യൂട്യൂബർമാരും വിദ്വേഷ മാധ്യമ പ്രവർത്തനവും
ഇസ്‍ലാമോഫോബിക് വംശീയപ്രചാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു മാതൃകയാണ് അന്‍വറിന്റെ പരസ്യത്തില്‍ അതിന്റെ നിര്‍മാതാക്കള്‍ നേരിട്ട് ഉപയോഗിച്ചത്. മുസ്‍ലിംകളെ നല്ല മുസ്‍ലിം-ചീത്ത മുസ്‍ലിം എന്ന് വിഭജിച്ച് വംശീയവിദ്വേഷത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഈ രീതിശാസ്ത്രം ആഗോളതലത്തില്‍ 'ഭീകതയ്‌ക്കെതിരേയുള്ള യുദ്ധ'ത്തിന്റെ പശ്ചാത്തലത്തിലാണ് വികസിക്കപ്പെട്ടത് ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -6
ഇസ്‍ലാമോഫോബിക് കണ്ടന്റുകളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച പ്രഭാഷകനാണ് ഡോ. ആരിഫ് ഹുസൈന്‍. അദ്ദേഹത്തിന്റെ ഇത്തരം വീഡിയോകള്‍ക്ക് ധാരാളം കാഴ്ചക്കാരും കേള്‍വിക്കാരുമുണ്ട്. മതവിമര്‍ശനവും കടന്ന് മതവിദ്വേഷത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് പൊതുവെ അദ്ദേഹത്തിനെതിരേയുളള ആക്ഷേപം.
സാമൂഹികമാധ്യമങ്ങള്‍ വഴി നിരന്തരം ഇസ്‍ലാം, ക്രിസ്ത്യന്‍ വിശ്വാസികളെ അപമാനിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ആരിഫ് ഹുസൈനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഈരാറ്റുപേട്ട സ്വദേശി എന്‍.എം നിയാസ് നേരത്തെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിക്കവേ, മതവിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കോടതി ആരിഫ് ഹുസൈനോട് നിര്‍ദേശിച്ചു. വിഷയത്തില്‍ കേസെടുത്തതായി ഈരാറ്റുപേട്ട പൊലീസും കോടതിയെ അറിയിച്ചു. വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈനും കോടതിയെ അറിയിച്ചു.
എന്നാല്‍ വിദ്വേഷ പോസ്റ്റുകള്‍ നീക്കംചെയ്യുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹമതിന് തയ്യാറായില്ല. അവ മനഃപൂര്‍വം നിലനിര്‍ത്തി. ഹരജിക്കാരന്‍ കോടതിയെ വീണ്ടും സമീപിച്ചു. ഈ ഹരജി പരിഗണിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കോടതിയലക്ഷ്യ നടപടിയില്‍ കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഹൈക്കോടതി അദ്ദേഹത്തിന് നോട്ടിസയച്ചു. നേരത്തെ, ഐ.പി.സി 153, 295-എ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.
കര്‍മാ ന്യൂസിനെതിരേ ഹൈക്കോടതി
ജമാഅത്തെ ഇസ്‍ലാമിയുടെ തിരുവനന്തപുരം പൂവച്ചലില്‍ പ്രവര്‍ത്തിക്കുന്ന മഹല്ലിന്റെ കാര്‍മികത്വത്തില്‍ ഊര് വിലക്ക് കല്‍പ്പിക്കുന്നുവെന്ന ഒരു വ്യാജവാര്‍ത്ത ആരിഫ് ഹുസൈന്‍ തെരുവത്ത് എന്ന യുക്തിവാദി പ്രവര്‍ത്തകന്‍ യുട്യൂബിലൂടെ പ്രചരിപ്പിച്ചു. പ്രദേശത്തെ ഒരു വാര്‍ഡ് മെംബറെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയത്. വാര്‍ത്തയിലെ പ്രധാന അവകാശവാദങ്ങള്‍ ഇങ്ങനെ: പൂവച്ചല്‍ പഞ്ചായത്തിലെ ഒരു പ്രദേശം ഇസ്‍ലാമികവാദികളുടെ കര്‍ശന നിയന്ത്രണത്തിലാണ്. ഇവിടെയൊരു ഇസ്‍ലാമിക രാജ്യം നടപ്പിലാക്കുകയുമാണ് ഉദ്ദേശ്യം. മൂന്ന് ജമാഅത്തുകള്‍ ഉള്ള ഈ വാര്‍ഡില്‍ ജമാഅത്ത് ഇസ്‍ലാമിയുടെ ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതിലൂടെ തന്റെ ജീവനുവരെ ആപത്തുണ്ടാകും. അവരെല്ലാം വലിയ ഗുണ്ടകള്‍ ആണെന്നുള്ള ഭയംകൊണ്ടാണ് പലതും തുറന്നു പറയാത്തത്. മറ്റു മതസ്ഥരുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ലെന്നാണ് ജമാഅത്തെ ഇസ്‍ലാമിയുടെ നിയമം. അന്യമതസ്ഥരുമായി മിണ്ടുന്നത് പോലും നിഷിദ്ധമാണ്. ജമാഅത്ത് ഇസ്‍ലാമിയില്‍ ഉള്‍പ്പെടാത്തവരുമായും സമ്പര്‍ക്കം പാടില്ല. മറ്റു ജമാഅത്തുകളില്‍ ഉള്ളവരെ വിവാഹം ചെയ്യുന്നതും ഊരുവിലക്കിന് കാരണമാവും. ഈ വാര്‍ഡില്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കിയ മൂന്നു വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ പോലും ഇസ്‍ലാമികവല്‍ക്കരണം നടന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കിയ വീട് സ്വീകരിച്ചെങ്കിലും അന്യമതസ്ഥനില്‍ നിന്നും താക്കോല്‍ സ്വീകരിക്കില്ല എന്ന നിലപാടാണ് എടുത്തത്. അന്യമതസ്ഥരോട് അയിത്തം കാണിക്കുന്നു. (പൂവച്ചല്‍ പഞ്ചായത്തിലെ ഇസ്ലാമിക രാജ്യം; ഭരിക്കുന്നത് ജമാഅത്തെ ഇസ്‍ലാമി, പൂവച്ചല്‍ പഞ്ചായത്തിലെ ഇസ്ലാമിക രാജ്യം; അന്യമതസ്ഥരോട് മിണ്ടിയാല്‍ പോലും ഊരുവിലക്ക്, കര്‍മാ ന്യൂസ്, ഒക്ടോബര്‍ 18, 2024).
ഈ വ്യാജവാര്‍ത്ത പിന്നീട് കര്‍മാ ന്യൂസ് പുനപ്രക്ഷേപണം ചെയ്തു. ബ്രേവ് ഇന്ത്യയിലും ഇത് പ്രത്യക്ഷപ്പെട്ടു. പൂവച്ചല്‍ പഞ്ചായത്തിലെ ഇസ്ലാമിക രാജ്യം; അന്യമതസ്ഥരോട് മിണ്ടിയാല്‍ പോലും ഊരുവിലക്ക്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പഞ്ചായത്ത് മെമ്പര്‍, ബ്രേവ് ഇന്ത്യ, ഒക്ടോബര്‍ 17, 2024 ).
മതസ്പര്‍ധ വളര്‍ത്തുന്ന വാര്‍ത്ത നല്‍കിയതിന് ഓണ്‍ലൈന്‍ മാധ്യമമായ കര്‍മ്മ ന്യൂസിനെതിരെയും ആരോപണം ഉന്നയിച്ച യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്ത് എന്നയാള്‍ക്കെതിരെയും ജമാഅത്തെ ഇസ്‍ലാമി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി എം.സക്കീര്‍ പരാതി നല്‍കി.
ഇത്തരത്തില്‍ ഒരു മഹല്ല് പോലും തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ഇത്തരം വ്യാജവാര്‍ത്തകളുടെ ലക്ഷ്യമെന്നുമാണ് തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്: ഈ വാര്‍ത്തകളുടെ പ്രചാരണം മതവികാരം വ്രണപ്പെടുത്തുന്നതാണ്. ഇവര്‍ ബോധപൂര്‍വം തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാനും മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ശ്രമിച്ചിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തി ബോധപൂര്‍വം സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടിയുള്ളതാണ്. ഇത്തരം വാര്‍ത്തകളുടെ പ്രചാരണം നിയമം മൂലം തടയണം. വിഷയത്തില്‍ ഗൂഢാലോചന നടത്തിയ ആരിഫ് ഹുസൈന്‍ തെരുവത്ത്, കര്‍മ്മ ന്യൂസ് എഡിറ്റര്‍, വാര്‍ത്തയ്ക്ക് കാരണമായി പരാമര്‍ശിക്കുന്ന പൂവച്ചല്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണം- തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. (മതസ്പര്‍ധ വളര്‍ത്തുന്ന വാര്‍ത്ത നല്‍കി; കര്‍മ്മ ന്യൂസിനെതിരെ പരാതി നല്‍കി ജമാഅത്തെ ഇസ്‍ലാമി, ആരോപണം ഉന്നയിച്ച ആരിഫ് ഹുസൈന്‍ തെരുവത്ത് എന്നയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്, മീഡിയാവണ്‍, ഒക്ടോബര്‍ 18, 2024)
മാത്യു സാമുവൽ: സമാധാനം കെടുത്തുന്ന മതം
മാധ്യമപ്രവര്‍ത്തനായ മാത്യു സാമുവല്‍ ഒക്ടോബര്‍ 11ാംതിയ്യതി 'ആരാണ് ലോകത്തിന്റെ സമാധാനം കെടുത്തുന്ന മതം?' എന്ന ശീര്‍ഷകത്തില്‍ ഒരു വീഡിയോ പുറത്തുവിട്ടു. മുസ്‍ലിംകളെ കൊല്ലുന്നത് ക്രൈസ്തവരും ജൂതരും ചേര്‍ന്നാണെന്ന പ്രചാരണത്തിന് മറുപടി കൊടുക്കാനാണ് അദ്ദേഹം ഈ വീഡിയോ ചെയ്തതെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. മുസ്‍ലിംകള്‍തന്നെയാണ് മുസ്‍ലിംകളെ കൊല്ലുന്നതെന്നും ഇസ്‍ലാ മതത്തില്‍ കാര്യമായ പ്രശ്‌നമുള്ളതുകൊണ്ടാണ് ഇതെന്നും അദ്ദേഹം വാദിക്കുന്നു. ഈ യാഥാര്‍ത്ഥ്യം മുസ്‍ലിംകള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടത്രെ:
ഇസ്രായേല്‍ ഏകദേശം നാല് രാജ്യങ്ങളുമായി സംഘര്‍ഷത്തിലാണ്. ഈ സമയത്ത് പല യുട്യൂബ് ചാനലുകളും സാറ്റലൈറ്റ് ചാനലുകളും പറയുന്നത് മുസ്‍ലിംകളെ കൊന്നുകൊണ്ടിരിക്കുന്നത് ജൂതന്മാരും ക്രൈസ്തവരുമാണെന്നാണ്. കണക്കുകള്‍ നോക്കിയാല്‍ ലോകത്തെ മുസ്‍ലിംകളെ ഏറ്റവും കൂടുതല്‍ കൊല്ലുന്നത് മുസ്ലിംകള്‍ തന്നെയാണെന്ന് കാണാം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തെ കണക്കെടുത്താല്‍ ഇറാനും ഇറാക്കും തമ്മിലുള്ള യുദ്ധത്തില്‍ എത്രയോ മുസ്ലിംകള്‍ കൊല്ലപ്പെട്ടു. യുദ്ധം ചെയ്തത് ക്രൈസ്തവരല്ല. ക്രിസ്ത്യാനികള്‍ നോക്കിക്കൊണ്ടിരുന്നുവെന്നത് സത്യമാണ്. ഷിയാ-സുന്നി പ്രശ്‌നമാണ് അവിടെ. ഇവരെല്ലാം ഏകാധിപതികളാണ്, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരല്ല. കുടുംബമാണ് ഭരിക്കുന്നത്. കൊള്ളയും കൊലപാതകവും കൈവെട്ടും കാല്‍വെട്ടുമൊക്കെ നടത്തുന്നത് മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. അതിന്റെ പേരിലാണ് കൊലപാതകങ്ങളും വെടിവച്ചുകൊല്ലലും ബോംബിട്ട് കൊല്ലലുമൊക്കെ.
ഇറാന്‍ ഇറാഖ് യുദ്ധത്തില്‍ എത്ര പേരാണ് മരിച്ചത്. സുഡാനില്‍ രണ്ടു ഗ്രൂപ്പാണ്. അവിടത്തെ ആര്‍മിയാണെങ്കിലും പാരാമിലിറ്ററി ഫോഴ്‌സാണെങ്കിലും അന്യോന്യം മുസ്‍ലിംകളെ കൊല്ലുകയാണ്. അവിടെ ക്രൈസ്ത ഭൂരിപക്ഷ രാജ്യമുണ്ടായിരുന്നു. അത് തെക്കന്‍ സുഡാനായി മാറി. അവിടെ ഒരു പ്രശ്‌നവുമില്ല. മുസ്‍ലിംകള്‍ ഭൂരിപക്ഷമുള്ള രാജ്യത്താണ് വംശഹത്യ നടക്കുന്നത്. യമനിലും ലെബനിലും ഷിയാ-സുന്നി പ്രശ്‌നമാണ് ഉള്ളത്. സിറിയയിലും ഈജിപതിലും ടുണീഷ്യയിലും സ്ഥിതി വ്യത്യസ്തമല്ല. എല്ലായിടത്തും ഇതുതന്നെ പ്രശ്‌നം. ഇതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‍ലിംകളെ കൊല്ലുന്നത് മുസ്‍ലിംകള്‍തന്നെയാണ്. ഭൂരിപക്ഷം മുസ്‍ലിംകളായിട്ടുള്ള ഇന്ത്യോനേഷ്യ ഒരു പാട് മാറ്റങ്ങള്‍ വരുത്തി. സൗദി അറേബ്യയും അതേ പാതയിലാണ്. കാരണം. അവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, ഈ മതത്തില്‍ കാര്യമായ പ്രശ്‌നമുണ്ടെന്ന്. അതുകൊണ്ടാണ് സ്വയമേ വെട്ടിച്ചാവുന്നത്. സ്വന്തം ജനങ്ങളെ വെട്ടിക്കൊല്ലുന്ന കമ്യൂണിറ്റിയായി അവര്‍ മാറി. ഈ മതത്തിന് കാര്യമായ പ്രശ്‌നമുണ്ടെന്ന് മുസ്‍ലിം കമ്യൂണിറ്റിയിലെ വിദഗ്ധര്‍തന്നെ പറയുന്നുണ്ട്. ആദ്യം തീര്‍ക്കേണ്ടത് നിങ്ങളെത്തന്നെയാണ്. അതുകൊണ്ടാണ് നിങ്ങള്‍ക്കെതിരേ ഇസ്‍ലാമിക രാജ്യങ്ങളില്‍പോലും പടപ്പുറപ്പാടുണ്ടായത്. അത് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിം കമ്യൂണിറ്റി മനസ്സിലാക്കണം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തില്‍ പള്ളികളില്‍ ബോംബു പൊട്ടിക്കുകയാണ്. അതും നിങ്ങള്‍ ചെയ്യുന്നതാണ്. കാതലായ പ്രശ്‌നം ഈ മതത്തിന് കാര്യമായ പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയലാണ്. (ആരാണ് ലോകത്തിന്റെ സമാധാനം കെടുത്തുന്ന മതം?, മാത്യൂ സാമുവല്‍ ഒഫീഷ്യല്‍, ഒക്ടോബര്‍ 11, 2024).
ഇസ്‌ലാമും ലോകസമാധാനവും
മതങ്ങളാണ് ലോകസമാധാനത്തിനു ഭീഷണിയെന്നത് ഒരു ലളിത കാഴ്ചപ്പാടിന്റെ ഭാഗമാണ്. ലോകത്ത് മനുഷ്യര്‍ പ്രധാനമായും കൊല്ലപ്പെടുന്നത് മതപരമായ കാരണങ്ങളാലാണെന്ന് കരുതുന്നു, പ്രചരിപ്പിക്കുന്നു. എന്നാല്‍ അത് വസ്തുതാപരമല്ല. സാമ്രാജ്യത്വ അധിനിവേശങ്ങളാലും ഭരണകൂട അതിക്രമങ്ങളാലും ആരോഗ്യപരമായ കാരണങ്ങളാല്‍പ്പോലും ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നുണ്ട്. മുസ്‌ലിംകളുടെ മാത്രം കാര്യമെടുത്താല്‍, മുസ്‌ലിംകള്‍ തമ്മിലുള്ള പരസ്പര സംഘര്‍ഷത്തേക്കാള്‍ അവര്‍ക്കു ഭീഷണി മറ്റു ശക്തികള്‍ അവര്‍ക്കു മുകളില്‍ നടത്തുന്ന ആക്രമണങ്ങളും അധിനിവേശങ്ങളുമാണെന്നു കാണാം. അത്തരത്തിലുള്ള നിരവധി കണക്കുകള്‍ ഏറെ വര്‍ഷങ്ങളായി പൊതുമണ്ഡലത്തിലുണ്ട്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം അതില്‍ പ്രധാനമാണ്.
ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്റ്റ്, 2001 സെപ്റ്റംബര്‍ 11നുശേഷം ആഗോളതലത്തില്‍ നടന്ന യു.എസ് സൈനിക ഇടപടെലിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിരുന്നു. അവരുടെ കണക്കില്‍ 9,29,000 പേരാണ് യു.എസ് അധിനിവേശത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടന്ന അധിനിവേശങ്ങളും ഉള്‍പ്പെടുന്നു. ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെന്നത് സത്യമാണ്. എന്നാല്‍ കൊലപാതകികള്‍ അധിനിവേശശക്തികളോ അവരുടെ നാടന്‍ സഹായികളോ ആയിരുന്നു.
മുസ്‍ലിംകള്‍ പരസ്പരം നടത്തുന്ന ആക്രമണങ്ങളുടെ കണക്കു പരിശോധിച്ചാലും മാത്യു സാമുവലിന്റെ വാദങ്ങള്‍ തെറ്റാണ്. ലോകത്താകമാനം 120 കോടി മുസ്‍ലിംകളാണ് ഉള്ളത്. 1987 മുതല്‍ 2017 വരെ മുപ്പതുവര്‍ഷ കാലത്ത് മുസ്‍ലിം ലോകത്ത് ഭരണകൂട-ഭരണകൂടേതര ശക്തികളുടെ മുന്‍കയ്യിലും, മറ്റനേകം കാരണങ്ങളാലും, ആകെ 3,97,786 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെ 89 ശതമാനം, അതായത് 3,53,895 മരണങ്ങളാണ്, സംഘര്‍ഷങ്ങളുടെ ഭാഗമായി സംഭവിച്ചത്. ഇതില്‍ ഭരണകൂടശക്തികളുടെയും ഭരണകൂടേതര ശക്തികളുടെയും മുന്‍കയ്യില്‍നടന്ന മരണങ്ങളും ഉള്‍പ്പെടുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധം, ഇറാഖ് സംഘര്‍ഷങ്ങള്‍, ഐ.എസ് പോലുള്ള ഭരണകൂടേതര ശക്തികള്‍-തുടങ്ങിയവയാണ് കൊലപാതകങ്ങള്‍ നടത്തിയവരില്‍ മുന്നില്‍. ഇതില്‍ത്തന്നെ പല സംഘര്‍ഷങ്ങളും ആഗോള ഭൗമരാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ചാണ് സംഭവിച്ചത്. (Finnbogason, D., Larsson, G., & Svensson, I. (2019). Is Shia-Sunni Violence on the Rise? Exploring New Data on Intra-Muslim Organised Violence 1989-2017. Civil Wars, 21(1), Pages 25–53 )
മാത്യു സാമുവല്‍ തന്നെ പറയുന്ന പാകിസ്താനിലെ അവസ്ഥ പരിശോധിക്കാം. ക്രിസ്ത്യന്‍ മോണിറ്റര്‍ നല്‍കുന്ന കണക്കനുസരിച്ച് പാകിസ്താനിലെ സുന്നി-ഷിയ സംഘര്‍ഷങ്ങളില്‍ 1997-2007 കാലത്ത് ആകെ നടന്നത് 4000 മരണങ്ങള്‍ മാത്രമാണ്. മറ്റു രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല (Shiite-Sunni conflict rises in Pakistan, David Montero, Correspondent of The Christian Science Monitor, Feb. 02, 2007).
എ.ജയശങ്കർ പറഞ്ഞത് (2019)
പാകിസ്താനെക്കുറിച്ച് 2019ല്‍ സമാനമായ ഒരു ചര്‍ച്ച കേരളത്തില്‍ നടന്നിരുന്നു. 2019 മെയ് 17ന് സ്മാര്‍ട്ട് പിക്‌സ് മീഡിയ എന്ന യൂട്യൂബ് ചാനല്‍ നടത്തിയ പാനല്‍ ചര്‍ച്ചയില്‍ അഡ്വ. ജയശങ്കര്‍ സമാനമായ ഒരു ആരോപണം ഉന്നയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത അലിയാര്‍ ഖാസിമിക്ക് മറുപടിയായാണ് അദ്ദേഹമത് പറഞ്ഞത്: ''ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബ് സ്‌ഫോടനം നടക്കുന്ന രാജ്യം പാകിസ്താന്‍ ആണ്. ശീയക്കളുടെയും അഹമ്മദീയാക്കളുടെയും പള്ളികളില്‍ ആണ് ബോംബ് പൊട്ടുന്നത്. വെള്ളിയാഴ്ചകളില്‍ ഉച്ചപ്രാര്‍ത്ഥന സമയത്താണ് ബോംബ് പൊട്ടുന്നത്. ഏറ്റവും അധികം നടക്കുന്നത് പുണ്യമാസമായ റമളാനിലും. ഏറ്റവും അവസാനത്തെ വെള്ളിയാഴ്ചയാണ് ചക്കക്കുരു പൊട്ടുന്നപോലെ എമ്പാടും പൊട്ടിയത്. ഇതിന് യാതൊരു ന്യായീകരണവുമില്ല. പെഷവാറില്‍ കുട്ടികള്‍ അടക്കം 145 പേരെ വെടിവെച്ചു കൊന്നശേഷം വധശിക്ഷ പുനഃസ്ഥാപിച്ചു. അതിനുശേഷം സ്‌ഫോടനങ്ങള്‍ക്ക് കുറച്ച് സമാധാനമുണ്ട്. മുഹമ്മദലി ജിന്ന ഒരു ഷിയ ആയിരുന്നു. പക്ഷേ ഇപ്പൊള്‍ അവിടെ ജീവിക്കാന്‍ നിവൃത്തിയില്ലാത്തത് പത്തു ശതമാനം വരുന്ന ഷിയ വിഭാഗക്കാര്‍ക്കാണ്. അതിന് വല്ല ന്യായീകരണവും ഉണ്ടോ?''- ഇതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ ആ വര്‍ഷം യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് പുറത്തിറക്കിയ കണക്കു പ്രകാരം ഇന്ത്യയില്‍ 623 ഭീകരാക്രമണങ്ങളാണ് ആ വര്‍ഷം നടന്നത്. പാകിസ്താനിലാകട്ടെ 362ഉം. വസ്തുത ഇതായിരിക്കെയാണ് പാകിസ്താനെ അദ്ദേഹം മറുപുറത്തു നിര്‍ത്തിയത്.
മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ നടത്തുന്ന കൊലപാതകങ്ങളെ മുസ്‌ലിംകള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കുന്ന രീതിയുണ്ട്. ഉദാഹരണത്തിന് സിറിയയിലെ കാര്യം മാത്രം പരിശോധിച്ചാല്‍ അവിടെയുള്ള കൊലപാതകങ്ങളില്‍ പലതും നടന്നത് ഭരണകൂടത്തിന്റെ മുന്‍കയ്യിലാണ്. അവിടത്തെ ഭരണാധികാരി ഷിയാ വിഭാഗത്തില്‍ ഉള്‍പ്പെടുമ്പോഴും അറബ് സോഷ്യലിസ്റ്റായി പരിണഗിക്കപ്പെടുന്ന ഏകാധിപതിയാണ്. അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ നടക്കുന്ന അക്രമങ്ങള്‍ മുസ്‍ലിംകളുടെ ഭാഗത്തുനിന്നുള്ള സംഘര്‍ഷമായി ചിത്രീകരിക്കുന്നത് മുസ്‍ലിംകള്‍ പരസ്പരം കൊന്നൊടുക്കുന്നുവെന്ന സിദ്ധാന്തത്തിന് ബലംകൂട്ടുന്നതിനുവേണ്ടിയാണ്.
ആഗോള തലത്തില്‍ മുസ്‍ലിംകളെ കൊല്ലുന്നതിനേക്കാള്‍ മുസ്‍ലിംകള്‍ പരസ്പരം കൊല്ലുന്നുവെന്ന മാത്യുസാമുവലിന്റെ അഭിപ്രായത്തിന് വസ്തുതകളുടെയും കണക്കുകളുടെയും പിന്‍ബലമില്ലെന്നാണ് നേരത്തെ സൂചിപ്പിച്ച രണ്ട് കണക്കുകളും തെളിയിക്കുന്നത്. മതങ്ങളെ, പ്രത്യേകിച്ച് ഇസ്‍ലാമിനെ ആരോപണസ്ഥലമാക്കി മാറ്റുന്ന ഇസ്‍ലാമോഫോബിക് രീതിശാസ്ത്രമാണ് മാത്യു സാമുവല്‍ ഉപയോഗിക്കുന്നത്.
അന്‍വര്‍ സിനിമയും മുസ്‍ലിംതീവ്രവാദികളും
അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2010 ഒക്ടോബര്‍ 15-ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അന്‍വര്‍. പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നായികയായി മംമ്ത മോഹന്‍ദാസും അഭിനയിച്ചു. മുസ്‍ലിംതീവ്രവാദ പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഒരുസംഘത്തെയും അതില്‍ പെട്ടുപോകുന്ന ഒരു യുവാവിന്റെയും കഥ പറയുന്ന ഈ സിനിമ ഒക്ടോബര്‍ മാസത്തില്‍ വീണ്ടും റിലീസ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടൊപ്പം അതിന്റെ ട്രയിലറും പുറത്തുവന്നു. 'മുസ്‍ലിംകള്‍ എല്ലാരും തീവ്രവാദികള്‍ ആണോ? എന്റെ അറിവില്‍ അല്ല', എന്ന ടാഗ് ലൈനോടെയാണ് സിനിമ പുറത്തുവന്നത്.
ഇസ്‍ലാമോഫോബിക് വംശീയപ്രചാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു മാതൃകയാണ് അന്‍വറിന്റെ പരസ്യത്തില്‍ അതിന്റെ നിര്‍മാതാക്കള്‍ നേരിട്ട് ഉപയോഗിച്ചത്. മുസ്‍ലിംകളെ നല്ല മുസ്‍ലിം-ചീത്ത മുസ്‍ലിം എന്ന് വിഭജിച്ച് വംശീയവിദ്വേഷത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഈ രീതിശാസ്ത്രം ആഗോളതലത്തില്‍ 'ഭീകതയ്‌ക്കെതിരേയുള്ള യുദ്ധ'ത്തിന്റെ പശ്ചാത്തലത്തിലാണ് വികസിക്കപ്പെട്ടത്.
ഐ.എസ് ചാനലും ജലീലും
മുസ്‍ലിം സംഘടകളെയും മുസ്‍ലിം സ്ഥാപനങ്ങളെയും മുസ്‍ലിംകളുമായി ബന്ധപ്പെട്ടതോ ബന്ധം തോന്നുന്നതോ ആയ എന്തിനെയും 'ഭീകരത'യുമായി ബന്ധിപ്പിക്കുന്നത് ഇസ്‍ലാമോഫോബിക് വംശീയപദ്ധതിയുടെ ഭാഗമാണ്. ഇത്തരം ബന്ധങ്ങളില്‍ കെട്ടിപ്പടുത്ത നിരവധി രൂപകങ്ങള്‍ ഇന്നും സജീവമാണ്. സാധാരണപ്രവര്‍ത്തകര്‍ മുതല്‍ രാഷ്ട്രീയനേതാക്കള്‍ വരെയുള്ളവര്‍ ഇത്തരം ഭാഷാപ്രയോഗങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നു. താലിബാന്‍, ഐഎസ്, ജിഹാദ് പ്രയോഗങ്ങള്‍ അങ്ങനെ ഭാഷയിലേക്ക് കടന്നുകൂടിയവയാണ്. ആരെങ്കിലും ഇത്തരം പ്രയോഗങ്ങള്‍ക്കെതിരേ കോടതിയെ സമീപിക്കുകയാണെങ്കില്‍ പരിഹാസ്യമായ ന്യായങ്ങള്‍ നിരത്തി അതിനെ നേരിടുന്ന രീതിയുമുണ്ട്. തങ്ങളുടെ പ്രയോഗങ്ങള്‍ക്ക് മറ്റൊരു അര്‍ത്ഥം നല്‍കി രക്ഷപ്പെടുകയാണ് അതില്‍ ഒരു തന്ത്രം. മുന്‍ മന്ത്രി കെ ടി ജലീലിന്റെ ഒരു പ്രയോഗം ഇതിന് ഉദാഹരണമാണ്.
പി.കെ അന്‍വര്‍ സര്‍ക്കാരിനെതിരെ നീങ്ങിയ സമയം. വിവാദത്തിനു പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍മാസ്റ്ററും ആരോപിച്ചു. ഇടതുപക്ഷ നേതാക്കള്‍ പൊതുവെ ഈ അഭിപ്രായക്കാരായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.ടി ജലീല്‍ വളാഞ്ചേരിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
മറ്റു നേതാക്കളില്‍നിന്ന് വ്യത്യസ്തമായി അന്‍വറിനു പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് താന്‍ കരുതുന്നില്ലെന്ന് തവനൂര്‍ എം.എല്‍.എകൂടിയായ അദ്ദേഹം പറഞ്ഞു. അതേസമയം ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അതല്ല, അതിനപ്പുറം ചെയ്യുന്നവരാണെന്നാണ് തന്റെ അഭിപ്രായമെന്നും തനിക്കെതിരേ അവര്‍ അനാവശ്യകേസെടുത്തുവെന്നും അദ്ദേഹം പരിഭവിച്ചു: അന്‍വറിന്റെ പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് തോന്നിയിട്ടില്ല. അന്‍വര്‍ അങ്ങനെ കണ്ടവരുടെ വണ്ടിയില്‍ കേറുന്ന ഒരാളല്ല. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അതല്ല അതിനപ്പുറവും ചെയ്യുന്നവരാണ്. എനിക്കെതിരേ മൂന്ന് കേസുകളാണ് നിലവിലുള്ളത്. അതിലൊന്ന് നിയമസഭയുടെ ഉള്ളിലുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റു രണ്ട് കേസുകളും ജമാഅത്തെ ഇസ്‌ലാമി കൊടുത്തതാണ്. സിവില്‍-ക്രിമിനല്‍ കേസുകളാണ് ജമാഅത്തെ ഇസ്‌ലാമി നല്‍കിയിരിക്കുന്നത്. മീഡിയ വണ്‍ ചാനലിനെ ഐ.എസ് സ്‌പോണ്‍സേര്‍ഡ് ചാനലാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജമാഅത്തെ ഇസ്‌ലാമി പരാതി നല്‍കിയത്. അവര്‍ കേസ് കൊടുത്തത് ഐ.എസ്-ഐ.എസ് എന്നുപറഞ്ഞുകൊണ്ടാണ്. ഞാന്‍ പറഞ്ഞത് ഐ.എസ് ആണെന്നാണ്. ഐ.എസ് എന്നാല്‍ ഇസ്‌ലാമിക സേവകര്‍ എന്നാണ്. അങ്ങനെയാണല്ലോ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ സ്വയം വിശേഷിപ്പിക്കുന്നതും. ഇസ്‌ലാമിക് സെര്‍വന്റ്‌സ് എന്ന അര്‍ത്ഥത്തിലാണ് സംസാരിച്ചത്. എന്നാല്‍ അതിനെതിരെ അവര്‍ പരാതി നല്‍കി. (അന്‍വര്‍ കണ്ടവരുടെ വണ്ടിയില്‍ കയറില്ല; പിന്നില്‍ ജമാഅത്താണെന്ന് കരുതുന്നില്ല: കെ.ടി. ജലീല്‍, ഒക്ടോബര്‍ 2, 2024)
ഐ.എസ്. ചാനലും കോടതി നടപടികളും
ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരിക്കെയാണ് മീഡിയവണ്‍ ഐ.എസ് ചാനലാണ് എന്ന ആരോപണം കെ.ടി ജലീല്‍ ഉന്നയിക്കുന്നത്. അതിനെതിരേ മീഡിയാവണ്‍ ജലീലിന് വക്കീല്‍ നോട്ടിസയച്ചു. വക്കീല്‍ നോട്ടീസിന് അദ്ദേഹം അഭിഭാഷകന്‍ മുഖേന മറുപടി അയച്ചു. മീഡിയവണ്‍, മാധ്യമം പത്രവുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ്, കോഴിക്കോട് വെള്ളിമാട്കുന്നില്‍ മാധ്യമം ഓഫിസിന് എതിര്‍വശത്തായി ഐ.എസ്.ടി ബില്‍ഡിംഗ് എന്നൊരു കെട്ടിടമുണ്ട്, പ്രസ്തുത കെട്ടിടത്തെ ആളുകള്‍ ചിലപ്പോള്‍ ഐ.എസ്. ബില്‍ഡിംഗ് എന്നും വിളിക്കാറുണ്ട്, അതിനാലാണ് മീഡിയാവണിനെ ഐ.എസ്. ചാനലെന്ന് വിളിച്ചത് എന്നായിരുന്നു വക്കീല്‍ നോട്ടീസിനുള്ള മറുപടി.
മറുപടി തൃപ്തികരമാവാത്തതിനെ തുടര്‍ന്ന് മീഡിയവണ്‍ ജലീലിനെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും കോഴിക്കോട് മുന്‍സിഫ് കോടതിയിലുമാണ് കേസ് നടക്കുന്നത്. വളാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലിലെ എല്‍.ഡി.എഫ് അംഗം നടക്കാവില്‍ ഷംസുദ്ദീനെതിരെ ലൈംഗിക പീഡന പരാതിയില്‍ പോക്‌സോ കേസ് എടുത്തിരുന്നു. പ്രസ്തുത സംഭവം മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ക്ഷുഭിതനായാണ് ജലീല്‍ മീഡിയാവണിനെതിരെ ഐ.എസ്. ബന്ധം ആരോപിച്ചതെന്നാണ് കരുതപ്പെടുന്നത് (മീഡിയവണിന് അനുകൂലമായ സുപ്രിംകോടതി വിധി; ആര്‍.എസ്.എസ്സുമായുള്ള ചര്‍ച്ചയുടെ ഫലമെന്ന് കെ.ടി ജലീല്‍, ഏപ്രില്‍ 9, 2023, മീഡിയാവണ്‍).
പ്രഭാഷകന്റെ വിലാസം
മഹാത്മാഗാന്ധി സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ ഒക്ടോബര്‍ 14, 15, 16 തിയ്യതികളിലായി ഒരു ദേശീയ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി 'മീഡിയ ഇന്‍ പോസ്റ്റ് ട്രൂത്ത് ഇറ' എന്ന പേരില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. മനില സി മോഹന്‍, എം.പി ബഷീര്‍, പ്രമോദ് രാമന്‍ എന്നവാരിയിരുന്നു പ്രഭാഷകര്‍. ഇതില്‍ മനില, ബഷീര്‍ എന്നിവരെ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ്സിലാണ് സംഘാടകര്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ മീഡിയാവണില്‍ മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമനെ എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നുമാത്രമാണ് പരിചയപ്പെടുത്തിയത്. ഒരു മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ വിലാസം പ്രമോദ് രാമന് ചേരുകയില്ലെന്നായിരിക്കണം സംഘാടകര്‍ കരുതിയിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എന്‍.പി ചെക്കുട്ടി തേജസ് പത്രാധിപരായിരിക്കെ മാധ്യമചര്‍ച്ചകളില്‍ വിശേഷിപ്പിച്ചിരുന്നത് മാധ്യമപ്രവര്‍ത്തകന്‍ എന്നു മാത്രമാണ്. തേജസ് പത്രത്തിന്റെ എഡിറ്റര്‍ എന്ന വിലാസം അദ്ദേഹത്തിന്റെ മികവിനെ കുറയ്ക്കുന്നതായി അവര്‍ കരുതിയിരിക്കണം. പ്രമോദ് രാമന്റെ വിലാസം ഒഴിവാക്കുമ്പോള്‍ സംഭവിച്ചതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.
ഇതേ കുറിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ വാഹിദ് ചുള്ളിപ്പാറയുടെ പോസ്റ്റില്‍നിന്ന് ഒരു ഭാഗം താഴെ ചേര്‍ക്കുന്നു: ''പ്രമോദ് രാമന്‍ എന്ന മാധ്യമപ്രവര്‍ത്തകന് മീഡിയവണ്‍ എന്ന മുസ്‌ലിം പക്ഷത്ത് നിന്ന് ഉണ്ടായി വന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ വിലാസം അദ്ദേഹത്തിന്റെ സ്വതന്ത്രവും യുക്തിപൂര്‍വ്വവുമായ മാധ്യമ ഇടപെടലിന് ചേരുന്ന ഒരു വിലാസമല്ലെന്നാണ് എസ്.എഫ്.ഐ കരുതുന്നത്. പൊതുമണ്ഡലത്തില്‍ ഇടപെടലുകള്‍ നടത്താനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുമുള്ള അര്‍ഹതയുള്ളവരായി എസ്.എഫ്.ഐയും കേരളത്തിലെ സാമ്പ്രദായിക ഇടതുപക്ഷവും മുസ്‌ലിംകളെ കാണുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം. അതുകൊണ്ടുതന്നെ മുസ്‌ലിം സ്ഥാപനങ്ങളെയും കൂട്ടായ്മകളെയും ബൗദ്ധിക വിമര്‍ശനത്തിന്റെ മണ്ഡലങ്ങളില്‍ നിന്ന് ബഹിഷ്‌കരിച്ചു കൊണ്ട് മാത്രമാണ് എസ്.എഫ്.ഐയും സി.പി.എമ്മും ഇതുവരെ പെരുമാറിയിട്ടുള്ളത്. അതുകൊണ്ടാണ് അത്തരം സ്ഥാപനങ്ങളെ 'പെട്രോ ഡോളറി'ന്റെ കേവല സ്വാധീനമായി മാത്രം കാണുകയും മാധ്യമവും മീഡിയവണും നിര്‍മ്മിച്ചെടുക്കുന്ന വ്യാവഹാരിക വാര്‍ത്താ മണ്ഡലങ്ങളെ കേരളീയ ഇടതുപക്ഷം എപ്പോഴും ഭയപ്പെടുകയും ചെയ്യുന്നത്''
കെ.ടി ജലീലിനെതിരേ പ്രമോദ് രാമന്‍
മീഡിയാവണിനെതിരേ കടുത്ത വിമര്‍ശം ഉന്നയിക്കുന്നവരില്‍ പ്രധാനികളിലൊരാളാണ് ഡോ. കെ ടി ജലീല്‍. ജലീലിന്റെ മാധ്യമം-മീഡിയാവണ്‍ വിമര്‍ശനം പലപ്പോഴും ഇസ്‌ലാമോഫോബിയയുടെ പരിധിയിലാണ് വരുന്നതെന്ന വിമര്‍ശനം പുതിയതല്ല. ഉപ്പുഭരണിയുടെ മുകളില്‍ പഞ്ചസാര എന്ന് സ്റ്റിക്കര്‍ ഒട്ടിച്ചു വെക്കും പോലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദ അടിത്തറക്കു മേല്‍ പടുത്തുയര്‍ത്തിയ ഹൈടെക് കൂരയുടെ മുകളില്‍ 'മതേതരഭവനം' എന്നെഴുതിയ ബോര്‍ഡ് തൂക്കുന്നതെന്നാണ് 'മീഡിയാവണ്ണും 'ഔട്ട് ഓഫ് ഫോക്കസും' ദാവൂദിന്റെ വിഷം ചീറ്റലും!' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ജലീല്‍ എഴുതിയത്(ഒക്ടോബര്‍ 8, 2024, ഡോ. കെ ടി ജലീല്‍, എഫ്ബി). മറ്റൊരിക്കല്‍ അദ്ദേഹം മീഡിയാവണിനെ ഐ.എസ് സ്‌പോണ്‍സേര്‍ഡ് ചാലനെന്ന് പരസ്യമായി പ്രതികരിച്ചു. ആ പരാമര്‍ശത്തില്‍ മീഡിയാവണ്‍ കേസും നല്‍കിയിട്ടുണ്ട്.
ഇത്തരം പരാമര്‍ശങ്ങള്‍ രൂക്ഷമായപ്പോള്‍ മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ചു. കെ.ടി ജലീല്‍ സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകനാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. എറണാകുളം ഡിസിസിയുടെയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍, മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട 'ഗാന്ധി- സത്യം കൊണ്ട് സ്വതന്ത്രമായ മാധ്യമ സംസ്‌കാരം' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: മീഡിയ വണ്ണിലെ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ട് അതില്‍ പങ്കെടുത്ത മൂന്നുപേരുടെ മതം അന്വേഷിച്ചുകൊണ്ടുള്ള കെ.ടി ജലീലിന്റെ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും ഏറ്റെടുക്കപ്പെട്ടത് സംഘപരിവാറുകാരാണ്. ആ ചര്‍ച്ചയിലെ ഒരു ഭാഗം എടുത്ത് ചാനലിനും അതില്‍ പങ്കെടുത്തവര്‍ക്കും തനിക്കും എതിരായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സംഘപരിവാറിനെ സഹായിക്കുന്ന സമീപനമാണ് ജലീലില്‍ നിന്നും ഉണ്ടായത്. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെങ്കിലും ജലീലിനെ പോലെയുള്ളവര്‍ സംഘപരിവാര്‍ ആശയങ്ങള്‍ പരോക്ഷമായി പ്രചരിപ്പിക്കുക തന്നെയാണ്. ഗാന്ധിയുടെ രാമനാണ് പേരിലുള്ളതെന്നും അതിനെ മറ്റേതെങ്കിലും ചേരിയില്‍ കെട്ടുവാന്‍ കെ.ടി ജലീലോ മറ്റ് ആരെങ്കിലുമോ ശ്രമിച്ചാല്‍ നടക്കില്ല. ഇടതുപക്ഷ സഹയാത്രികന്‍ എന്ന പേരില്‍ നിന്നുകൊണ്ട് ആര്‍.എസ്.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ജലീല്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു (കെ.ടി ജലീല്‍ സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകന്‍: പ്രമോദ് രാമന്‍, വീക്ഷണം, ഒക്ടോബര്‍ 14, 2024)
പ്രമോദ് രാമനോടുള്ള ഡോ. കെ.ടി ജലീലിന്റെ പ്രതികരണം ഇതിനേക്കാള്‍ ഇസ്ലാമോഫോബിക് സൂചനകളുള്ളതായിരുന്നു. അതില്‍ അദ്ദേഹം പ്രമോദ് രാമനെ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഗൂഢതന്ത്രം പയറ്റുകയാണെന്ന് ആരോപിച്ചു. ഇസ്‌ലാമോഫോബിയയുടെ ഏറ്റവും ശക്തമായ മാതൃകകളിലൊന്നാണ് ഇത്: ''താങ്കളെപ്പോലുള്ളവരെ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമിയുടെ ജിഹ്വകളായ മീഡിയാവണ്‍, മാധ്യമം തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന അതിരുവിട്ട വര്‍ഗീയ പ്രചരണവും പിണറായി വിരുദ്ധതയും എല്ലാ സീമകളും ലംഘിച്ച് തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നടത്തിയ പ്രതികരണമാണ്, അങ്ങയുടെ പരാമര്‍ശങ്ങള്‍ക്ക് ഹേതുവായത്. എന്റെ വിമര്‍ശനത്തിന് വിധേയമായ 'ഔട്ട് ഓഫ് ഫോക്കസിന്' സാധാരണ നേതൃത്വം നല്‍കാറ്, ജമാഅത്തെ ഇസ്‌ലാമിയുടെ ഉന്നതാധികാര സമിതി അംഗം സി.ദാവൂദാണ്. വ്യക്തമായ വലതുപക്ഷ രാഷ്ട്രീയം നെഞ്ചേറ്റുന്നയാള്‍. ഇന്ത്യയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുള്ള ഏക മുസ്‌ലിം മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവ്. താങ്കളും അതറിയാതിരിക്കാന്‍ സാദ്ധ്യതയില്ല! ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്താലും ശുചിമുറി മുതല്‍ വൈറ്റ് ഹൗസ് വരെയുള്ള പ്രശ്‌നങ്ങള്‍ വിശകലനം ചെയ്താലും അവസാനം ചെന്നെത്തുക, കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലും പിണറായി വിരുദ്ധതയിലും ഒട്ടും കലര്‍പ്പില്ലാത്ത വര്‍ഗ്ഗീയതയിലുമാണ്. താന്‍ നേതൃത്വം നല്‍കുന്ന സംവാദങ്ങളെ അതിതീവ്ര മതഭ്രാന്തിലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലും കൊണ്ടുപോയി കെട്ടാനുള്ള അങ്ങയുടെ സഹപ്രവര്‍ത്തകന്‍ ദാവൂദിന്റെ മിടുക്ക് സമ്മതിച്ച് കൊടുത്തേ മതിയാകൂ. പ്രമോദ് രാമന്‍ എന്ന താങ്കളുടെ പേര് സമര്‍ത്ഥമായി ദുരുപയോഗം ചെയ്താണ്, ഈ നെറികേടുകള്‍ അങ്ങ് കുഞ്ചികസ്ഥാനീയനായ 'ഇപ്പോഴത്തെ' മീഡിയാസ്ഥാപനം നടത്തുന്നത്. അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്...''(ഒക്ടോബര്‍ 17, 2024, എഫ്ബി, ഡോ. കെ ടി ജലീല്‍)
മീഡിയവണ്ണും മാധ്യമവും ഈ നാട് നശിപ്പിക്കും!
ഒക്ടോബര്‍ 17ാം തിയ്യതി മറുനാടന്‍ മലയാളി ചാനലിന് കെ.ടി ജലീല്‍ ഒരു അഭിമുഖം നല്‍കി. മാധ്യമം, മീഡിയാവണ്‍ ചാനലുകളെയും ജമാഅത്തെ ഇസ്‌ലാമിയെയും കുറിച്ചായിരുന്നു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. പല ലക്കങ്ങളിലായാണ് അഭിമുഖം എയര്‍ ചെയ്തത്. 2006ല്‍ തനിക്ക് പിന്തുണ നല്‍കിയ ജമാഅത്തെ ഇസ്‌ലാമി പിന്നീട് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചുവെന്നും അതോടെ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമിയെ മതരാഷ്ട്രവാദികളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂട്ടത്തില്‍ മാധ്യമവും മീഡിയാവണും നാടിനെ നശിപ്പിക്കുമെന്നുപോലും അദ്ദേഹം അഭിപ്രായപ്പെട്ടു:
''മുസ്‌ലിം സംഘടനകളില്‍ രാഷ്ട്രീയപാര്‍ട്ടിയുള്ളത് ജമാഅത്തെ ഇസ്‌ലാമിക്കാണ്. മറ്റാര്‍ക്കും രാഷ്ട്രീയ സംഘടനകളില്ല. 2006ല്‍ നിയമസഭയില്‍ മല്‍സരിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി വോട്ട് ചെയ്തിട്ടുണ്ട്. അന്നവര്‍ക്ക് പാര്‍ട്ടിയില്ല. ഇന്നവർ വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി വരുന്നതുവരെ അവര്‍ക്ക് ഇടതുലൈനായിരുന്നു. പ്രൊ ലെഫ്റ്റായിരുന്നു. എല്‍.ഡി.എഫില്‍ ഒരു ബെര്‍ത്ത് കിട്ടുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍ അവരുടെ രാഷ്ട്രീയപ്രവേശത്തോട് യോജിക്കാന്‍ ഇടുപക്ഷം തയ്യാറായില്ല. ലെഫ്റ്റ് ബ്ലോക്കില്‍ രക്ഷയില്ലെന്ന് അതോടെ അവര്‍ക്ക് മനസ്സിലായി. അങ്ങനെയാണ് യു.ഡി.എഫിനെ പിന്തുണച്ചത്. അവര്‍ക്ക് അവിടെ സീറ്റ് കിട്ടില്ല. കാരണം ലീഗിന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപത്തെ അംഗീകരിക്കാനാവില്ല. ജമാഅത്തിനെ ലീഗും അതിലെ പ്രധാന നേതാവായ സിഎച്ചും ഒരിക്കലും അംഗീകരിച്ചിട്ടില്ല. ലീഗുകാരെ ജമാഅത്തെ ഇസ്‌ലാമി മൈന്‍ഡ് സെറ്റുള്ളവരാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഇവരുടെ കൂടെ കൂടിയാല്‍ ഇവര്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുമെന്ന് സി.എച്ചിനറിയാമായിരുന്നു. അതുകൊണ്ടാണ് ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കുമിടയില്‍ അകല്‍ച്ച വേണമെന്ന് സി.എച്ച് തീരുമാനിച്ചത്. (...) ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യമാണ്. ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. മതരാഷ്ട്രീയം കൈകാര്യം ചെയ്യുന്നു മതരാഷ്ട്രീയത്തെ സെക്കുലര്‍ രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കലര്‍ത്തുന്നു(...) മാധ്യമവും മീഡിയാവണും മുസ്‌ലിം സമൂഹത്തിന്റെ മൈന്‍ഡ് സെറ്റ് രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നുവെന്ന ചിന്ത അവരുണ്ടാക്കിയതാണ്. മാധ്യമത്തെ അംഗീകരിക്കാത്ത, ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കാത്ത, ഇവരുടെ ചട്ടക്കൂടിനകത്തുനില്‍ക്കാത്ത, ഒരാള്‍ വളര്‍ന്നുവരരുത് എന്നാണ് ഇവര്‍ കരുതുന്നത്''(ജമാഅത്തെ ഇസ്‌ലാമിയെ ഭയക്കണം.. മീഡിയ വണ്ണും മാധ്യമവും ഈ നാട് നശിപ്പിക്കും....ഡോ.കെ ടി ജലീല്‍..., മറുനാടന്‍ മലയാളി, ഒക്ടോബര്‍ 17, 2024