ഭാഷയുടെ കടന്നുവരവില്‍ സമുദ്ര സഞ്ചാരങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് - ഡോ. അഭിലാഷ് മലയില്‍

അകലത്തിലാണെങ്കിലും അടുപ്പമുള്ള ഒന്നായി കടലിന്റെ പിരിശം എന്ന് പറയുന്നത് മനുഷ്യര്‍ തമ്മിലുള്ള പിരിശമായി മാറുന്നതിന്റെ ആഖ്യാനമാണ് നമ്മളിപ്പോള്‍ കാണുന്നത്. | MLF 2023 | റിപ്പോര്‍ട്ട്: ഫാത്തിമ റിന്‍ഷ

Update: 2023-12-03 09:26 GMT
Advertising

മലബാറിന്റെ കടലുമായിട്ടുള്ള ബന്ധത്തെ സംബന്ധിച്ചുള്ള പഠനങ്ങളുടെ ചെറിയ ഒരു നിരീക്ഷണമാണിത്. ആദ്യകാല ചരിത്ര പണ്ഡിതന്മാരുടെ പഠനങ്ങളിലെല്ലാം 'കടല്‍' വലിയൊരു തടസ്സമായിട്ടാണ് സങ്കല്‍പിച്ചിട്ടുള്ളത്. 1950കളോട് കൂടി മലബാര്‍ പ്രദേശത്തിന്റെ ചരിത്രം കടല്‍ സംഘര്‍ഷത്തെ അടിസ്ഥാനമാക്കി പഠിക്കാന്‍ ഉള്ള ശ്രമം ഉണ്ടായിട്ടുണ്ട്. കെ.എന്‍ പണിക്കര്‍ തുടങ്ങിയിട്ടുള്ള ആളുകള്‍ മലബാറിന്റെ ചരിത്രത്തെ കടലുമായി ബന്ധപ്പെട്ട, കടലിനെ ആധാരമാക്കിയിട്ടുള്ള ചില സംഘര്‍ഷങ്ങളെ വിശകലനത്തിലും വിശദീകരണത്തിലും ഊന്നിക്കൊണ്ട് പഠിക്കാന്‍ തുടങ്ങി.

കച്ചവടത്തിന്റെ ചരിത്രവും, പ്രത്യേകിച്ച് യൂറോപിന്റെ ചരിത്രവും - കെ.എസ് മാത്യു തുടങ്ങിയ ഒരു പ്രത്യേക തരം 'സ്‌കൂള്‍' എന്ന നിലയില്‍ ഒക്കെ - വിശദീകരിക്കാന്‍ കഴിയുന്ന ഒരു ചരിത്ര രചനാരീതി മലബാറിന്റെ കടല്‍ ബന്ധങ്ങളെ കൊണ്ട് രൂപം കൊള്ളുന്നു. മലബാര്‍ എന്നുള്ള വളരെ ചുരുങ്ങിയ പ്രാദേശികതയില്‍ നിന്നുകൊണ്ട് കടലുമായുള്ള വ്യവഹാരത്തെ കാണാനുള്ള ശ്രമമായിരുന്നു നടന്നത്. ആ ശ്രമത്തിന്റെ അടിസ്ഥനത്തില്‍ മലബാര്‍ എന്ന ഒരു സവിശേഷമായ, നിശ്ചിതമായൊരു സ്ഥലപരിധിയില്‍ നിന്ന് കൊണ്ട് ഈ കടല്‍ വ്യവഹാരങ്ങളെ മനസിലാക്കുക, കച്ചവടങ്ങള്‍ മനസിലാക്കുക എന്നുള്ളതായിരുന്നു. മലബാര്‍ എന്ന സ്ഥലപരിധിക്കകത്തു നിന്ന് കൊണ്ട് ഒരു തരം 'provinciality' എന്ന സ്വഭാവത്തെ ആധാരമാക്കി കൊണ്ട് ഈ കടല്‍ വ്യവഹാരത്തെ പഠിക്കുന്ന, അന്വേഷിക്കുന്ന ഗവേഷണം നടത്തുന്ന ഒരു രീതിക്ക് വലിയ തലത്തിലുള്ള മാറ്റം ഈ അടുത്തകാലത്തായിട്ട് വന്നിട്ടുണ്ട്. മലബാറിന്റെ ചരിത്രം ലിസ്ബനില്‍ നിന്നും, ബംഗാളില്‍ നിന്നും നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നും പഠിക്കാം. നമ്മുടെ പാറപ്പള്ളിയിലും മറ്റും ഉറങ്ങിക്കിടക്കുന്നത് ഈ പറയുന്ന ആഫ്രിക്കയില്‍ നിന്നും വന്നിട്ടുള്ള മനുഷ്യരാണ്. കേരളാതീരം മുതല്‍ വെസ്റ്റ് ബംഗാള്‍ വരെ നീണ്ടു കിടക്കുന്ന തീര പ്രദേശങ്ങള്‍ അറേബ്യന്‍ വ്യവഹരങ്ങളുമായി ചേര്‍ത്തു നോക്കുമ്പോള്‍ ഇതിന്റെ ഒരുപാട് പ്രതിഫലനങ്ങള്‍ ഭാഷകളില്‍ ഉളളതായി കാണാന്‍ സാധിക്കും. ഇന്തോനേഷ്യന്‍ സഹവാസങ്ങളുടെ ഫലമായിട്ട് നിരവധി ഭാഷാ രൂപങ്ങളും, ലിപി രൂപങ്ങളും രൂപപ്പെട്ടു വന്നിട്ടുണ്ട്.

യൂറൊ സെന്റ്രിക്കായിട്ടുള്ള യൂറോപ്യന്‍മാരുടെ അബദ്ധങ്ങള്‍ മുഴുവനും പുറത്ത് കൊണ്ടുവാരാന്‍ യഥാര്‍ഥത്തില്‍ യൂറോപ്യന്മാര്‍ തന്നെ ആവിഷ്‌കരിച്ച ഒരു പരിപാടിയാണ് ഇന്തോ-ഓഷ്യന്‍ സ്റ്റഡീസ്. യൂറോപ്യന്മാര്‍ കെട്ടിപ്പൊക്കിയ ഒരുപാട് ധാരണകള്‍, നമ്മെക്കൊണ്ട് വിശ്വസിപ്പിച്ച ഒരുപാട് അസത്യങ്ങള്‍ ശരിയല്ല എന്ന് പറയാനുള്ള ആര്‍ജവം യഥാര്‍ഥത്തില്‍ ഇന്തോ-ഓഷ്യന്‍ സ്റ്റഡീസില്‍ സാധിച്ചു. യൂറോപ്യന്‍മാര്‍ നമ്മളെ ഇപ്പോഴും പഠിപ്പിക്കുന്നത്, അവരാണ് എല്ലാം കണ്ടുപിടിച്ചതെന്നാണ്. അതിനുമുന്‍പ് ഒരു കണ്ടുപിടിത്തം ഉണ്ടായിട്ടില്ലാ എന്നുമാണ്. ഇംഗ്ലീഷില്‍ 'ALPHABET' എന്ന് പറയുമ്പോള്‍ അലിഫ്, ബാ, ത്താ എന്ന അക്ഷരങ്ങള്‍ ചേര്‍ന്നതാണ്. ഒരുപാട് കണ്ടുപിടുത്തത്തിന്റെ ഉത്ഭവം മധ്യപൂര്‍വദേശത്തില്‍ നിന്നുമാണ്. ഭാഷകള്‍ എല്ലാം കൂടിക്കലര്‍ന്നതാണ്. ഭാഷയുടെ കടന്നു വരവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സഞ്ചാരം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന 'മലബാറിന്റെ കടല്‍വിനിമയങ്ങള്‍'എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിച്ചതിന്റ സംക്ഷിപ്തരൂപം.

തയ്യാറാക്കിയത്: ഫാത്തിമ റിന്‍ഷ

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റിന്‍ഷ ഫാത്തിമ

Media Person

Similar News