മലബാറിനെ വീണ്ടെടുക്കുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
അധികാരത്തിന്റെ അധീശത്വ ഭാവനകള്‍ നിലനില്‍ക്കുന്ന സമകാലിക കാലഘട്ടത്തില്‍, ചരിത്രത്തെക്കുറിച്ച് ആലോചിക്കാന്‍ നമ്മുടെ ശുഷ്‌കമായ ചട്ടക്കൂടിന് പുറത്ത് കടക്കേണ്ടതുണ്ട്. ദക്ഷിണാര്‍ദ്ധ ലോകത്തെയും തദ്ദേശീയ ഭാവനകളെയും അവമതിക്കുന്ന കൊളോണിയല്‍ ആധുനികതയുടെ നിരന്തരമായ അക്കാദമിക്ക് വ്യായാമങ്ങളെ അതിജീവിക്കുന്ന ഒന്നാണ് ഈ നവസംരംഭം.
ചരിത്രപരമായ സമ്പന്നതയ്ക്കും സാംസ്‌കാരിക ഭാവുകത്വത്തിനും സര്‍വജനീയമായ ചാരുതയ്ക്കും പേരുകേട്ട ഒരു തീരപ്രദേശമാണ് കേരളത്തിലെ മലബാര്‍. കേവലമൊരു ഭൂവിവരണപരമായ സ്ഥാനമെന്ന ആശയത്തെ മറികടന്നുകൊണ്ട്, പ്രാദേശിക വികാരങ്ങളെയും, ആഴത്തിലുള്ള ചരിത്രാഖ്യാനങ്ങളെയും, സാംസ്‌കാരിക വൈവിധ്യങ്ങളെയുമൊക്കെ പ്രസ്തുത പ്രദേശം ശരീരമാക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന മലബാറിന്റെ ചരിത്രാഖ്യാനങ്ങളില്‍, വ്യത്യസ്ത സഞ്ചാരികളും, വ്യാപാരികളും, കുടിയേറ്റക്കാരും, പണ്ഡിത കേസരികളും, എന്തിന് അധിനിവേശം ശക്തികള്‍ വരെ കടന്നുവരുന്നു.
സാംസ്‌കാരിക-വ്യാപാര കൈമാറ്റത്തിന്റെ സുപ്രധാന കേന്ദ്രമായിരുന്ന മലബാര്‍, ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളെ അറബ് ലോകവുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന നിര്‍ണായക കണ്ണിയായി പ്രവര്‍ത്തിച്ചു. സന്ദര്‍ശകരും പ്രാദേശികരും തമ്മിലുള്ള ശാശ്വതമായ വ്യാപാര-സാംസ്‌കാരിക ബന്ധങ്ങളെ വിവരിക്കുന്ന വൈവിധ്യമാര്‍ന്ന സഞ്ചാര വിവരണങ്ങള്‍, പലപ്പോഴും അവയെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകളെ അസ്പഷ്ടമാക്കുന്നുണ്ട്. കൊളോണിയല്‍ അധിനിവേശത്തിനെതിരെ നടന്ന സായുധ പോരാട്ടത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സാഹിത്യ പൈതൃകവും ഇവിടെ ഉത്ഭവിച്ചു. മലബാറിന്റെ സാഹിത്യ പാരമ്പര്യമെന്നു പറയുന്നത് ഒന്നിലധികം ഭാഷാ വംശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന മികവുറ്റ ഒന്നാണ്. കോഴിക്കോടിന്റെ കടല്‍ത്തീരത്ത് അരങ്ങേറിയ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മലബാറിന്റെ ചരിത്ര സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രദര്‍ശിപ്പിക്കാനും പരിശോധിക്കാനുമുള്ള സുസമര്‍പ്പിതമായ സംരംഭത്തെ പ്രതിനിധീകരിക്കുന്ന ഒന്നായിരുന്നു. കൂടാതെ, കായല്‍പ്പട്ടണം, ലക്ഷദ്വീപ്, ശ്രീലങ്ക, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍, ഹദ്‌റമൗത്ത്, ഹിജാസ്, മലായ്, ആഫ്രിക്ക തുടങ്ങിയ മലബാറുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന വിദൂര ദേശങ്ങളെയും കടല്‍ത്തീരങ്ങളെയും ഒന്നിപ്പിക്കുന്ന സങ്കലന വേദിയായി കോഴിക്കോട് മാറി. കേരളത്തിന്റെ പൊതു വ്യാവഹാരിക ലോകത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന മാപ്പിള, ദലിത്, ആദിവാസി ഉപവിഭാഗങ്ങളുടെ വ്യവഹാരങ്ങളും ഇടപെടലുകളും വളര്‍ത്തിയെടുക്കുക എന്നതായിരുന്നു സംഘാടകരുടെ മുഖ്യലക്ഷ്യം. പ്രസ്തുത ലക്ഷ്യത്തിലൂന്നി കൊണ്ടുള്ള വിവിധ സെഷനുകളായിരുന്നു ഫെസ്റ്റിവലിനെ വര്‍ണ്ണാഭമാക്കിയത്.
എരി, പ്യന്താള്‍, ചോരപ്പരിശം, ഒടിയന്‍ തുടങ്ങിയ മലബാര്‍ ദലിതാഖ്യാനങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയിലൂടെയാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. തുടര്‍ന്ന്, ഗുരുവിന്റെ ചിന്താ ലോകവും ബേവിഞ്ചയുടെ സാഹിത്യലോകവുമൊക്കെ സദസ്സുകളിലേക്ക് കടന്നു വന്നു. 1921നു ശേഷം മലബാറിനെ കേന്ദ്രീകരിച്ചുകൊണ്ട് രൂപപ്പെട്ട കൊളോണിയല്‍ ആഖ്യാനങ്ങളെയും മുഖ്യധാര സമീപനങ്ങളെയും സംബന്ധിച്ചാണ് പ്രശസ്ത ചരിത്രകാരന്‍ എം.ടി അന്‍സാരി നേതൃത്വം നല്‍കിയ സെഷന്‍ കൈകാര്യം ചെയ്തത്. മലബാര്‍ സമരം വിഭാവന ചെയ്യുന്ന രാഷ്ട്രീയ കര്‍തൃത്വത്തെയും പരമാധികാര സങ്കല്‍പ്പത്തെയും സംബന്ധിച്ച് വിശദീകരിച്ച ഡോ. പി.കെ സാദിഖും, മതത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള മുഖ്യധാര ദുര്‍വ്യാഖ്യാനങ്ങളുടെ കാപട്യത്തെ വെളിവാക്കിയ ടി.ടി ശ്രീകുമാറും പ്രസ്തുത സെഷനെ കൂടുതല്‍ ശ്രദ്ധേയമാക്കി. സമകാലിക കാലഘട്ടത്തില്‍ രൂപപ്പെട്ടുവന്ന മലബാര്‍ പോപ്പ് കള്‍ച്ചര്‍, സംഗീത ലോകത്ത് സൃഷ്ടിച്ച പുതിയ മാറ്റങ്ങളെ സംബന്ധിച്ചാണ് മുഹമ്മദ് അഫ്‌സലും മേന മേലത്തും സംവദിച്ചത്. വരേണ്യ ആഖ്യാനങ്ങളില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് അരികുവല്‍കൃത ജനവിഭാഗങ്ങളുടെ ജീവിതത്തെ മുഖ്യ വിഷയകമാക്കി മലയാളസാഹിത്യ ലോകം സൃഷ്ടിക്കുന്ന പുതിയ ഭാവന ഭൂപടങ്ങളെ സംബന്ധിച്ചാണ് അജയ് മാങ്ങാട്ടും ഫ്രാന്‍സിസ് നൊറോണയുമെല്ലാം വാചാലരായത്.
മധ്യകാലഘട്ടങ്ങളില്‍, യമനിലെ ഹദ്റമൗത്ത്, മാലായ് പോലുള്ള പ്രദേശങ്ങളുമായി മലബാര്‍ പുലര്‍ത്തിയിരുന്ന സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക കൈമാറ്റങ്ങളെ മുന്‍നിര്‍ത്തിയാണ് മുഖ്യാതിഥിയായെത്തിയ പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞന്‍ Engseng Ho സംവദിച്ചത്. ഇന്നും മലബാറിന്റെ പ്രാദേശിക സ്വാധീനങ്ങള്‍ പ്രസ്തുത പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ആളുകളുടെ സഞ്ചാരത്തിലൂടെ ഉണ്ടാകുന്ന സാമൂഹികവും എക്കാളജിക്കലുമായ മാറ്റത്തെ എവ്വിധമാണ് മലബാര്‍ സാംശീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കടല്‍ സഞ്ചാരങ്ങളെ പരിഗണിക്കുന്നതില്‍ സാമൂഹ്യശാസ്ത്രജ്ഞന്‍ നിലനിര്‍ത്തി പോകുന്ന അലസതയെ വിമര്‍ശന വിധേയമാക്കി കൊണ്ടാണ് അഭിലാഷ് മലയില്‍ മലബാറിന്റെ കടല്‍ വിനിമയങ്ങളുടെ ചരിത്ര ഏടുകളെ മുന്നോട്ടുവച്ചത്. കടല്‍ സംബന്ധിയായ തദ്ദേശ ചരിത്രങ്ങള്‍, വാമൊഴി ചരിതങ്ങള്‍ പോലുള്ളവയുടെ ഭാവന ലോകത്തിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
ഇന്ത്യയുടെ ജാതീയ പരിസരത്തെ കുലങ്കഷമായി വിമര്‍ശന വിധേയമാക്കിയ ഡോ. ബി.ആര്‍ അംബേദ്കറുടെ രാഷ്ട്രീയ സമീപനങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഡോ. അജയ് ശേഖറും കെ.കെ ബാബുരാജും സംവദിച്ചു. പ്രതിനിധാനങ്ങളെക്കാളുപരി ദലിത് ഉള്‍ക്കൊള്ളിക്കലിനെ വിഭാവന ചെയ്യുന്ന ഒന്നായി മുഖ്യധാര ദൃശ്യാവിഷ്‌കാരങ്ങള്‍ മാറേണ്ടതുണ്ടെന്ന് ഡോ. ഷൈമ പി വ്യക്തമാക്കി. പ്രതിസ്ഥാനത്ത് ഒരു വാര്‍പ്പു മാതൃകയെ അഭിമുഖീകരിച്ചുകൊണ്ട് രൂപപ്പെടേണ്ട ഒന്നല്ല കലാസൃഷ്ടികളെന്നും, അതൊരു നൈസര്‍ഗ്ഗിക പ്രതിനിധാനമായി മാറേണ്ടതുണ്ടെന്ന് മുഹ്‌സിന്‍ പരാരി പ്രസ്താവിച്ചു. 'കളമശ്ശേരി കഥകള്‍: മലയാളി പൊതുബോധം മറനീക്കുമ്പോള്‍' എന്ന സെഷനെ കൈകാര്യം ചെയ്തുകൊണ്ട് കെ.ഇ.എന്‍ കുഞ്ഞുമുഹമ്മദ് പറഞ്ഞത് ഇപ്രകാരമാണ്, 'ഇന്ത്യന്‍ ഫാഷിസത്തിന്റെ മേല്‍ക്കോയ്മ ദേശീയതയാണ് കളമശ്ശേരി ആക്രമണത്തിന്റെ ചാലകശക്തി. ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന മേല്‍ക്കോയ്മ ദേശീയതാ വാദമാണ് പ്രതിയായ മാര്‍ട്ടിനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്'. ഇസ്‌ലാമിനെ ലോക ശത്രുവാക്കിയത് സാമ്രാജ്യത്വ ശക്തികളാണെന്നും കേരളത്തില്‍ പോലും പൊതുബോധത്തെ സയണിസ്റ്റ് യുക്തികളും ദേശീയതവാദികളും ഹൈജാക്ക് ചെയ്തു കഴിഞ്ഞുവെന്നും സെഷനില്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു.
തീര്‍ച്ചയായും, മലബാറിനോടും മാപ്പിളപ്പാട്ടിനോടും അറബി-മലയാളത്തോടുമൊക്കെ കാണിക്കുന്ന മുഖ്യധാര വൈമുഖ്യത്തിന്റെ പ്രതികരണമായിരുന്നു മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന നവസംരംഭം. പൊതുസമൂഹത്തിന്റെ തെറ്റായ പല 'സ്വാഭാവിക' സെന്‍സിബിലിറ്റികളെയും ഇവ ചോദ്യം ചെയ്യുന്നുണ്ട്. വൈയക്തിക സമീപനങ്ങള്‍ തുടങ്ങി മുഖ്യധാര മാധ്യമങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം. ആപേക്ഷികമെന്നോണം, പുനര്‍വിചിന്തനം ആവശ്യപ്പെടുന്ന ചില മേഖലകള്‍ കൂടിയുണ്ട്. ഒരു സാംസ്‌കാരിക-സാമൂഹിക പൈതൃകത്തെ വീണ്ടെടുക്കുന്ന സന്ദര്‍ഭത്തില്‍, ഇതിന്റെ അടിസ്ഥാനമായി അനുവര്‍ത്തിക്കുന്നത് ഒരു മതകീയ പ്രേരണയാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. വൈജ്ഞാനിക അധീശത്വത്തിലൂടെ പാശ്ചാത്യ വ്യവഹാരങ്ങള്‍ നിഷേധിക്കുന്ന, അല്ലെങ്കില്‍ അരികുവത്കരിക്കപ്പെടുന്ന മതത്തിന്റെ സാമൂഹിക-രാഷ്ട്രീയപരമായ കര്‍ത്യത്വമുണ്ട്. അവ രൂപീകരിക്കുന്നത് ഇസ്‌ലാമിന്റെ ചരിത്രപരമായ-സാമൂഹികമായ സംഭാവനകളെ തിരസ്‌കരിച്ചു കൊണ്ടാണ്. ആയതിനാല്‍, ഇത്തരം വ്യാവഹാരിക ഇടപെടലുകളിലൂടെ മതത്തെ സംബന്ധിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങളെ വികേന്ദ്രീകരിച്ചുകൊണ്ട്, ഇസ്‌ലാമിന്റെ സാമൂഹിക കര്‍ത്യത്വത്തെ കൂടി വീണ്ടെടുക്കുന്ന ഒന്നായി ഇവ മാറേണ്ടതുണ്ട്. 'മലബാറിന്റെ വിവക്ഷകള്‍ അനന്തമാണ്' എന്നാണ് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യാതിഥി Engseng Ho പറഞ്ഞുവച്ചത്. ഇത്തരത്തില്‍, അനന്തമായ വിവക്ഷണങ്ങളുടെ ഒരു ലോകത്തെയാണ് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വിഭാവന ചെയ്യുന്നത്. അധികാരത്തിന്റെ അധീശത്വ ഭാവനകള്‍ നിലനില്‍ക്കുന്ന സമകാലിക കാലഘട്ടത്തില്‍, ചരിത്രത്തെക്കുറിച്ച് ആലോചിക്കാന്‍ നമ്മുടെ ശുഷ്‌കമായ ചട്ടക്കൂടിന് പുറത്ത് കടക്കേണ്ടതുണ്ട്. ദക്ഷിണാര്‍ദ്ധ ലോകത്തെയും തദ്ദേശീയ ഭാവനകളെയും അവമതിക്കുന്ന കൊളോണിയല്‍ ആധുനികതയുടെ നിരന്തരമായ അക്കാദമിക്ക് വ്യായാമങ്ങളെ അതിജീവിക്കുന്ന ഒന്നാണ് ഈ നവസംരംഭം.