കോളജ്, കലാലയ മാഗസിൻ, മദ്രസ: ബിബിന്‍ ജോര്‍ജും മുസ്‍ലിം പ്രിന്‍സിപ്പലും

ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോക്യുമെന്‍റേഷൻ - ഭാഗം -5

Update: 2024-12-06 05:37 GMT
Advertising

ഗുമസ്തന്‍ സിനിമയില്‍ പ്രധാനവേഷം ചെയ്ത നടന്‍ ബിബിന്‍ ജോര്‍ജ് മലപ്പുറം വാളാഞ്ചേരിയിലെ എം.ഇ.എസ് കോളജില്‍ പുസ്തക പ്രകാശനത്തിന് എത്തിയപ്പോള്‍ ഇറക്കിവിട്ട സംഭവം വലിയ വാര്‍ത്തയായി. അദ്ദേഹത്തെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിന്‍സിപ്പലിന്റെ നടപടി വേദനയുണ്ടാക്കിയെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.

ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവര്‍ത്തകരും കോളജില്‍ എത്തിയത്. മാഗസിന്‍ പ്രകാശനവും അന്നുനടന്നു. പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോള്‍ പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു. തനിക്ക് ആദ്യമായാണ് ഒരു കോളജില്‍ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്ന് പറഞ്ഞ് അദ്ദേഹം വേദിവിട്ടുപോയി.

അദ്ദേഹം വണ്ടിയില്‍ കയറിയതിനു പിന്നാലെ കോളജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം എത്തി ക്ഷമാപണം നടത്തുകയും തിരിച്ചുവിളിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കാലിന് വയ്യാത്തതതാണെന്നും മൂന്ന് നില കയറാനാവില്ലെന്നും പറഞ്ഞ് അദ്ദേഹം തിരിച്ചുപോയി. ഇത് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം പുറത്തുവന്നത്: ''എന്തെങ്കിലും വിവാദമുണ്ടായി നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍. കുറെ ആളുകള്‍ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന്റെ പുറകില്‍ വേറെ രണ്ട് അഭിപ്രായങ്ങള്‍ വരും. സത്യം പറഞ്ഞാല്‍ നമ്മളൊരു മാര്‍ക്കറ്റിങ് രീതിയില്‍ എടുക്കാന്‍ ആയിരുന്നെങ്കില്‍ ഗുമസ്തന് ഇത് വലിയ പ്രമോഷനായേനെ. സത്യസന്ധമായിട്ട് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് പുറത്തു പറയാനും അദ്ദേഹത്തിന് അതൊരു വിഷമമുണ്ടാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയും അത് പറയുന്നില്ല. അതൊരു ചെറിയ സംഭവം ആയിട്ട് ഞങ്ങള്‍ അത് വിട്ടുകളയുകയാണ്. ചിലതൊന്നും തിരുത്താന്‍ പറ്റില്ല. എനിക്ക് തോന്നുന്നു അദ്ദേഹം തന്നെ അത് തിരുത്തിയിട്ടുണ്ടാകും. നമ്മള്‍ അത് വലിയ ഇഷ്യൂ ആക്കേണ്ട കാര്യമില്ല. വേദനിച്ചു എന്നുള്ളത് സത്യമാണ്. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു, സ്റ്റേജില്‍ നിന്ന് ഇറങ്ങി പോകുന്നത് വിഷമിച്ചതാണ്. പക്ഷേ അത് ഒരാളിലേക്ക് വരുമ്പോള്‍ അയാളുടെ കുടുംബവും അയാളുടെ മക്കളും എല്ലാം വരുന്നതാണ്. നമ്മള്‍ ഇങ്ങനെ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേള്‍പ്പിച്ചിട്ട് കാര്യമില്ല. അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം. എന്നെ ഒരുപാട് ചാനലില്‍ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങള്‍ മനഃപൂര്‍വം ഇത് കത്തിക്കാന്‍ നിന്നില്ല. അത് ഞങ്ങള്‍ക്ക് നല്ലതായിട്ടേ വരുകയുള്ളൂ. കുട്ടികള്‍ തന്നെ അത് തിരുത്തിച്ച് എന്നാണ് തോന്നുന്നത്. ഞാന്‍ എത്രയോ കോളജുകളില്‍ പോയിട്ടുണ്ട് ആദ്യമായിട്ടാണ് അങ്ങനെ ഒരു സംഭവം ഉണ്ടായത്.ഗുമസ്തന്റെ പത്രസമ്മേളനത്തില്‍ ബിബിന്‍ പറഞ്ഞു.('വേദനിച്ചു എന്നത് സത്യം'; ബിബിന്‍ ജോര്‍ജിനെ കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു: വൈറലായി വിഡിയോ, സമകാലിക മലയാളം, ഒക്ടോബര്‍ 5, 2024)


താമസിയാതെ ഈ വിഷയം ചര്‍ച്ചയായെന്നു മാത്രമല്ല, മറ്റൊരു രീതിയിലേക്ക് വികസിക്കുകയും ചെയ്തു. ഇറക്കിവിട്ട പ്രിന്‍സിപ്പല്‍ മുസ്‍ലിമെന്നായിരുന്നു പ്രചാരണം: 'പ്രസംഗമൊന്നും വേണ്ട, മൈക്ക് അവിടെ വച്ചിട്ട് ഇറങ്ങി പൊയ്‌ക്കോ..'എന്തുകൊണ്ട് ആണ് കേരളത്തില്‍ ഇത് ചര്‍ച്ചയാകാതിരുന്നത്... അപമാനിതനായത് മുസ്‍ലിം അല്ലാത്തത് കൊണ്ടോ... അതോ അപമാനിച്ച് ഇറക്കി വിട്ടത് മുസ്‍ലിം ആയതു കൊണ്ടോ... എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിച്ചത്. (നടന്‍ ബിബിന്‍ ജോര്‍ജിനെ വേദിയില്‍ നിന്ന് ഇറക്കി വിട്ടത് മുസ്‍ലിം പ്രിന്‍സിപ്പലെന്ന പ്രചാരണം വ്യാജം, ഫാക്സ്റ്റ് ചെക്ക്, മനോരമ ഓണ്‍ലൈന്‍, ഒക്ടോബര്‍ 10, 2024)

പ്രചാരണത്തെക്കുറിച്ച് വിശദമായി പരിശോധിച്ച മനോരമ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. വാസ്തവത്തില്‍ ഡോ. കെ.പി വിനോദ് കുമാറെന്നയാളാണ് ബിബിനെ ഇറക്കിവിട്ടത്. അദ്ദേഹം മുസ്‌ലിമായിരുന്നില്ല.

കലാലയങ്ങളിലെ ആരാധനാകൂട്ടായ്മകള്‍

വിശ്വാസം മൗലികാവകാശമാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. അങ്ങനെയൊരു രാജ്യത്ത് വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നതും ആരാധന നടത്തുന്നതും തെറ്റായി കാണേണ്ടതല്ല. ആരും അങ്ങനെ കരുതിയിട്ടുമില്ല. വസ്തുത ഇതായിരിക്കെയാണ് സി.പി.എം നേതാവ് പി.ജയരാജന്‍ മുസ്‍ലിംകള്‍ കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ ആരാധനാ കൂട്ടായ്മകളുണ്ടാക്കുന്നുവെന്നത് ആക്ഷേപമായി ഉന്നയിക്കുന്നത്. 'പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ കേരള' വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല യൂനിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍ മുസ്‌ലിം ആരാധനാ കൂട്ടായ്മകളെ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമം നടത്തുന്നു. മൂവാറ്റുപുഴ കോളജില്‍ കണ്ടത് അതാണ്. കാമ്പസുകളില്‍ എസ്.എഫ്.ഐയെ ആണ് ഇവര്‍ ലക്ഷ്യമിടുന്നത്. കാമ്പസുകളിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമം. വിദ്യാഭ്യാസമില്ലാത്തവരല്ല, ഉന്നതവിദ്യാഭ്യാസം ഉള്ളവരാണ് തീവ്രത പ്രചരിപ്പിക്കുന്നതിന് പിന്നില്‍. കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയത് ജമാഅത്തെ ഇസ്‌ലാമിയാണ്. അവരുടെ മാധ്യമങ്ങളെ അതിനായി ഉപയോഗിച്ചു. കലാലയങ്ങളെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വിശേഷിപ്പിച്ചത് കൊലാലയങ്ങള്‍ എന്നാണ്. വികസന പ്രശ്നങ്ങള്‍ അവകാശപ്പെട്ട് ഇസ്‌ലാമിസ്റ്റുകള്‍ ഇടപെടുകയും അതിലൂടെ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. കണ്ണൂര്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ഉദാഹരണമാണ്. അതിന് സംഘാടനം നടത്തിയത് ജമാഅത്തെ ഇസ്‌ലാമിയാണ്-കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്നും രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാ തരത്തിലും യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (കലാലയങ്ങളില്‍ മുസ്‌ലിം ആരാധനാ കൂട്ടായ്മയുണ്ടാക്കാന്‍ ശ്രമം, തീവ്രത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ -പി. ജയരാജന്‍). മുസ്‍ലിംകളുടെ സ്വാഭാവികമായ പ്രവര്‍ത്തികളെപ്പോലും കുറ്റകൃത്യങ്ങളുടെ ഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് ജയരാജന്‍.

ആറാം നൂറ്റാണ്ട്

കോഴിക്കോട് ഗവ. ലോ കോളജ് 2023-24ലെ മാഗസിന്‍ സെപ്തംബര്‍ മാസത്തില്‍ പുറത്തിറങ്ങിയെങ്കിലും ഒക്ടോബറിലാണ് അത് പൊതുജനശ്രദ്ധയിലെത്തിയത്. ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്‌.ഐയാണ് യൂണിയന് നേതൃത്വം നല്‍കുന്നത്. 'വാക്കുകളെ വിചാരണക്കെടുക്കുക.!' എന്ന ശീര്‍ഷകത്തില്‍ മാഗസിന്റെ പ്രകാശനം വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രഖ്യാപിക്കുകയും ചെയ്തു. മഅശറ എന്നാണ് മാഗസിന് പേരിട്ടിരിക്കുന്നത്. എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസും നടന്‍ സന്തോഷ് കീഴാറ്റൂരും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്.



പ്രകാശനത്തിനുശേഷം മാഗസിന്‍റെ ഒരു പേജും അതിലുള്ള എഡിറ്ററുടെ ഒരു കുറിപ്പും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. (ഇന്‍സ്റ്റാഗ്രാം, മുഹമ്മദ് അഫ്‌സല്‍, ഒക്ടോബബര്‍ 8). 'ഹാജ്യാരെ കൂട്ടര്ക്കും ഫെമിനിസണ്ട്' എന്ന ശീര്‍ഷകത്തിനു കീഴില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ:

'പെണ്ണിനേക്കാള്‍ നല്ല ചരക്കില്ലെന്ന്

പെണ്ണ് കൃഷിസ്ഥലമാണെന്ന്

മറ്റാരാണ് പറഞ്ഞിട്ടുളളത്?

ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍

എവിടെയും സഞ്ചരിക്കാം.

മകന് കൊടുക്കുന്നതിന്റെ പകുതി സ്വത്ത്

മകള്‍ക്കും

കൊടുക്കണമെന്നാണ് ശാസന.

ആറാം നൂറ്റാണ്ടില്‍

പെണ്ണിന് ജീവിക്കാന്‍ അവകാശം

വാങ്ങിക്കൊടുത്തോരാ ഓര്,

ഇരുപത്തൊന്നിലേക്ക്

എത്തീല്ലെന്നേയുള്ളൂ.

മതവിമര്‍ശനമെന്ന മട്ടിലാണ് മാഗസിന്‍ എഡിറ്റര്‍ എഴുതിയതെങ്കിലും ഇസ്‍ലാമോഫോബിയയുടെ നിരവധി അടരുകളുള്ള മുസ്‍ലിംവിരുദ്ധ വംശീയതയാണ് അതില്‍ നിഴലിക്കുന്നത്. 2018-2019ല്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്റ് യൂണിയന്‍ സമാനമായ ഒരു മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. പോസ്റ്റ് ട്രൂത്ത് എന്നായിരുന്നു മാഗസിന്റെ പേര്. അതില്‍ മൂടുപടം എന്ന കവിതയാണ് അന്ന് വിവാദമായത്. പര്‍ദ്ദയെ പരിഹസിച്ചക്കുന്നതായിരുന്നു കവിത. സ്റ്റാഫ് എഡിറ്ററുടെയും അന്വേഷണകമ്മീഷന്റെയും ശുപാര്‍ശപ്രകാരം പിന്നീട് വിവാദ രചനകള്‍ പിന്‍വലിച്ചു. മാഗസിന്‍ പിന്നീട് പുതുക്കിയ രൂപത്തില്‍ പുറത്തിറക്കി. (ഫാക്റ്റ് ചെക്ക്, കാലിക്കറ്റ് സര്‍ലകലാശാലയിലെ ഇസ്‍ലാം വിരുദ്ധ മാസിക വി.സി പിന്‍വലിച്ചതാണ്, ഇന്ത്യാ ടുഡെ, ജനുവരി 20, 2022).

മദ്രസകളും മതേതരവിദ്യാഭ്യാസവും

മതേതര വിദ്യാഭ്യാസത്തിന് തടസ്സം മദ്രസകളോ എന്ന ശീര്‍ഷകത്തില്‍ സമകാലിക മലയാളം (സതീശ് സൂര്യന്‍, സമകാലിക മലയാളം, ഒക്ടോബര്‍ 21, 2024, പേജ് 12) ഒരു കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. മദ്രസകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ കത്തയച്ചതാണ് ലേഖനവിഷയം. ഈ കുറിപ്പില്‍ ഹമീദ് ചേന്നമംഗലൂരിന്റെ ഒരു പ്രതികരണം ഉള്‍പ്പെടുത്തിയിരുന്നു. "മതവിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടതെന്ന ശീര്‍ഷത്തില്‍'. സ്വകാര്യമതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി മതപഠനം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്നാണ് അദ്ദേഹം വാദിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തം മതത്തെ ശ്രേഷ്ഠമെന്ന് വാദിക്കുന്നു, മതപഠനം സമയം കൊല്ലുകയും മല്‍സരപ്പരീക്ഷകളില്‍ പിന്നാക്കം പോകാന്‍ കാരണമാകുന്നു... " ഇതൊക്കെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍: "വ്യത്യസ്ത മതവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യസ്ഥാപനങ്ങളും ഏജന്‍സികളും മതം പഠിപ്പിക്കുന്നതിനുപകരം മതം സാമൂഹ്യശാസ്ത്രത്തിന്റെ ഭാഗമായിട്ട് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബസ്സില്‍ ഉള്‍പ്പെടുത്തണമെന്ന വാദം വര്‍ഷങ്ങള്‍ക്കു മുന്‍പേത്തന്നെ ഞാന്‍ ഉന്നയിച്ചുവരുന്നതാണ്. ഒരു സെക്യുലര്‍ രാഷ്ട്രത്തില്‍ എങ്ങനെയാകണം മതപഠനം എന്നതു സംബന്ധിച്ച് മുന്‍പേത്തന്നെ ഞാനെഴുതിയിട്ടുണ്ട്. സത്യം, കാരുണ്യം, നീതി തുടങ്ങി മതങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യവ്യവസ്ഥ അതുവഴിയാണ് കുട്ടികള്‍ പരിചയപ്പെടേണ്ടത്. വിവിധ മതസമുദായങ്ങളുടെ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ പഠിപ്പിക്കുന്നത് പലപ്പോഴും മതശ്രേഷ്ഠവാദമാണ്. സ്വന്തം മതം സത്യമതമെന്നും മറ്റു മതങ്ങള്‍ വ്യാജമെന്നുമുള്ള കാഴ്ചപ്പാടാണ് അവര്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുന്നത്. മദ്‌റസകളിലായാലും സണ്‍ഡേ സ്‌കൂളുകളിലായാലും മറ്റു മതങ്ങള്‍ അപകൃഷ്ടമെന്നും അധമമെന്നും ഒക്കെയുള്ള ധാരണയാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. മതപഠനത്തിനു നല്‍കുന്ന ഊന്നല്‍ നിമിത്തം ഉത്തരേന്ത്യയിലൊക്കെ പലപ്പോഴും മുസ്‍ലിം കുട്ടികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ മുന്നേറുന്നതിനോ വിജയിക്കുന്നതിനോ ഒന്നും കഴിയാറില്ല. മതപഠനം കഴിഞ്ഞിട്ട് സമയം വേണ്ടേ? ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയവയൊക്കെ പഠിപ്പിക്കുന്നുണ്ടെന്നത് പറച്ചില്‍ മാത്രമാണ്. കേരളത്തിലെ അവസ്ഥതന്നെ ഒന്നു നോക്കൂ. മുന്‍കാലങ്ങളില്‍ രാവിലേയും വൈകിട്ടും സ്‌കൂളില്‍ പോകുന്നതിനു മുന്‍പും സ്‌കൂള്‍ വിട്ടുവന്നിട്ടും മതപഠനമാണ്. ഇപ്പോള്‍ സ്‌കൂള്‍ സമയങ്ങളില്‍ ചില വ്യത്യാസം വന്നിട്ടുള്ളതുകൊണ്ട് ചെറിയൊരു കുറവ് മതപഠനത്തിനായി നീക്കിവെച്ച സമയത്തില്‍ വന്നിട്ടുണ്ട്. മദ്രസകള്‍ക്കെതിരേയുള്ള നീക്കത്തില്‍ തീര്‍ച്ചയായും ആര്‍.എസ്.എസ്സിനു അതിന്റേതായ അജന്‍ഡ ഉണ്ട്. എന്നാല്‍, ഈ മതപഠന സമ്പ്രദായം ഒരു സെക്യുലര്‍ രാഷ്ട്രത്തില്‍ ആശാസ്യമാണോ എന്ന് ആലോചിക്കേണ്ടതാണ്.''

മതത്തെക്കുറിച്ചുള്ള യുക്തിവാദപരമായ നിലപാടുകള്‍ മാറ്റിവച്ചാല്‍ത്തന്നെ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യനയത്തില്‍നിന്നുള്ള പിന്നോട്ടുപോക്കാണ് ഹമീദിന്റെ നിലപാടുകള്‍. മദ്രസകള്‍ക്കെതിരേയുള്ള ആര്‍.എസ്.എസ് നീക്കത്തില്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ അദ്ദേഹം പറഞ്ഞുവരുന്നതും അതുതന്നെയാണ്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News