ഈരാറ്റുപേട്ടയിലെ തീവ്രവാദപ്രവര്‍ത്തനവും കണ്ണൂരിലെ താലിബാനും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഇസ്‌ലാമോഫോബിക് രൂപകങ്ങളിലൊന്നാണ് താലിബാന്‍. കണ്ണൂരില്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ജന്മഭൂമിയില്‍ കാവാലം ശശികുമാര്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ സംഭവത്തെ 'കണ്ണൂരിലെ താലിബാന്‍' എന്നാണ് വിശേഷിപ്പിച്ചത് | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം 7 | islamophobiakerala| MediaoneShelf

Update: 2024-12-17 16:27 GMT
Advertising

ഈരാറ്റുപേട്ട ഏറെക്കാലമായി ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളുടെ ഇരയാണ്. ഈ പ്രചാരണങ്ങളുടെ കടക്കല്‍ കത്തിവയ്ക്കുന്ന ഒരു വിവരാവകാശരേഖ പുറത്തുവന്നിരിക്കുന്നു. അതനുസരിച്ച് ഈരാറ്റുപേട്ടയില്‍ പൊലീസും ഹിന്ദുത്വപ്രചാരകരും പ്രചരിപ്പിക്കുന്നതുപോലെ ശരാശരിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങളോ അതില്‍ കേസുകളോ ഇല്ല.

ഈരാറ്റുപേട്ടയെ ഒരു ക്രിമിനല്‍ കേന്ദ്രമായി ചിത്രീകരിക്കുന്നത് പുതിയ കാര്യമല്ല. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഈ രീതി പഴക്കമാണ്. എന്നാല്‍, പൊതുജനങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന ഈ പ്രചാരണം രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ രേഖകളിലും ഇടംപിടിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ. കാര്‍ത്തിക് ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2022 ഡിസംബര്‍ 22ന് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം, ക്രമസമധാന പ്രശ്‌നം എന്നീ കേസുകള്‍ ഈരാറ്റുപേട്ട സ്റ്റേഷനില്‍ വളരെയധികമാണെന്ന് രേഖപ്പെടുത്തിയതോടെയായിരുന്നു അത്. ഇതുമൂലം ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന് സ്ഥലം എറ്റടുക്കാന്‍ രണ്ട് വര്‍ഷം വൈകി. ജില്ലാ പൊലീസ് മേധാവിയുടെ ഈ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് നഗരസഭയില്‍ 2023 ഒക്ടോബര്‍ 13ന് കൂടിയ സർവകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്‌തെങ്കിലും ഒന്നും നടന്നില്ല.

ഈ സാഹചര്യത്തിലാണ് 2017 മുതല്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം, ക്രമസമാധാനം എന്നീ കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളും ആവശ്യപ്പെട്ട് ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ. മുഹമ്മദ് ഷരീഫ്, ഈരാറ്റുപേട്ട സ്‌റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന ബാബു സെബാസ്റ്റ്യന് 2023 ഒക്ടോബര്‍ 31ന് അപേക്ഷ നല്‍കിയത്.

 

2023 നവംബര്‍ ഏഴിന് വിവരവകാശ നിയമം വകപ്പ് 8 (ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഈ അപേക്ഷ നിരസിച്ചു. ഇതിനെതുടര്‍ന്ന് 2023 ഡിസംബര്‍ എട്ടിന് പാലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ജെ തോമസിന് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീല്‍ നല്‍കി. ഈ അപ്പീലും നിരസിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ഷെരീഫ് 2024 ജനുവരി 9ന് വിവരവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീലിലാണ് കേസുകളും എണ്ണവും കേസ് നമ്പരും തീയതിയും നല്‍കാന്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ് ഉത്തരവ് നല്‍കിയത്.

നല്‍കിയ മറുപടി അനുസരിച്ച് മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം എന്നീ കേസുകള്‍ 2017 മുതല്‍ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രമസമാധാന പ്രശ്‌നത്തില്‍ ഈ കാലയളവില്‍ എടുത്ത കേസുകള്‍ 69 എണ്ണം മാത്രമാണ്. ഈരാറ്റുപേട്ട നഗരസഭയും തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തലനാട് എന്നീ പഞ്ചായത്തുകളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന പരിധി (ഈരാറ്റുപേട്ടയില്‍ മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം: കേസുകള്‍ ഇല്ലെന്ന് പൊലീസ്, മാതൃഭൂമി, ഒക്ടോബര്‍ 24, 2024)

താലിബാന്‍ രൂപകം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഇസ്‌ലാമോഫോബിക് രൂപകങ്ങളിലൊന്നാണ് താലിബാന്‍. കണ്ണൂരില്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ജന്മഭൂമിയില്‍ കാവാലം ശശികുമാര്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ സംഭവത്തെ 'കണ്ണൂരിലെ താലിബാന്‍' എന്നാണ് വിശേഷിപ്പിച്ചത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ്​ ചടങ്ങില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ സംസാരിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. ആ വിഷയമാണ് ലേഖനം കൈകാര്യം ചെയ്തത്.

ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ: ''കണ്ണൂരിലെ താലിബന്‍ പാര്‍ട്ടി അവരങ്ങനെയാണ്. എതിരാളികളെ ശത്രുക്കളായി നിര്‍ണയിക്കും. അതൊരു ആശയമാക്കും. അതിനെ ആദര്‍ശമാക്കും. പിന്നെ അതാവിഷ്‌കരിക്കും. നടപ്പാക്കാന്‍ എല്ലാ മാർഗങ്ങളും സ്വീകരിക്കും. ശരിയാണെന്ന് സ്ഥാപിക്കാന്‍ ന്യായവും ആധികാരിക അടിത്തറയും സൃഷ്ടിക്കും. സ്വാഭാവിക നടപടിയാക്കാന്‍ പാകത്തില്‍ സമൂഹത്തില്‍ പ്രചരിപ്പിക്കും, അതില്‍ അഭിമാനം കൊള്ളും. അതിന് സാമാന്യജനത്തിന്റെയും പിന്തുണ നേടിയെന്ന് ഭാവിക്കും, തോന്നിപ്പിക്കും. ഭീകരപ്രവര്‍ത്തകരുടെ 'ന്യൂജനറേഷന്‍' വിഭാഗത്തില്‍പ്പെടുന്ന വിവിധ സംഘടനകളുടെ അടിത്തറയും മാതൃകയുമായ താലിബന്‍ ഭീകരരുടെ രീതിയെ ഏറ്റവും ചുരുക്കി വിവരിച്ചാല്‍ ഇങ്ങനെയാണ്.

 

അവര്‍ മതഗ്രന്ഥത്തെ ഇച്ഛാനുസരണം വ്യാഖ്യാനിച്ച് ഉണ്ടാക്കിയ ആശയം ആവിഷ്‌കരിക്കാന്‍ മേല്‍പ്പറഞ്ഞ നടപടികക്രമങ്ങളെയാണ് ആശ്രയിക്കുക. ശത്രുവിനെ വകവരുത്തും, അല്ല, അതിഭീതിദമായി, ദാരുണമായി, നീചമായി ആ ഉന്മൂലനം നടപ്പാക്കും, അവരുടെ ചരിത്രം അങ്ങനെയാണ്. സംഗീതം നിഷിദ്ധമാണ്, അത് സമൂഹത്തെ വഴിപിഴപ്പിക്കുന്നുവെന്ന് അവര്‍ പ്രഖ്യാപിക്കുന്നു, സംഗീതോപകരണങ്ങള്‍ പരസ്യമായി കോടാലികൊണ്ട് വെട്ടിക്കീറുകയോ മെഷീന്‍ ഗണ്ണുകൊണ്ട് 'അരിപ്പ'യാക്കുകയോ ചെയ്യും. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എല്ലായിടത്തും പ്രചരിപ്പിക്കും. പിന്നെയും ആരെങ്കിലും പാട്ടുംപാടി നടന്നാല്‍ കഥകഴിക്കും; കഴുത്തറുത്തായിരിക്കും. അതിനു മുമ്പ് പരസ്യ വിചാരണ നടത്തും. കുറ്റങ്ങള്‍ എണ്ണിപ്പറയും. ശിക്ഷ മാതൃകയാണെന്നും വിധി മാനിച്ചുകൊള്ളണമെന്നും വിവരിക്കും. സംഗീത നിശ്ശബ്ദതയില്‍ തുടങ്ങി ആത്മഹത്യ ചെയ്തുകൊള്ളണം അല്ലെങ്കില്‍ കുരലറക്കും. കഥകഴിച്ചിട്ട് അവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഹ്ലാദിക്കും. താളത്തിലായിരിക്കും തോക്കുകള്‍ അട്ടഹസിക്കുക. ഈണത്തിലായിരിക്കും അവര്‍ മുദ്രാവാക്യം വിളിച്ച് വിജയം പൊഴിക്കുക, അവരുടെ ഉല്ലാസച്ചാട്ടത്തിന് നൃത്തത്തിന്റെ രീതിയും ലയവും ഉണ്ടായിരിക്കും. അവര്‍ അറിയുന്നില്ല, അതും ഈണവും താളവും ഉള്ള കലാപ്രകടനം തന്നെയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പരസ്പരം വെടിവെച്ച് സ്വയം തീര്‍ന്നേനെ. (കണ്ണൂരിലെ താലിബാന്‍ രീതി, കാവാലം ശശികുമാര്‍, ജന്മഭൂമി, ഒക്ടോബര്‍ 20, 2024).

യഥാര്‍ത്ഥത്തില്‍ താലിബാനുമായോ മുസ് ലിംകളുമായോ ഒരു ബന്ധവുമില്ലെങ്കിലും മുസ് ലിംവിരുദ്ധ രൂപകങ്ങള്‍ ഉപയോഗിക്കുന്ന പല രീതികളില്‍ ഒന്നാണ് ഇത്.

ഇസ്ലാമിക ഫണ്ടിങ്

പ്രതിഷേധങ്ങളെ ഇസ് ലാമാഫോബിക് ആരോപണങ്ങളുയര്‍ത്തി നേരിടുന്ന രീതി അപൂര്‍വമല്ല. വാര്‍ത്തകളില്‍ ഇടംപിടിക്കാറില്ലെങ്കിലും തലങ്ങും വിലങ്ങളും അതുണ്ടാവുന്നുണ്ട്. കണ്ണൂര്‍ എഡിഎം ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ഫേസ് ബുക്കിലൂടെ തന്റെ ദുഃഖം പങ്കുവച്ച കേരള പൊലീസിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്ന്​ അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയുണ്ടായി. മേലധികാരികളുടെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്തതുകൊണ്ട് അദ്ദേഹത്തെ അര്‍ബന്‍ നക്‌സലെന്നും ഇസ് ലാമിസ്റ്റുകളുടെ ഫണ്ട് കൊണ്ട് ജീവിക്കുന്നയാളെന്ന് ആക്ഷേപിക്കുകയും ചെയ്‌തെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്:

''മറ്റൊരു നാട്ടില്‍നിന്ന് വന്ന് ജോലി ചെയ്യേണ്ടി വരുന്ന ഒരാള്‍ തങ്ങളുടെ താളത്തിന് തുള്ളുന്നയാളല്ലെങ്കില്‍ അയാളെ കള്ളനോ കൊള്ളരുതാത്തവനോ ആയി ചിത്രീകരിക്കാന്‍ എളുപ്പമാണ്. ആറന്മുളയില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ തോന്നിവാസങ്ങളെ നമ്മള്‍ ചോദ്യം ചെയ്തു തുടങ്ങുകയും കുറച്ച് പൊലീസുകാര്‍ നമ്മളെ സുഹൃത്തായി കണ്ടു തുടങ്ങുകയും ചെയ്തപ്പോള്‍ മീറ്റിംഗ് വിളിച്ച് 'അവന്‍ അര്‍ബന്‍ നക്‌സലൈറ്റ് ആണ്, അവനെ സപ്പോര്‍ട്ട് ചെയ്താല്‍ നിങ്ങള്‍ പെടും.' എന്ന് ഭയപ്പെടുത്താന്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒരു ഉളുപ്പുമുണ്ടായില്ല.

ഇന്‍സ്‌പെക്ഷന്‍ പരേഡിന് വന്ന ഡിവൈഎസ്പിയുടെയും പ്രധാന ക്ലാസ് അതായിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഫണ്ട് കൊണ്ടാണ് ഞാന്‍ ജീവിക്കുന്നതെന്ന് വേറൊരു ഏമാന്റെ രഹസ്യവിവരം! ഒറ്റപ്പെടുത്താനും വേട്ടയാടാനും നമ്മളെ അറിയുന്ന സഹപ്രവര്‍ത്തകര്‍ കൂട്ടുനില്‍ക്കാത്തതു കൊണ്ട് അവധി തരാതെയും ശമ്പളം തരാതെയും ദ്രോഹിക്കാനും പിരിച്ചുവിടാനുള്ള നടപടി തുടങ്ങാനുമേ ഏമാന്മാര്‍ക്ക് പറ്റിയുള്ളൂ.

ഗതികെട്ട ദിവസങ്ങളില്‍ ഞാന്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ എന്തായിരിക്കും 'ഇന്നത്തെ ഞാന്‍' എന്ന് എനിക്ക് നന്നായറിയാം. സൊസൈറ്റി ലോണുകളുള്ളത് കൊണ്ട് 'കടബാധ്യത'യും നടപടികള്‍ നേരിടുന്നത് കൊണ്ട് 'മനോവിഷമവും' സിംപിളായി മരണകാരണങ്ങളില്‍ വരും. പിന്നെ മാവോയിസ്റ്റെന്നും അര്‍ബന്‍ നക്‌സലൈറ്റെന്നും ചാപ്പയടിക്കും. ചില കൂലിക്കാരെക്കൊണ്ടും ശിങ്കിടികളെക്കൊണ്ടും എനിക്കെതിരെ കൊടുപ്പിച്ച വ്യാജ പരാതികള്‍ കൊണ്ടാടും. (മദ്യലഹരിയില്‍ പിരിവു കാരന്റെ ബാഗ് തട്ടിപ്പറിച്ചു, വഴിയില്‍ ആക്‌സിഡന്റ് കണ്ടു നിന്ന സ്ത്രീയെ ' നീയാരാടീ ???????? മോളേ ഇവിടെ നില്‍ക്കാന്‍' എന്ന് തെറിവിളിച്ചു ആക്രമിക്കാന്‍ ചെന്നു എന്നൊക്കെ പരാതികളെഴുതി ഒപ്പിടുവിച്ചതും പാവം പൊലീസുകാര്‍ തന്നെ! അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വാലാട്ടികളല്ലാത്തത് കൊണ്ട് മാത്രം സത്യസന്ധമായി റിപ്പോര്‍ട്ട് കൊടുത്തു.') നാലു ദിവസം കൊണ്ട് വ്യാജ പ്രചാരണം നടത്തി കുടുംബത്തെ പോലും നശിപ്പിച്ചിട്ടുണ്ടാവും.''(ഉമേഷ് വള്ളിക്കുന്ന്, എഫ്ബി, ഒക്ടോബര്‍ 17, 2024).

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News