ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അദാനിയുടെ വീഴ്ചയും

അദാനി പ്രതിസന്ധിയോട് സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. പ്രതിസന്ധി കനക്കുകയാണെങ്കില്‍ പല പൊതുമേഖല ബാങ്കുകളേയും എല്‍.ഐ.സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളേയും അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

Update: 2023-01-29 05:44 GMT

ഹര്‍ഷദ് മേത്ത, ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിന്റെ സൂത്രധാരന്‍. സെബിയെന്നാരു ഏജന്‍സി ശക്തമായ ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായത് മേത്തയുടെ തട്ടിപ്പിന് പിന്നാലെയായിരുന്നു. 1990കളില്‍ നരസിംഹ റാവുവിന്റെ ഭരണകാലത്ത് നടത്തിയ തട്ടിപ്പിന് ശേഷം ഇന്ത്യന്‍ വിപണി സമാനമായ അവസ്ഥയിലേക്ക് അതിവേഗം കൂപ്പുകുത്തുകയാണോയെന്ന സംശയം ഉയര്‍ത്തുന്നതാണ് ലോക പ്രശസ്ത ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗൗതം അദാനിയെന്ന വ്യവസായിയാണ് ഇത്തവണ പ്രതിക്കൂട്ടില്‍. ഗൗരവമായ കാര്യങ്ങളാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്. ഓഹരിയിലെ കൃത്രിമം മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ വരെ ഗുരുതരമായ ആരോപണങ്ങള്‍ അദാനിക്കെതിരെ അവര്‍ ഉയര്‍ത്തുന്നു. കഴമ്പില്ലാത്ത ആരോപണങ്ങളെന്ന് പതിവ് ന്യായത്തില്‍ കടിച്ചുതൂങ്ങി പ്രശ്‌നം ലഘൂകരിക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ലെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്

ഉയരുന്നത് ഗൗരവമായ ആരോപണങ്ങള്‍

രണ്ട് വര്‍ഷത്തെ ആധികാരികമായ അന്വേഷണത്തിനൊടുവിലാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴ് കമ്പനികളുടെ മൂല്യം മൂന്ന് വര്‍ഷത്തിനുള്ളില്‍ 819 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും ഇതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നുമാണ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി ഗ്രൂപ്പിലെ തന്നെ മുന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും ഏജന്‍സി പറയുന്നു. ഓഹരികള്‍ ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തോതില്‍ അദാനി പണം കടമെടുത്തിട്ടുണ്ടെന്നും ഇത്രത്തോളം വായ്പകള്‍ക്കുള്ള അര്‍ഹത കമ്പനിക്കില്ലെന്നും സ്ഥാപനം സമര്‍ഥിക്കുന്നു. ഇതിനൊപ്പം പൂര്‍ണമായും ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് കമ്പനിയെന്നും ഇതും പ്രശ്‌നമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റൊന്ന് കടലാസ് കമ്പനികളെ കുറച്ചാണ്. അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ് മൗറീഷ്യസിലും കരീബിയന്‍ രാജ്യങ്ങളിലുമുള്ള കടലാസ് കമ്പനികള്‍ക്ക് പിന്നിലെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. ഇയാളുടേയും അടുത്ത അനുയായികളുടേയും പേരില്‍ മൗറീഷ്യസില്‍ 38ഓളം കമ്പനികളാണുള്ളത്. ഒരു പ്രവര്‍ത്തനവുമില്ലാത്തതാണ് കമ്പനികളെന്നും ഇവക്ക് കൃത്യമായ മേല്‍വിലാസമോ വെബ്‌സൈറ്റോ പോലുമില്ലെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ഓഹരികളില്‍ കൃത്രിമം കാണിക്കലാണ് ഈ കമ്പനികളുടെ പ്രാഥമിക ചുമതല. കളളപ്പണം വിവിധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലെ അദാനി ഗ്രൂപ്പിന്റെ കമ്പനികളിലേക്ക് എത്തിക്കലും കടലാസ് കമ്പനികള്‍ വഴിയാണ് നടത്തുന്നത്. ഇത്തരത്തില്‍ എത്തിക്കുന്ന പണമാണ് വലിയ രീതിയില്‍ തകര്‍ന്നകിടക്കുന്ന കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. പിന്നീട് ഈ കമ്പനികളെ ഉപയോഗിച്ച് വലിയ രീതിയില്‍ വായ്പ നേടിയെടുക്കുകയും ചെയ്യുന്നു.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളെ കുറിച്ചും ഗൗരവതരമായ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്നുണ്ട്. വിദേശഫണ്ടുകളായ എലാറ, മൊന്റിറോസ പോലുള്ളവയുടെ അദാനി ഗ്രൂപ്പിലെ നിക്ഷേപങ്ങള്‍ സംശയാസ്പദമാണെന്നും ഏജന്‍സി പറയുന്നു. അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തില്‍ നേരത്തെ തന്നെ സെബി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചില്‍ പരാമര്‍ശമുണ്ട്.

അദാനി: മോദിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ച വ്യവസായി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഗൗതം അദാനിയുടെ സൗഹൃദം പരസ്യമായ രഹസ്യമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെയാണ് അദാനിയുടെ വളര്‍ച്ച തുടങ്ങുന്നത്. 2002ലെ ഗുജറാത്ത് കലാപാനന്തരം ലോകത്തിന് മുന്നില്‍ നാണംകെട്ട മോദിയുടെ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാന്‍ സഹായിച്ചത് ഗൗതം അദാനിയായിരുന്നു. കലാപത്തിന് ശേഷം 2003ല്‍ നിക്ഷേപക സംഗമം നടത്തിയായിരുന്നു വ്യവസായികള്‍ക്കിടയില്‍ നഷ്ടമായ വിശ്വാസ്യത അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി തിരികെ പിടിച്ചത്. ഈ നിക്ഷേപക സംഗമത്തിനായി വ്യവസായികളുടെ കൂട്ടായ്മയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അദാനിയായിരുന്നു.

മോദി അധികാരത്തിലുള്ളപ്പോള്‍ തന്നെയാണ് അദാനിയുടെ മുന്ദ്ര തുറമുഖം വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ തുറമുഖത്തിന്റെ സുഗമമായ നടത്തിപ്പിന് അദാനിയെ സഹായിച്ചിരുന്നു. പിന്നീട് നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് അനുസൃതമായിരുന്നു അദാനിയുടെ നിക്ഷേപങ്ങള്‍. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വികസനമായിരുന്നു മോദി ലക്ഷ്യമിട്ടത്. കൃത്യമായി ആ മേഖലയില്‍ തന്നെ അദാനി നിക്ഷേപിച്ചു. പിന്നീട് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ചപ്പോഴും അദാനിക്കായി ചട്ടങ്ങളില്‍ മോദി വെള്ളം ചേര്‍ത്തുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പക്ഷേ, ആരോപണങ്ങളുടെ മലവെള്ളപാച്ചിലുണ്ടായപ്പോഴും ഇതുസംബന്ധിച്ച് ഒരു പ്രതികരണം പോലും നടത്താന്‍ മോദിയോ അദാനിയോ തയാറായില്ല.


പാര്‍ലമെന്റില്‍ അദാനിയുമായി ബന്ധപ്പെട്ട ചോദ്യമുയര്‍പ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് സ്വകാര്യമേഖല അനിവാര്യമാണെന്നായിരുന്നു മോദിയുടെ പ്രതികരണം. ഇപ്പോള്‍ വീണ്ടും ആരോപണമുനയിലേക്ക് അദാനി വരുമ്പോള്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പരസ്യമായ പ്രതികരണത്തിനൊന്നും കേന്ദ്രം മുതിര്‍ന്നിട്ടില്ല.

പഠനം പാതിവഴിയില്‍ നിര്‍ത്തി കച്ചവടത്തിലേക്ക്

1980കളുടെ തുടക്കത്തില്‍ കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഗൗതം അദാനി മുംബൈയിലേക്ക് വണ്ടികയറുന്നത്. വജ്രവ്യാപാരത്തില്‍ ഭാഗ്യപരീക്ഷണം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, മഹാനഗരം തുണച്ചില്ല. സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്ക് തന്നെ തിരികെ പോരാനായിരുന്നു അദാനിയുടെ വിധി. പിന്നീട് സഹോദരനെ പ്ലാസ്റ്റിക് വ്യവസായത്തില്‍ സഹായിക്കുകയായിരുന്നു നിയോഗം. 1988 വരെ പ്ലാസ്റ്റിക് വ്യവസായത്തിന്റെ കളങ്ങളില്‍ ഒതുങ്ങി നിന്ന അദ്ദേഹം പിന്നീട് അദാനി എന്റര്‍പ്രൈസസ് രൂപീകരിച്ചു. കമ്മോഡിറ്റി ട്രേഡിങ്ങില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ഒരു പതിറ്റാണ്ട് കാലം കാര്യമായ ചലനങ്ങള്‍ വ്യവസായ ലോകത്ത് അദാനി സൃഷ്ടിച്ചില്ല. 1998ല്‍ മുന്ദ്ര പോര്‍ട്ട് ഏറ്റെടുത്താണ് വ്യവസായലോകത്തെ അദാനിയെത്തുന്നത്. 2010ലാണ് അദാനിയെന്ന പേര് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുകേട്ടത്. ആസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി തുടങ്ങിയായിരുന്നു അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എന്നാല്‍, നീക്കത്തിനെതിരെ പരിസ്ഥിതിവാദികള്‍ രംഗത്ത് വന്നു. ഗ്രേറ്റ തുന്‍ബെര്‍ഗ് അടക്കമുള്ളവര്‍ സ്റ്റോപ്പ് അദാനി കാമ്പയിനിന് തുടക്കം കുറിച്ചു. പക്ഷേ, തോറ്റ് പിന്മാറാന്‍ അദാനി ഒരുക്കമായിരുന്നില്ല. ഒടുവില്‍ ആസ്‌ട്രേലിയയിലും അദാനിയുടെ താല്‍പര്യങ്ങള്‍ വിജയിച്ചു.


അദാനി എന്റര്‍പ്രൈസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സെസ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങി ആകെ 250 ഡോളറിന് മുകളില്‍ മൂല്യമുള്ള കമ്പനികളാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. അദാനി ഗ്രൂപ്പ് നേരിടുന്ന കടുത്ത കടബാധ്യതയെ സംബന്ധിച്ച് റേറ്റിങ് ഏജന്‍സികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വായ്പ നിരീക്ഷണ ഏജന്‍സിയായ ക്രെഡിറ്റ് സൈറ്റ്‌സാണ് അദാനിയുടെ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ച ആശങ്ക പങ്കുവെച്ചത്. ഏകദേശം 24 ബില്യണ്‍ ഡോളര്‍ അദാനി വിവിധ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തുവെന്നാണ് കണക്ക്. ബാങ്കുകളിലെ വായ്പയും അകമഴിഞ്ഞ ഭരണകൂട പിന്തുണയുമാണ് പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ അദാനിക്ക് സഹായകമാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇതിനൊത്ത സൂക്ഷ്മമായ മൂലധനസമാഹരണവും ധനവിനിയോഗവും ഇല്ലെന്നാണ് ക്രെഡിറ്റ് സൈറ്റ്‌സ് വ്യക്തമാക്കുന്നത്. ഇത് സാധൂകരിക്കും വിധമുള്ള റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ടിരിക്കുന്നത്.

വരും ദിവസങ്ങളില്‍ അദാനി പ്രതിസന്ധിയോട് സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. പ്രതിസന്ധി കനക്കുകയാണെങ്കില്‍ പല പൊതുമേഖല ബാങ്കുകളേയും എല്‍.ഐ.സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളേയും അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - വിഷ്ണു ജെ.

Media Person

Similar News