. ഇപ്പറഞ്ഞതിന് അദ്ദേഹത്തിന് ഇത്തരം കാര്യങ്ങള്‍ മുന്‍പു പറഞ്ഞ മൗലവിയുടെ ഗതി വരാതിരിക്കട്ടെയെന്ന് ബ്രാക്കറ്റിലും കൊടുത്തിരിക്കുന്നു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തെക്കുറിച്ചാണ് സൂചന.

തുടര്‍ന്നദ്ദേഹം ബീഫ് നിരോധനം, പോര്‍ക്ക് നിരോധനം തുടങ്ങിയവയെ ഒരുപോലെ കൈകാര്യംചെയ്യത്തതിന് ഡിവൈഎഫ്ഐയെ കുറ്റപ്പെടുത്തുന്നു. ''ജനാധിപത്യ യുവജനത ബീഫ്, പോര്‍ക്ക് നിരോധനത്തെ ഇരു വിഭവങ്ങളും മൃഷ്ടാന്നം ഭുജിച്ചുകൊണ്ട് പൊന്നാനിയിലോ കൊണ്ടോട്ടിയിലോ ആണ് പരസ്യപ്രചാരണം സംഘടിപ്പിച്ചിരുന്നതെങ്കിലോ? അത് ജനാധിപത്യത്തിലെ ഒരു ചെറുത്തുനില്‍പ്പിന്റെ പൂര്‍ണ ആവിഷ്‌കാരമാകുമായിരുന്നു. ഗുരുവായൂര്‍ കോളജങ്കണത്തില്‍ ബീഫ് കറി ഭക്ഷിച്ച് സായൂജ്യമടഞ്ഞവര്‍ മാമ്പാട് കോളജില്‍ പോര്‍ക്കുല്‍സവം എന്നാണ് സംഘടിപ്പിക്കുക? ഒന്നു സാധ്യവും മറ്റേത് അസാധ്യവും ആണ് എന്നത് എന്തുകൊണ്ട്? മതമില്ലാത്ത ജനാധിപത്യ സെക്യുലര്‍ യുവജനത താമസംവിനാ ഇതു ചെയ്യേണ്ടതല്ലേ? ഇത് രണ്ടും ഒരു നിശ്ചിത ദിവസം ജനാധിപത്യയുവജനത ചെയ്താല്‍ അവരുടെ ഉദ്ദേശ്യം സങ്കുചിതമല്ല എന്നു നമുക്ക് എന്നേ സമാധാനിക്കാമായിരുന്നു. അതാണ് അവരുടെ ശക്തിപ്രകടനം, ഹമീദ് ചേന്നമംഗലൂരിനു പോലും വിശ്വാസയോഗ്യമായി തോന്നാത്തത്.''(2015,ഏപ്രില്‍ 17, സമകാലിക മലയാളം, പുസ്തകം 18,ലക്കം 47, പേജ് 90-93, നമുക്കെന്തുകൊണ്ട് ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ ഉണ്ടാകുന്നില്ല'')

2015 ഒക്ടോബര്‍ 25ാംതിയ്യതിയിലെ മാതൃഭൂമിയില്‍ (പുസ്തകം 93, ലക്കം 32, പേജ് 50) എ.എം ഷിനാസ്, ചരിത്രകാരന്‍ എം.ജി.എസ് നാരായണനുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഗോമാംസം തന്നെ വിഷയം. 'ചരിത്രത്തിലെ ഗോമാംസം; ജീവിതത്തിലെ ഗോമാംസം' എന്നാണ് ശീര്‍ഷകം. ബീഫിനോടുള്ള തന്റെ പ്രിയത്തെക്കുറിച്ചുള്ള ദീര്‍ഘമായ ചര്‍ച്ചയ്ക്കു ശേഷം അഭിമുഖം നടത്തുന്ന ഷിനാസ് രസകരമായ ഒരു ചോദ്യത്തിലേക്ക് കടക്കുന്നു. ദാദ്രിയില്‍ ഗോമാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യം അവസാനിക്കുന്നത്, ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തില്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലെന്നു വരുന്നത് വലിയ അപകടമല്ലേ? അപ്പോള്‍ ജനായത്ത രാഷ്ട്രമായ ഇന്ത്യയും മതായത്ത രാഷ്ട്രമായ സൗദി അറേബ്യയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ആരാഞ്ഞുകൊണ്ടാണ്. (2015 ഒക്ടോബര്‍ 25, മാതൃഭൂമി, പുസ്തകം 93, ലക്കം 32, പേജ് 50, എ.എം ഷിനാസ്, എം.ജി.എസ്). സൗദി അറേബ്യയിലെ ഭക്ഷണ നിരോധനമെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

മാതൃഭൂമിയിലെ ടി.പി രാജീവന്റെ ഒരു ലേഖനത്തെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ കുറിപ്പിനെ പരാമര്‍ശിച്ച് 2015 നവംബര്‍ 16ാം തിയ്യതി ആലങ്കോടുനിന്ന് റഷീദ് കെ. ഒരു കത്തെഴുതി. കേരളം മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായതുകൊണ്ടുതന്നെ ബീഫ് ആഘോഷങ്ങള്‍ വേണ്ടതില്ലെന്ന അഭിപ്രായമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇത്രയേറെ പ്രകോപനമുണ്ടായിട്ടും പന്നിയാഘോഷം എന്തുകൊണ്ടുണ്ടായിലെന്നാണ് റഷീദിന്റെയും ചോദ്യം. ബംഗ്ലാദേശിലെ മുസ്‌ലിംകള്‍ നടത്തിയ കൊലപാതകങ്ങള്‍, പ്രഫ. ജോസഫ് മാഷുടെ കൈവെട്ടിയെടുത്തകേസ്, ഇതിനോടൊന്നും പ്രതികരിക്കാത്തതിന് അദ്ദേഹം പുരോഗമനപക്ഷക്കാരെ വിമര്‍ശിക്കുകയും ഫാറൂഖ് കോളജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നിരുന്നതിന് പ്രിന്‍സിപ്പലും മുസ്‌ലിം അധ്യാപകനും നടപടിയെടുത്തതും മുസ്‌ലിംസംഘടനകള്‍ കോളജിനനുകൂലമായി പ്രകടനം നടത്തിയതും അദ്ദേഹം സൂചിപ്പിക്കുന്നു. ഫാഷിസം ഏത് വഴിയിലൂടെയാണ് വരികയെന്ന് അറിയില്ലെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. (2015 നവംബര്‍ 16, മാതൃഭൂമി, പുസ്തകം 93, ലക്കം 35, പേജ് 4)

ബീഫ് ഫെസ്റ്റിവലും നോമ്പുകാലത്തെ ഹോട്ടലുകളും:

ബീഫ് ഫെസ്റ്റിവലുകളിലൂടെ ഇടതുപക്ഷം ആഹാരസ്വാതന്ത്ര്യം എന്ന പ്രശ്നം ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതോടെ സ്വാഭാവികമായും അതിനെ മറികടക്കാനുള്ള ശ്രമങ്ങളും സജീവമായി. ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളാണ് അത്തരക്കാര്‍ക്ക് സഹായത്തിനെത്തിയത്. നോമ്പുകാലത്ത് അടച്ചിടുന്ന മലപ്പുറത്തെ ഹോട്ടലുകള്‍ ജനാധിപത്യാവകാശത്തെയാണ് ഹനിക്കുന്നതെന്നായിരുന്നുവാദം. ഡിവൈഎഫ്ഐയുടെ ബീഫ് ഫെസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയത് ഉദ്ധരിക്കട്ടെ: ആഹാര ഫാസിസത്തിനെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ ബീഫ് ഫെസ്റ്റിനെ അനുമോദിക്കുമ്പോള്‍ത്തന്നെ ആ സംഘടനയുടെ അമരത്തിരിക്കുന്നവരോട് ഒരു ചോദ്യം ഉന്നയിക്കാതെ വയ്യ. മുകളില്‍ സൂചിപ്പിച്ചതുപോലെ, കേരളത്തിലാണ് ബീഫ് ഫെസ്റ്റ് കാര്യമായി നടന്നത്. ജനസംഖ്യയില്‍ 26 ശതമാനത്തോളം മുസ്‌ലിംകളുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ, വിശിഷ്യ മുസ്‌ലിം കേന്ദ്രീകരണം കൂടുതലുള്ള മലബാറില്‍, മുസ്‌ലിം യാഥാസ്ഥിതിക, മത മൗലിക, മതതീവ്രവാദ സംഘങ്ങള്‍ മുസ്‌ലിംകളുടെ വ്രതമാസമായ റമദാനില്‍ ഹോട്ടലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സമ്പ്രദായം ദീര്‍ഘകാലമായി നിലവിലുണ്ട്. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളിലൊന്നും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ ഈ സംഘടനകള്‍ അനുവദിക്കാറില്ല. അമുസ്‌ലിംകളടക്കമുള്ള പൗരന്മാരുടെ അന്നപാനീയ സ്വാതന്ത്ര്യമാണ് അത്തരം ഘട്ടങ്ങളില്‍ നിഷേധിക്കപ്പെടുന്നത്. ഹൈന്ദവ വലതുപക്ഷം മതവികാരം കുത്തിയിളക്കി ആഹാരസ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ രംഗത്ത് വരുന്നതിന്റെ ഭാഗമായി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന ഡിവൈഎഫ്‌ഐ പ്രതിഷേധം ആ മേഖലയില്‍ മാത്രം ഒതുക്കുന്നത് ഭൂഷണമാണോ? മലപ്പുറം ജില്ല ഉള്‍പ്പെടെ ഉത്തര കേരളത്തില്‍ പലയിടങ്ങളിലും റമദാന്‍ മാസത്തില്‍ മതവികാരം കത്തിച്ച് ഹോട്ടലുകള്‍ അടപ്പിക്കുന്നവര്‍ക്കെതിരെ ബിരിയാണി ഫെസ്റ്റ്' വേണ്ട, ഒരു സാദാ 'കഞ്ഞി ഫെസ്റ്റ് എങ്കിലും നടത്താന്‍ സിപിഐഎമ്മിന്റെ യുവകേസരികള്‍ മുന്നോട്ടു വരേണ്ടതുണ്ട്. (ബീഫ് ഫെസ്റ്റിവല്‍ മാത്രം മതിയോ?, ഹമീദ് ചേന്ദമംഗലൂര്‍, സമകാലിക മലയാളം വാരിക, 2015, ഏപ്രില്‍ 3, പുസ്തകം 18, ലക്കം 45, പേജ് 18-19)

രാഘവന്‍ പയ്യനാടും ഇതിനെ നോമ്പുകാലത്തെ മുസ്ലിം സഹിഷ്ണുതയുമായി ബന്ധപ്പെടുത്തി: ''പഴയ കാലത്ത് നമ്മുടെ നാട്ടില്‍ നോമ്പുകാലത്ത് മുസ്ലിംകള്‍ ചായക്കട തുറന്നിരുന്നു. മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുത്തിരുന്നു. കുറച്ചുകാലം മുമ്പുവരെ നോമ്പുകാലം ഹോട്ടല്‍ നടത്താന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്ന പതിവ് തുടര്‍ന്നിരുന്നു. ഇപ്പോള്‍ ഒരു പടികൂടി കടന്ന് ഹോട്ടല്‍ വാടകക്ക് കൊടുക്കുമ്പോള്‍ നോമ്പുകാലത്ത് അടച്ചിടണം എന്ന നിബന്ധനകൂടി വെക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ പശുവിറച്ചി തിന്നുന്നില്ല, അതുകൊണ്ട് മറ്റാരും അത് തിന്നേണ്ടതില്ല എന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനസ്സും ഞാന്‍ ഭക്ഷണം കഴിക്കുന്നില്ല. അതിനാല്‍ മറ്റാരും ഭക്ഷണം കഴിക്കേണ്ടതില്ല എന്ന മനസ്സും രണ്ടല്ല. ഒന്നാണ്. മതത്തിന് രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലം കൂടിയുണ്ടാവുമ്പോള്‍ പ്രശ്നം ഗൗരവമുള്ളതായിത്തീരും. ''(2015 ഡിസംബര്‍ 27, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 93, ലക്കം 41, പേജ് 76, രാഘവന്‍ പയ്യനാട്, ഒരേയൊരു പശുവിന്റെ പലതരം യാത്രകള്‍!, പേജ് 77)

ഡോ. ബി അശോകാകട്ടെ നോമ്പുകാലത്ത് അടച്ചിടുന്ന ഹോട്ടലുകള്‍ ലൈസന്‍സ് വ്യവസ്ഥ ലംഘിക്കുന്നതുകൊണ്ട് നിയമപരമായ നടപടി അര്‍ഹിക്കുന്നവരാണെന്ന അഭിപ്രായക്കാരനാണ്: ''സ്റ്റേറ്റ് നിയമനിര്‍മാണത്തിലൂടെ ഏതെങ്കിലും ഒരു തരം മാംസം നിഷേധിക്കുന്നതു മാത്രമല്ല, അവകാശലംഘനവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പരിമിതപ്പെടുത്തലും. ഒരു മതം അതിന്റെ നിഷ്ഠയിലൂടെ അഥവാ ആചരണത്തിലൂടെ ഒരു വിസ്തൃതഭൂപ്രദേശത്ത് ഒരു മാസത്തോളം പകല്‍ ഒരു ഭക്ഷണവിപണനവും അനുവദിക്കാതിരിക്കല്‍ വില്‍ക്കുന്നതിന്റെയും സഞ്ചാരിയുടെയും പച്ചയായ അവകാശലംഘനം തന്നെയാണ്. എന്നു തന്നെയല്ല ലൈസന്‍സ് നേടിയ ഒരു റസ്റ്റോറന്റ് അപ്രകാരം സേവനം നിഷേധിച്ച് അടച്ചിടുന്നത് ആ ലൈസന്‍സ് വ്യവസ്ഥാലംഘനവുമാണ്. സ്റ്റേറ്റിനുള്ളിലെ സ്റ്റേറ്റായ മതം ഇങ്ങനെ ദുശാഠ്യം പിടിക്കുന്നതു കണ്ടു നില്‍ക്കുകയല്ലാതെ മറ്റൊന്നും ദേശീയ യുവജനതക്ക് ഇക്കാലമത്രയും കഴിഞ്ഞിട്ടുമില്ല. തങ്ങള്‍ക്ക് ആശയപരവും രാഷ്ട്രീയവുമായ മേല്‍ക്കൈ ലഭിക്കും എന്ന തല്‍ക്കാല ലാഭക്കണ്ണാല്‍ മാത്രം ബീഫ് ഉത്സവവത്കരിക്കരിക്കുന്നതില്‍ അര്‍ഥമില്ല. ഈ കാപട്യം ആരും എളുപ്പം തിരിച്ചറിയും. ബീഫ് പക്ഷം ചെന്നു വീണിരിക്കുന്ന സെക്ക്യൂലര്‍ വെട്ട് ഇതാണ്.'' (2015,ഏപ്രില്‍ 17, സമകാലിക മലയാളം, പുസ്തകം 18,ലക്കം 47, പേജ് 90-93, നമുക്കെന്തുകൊണ്ട് ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ ഉണ്ടാകുന്നില്ല'')

ബീഫ്, കൈവെട്ട്, ഐഎസ്, മുസ്‌ലിം അസഹിഷ്ണുത:

ബീഫ് ഫെസ്റ്റിനെക്കുറിച്ചുള്ള ഇടതു ചര്‍ച്ചകള്‍ ആഹാര സ്വാതന്ത്ര്യവും മത പ്രശ്‌നവും ആയതിനാല്‍ തന്നെ ഏറെ താമസിയാതെ മുസ്‌ലിംസമൂഹത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചയിലേക്ക് നീങ്ങി. മുസ്‌ലിംകളുടെ അസഹിഷ്ണുത, അതിനോട് ഇതര പാര്‍ട്ടികളും സംഘടനകളും വ്യക്തികളും എടുക്കുന്ന വിട്ടുവീഴ്ച, അസഹിഷ്ണുതയുടെ ഭാഗമായ കൈവെട്ട് ഇതൊക്കെ ചര്‍ച്ചയിലേക്ക് വന്നു. ബീഫ് നിരോധനം ഈ അസഹിഷ്ണുതയോയുള്ള ഹിന്ദുക്കളുടെ പ്രഹരമാണെന്നാണ് എം.ജി.എസ് നാരായണന്‍ പറഞ്ഞത്. എ.എം ഷിനാസ് നടത്തിയ അഭിമുഖത്തിലാണ് എം.ജി.എസ്സിന്റെ ഈ അഭിപ്രായം. ദാദ്രി സംഭവം രാജ്യത്തെ സാമൂഹ്യാവസ്ഥയക്ക് വിഘാതമാവില്ലേയെന്ന ചോദ്യത്തിന് മുസ്‌ലിം തീവ്രവാദികളുടെ ചെയ്തികള്‍ കണ്ടില്ലെന്ന് നടിക്കുന്ന പതിവ് കോണ്‍ഗ്രസ്സിനുണ്ടെന്നും അതിനെതിരേയുള്ള ഹിന്ദുക്കളുടെ പ്രഹരമായാണ് ബിജെപി അധികാരത്തിലെത്തിയതെന്നും എം.ജി.എസ് ചൂണ്ടിക്കാട്ടി. കേരളത്തിലെ മുസ്‌ലിംനേതാക്കള്‍ അന്യായമായി പിടിച്ചെടുക്കുന്ന നേട്ടങ്ങളെയും വിമര്‍ശിച്ചു. മോദിയുടെ ഹിന്ദു പ്രീണനത്തെ കോണ്‍ഗ്രസ്സിന്റെ മുസ്‌ലിം പ്രീണനത്തിനുള്ള മറുപടിയായും വിശദീകരിച്ചു. കേരള വര്‍മ കോളജിലടക്കമുണ്ടായ ബീഫ് ഫെസ്റ്റിവലുകള്‍ രാഷ്ട്രീയവത്കരണത്തിന്റെ ഭാഗമായാണ് അദ്ദേഹം കാണുന്നത്. മാത്രമല്ല, തീവ്രവാദ സംഘം ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയപ്പോള്‍ ഇപ്പോള്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന ആരും ഉശിരുള്ള പ്രകടനത്തിന് തയ്യാറായില്ലെന്നും വിമര്‍ശിച്ചു. (2015 ഒക്ടോബര്‍ 25, മാതൃഭൂമി, പുസ്തകം 93, ലക്കം 32, പേജ് 50, എ.എം ഷിനാസ്, എം.ജി.എസ് )

മുഹമ്മദിനെപ്പറ്റി തമാശ പറയാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടെന്നാണ് കഥാകൃത്ത് ഉണ്ണി ആറിന്റെ പരാതി. കൈവെട്ടും നോമ്പുകാലത്തെ മലപ്പുറവും ചേകന്നൂരും സല്‍മാന്‍ റുഷ്ദിയും എല്ലാം അദ്ദേഹം കൂട്ടിയോജിപ്പിച്ചു: ''ഇതുപോലെ തന്നെ മുഹമ്മദിനെക്കുറിച്ച് തമാശ പറയാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. സത്യമാണ്. പ്രവാചകന്‍ ഇവരീ പറയുന്നപോലെ ക്രൂരനൊന്നുമല്ല. ഒരു തമാശ കേട്ടാല്‍ ചിരിക്കാന്‍ പറ്റുന്ന ആളുമായിരുന്നിരിക്കണം. ഇവിടുത്തെ മത്രഭാന്തന്മാരെല്ലാംകൂടി മുഹമ്മദിനെ ഭീകരനാക്കി, സിയാവുദ്ദീന്‍ സര്‍ദാറിനെ വായിച്ചാല്‍ പിടികിട്ടും ഈ ഫനറ്റിക്കുകള്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നതെന്ന്. പിന്നെ, നമ്മുടെ നാട്ടിലെ ചില ബുദ്ധിജീവികള്‍ക്ക് ഒരു മുസ്‌ലിം പക്ഷപാതിത്വമുണ്ട്. അവര്‍ക്ക് ഹമീദ് ചേന്ദമംഗലൂരിനേയും എം.എന്‍ കാരശ്ശേരിയേയും യാസര്‍ അറാഫത്തിനെയും പോലുള്ള മതവിമര്‍ശകരെ ഇഷ്ടമല്ല. മുസ്‌ലിം സമുദായത്തിലെ അവശേഷിക്കുന്ന വിമര്‍ശകരാണ് ഇവര്‍. മതത്തെ വിമര്‍ശനാത്മകമായി കാണാന്‍ കഴിയണം. അതിനുള്ള കെല്‍പ്പ് ഇവിടുള്ളവര്‍ക്കില്ല. രാമായണമാസത്തില്‍ രാമായണത്തിന്റെ വ്യത്യസ്ത വായനകള്‍ നടത്താന്‍ സിവിക്കിനെ പോലുള്ളവര്‍ മുന്നിട്ടിറങ്ങുന്നത് നല്ലതാണ്. ഖുറാനും സല്‍മാന്‍ റഷ്ദിയേയും തസ്‌ലിമയേയും പുതിയ രീതിയില്‍ വായിക്കേണ്ടതുണ്ട്. അതുപോലെ ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞ മലബാറില്‍ ഭക്ഷണം കിട്ടാത്ത വഴിയാത്രക്കാരന് നോമ്പുകാലത്ത് ഭക്ഷണം കൊടുക്കാന്‍ കഴിയുന്ന കാര്യംകൂടി ആലോചിക്കണം. ചേന്ദമംഗലൂരിന്റെ ഈ ചോദ്യം സിപിഎം ഏറ്റെടുക്കേണ്ടതുണ്ട്, നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നുവച്ചാല്‍ മുഹമ്മദിനെക്കുറിച്ച് പറഞ്ഞാലും കൈവെട്ടും, ബീഫ് തിന്നാലും കൈവെട്ടും. (മുഹമ്മദിനെക്കുറിച്ച് പറഞ്ഞാലും ബീഫ് തിന്നാലും കൈവെട്ടും! ഉണ്ണി ആര്‍./എസ്. ഹരീഷ്, സംഭാഷണം, മലയാളം, ഒക്ടോബര്‍ 9, 2015)

ബീഫ് നിരോധനത്തെ തീവ്രമുസ്‌ലിം സംഘടനാഭീകരതവച്ച് ബാലന്‍സ് ചെയ്തെടുക്കുന്നതില്‍ ഹമീദ് ചേന്ദമംഗലൂരും ആവശ്യമായ സഹായം നല്‍കി. തീവ്ര ഹിന്ദു സംഘടനകള്‍ പശുവിനെ രാഷ്ട്രീയവത്ക്കരിച്ച് വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രരഥമേറി രൗദ്രസഞ്ചാരത്തിലേര്‍പ്പെടുമ്പോള്‍, മറുഭാഗത്ത് തീവ്രമുസ്‌ലിം സംഘടനകള്‍ ദൈവത്തെ രാഷ്ട്രീയവത്കരിച്ച് ജിഹാദിസത്തിന്റെ പ്രത്യയശാസ്ത്രം പ്രയോഗവത്കരിക്കുന്നുണ്ടെന്ന് അദ്ദേഹം മുസ്‌ലിംകളെയും കുറ്റപ്പെടുത്തി: ''അല്ലാഹുവിനെ രാഷ്ട്രീയദൈവം ആക്കുകയാണ് രണ്ടാമത് പറഞ്ഞ കൂട്ടര്‍ ചെയ്യുന്നത്. രാഷ്ട്രീയദൈവത്തിന് തന്റേതായ രാഷ്ട്രീയവ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ ഭൂമുഖത്ത് നടപ്പാക്കാനാണ് അങ്ങോര്‍ കല്‍പിച്ചിരിക്കുന്നത് എന്നാണ് മുസ്‌ലിം മൗലികവാദികളുടെ മുഖ്യവാദവും സിദ്ധാന്തവും. ആ കല്‍പന ധിക്കരിക്കുന്നവരെ രാഷ്ട്രീയ ദൈവത്തിന്റെ ആളുകള്‍ ശത്രുപക്ഷത്ത് നില്‍ക്കുന്ന അപരരായി ഗണിക്കുന്നു. അത്തരക്കാരെ ഇസ്ലാമിന് കീഴ്പ്പെടുത്തുകയോ അതല്ലെങ്കില്‍ ഉന്മൂലനം നടത്തുകയോ ചെയ്യുന്നത് തങ്ങളുടെ മതപരമായ കര്‍ത്തവ്യമായി അവര്‍ കാണുകയും ചെയ്യുന്നു. ഇറാഖ്-സിറിയ മേഖലയില്‍ ഒന്നരവര്‍ഷത്തിലേറെയായി ആ ദൗത്യമാണ് ഐ.എസ് ഭീകരവാദികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. (പശുവിനെ രാഷ്ട്രീയമൃഗമാക്കുമ്പോള്‍, ഹമീദ് ചേന്ദമംഗലൂര്‍, മലയാളം വാരിക, ഒക്ടോബര്‍ 23, 2015, പേജ് 22 -23).

ബീഫ് നിരോധനത്തെ വി. മുസഫര്‍ അഹമ്മദ് ഐഎസ്സുമായും ബന്ധപ്പെടുത്തി: ''ബീഫ് തിന്നാല്‍ ഇന്ത്യയില്‍ കൊല്ലപ്പെടും. ഐഎസ്സിനെ പ്രതിരോധിച്ചാല്‍ കഴുത്തറക്കും. മതത്തിന്റെ പേരില്‍ മറ്റൊരാളെ കൊന്ന് തള്ളുന്നവരെ മതഭോജികള്‍ എന്നു തന്നെ വിളിക്കണം.'' (വാക്ക് മുന്നുന്ന, നാടിനെ ഭയക്കുന്ന കാലം, വി. മുസഫര്‍ അഹമ്മദ്, 2015 നവംബര്‍ 1, മാതൃഭൂമി, പുസ്തകം 93, ലക്കം 33, പേജ് 8).

കൗ ജിഹാദ്

ബീഫ് നിരോധനത്തോടുള്ള വിമര്‍ശനം പോലും മുസ്‌ലിംച്ഛായയുള്ളതോ അങ്ങനെ തോന്നിക്കുന്നതോ ആയ വാക്കുകള്‍ ഉപയോഗിച്ച് വിശദീകരിക്കുന്ന ഒരു ശൈലിയും ഇക്കാലത്ത് രൂപപ്പെട്ടു. 2015 നവംബറില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സി. രവിചന്ദ്രന്റെ ബീഫും ബിലീഫും: കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും എന്ന കൃതിയില്‍ ആദ്യ അധ്യായത്തിന് അദ്ദേഹം നല്‍കിയ ശീര്‍ഷകം കൗ ജിഹാദ് (പേജ് 15)എന്നാണ്. യഥാര്‍ഥത്തില്‍ ആ ലേഖനത്തില്‍ ജിഹാദിനെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. ഗോവധത്തിന്റെ പേരില്‍ കൊല്ലപ്പെടുന്ന മുസ്‌ലിംകളെക്കുറിച്ചും ദലിതരെക്കുറിച്ചും ധാരാളം പരാമര്‍ശങ്ങളുണ്ടുതാനും. എന്നിട്ടും തിന്മയുടെ സൂചകമായി അദ്ദേഹം തെരഞ്ഞെടുത്ത വാക്ക് കൗജിഹാദ് എന്നതാണ്. ഇതേ പുസ്തകത്തിന്റെ മുഖവുരയില്‍ ഇന്ത്യ ഒരു 'ഹിന്ദുസൗദി'യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം തസ്‌ലിമ നസ്രീനെ ഉദ്ധരിച്ച് സൂചിപ്പിക്കുന്നുമുണ്ട്. താലിബാന്‍, ഐഎസ്, കൈവെട്ട്, മതമൗലികവാദം... തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതിനെക്കുറിച്ച് ഈ കുറിപ്പില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്.

ബീഫ് വിലക്കും നാസിസവും:

ചിലര്‍ ബീഫ് വിവാദത്തെ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ഭാഗമായാണ് വായിച്ചത്. ജൂത വംശഹത്യയുടെ കാലത്ത് ജര്‍മനിയിലും മറ്റിതര യൂറോപ്യന്‍ രാജ്യങ്ങളിലും അരങ്ങേറിയ നിയമങ്ങളുമായി താരതമ്യം ചെയ്താണ് ഈ ആഖ്യാനം മുന്നോട്ടുപോയത്. ഇടതുപക്ഷത്തുനിന്നാണ് ഈ ആഖ്യാനത്തിന് കൂടുതല്‍ പിന്തുണ ലഭിച്ചത്. ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ബീഫ് നിരോധനം ഫാഷിസത്തിന്റെയും നാസിസത്തിന്റെയും തുടര്‍ച്ചയാണെന്ന് വിമര്‍ശകര്‍ വാദിച്ചു: ''സംഘ്പരിവാര്‍ ഗോമാതാവിനെ പൂജിച്ചു തുടങ്ങിയതു മുതല്‍ മാട്ടിറച്ചി കഴിക്കുന്നവര്‍ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പിന്മുറയ്ക്കു യോഗ്യരല്ല എന്ന പ്രചാരം തുടങ്ങി. മാട്ടിറച്ചി കഴിക്കാത്തവര്‍ ഇന്ത്യക്കാരും അല്ലാത്തവര്‍ അന്യനാട്ടുകാരെന്നുമുള്ള തരംതിരിവുകള്‍ സൃഷ്ടിക്കപ്പെട്ടു. സൂക്ഷ്മനിരീക്ഷണത്തില്‍, ഇതു ഫാസിസ്റ്റ് ചരിത്രത്തിന്റെ തുടര്‍ച്ചയാണെന്ന് നമുക്കു ബോധ്യമാവും. ഹിറ്റ്ലര്‍ നേതൃത്വം നല്‍കിയ നാസി പാര്‍ടി 1933ല്‍ ജര്‍മനിയില്‍ അധികാരത്തിലെത്തിയ ശേഷം ആദ്യം നടപ്പാക്കാന്‍ തുടങ്ങിയത് ഒട്ടേറെ മൃഗസംരക്ഷണ നിയമങ്ങളായിരുന്നു. പിന്നീട് ഈ മൃഗസംരക്ഷണ നിയമം പതുക്കെപ്പതുക്കെ ജൂതരിലേക്കു ദിശമാറി'' (ദേശാഭിമാനി, ഒക്ടോബര്‍ 25, 2015, അവര്‍ അടുക്കളയിലുമെത്തി, പി.വി ഷെബി, പേജ് 48).

ബീഫ് നിരോധനവും ആവിഷ്‌കാരസ്വാതന്ത്ര്യവും:

2015നുശേഷമാണ് ബീഫ് നിരോധനമെന്ന പ്രശ്നം കേരളീയ സമൂഹം ഗൗരവത്തിലെടുക്കുന്നത്. ഈ സമയത്ത് ധാരാളം ആവിഷ്‌കാരങ്ങള്‍ ഇതുസംബന്ധിച്ചുണ്ടായി. 2017ല്‍ നിരവധി കോളജ് മാഗസിനുകള്‍ ഈ പ്രശ്നം കൈകാര്യം ചെയ്തു. കോഴിക്കോട് നാദാപുരം സര്‍ക്കാര്‍ ആട്സ് കോളജിലെ പ്രഥമ മാഗസിന്‍ തന്നെ വിവാദത്തിലായി. പ്രിന്‍സിപ്പല്‍ മാഗസിന് വിലക്കേര്‍പ്പെടുത്തി. ദലിത് പീഡനവും ബീഫ് നിരോധനവും ചര്‍ച്ച ചെയ്തതായിരുന്നു കാരണം. ബീഫ് നിരോധനത്തെയും ദലിത് അക്രമങ്ങളെയും കുറിച്ചുള്ള ചര്‍ച്ച പാടില്ലെന്നാണ് കോളജിന്റെ നിലപാട്. രാജ്യം ഭരിക്കുന്നവര്‍ പശു ആരാധകരാണെന്നാണ് ബീഫ് നിരോധനം ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ ഒഴിവക്കാന്‍ കോളജ് കണ്ടെത്തിയ ന്യായം. ദലിത് എന്ന വാക്കിനു പകരം സഹോദരന്‍ എന്നെഴുതണമെന്നും അല്ലാത്തപക്ഷം മാഗസിനെ എട്ട് പേജുകള്‍ ഒഴിവാക്കണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. (ദലിതെന്ന വാക്കുവേണ്ട, ബീഫ് നിരോധനം മിണ്ടരുത്; കോളജ് മാഗസിന് വിലക്കുകളേറെ, 2017 സെപ്തംബര്‍ 19, 2017)

ഹലാല്‍ വിവാദവും ബീഫ്-പോര്‍ക്ക് ഫെസ്റ്റിവലുകളും ( 2021)

2021ഓടെ പുതിയൊരു കൂട്ടം വിവാദത്തിന് കളമൊരുങ്ങി. ഹലാല്‍ സ്റ്റിക്കറായിരുന്നു ഇത്തവണത്തെ ആക്രമണലക്ഷ്യം. തന്റെ കടയുടെ മുന്നില്‍ 'നൊ ഹലാല്‍' ബോര്‍ഡ് വച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് കാക്കനാട്ടെ തുഷാര അജിത്ത് എന്ന സംരംഭക രംഗത്തുവന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ ആരോപണമുയര്‍ത്തിയത്. ഹലാല്‍ ബോര്‍ഡും പോര്‍ക്കും പറ്റില്ലെന്ന് പറഞ്ഞാണ് ആക്രമണം നടന്നതെന്നും അവര്‍ അവകാശപ്പെട്ടു. (നോ ഹലാല്‍ ബോര്‍ഡ് അനുവദിക്കില്ല, പോര്‍ക്കും വിളമ്പരുത്: കൊച്ചിയില്‍ ഹലാല്‍ വിരുദ്ധ ഹോട്ടല്‍ സംരംഭകയ്‌ക്കെതിരെ ആക്രമണം, ജനം ഓണ്‍ലൈന്‍, ഒക്ടോബര്‍ 25, 2021). ബിജെപി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ, ഏറെ താമസിയാതെ ആരോപണം വ്യാജമാണെന്നു തെളിഞ്ഞു. പൊലിസ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. (നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് തുഷാര അജിത് ആക്രമിക്കപ്പെട്ടെന്ന് സംഘി വ്യാജപ്രചാരണം, ഡൂള്‍ ന്യൂസ്, ഒക്ടോബര്‍ 26, 2021)

ഉറൂസിന് മന്ത്രിച്ചൂതുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് അടുത്ത മുസ്‌ലിംവിരുദ്ധ തരംഗത്തിന് തുടക്കമിട്ടത്. (നവംബര്‍ 8, 2024, കെ. സുരേന്ദ്രന്‍, എഫ്ബി പോസ്റ്റ്) കേരളത്തില്‍ മുല്ലാക്ക തുപ്പിയ ഭക്ഷണമാണ് ഹലാല്‍ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ സുരേന്ദ്രന്‍ പ്രസംഗിച്ചു. ('എന്തിന് ശബരിമലയില്‍ പോലും ഹലാല്‍ ശര്‍ക്കര ഉപയോഗിക്കേണ്ട ഗതികേട് കേരളത്തില്‍ ഉണ്ടാകുന്നു': കെ. സുരേന്ദ്രന്‍, നവംബര്‍ 17, 2021, റിപോര്‍ട്ടര്‍ ടിവി). പിന്നീട് അദ്ദേഹം അത് നിഷേധിച്ചു.

സുരേന്ദ്രന്റെ ആരോപണമുയര്‍ന്ന സയമത്ത് ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. 'ഭക്ഷണത്തില്‍ മതമില്ലെ'ന്നായിരുന്നു ഡിവൈഎഫ്ഐയുടെ മുദ്രാവാക്യം. ഈ വാര്‍ത്ത പുറത്തുവന്നതോടെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീമിന്റെ മുന്നില്‍ എട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു: ഭക്ഷണത്തില്‍ മതമില്ലെന്ന മുദ്രാവാക്യവുമായി നടത്തുന്ന പരിപാടിയുടെ പോസ്റ്ററില്‍ ഹലാല്‍ എന്ന് കാണുന്നു. അത് മതവുമായി ബന്ധപ്പെട്ടതാണ്. ഫുഡ് സ്്ട്രീറ്റില്‍ ഇറച്ചിവിളമ്പുമോ, ഹലാല്‍ ബോര്‍ഡ് ഹോട്ടലുകളില്‍ വയ്ക്കുന്നത് ശരിയാണോ ഭക്ഷണത്തില്‍ തുപ്പുന്നത് ഖുര്‍ആന്‍ അനുസരിച്ചാണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നു പരയുന്നത് തീവ്രവാദമല്ലേ - ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ('ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റില്‍ പന്നിയിറച്ചി ഉണ്ടാകുമെല്ലോ അല്ലേ?'; എ.എ റഹിമിനോട് സന്ദീപ് വാചസ്പതി, ന്യൂസ് 18 കേരളം, നവംബര്‍ 24, 2021).

ഡിവൈഎഫ്ഐ വെല്ലുവിളി സ്വീകരിച്ചു. എറണാകുളത്തെ പ്രതിഷേധത്തില്‍ ബീഫ് കൂടാതെ പന്നിയിറച്ചിയും വിളമ്പി. സന്ദീപിന്റെ മാത്രമല്ല, മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇതെന്ന് ഡിവൈഎഫ്‌ഐ നേതാവ് എസ്. സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു: ''ചിലര്‍ക്ക് സംശയം ഫുഡ് സ്ട്രീറ്റില്‍ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തില്‍ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. ഞങ്ങള്‍ക്കിഷ്ടമില്ലാത്തത് നിങ്ങള്‍ കഴിക്കാന്‍ പാടില്ലയെന്നും, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങള്‍ കഴിച്ചാല്‍ മതിയെന്നുമാണെങ്കില്‍ അത് ഈ നാട് വകവെച്ചുതരില്ല''. (ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തില്‍ പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പി ഡിവൈഎഫ്‌ഐ, നവംബര്‍ 24, 2021, ഏഷ്യാനെറ്റ്).

പേരാമ്പ്രയില്‍ 2022 മേയ് 8ാം തിയ്യതി ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആക്രമണം നടന്നു. ഇതില്‍ പ്രതിഷേധിച്ചും ബീഫ് ഫെസ്റ്റിവല്‍ നടന്നു. പ്രതിഷേധം നടന്ന് തൊട്ടടുത്ത ദിവസം പ്രദേശത്തെ സിഐടിയുക്കാരായിരുന്നു പ്രതിഷേധിച്ചത്. (ഹലാല്‍ അല്ലാത്ത ബീഫ് വില്‍ക്കുന്നില്ലെന്നാരോപണം, പേരാമ്പ്രയില്‍ സൂപ്പര്‍ മാര്‍ക്കറ്റിനു നേരെ ആക്രമണം: ഏഷ്യാനെറ്റ്, മേയ് 8, 2024).

ബീഫ് ഫെസ്റ്റിവലും ഇടത്-മതേതര വ്യവഹാരങ്ങളും:

ദലിത് വിദ്യാര്‍ഥികളുടെ മുന്‍കയ്യില്‍ കേരളത്തിനു പുറത്തുനടന്ന ബീഫ് ഫെസ്റ്റിവല്‍ ഹൈന്ദവവും വരേണ്യവുമായ മൂല്യങ്ങള്‍ക്കെതിരേയുള്ള സാംസ്‌കാരികകലാപമായിരുന്നു. ഹനു ജി. ദാസ് ചൂണ്ടിക്കാണിച്ചതുപോലെ വ്യാജ സെക്കുലര്‍ തീന്‍മേശകള്‍ക്കെതിരേയുള്ള കീഴാള പ്രാതിനിധ്യ പ്രക്ഷോഭം കൂടിയായിരുന്നു അത്. പിന്നീട് കേരളത്തിനു പുറത്തുള്ള ഇതര സര്‍വകലാശാലകളില്‍ മുസ് ലിംവിദ്യാര്‍ഥികള്‍ക്കൂടി ഇതിന്റെ ഭാഗമായി. ആ അര്‍ഥത്തില്‍ ബീഫ് ഫെസ്റ്റ്, ദലിത്-മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലുള്ള വംശീയതക്കെതിരേയുള്ള പോരാട്ടത്തിന്റെയും കീഴാള രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെയും പ്രതീകമായിരുന്നു.

പീന്നീട് 2015ല്‍ മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം നടപ്പില്‍വന്നശേഷമാണ് കേരളത്തില്‍ ഇടത്-മതേതര വിഭാഗങ്ങളുടെ മുന്‍കയ്യില്‍ ബീഫ് ഫെസ്റ്റിവലുകള്‍ അരങ്ങേറുന്നത്. ആഹാരസ്വാതന്ത്ര്യം പോലുള്ള ലിബറല്‍ ഘടനയ്ക്കുള്ളില്‍നിന്നുകൊണ്ടാണ് ഇടതു-മതേതര ബുദ്ധിജീവികളും സംഘടനകളും ഇതിനെ വ്യാഖ്യാനിച്ചത്. ഒപ്പം ആഹാരസ്വാതന്ത്ര്യത്തിനുമേലുള്ള മതത്തിന്റെ കടന്നുകയറ്റമായും വ്യാഖ്യാനിച്ചു. അവരെ സംബന്ധിച്ചിടത്തോളം ബീഫ് നിരോധനം ഒരു വംശീയ ആക്രമണമെന്നതിനേക്കാള്‍ മതപ്രശ്നമായിരുന്നു. ഇക്കാലത്ത് എ.എസ് അജിത്കുമാര്‍ (ഗോ രാഷ്ട്രീയം ഇരുകാലികള്‍ക്കും നാല്‍ക്കാലികള്‍ക്കുമെതിര്, 5 ആഗസ്റ്റ് 2019, ഉത്തരകാലം) എഴുതിയ ലേഖനം ഈ കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നു: ' ചരിത്രപരമായിത്തന്നെ, ഗോ രാഷ്ട്രീയ ആക്രമണങ്ങള്‍ ലക്ഷ്യം വെക്കുന്നത് മുസ്ലിംകളെയും ദലിതരെയുമാണ്. 1880കളില്‍ ഗോ രക്ഷിണി സഭകള്‍ ഉയര്‍ന്നു വരുമ്പോള്‍, മുസ്ലിംകള്‍ക്കെതിരെന്ന പോലെ, ദലിത് വിഭാഗത്തില്‍പ്പെട്ട ചമാര്‍ ജാതിക്കെതിരെയും ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.'' ഇത്തരമൊരു കാഴ്ചപ്പാടിനോടു താല്‍പര്യമില്ലാത്തതിനാല്‍ കേരളത്തിനു പുറത്ത്, ഇടത് പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്ന ജെഎന്‍യുപോലുള്ള പല കാമ്പസുകളിലും എസ്എഫ്‌ഐ മുന്‍കൈയില്‍ ആദ്യകാലത്ത് ബീഫ് ഫെസ്റ്റിവലുകള്‍ നടന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

മതത്തെ സ്വകാര്യ ജീവിതത്തിലൊതുക്കണമെന്ന നവോഥാനമൂല്യം കീഴ്മേല്‍ മറിയ്ക്കുന്ന സംഭവമായാണ് ബീഫ് നിരോധനത്തെ ചിലര്‍ കണ്ടത്. വേര്‍തിരിഞ്ഞിരിക്കേണ്ട മതത്തെയും രാഷ്ട്രീയത്തെയും ഹിന്ദുത്വര്‍ കൂട്ടിക്കുഴച്ചതായും ആരോപിച്ചു. മതേതരത്വമെന്ന ആശയത്തോടുള്ള ആക്രമണമായാണ് മറ്റുചിലര്‍ വിലയിരുത്തിയത് (അസഹിഷ്ണുതയുടെ വിത്തുകള്‍, കെ. ഹരിദാസ്, സമകാലിക മലയാളം, ഏപ്രില്‍ 3, 2015, പുസ്തകം 18, ലക്കം 45, പേജ് 26 -31).

ബീഫ് നിരോധനം ഒരു മതപ്രശ്നമായതോടെ സ്വാഭാവികമായും മുസ്ലിംകളും ഇസ്ലാമും ആ ആഖ്യാന ഘനടയ്ക്കുള്ളിലേക്ക് കടന്നുവന്നു. ബീഫിനെതിരേ പന്നി/പോര്‍ക്ക് എന്ന ദ്വന്ദം പ്രചാരത്തിലാവുന്നത് അതിനുശേഷമാണ്. അറിഞ്ഞിടത്തോളം മതേതരര്‍ തന്നെയാണ് ഈ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹിന്ദുത്വര്‍ പോലും പിന്നീടാണ് അതിന്റെ ഭാഗമാകുന്നത്. ഹലാല്‍വിരുദ്ധ പ്രചാരണങ്ങളുടെ കാലമായപ്പോഴേക്കും പന്നി/പോര്‍ക്ക് ചാലഞ്ച് മതേതരപ്രതികരണത്തിന്റെയും ഭാഗമായി. മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയാക്രമണങ്ങളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെപ്പോലും മുസ്‌ലിംവിരുദ്ധ വംശീയയുക്തികള്‍ക്കുള്ളിലേക്ക് ആനയിക്കാനുള്ള കഴിവാണ് ഇസ്‌ലാമോഫോബിയയെ മറ്റുള്ള വിവേചനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര, അബ്ദുല്‍ ബാസിത്)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News