പാശ്ചാത്യ പുരോഗതിക്കും യാത്രാവിവരണങ്ങളുടെ പരിണാമത്തിനും മുസ്‌ലിം യാത്രികര്‍ പങ്കുവഹിച്ചു - നിഷാത് സയ്യിദി
എഴുത്തുകാരിയും ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറുമായ നിഷാത് സയ്യിദി, Reflection on 19th century Urdu travelogues - എന്ന തലക്കെട്ടില്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം | MLF 2023 | റിപ്പോര്‍ട്ട്: നസ്‌വിന്‍ ബഷീര്‍
1857-നു ശേഷമുള്ള കാലഘട്ടത്തില്‍, ഇന്ത്യക്കപ്പുറമുള്ള മുസ്‌ലിംകള്‍ പാശ്ചാത്യ സാങ്കേതിക മുന്നേറ്റങ്ങളുടെ പ്രാധാന്യം അംഗീകരിച്ചു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പാശ്ചാത്യരുടെ സാങ്കേതിക വൈജ്ഞാനിക പുരോഗതികളിലുള്ള മുന്നേറ്റം മനസ്സിലാക്കി. ഇംഗ്ലീഷ് പഠിക്കാതെയും പശ്ചാത്യ പുരോഗതിയും സാങ്കേതിക വിദ്യയും സ്വീകരിക്കാതെയും മുന്നേറാന്‍ സാധിക്കുകയില്ലെന്ന് അവര്‍ മനസ്സിലാക്കി. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍, കമല്‍ ഘോഷ് തുടങ്ങിയ സ്വാധീനമുള്ള വ്യക്തികള്‍ ഈ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സര്‍ സയ്യിദ് അഹമ്മദ് ഖാനെ പോലെയുള്ള ഇന്ത്യന്‍ യാത്രികര്‍ പാശ്ചാത്യ ദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടെയുള്ള തന്റെ അനുഭവങ്ങളെ കുറിച്ച് എഴുതുകയും ചെയ്തു. ലണ്ടനിലെ തന്റെ അനുഭവങ്ങള്‍ 1865-ല്‍ 'മുസാഫിറാന്‍ ഏ ലണ്ടന്‍' എന്ന പേരില്‍ ഒരു പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു. ഈ കൃതി യാത്രാ വിവരണങ്ങളിലെ മാറ്റത്തിന്റെ പുതുവെളിച്ചത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, കമല്‍ ഘോഷിന്റെ യാത്രകള്‍ മിക്കതും പുരോഗതിയെ ലക്ഷ്യം വെച്ചായിരുന്നില്ല, മറിച്ച് വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായിരുന്നു.
ഇന്ത്യന്‍ യാത്രികര്‍ കഥകള്‍ പങ്കുവെക്കുന്നതിനും മറ്റുമായിരുന്നു യാത്രകള്‍ ചെയ്തിരുന്നത്. ഈ യാത്രകള്‍ മിക്കതും കരമാര്‍ഗം കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍, പിന്നീട് സമുദ്രയാത്രകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പശ്ചാത്യ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തു. പാശ്ചാത്യ സാങ്കേതികവിദ്യയോടുള്ള ആകര്‍ഷണം, പ്രത്യേകിച്ച് കപ്പല്‍ സാങ്കേതികവിദ്യയിലെ പുരോഗതി ഉയര്‍ത്തിക്കാട്ടുന്നു. ഫ്‌ളഷ് ടോയ്ലറ്റ് പോലുള്ള സൗകര്യങ്ങളുള്ള കപ്പല്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. സര്‍ സയ്യിദ് അഹമ്മദ് ഖാനെ വേറിട്ടു നിര്‍ത്തുന്നത് തന്നെ അദ്ദേഹം യാത്രാവിവരണങ്ങളിലൂടെ പാശ്ചാത്യ പര്യവേക്ഷണം നടത്തുന്നതിന് ഒരു പ്രാരംഭ അടിത്തറയിട്ടു എന്നതാണ്. ഭാഷാപരമായ ഭൂപ്രകൃതിയും മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഉദാഹരണങ്ങളിലൊന്നാണ് യാത്രാവിവരണങ്ങളിലെ ഉറുദുവിന്റെ ഉയര്‍ച്ച. 1837 ഓടെ യാത്രവിവരണങ്ങളില്‍ ഉറുദു ഒരു പ്രധാന ഭാഷയായി മാറി. ഇത് ഭാഷാപരവും രാഷ്ട്രീയവുമായ ഭൂപ്രകൃതിയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതിഫലിപ്പിച്ചു.
സമുദ്ര യാത്രകള്‍ക്കിടയില്‍ യൂറോപ്പ്യന്‍ ശക്തികള്‍ക്കിടയിലെ ചരിത്രപരമായ വര്‍ഗ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചലനാത്മകത യാത്രവിവരണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഈ വിവരണങ്ങളിലൂടെ താഴ്ന്ന ക്ലാസ്സിലുള്ള ആളുകള്‍ നേരിടുന്ന വെല്ലുവിളികളും അടിച്ചമര്‍ത്തുന്ന കപ്പല്‍ ജീവനക്കാര്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും എതിരെയുള്ള ചെറുത്തു നില്‍പ്പുകളും എടുത്തു കാണിക്കുകയും ചെയ്തു. ഈ വിവരണങ്ങള്‍ യൂറോപ്യന്‍ ശക്തികള്‍ക്കിടയിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുറന്നുകാട്ടുകയും യാത്രക്കാര്‍ ഈ വിള്ളലുകള്‍ എങ്ങനെ തന്ത്രപരമായി തങ്ങളുടെ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. കൂടാതെ അക്കാലത്തെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളും ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ്, ഫ്രഞ്ച് ശക്തികള്‍ തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങളും തുറന്നു കാണിച്ചു. ഈ കാറ്റലോഗുകള്‍ വിശാലമായ മുസ്‌ലിം ലോകത്തിന്റെ വ്യവഹാരങ്ങളിലേക്കും വെളിച്ചം വീശുന്നു. മുസ്‌ലിം രാഷ്ട്രീയത്തിന്റെ വിശാലതയും വിവിധ മുസ്‌ലിം രാജ്യങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഈ യാത്രകളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. മുസ്‌ലിം രാജ്യങ്ങളിലെ പുരോഗതിയും വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ ഇതു കാരണമായി. സാരാംശത്തില്‍, ഈ യാത്രാവിവരണങ്ങള്‍ പാശ്ചാത്യ സാങ്കേതികവിദ്യയോടുള്ള ആകര്‍ഷണീയത, ഭാഷാപരമായ പരിവര്‍ത്തനങ്ങള്‍, സാമൂഹിക-രാഷ്ട്രീയ ചലനാത്മകത, വിശാലമായ മുസ്‌ലിം ലോകവുമായുള്ള ബന്ധങ്ങള്‍ എന്നിവയുടെ സമഗ്രമായ സംയോജനത്തെ പ്രതിനിധീകരിക്കുന്നു.