വര്‍ക്കല കൊലപാതകം: ദലിത് മുന്നേറ്റത്തെ ഭരണകൂടം വേട്ടയാടിയ വിധം

കേരളത്തിലെ ദലിത് സാമൂഹ്യ മുന്നേറ്റത്തിന് ഏറെ ശക്തി പകര്‍ന്ന ഡി.എച്ച്.ആര്‍.എമ്മിനുനേരെ നടന്ന അതിക്രൂരമായ ഭരണകൂട ആക്രമണത്തിനും ദലിത് വേട്ടക്കും വഴിതെളിച്ച വര്‍ക്കല കേസിന്റെ പശ്ചാത്തലം അന്വേഷിക്കുകയാണ് ഇവിടെ.

Update: 2022-09-21 16:06 GMT
Click the Play button to listen to article

ദലിത് തീവ്രവാദം എന്ന പദപ്രയോഗം ഇദംപ്രഥമമായി ഉണ്ടായ സംഭവമാണ് വര്‍ക്കല കൊലപാതകം എന്നറിയപ്പെടുന്ന ശിവപ്രസാദിന്റെ കൊലപാതകം. ഡി.എച്ച്.ആര്‍.എം എന്ന സംഘടന തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനായി ചെയ്ത കൊലപാതകമാണ് എന്നാണ് പൊലീസ് ആരോപിച്ചത്. അന്നത്തെ പോലീസ് ഡി.ജി.പി ജേക്കബ് പുന്നൂസ് തന്നെയാണ് ദലിത് ടെററിസം എന്ന സാങ്കേതിക പദം ഉപയോഗിച്ച് ഈ സംഭവത്തെപ്പറ്റി പത്രസമ്മേളനം നടത്തിയത്.

ആദ്യഘട്ടത്തില്‍ പതിനാറ് പേരെയാണ് പ്രതി ചേര്‍ത്തത്. ഇതില്‍ ഒന്‍പത് പേരെ വിചാരണക്കോടതി ഒഴിവാക്കി. ശെല്‍വരാജ്, വര്‍ക്കല ദാസ്, ജയചന്ദ്രന്‍, സജി, സുധി സുര, സുധി നാരായണന്‍ എന്നിവരെ വിചാരണക്കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍, ഇതില്‍ സുധി നാരയണന്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ പേരെയും സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ല എന്ന കാരണത്താല്‍ ഹൈക്കോടതി 2022 മാര്‍ച്ച് 28 ന് വെറുതെ വിട്ടിരിക്കുന്നു. കേരളത്തിലെ ദലിത് സാമൂഹ്യ മുന്നേറ്റത്തിന് നേരെ അതിക്രൂരമായ ഭരണകൂട ആക്രമണത്തിന് വഴിതെളിച്ച വര്‍ക്കല കേസിന്റെ പശ്ചാത്തലം അന്വേഷിക്കുകയാണ് ഇവിടെ.

കൊലപാതവും കസ്റ്റഡികളും

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല അയിരൂരില്‍ 2009 സെപ്തംബര്‍ 23 ന് പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന വ്യക്തി കൊലചെയ്യപ്പെടുന്നു. കൊലപാതകം നടന്നു എന്ന് പൊലീസ് രേഖപ്പെടുത്തിയ സമയം രാവിലെ 5.30 ആണ്. കൊല നടന്ന് ഏതാനും മണിക്കൂറിനുള്ളില്‍ ഡി.എച്ച്.ആര്‍.എം എന്ന ദലിത് സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നിഗമനത്തിലെത്തുന്നു. ഇത് വ്യക്തമാക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്.

ശിവപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണ് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ഹൈക്കോടതി വിധിയോടെ ആരോപിതനായി അവശേഷിക്കുന്ന ഏക പ്രതി സുധി നാരായണനാണ്. ഇന്നുവരെ പൊലീസിന് കൊലപാതകത്തിനുപയോഗിച്ച ആയുധമോ ഏത് രീതിയിലാണ് കൊലപ്പെടുത്തിയതെന്നോ എന്തായിരുന്നു കൊലപാതക കാരണമെന്നോ സ്ഥാപിക്കാനായിട്ടില്ല.

അന്നേ ദിവസം രാവിലെ 10 മണിയോടെ വര്‍ക്കലയിലെ ഒരു കോളനിയിലെ ഡി.എച്ച്.ആര്‍.എം ക്യാമ്പിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി ദാസ് കെ വര്‍ക്കലയെ സ്‌പെഷ്ല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിളിക്കുകയും എവിടെയുണ്ടെന്നന്വേഷിക്കുകയും ചെയ്തു. സാധാരണ പോലെയുള്ള വിളിയാകും എന്ന ധാരണയിലുണ്ടായിരുന്ന ദാസിനെ അരമണിക്കൂറിനുള്ളില്‍ വര്‍ക്കല സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഉടനെ തിരിച്ച് വരാമെന്നാണ് പൊലീസ് ദാസിനോട് പറഞ്ഞത്. ഇത്തമൊരു കൊലപാതകം നടന്ന വിവരം കോളനിയിലുള്ളവരോ വര്‍ക്കല ദാസോ ആ സമയത്ത് അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

സംസ്ഥാന സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി. എന്നാല്‍, സ്റ്റേഷനില്‍ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ അഭിഭാഷകനും ഡി.എച്ച്.ആര്‍.എം അനുഭാവിയുമായ വര്‍ക്കല അശോകന്‍ വസ്തുതകള്‍ അന്വേഷിക്കാനായി സ്റ്റേഷനിലെത്തി. അപ്പോള്‍ കസ്റ്റഡിയിലെടുത്തവര്‍ സ്റ്റേഷനിലുണ്ടായിരുന്നില്ല. എന്നുമാത്രമല്ല, അഭിഭാഷകനായ അശോകനെ സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും അദ്ദേഹത്തെ കസ്റ്റെഡിയിലെടുക്കുകയും ചെയ്തു. വര്‍ക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഡി.എച്ച്.ആര്‍.എം നേതാക്കളും അവര്‍ക്ക് ജാമ്യത്തിനെത്തിയ അഭിഭാഷകനും കസ്റ്റഡിയിലായി. തൊട്ടടുത്ത ദിവസം അതായത്, സെപ്റ്റംബര്‍ 24 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി. ധര്‍ണക്ക് ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകരെ പലയിടങ്ങളില്‍ നിന്നായി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദനത്തിന് വിധേയമാക്കുകയും ചെയ്തു.

അന്ന് ഉച്ചയ്ക്ക് 2 മണിമുതല്‍ പൊലീസിനെയും ഡി.ജി.പിയെയും ഉദ്ധരിച്ച് കേരളത്തില്‍ പുതിയ ദലിത് തീവ്രവാദ സംഘടന എന്ന ബ്രേക്കിംഗ് ന്യൂസുകളായിരുന്നു പത്ര-ദൃശ്യ മാധ്യമങ്ങളില്‍. മാധ്യമങ്ങള്‍ മനോധര്‍മത്തിനനുസരിച്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ വ്യത്യസ്ത അപസര്‍പ്പക കഥകളിറക്കി. സെപ്റ്റംബര്‍ 24 ന് രാത്രി വര്‍ക്കലയിലെ ദലിത് കോളനികളിലെല്ലാം പൊലീസും സി.പി.എം പ്രവര്‍ത്തകരും ശിവസേന പ്രവര്‍ത്തകരും ആക്രമണം നടത്തി. രാജ്യവിരുദ്ധ തീവ്രവാദ സംഘടനയാണ് ഡി.എച്ച്.ആര്‍.എം എന്ന നിലയില്‍ സി.പി.എം, ശിവസേന കേന്ദ്രങ്ങള്‍ കടുത്ത പ്രചരണം അഴിച്ചുവിട്ടു. ചെറുപ്പക്കാരെ തിരഞ്ഞ് പിടിച്ച് പൊലീസിലേല്‍പിക്കുന്ന ജോലി ഇവരേറ്റെടുത്തു. അതോടെ വര്‍ക്കലയിലും സമീപ പ്രദേശങ്ങളിലുമുള്ള ദലിത് കോളനികളിലെ പുരുഷന്‍മാര്‍ മിക്കവരും പാലായനം ചെയ്തു. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ ഡി.എച്ച്.ആര്‍.എമ്മിന് സ്വാധീനമുള്ള കോളനികളില്‍ പൊലീസ് വേട്ട തുടര്‍ന്നു.

കസ്റ്റഡിയിലെടുത്തവരെ വര്‍ക്കലയില്‍ നിന്ന് മാറ്റി കഴക്കൂട്ടം, കഠിനംകുളം എന്നീ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി അതിക്രൂരമായ മര്‍ദനങ്ങളാണ് പോലീസ് നടത്തിയത്. ലിംഗത്തില്‍ മുളക് അരച്ച് പുരട്ടുക, വവ്വാലിനെപ്പോലെ തലകീഴാക്കി തൂക്കിയിടുക, തറയില്‍ കിടത്തി കാലുകളിലും കൈകളിലും ബൂട്ടിട്ട് ചവിട്ടുക, മുതുകത്ത് ഇഷ്ടിക കൊണ്ട് ഇടിക്കുക തുടങ്ങി അത്യന്തം പ്രാകൃത പീഢനമുറകളാണ് കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരെയുണ്ടായത്.

ദലിത് തീവ്രവാദം എന്ന പദപ്രയോഗം ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത നേടിയിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് സാധാരണ ഇത്തരം തീവ്രവാദ ആരോപണങ്ങളുന്നയിക്കുമ്പോള്‍ ഉന്നയിക്കുന്ന ഉദ്യോഗസ്ഥന്റെ പേരോ റാങ്കോ വെളിപ്പെടുത്താറില്ല. പക്ഷേ, ഇവിടെ ഡി.ജി.പി നേരിട്ട് തന്നെയാണ് ഈ വാദം ഉന്നയിച്ചത്. ഇത് അസാധാരണ കാര്യമായി മനസ്സിലാക്കി അന്ന് തെഹെല്‍ക എഡിറ്റര്‍ അറ്റ്‌ലാര്‍ജ് ആയിരുന്ന അജിത് സാഹി അലഹബാദില്‍ നിന്ന് വര്‍ക്കലയെത്തി. അദ്ദേഹം പോലീസ് സ്റ്റേഷനില്‍ മര്‍ദനത്തിന് വിധേയരായ ചിലരെ കാണുകയുണ്ടായി. അദ്ദേഹം തന്നെ ഇത് പിന്നീട് പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മനുഷ്യാവകാശ പ്രര്‍ത്തകരും സംഘടനകളും കോളനികള്‍ സന്ദര്‍ശിച്ചു. 

ഡി.എച്ച്.ആര്‍.എമ്മിന്റെ സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, സെക്രട്ടറി ദാസ്.കെ വര്‍ക്കല, അഭിഭാഷകനായ വര്‍ക്കല അശോകന്‍ മറ്റ് സംസ്ഥാന സമിതി അംഗങ്ങള്‍ തുടങ്ങി 16 പേരെ പൊലീസ് പ്രതി ചേര്‍ത്തു കുറ്റ പത്രം സമര്‍പ്പിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ കൊല്ലം കോടതി കത്തിയ സംഭവത്തിലും എറണാകുളം കലക്ട്രേറ്റില്‍ നടന്ന സ്‌ഫോഡനത്തിലും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ പ്രതിചേര്‍ത്തു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പലദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂര പീഢനങ്ങള്‍ക്ക് വിധേയരായി. ഇതില്‍ കൊലപാതകക്കേസാണ് ഇപ്പോള്‍ ഇവിടെവരെ എത്തി നില്‍ക്കുന്നത്.


ഡി.എച്ച്.ആര്‍.എം

സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ദാസ് കെ വര്‍ക്കലയുടെ നേതൃത്വത്തിലാണ് 2005 ല്‍ വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എം രൂപീകരിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ കൊല്ലം, തിരുവനന്തപും ജില്ലകളിലെ ദലിത് കോളനികളില്‍ സ്വാധീനമുള്ള സംഘടനയായി ഡി.എച്ച്.ആര്‍.എം മാറി. വര്‍ക്കല പോലെ ടൂറിസം ശക്തമായ പ്രദേശത്ത് വ്യാപകമായി മയക്കുമരുന്നു കണ്ണികള്‍ പ്രവര്‍ത്തിച്ചിരുന്നു. ദലിത് യുവാക്കളെയാണ് പലപ്പോഴും വിതരണത്തിനുള്ള കണ്ണികളായി ഇവര്‍ ഉപയോഗിച്ചിരുന്നത്. ഡി.എച്ച്.ആര്‍.എം തുടക്കം മുതല്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രചരണം ആരംഭിക്കുകയും ഇത്തരത്തിലുള്ള പല കണ്ണികളെയും പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.

സി.പി.എം ശക്തികേന്ദ്രങ്ങളിലും വര്‍ക്കലയിലും പരിസരങ്ങളിലും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്ന ശിവസേനയുടെ കേന്ദ്രങ്ങളിലും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനങ്ങളുടെ സ്വാധീന ഫലമായി പലരും അതെല്ലാം അവസാനിപ്പിച്ച് ദിലിത് പ്രവര്‍ത്തനങ്ങളിലേക്ക് മാറാനിടയായി. അമ്പലങ്ങളും ക്ഷേത്രങ്ങളും ദലിത്കോളനികള്‍ കുട്ടത്തോടെ ബഹിഷ്‌ക്കരിച്ചു. ബുദ്ധ ആചാരങ്ങളിലേക്ക് കോളനികള്‍ മാറി. വര്‍ക്കലയിലും കൊല്ലം ജില്ലയിലുമായി ആയിരക്കണക്കിന് പേര്‍ ബുദ്ധമതം സ്വീകരിച്ചു. ശിവസേനയുടെയും ആര്‍.എസ്.എസിന്റെയും ക്യാമ്പുകളില്‍ നിന്ന് ദലിതുകള്‍ മാറിനിന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ കാര്യങ്ങള്‍ക്കായി ഇടനില നിന്നിരുന്ന സി.പി.എം നേതാക്കളെ ഒഴിവാക്കി ഡി.എച്ച്.ആര്‍.എമ്മിന്റെ സ്വാധീനത്താല്‍ സ്ത്രീകളടക്കം നേരിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി.

ഇതിനിടെ വര്‍ക്കലയില്‍ ഒരു വീട്ടമ്മ ആക്രമിക്കപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ദലിത് സംഘടനയെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏതാനും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെ യഥാര്‍ഥ പ്രതിയെ നാട്ടുകാര്‍ പിടികൂടി. വീട്ടമ്മ തിരിച്ചറിഞ്ഞ പ്രതി സി.പി.എം പ്രവര്‍ത്തകനായിരുന്നു. വര്‍ക്കലയിലെ സി.പി.എം കൗണ്‍സിലര്‍ക്കും സംഭവുമായി ബന്ധമുണ്ടായിരുന്നു. ഡി.എച്ച്.ആര്‍.എമ്മിനെ കുറ്റക്കാരാക്കാന്‍ അതോടെ കഴിയാതായി.

ഇതിനിടെ 2009 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ജനകീയ മുന്നണിയുണ്ടാക്കി ഡി.എച്ച്.ആര്‍എം സജിമോനെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 5217 വോട്ട് നേടി. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇത് വലിയൊരു സംഖ്യയല്ലെങ്കിലും സി.പി.എം ശക്തികേന്ദ്രങ്ങളായ വര്‍ക്കലയിലെ കോളനികളില്‍ നിന്നാണ് ഇത്രയും വോട്ട് സമാഹരിച്ചത്. ഇത് സി.പി.എം കേന്ദ്രങ്ങളെ അസ്വസ്ഥപ്പെടുത്തി. ബുദ്ധമതാശയങ്ങളുമായി മുന്നോട്ട് പോകുന്നത് സംഘ്പരിവാരത്തെയും ശിവസേനയെയും അസ്വസ്ഥമാക്കി.

ശിവപ്രസാദിന്റെ കൊലപാതം നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ വര്‍ക്കലയില്‍ ഗുരുമന്ദിരങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഈഴവ സമൂഹത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ഇടമാണ് വര്‍ക്കല. ഇതെല്ലാം ഡി.എച്ച്.ആര്‍.എം ആണ് നടത്തുന്നതെന്ന് സി.പി.എം കേന്ദ്രങ്ങളും ബി.ജെ.പി-ശിവസേന കേന്ദ്രങ്ങളും പ്രചരിപ്പിച്ചു. പ്രാദേശിക ജനങ്ങളെ ഡി.എച്ച്.ആര്‍.എമ്മിനെതിരെ തിരിക്കുകയായിരുന്നു ഈ പ്രചരണങ്ങള്‍ക്കു പിന്നിലെ ലക്ഷ്യം. 2009 സെപ്റ്റംബര്‍ 22 ന് അതായത്, വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകത്തിന് തലേദിവസം ഡി.എച്ച്.ആര്‍.എമ്മിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയും ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും സംയുക്തമായി വര്‍ക്കലയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.

ആരാണ് കൊലപാതകത്തിന് പിന്നില്‍

ശിവപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണ് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ഹൈക്കോടതി വിധിയോടെ ആരോപിതനായി അവശേഷിക്കുന്ന ഏക പ്രതി സുധി നാരായണനാണ്. ഇന്നുവരെ പൊലീസിന് കൊലപാതകത്തിനുപയോഗിച്ച ആയുധമോ ഏത് രീതിയിലാണ് കൊലപ്പെടുത്തിയതെന്നോ എന്തായിരുന്നു കൊലപാതക കാരണമെന്നോ സ്ഥാപിക്കാനായിട്ടില്ല. ഒരു സംഘടന ജനശ്രദ്ധ നേടാനായി വെറുതെ പ്രഭാത സവാരിക്കിറങ്ങിയ ഒരാളുടെ കൊലപാതകം നടത്തി എന്ന വാദം വിശ്വസിക്കുക സാധ്യമല്ല. തെരെഞ്ഞെടുപ്പിലടക്കം മത്സരിച്ച് സ്വാധീനം തെളിയിച്ച ഡി.എച്ച്.ആര്‍.എമ്മിന് ജനശ്രദ്ധ നേടാന്‍ വേറേ മാര്‍ഗങ്ങളുടെ ആവശ്യവും ഇല്ലായിരുന്നു.

ശിവപ്രസാദ് എന്ന വ്യക്തി ശിവസേനയില്‍ പ്രവര്‍ത്തിക്കുകയും ശേഷം പ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്തയാളാണ്. വര്‍ക്കലയിലെ മണല്‍ മാഫിയകള്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടുള്ള വ്യക്തിയുമാണ്. ഈ നിലിയിലേക്കൊന്നും അന്വേഷണം പോകാതെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടയാളുമായി വ്യക്തിപരമോ മറ്റേതെങ്കിലും തരത്തിലോ ബന്ധമില്ലാത്ത സംഘടനെയും അതിന്റെ പ്രവര്‍ത്തകരെയും പ്രതി ചേര്‍ക്കുകയായിരുന്നു പൊലീസ്. ഇന്നും ഈ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികള്‍ പുറത്തുണ്ട്.

കേസിനെ സംബന്ധിച്ച് മറ്റൊരു ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്തിക്കണം എന്ന ഡി.എച്ച്.ആര്‍.എമ്മിന്റെ ആവശ്യം ഇന്നുവരെ അംഗീകിരക്കപ്പെട്ടിട്ടില്ല. ഡി.എച്ച്.ആര്‍.എം എന്ന സംഘടനയെ ഇല്ലാതാക്കാനുള്ള പല ഭാഗത്തുനിന്നുള്ള ഗൂഢാലോചനകളുടെ ഭാഗമാണ് അവരെ തീവ്രവാദികളും അന്താരാഷ്ട്ര ബന്ധമുള്ളവരുമായി ആരോപിച്ച് കോര്‍ണറൈസ് ചെയ്തത്. കോളനികളില്‍ തങ്ങളുടെ സ്വാധീനത്തെ മറികടന്നതിന് സി.പി.എമ്മിനും ഹൈന്ദവാചാരങ്ങളില്‍ നിന്ന് കോളനികളെ മാറ്റിയതിന് ഹിന്ദുത്വ സംഘടനകള്‍ക്കും മയക്കുമരുന്നില്‍ നിന്നും മദ്യത്തില്‍ നിന്നും അതിന്റെ വിതരണ കണ്ണികളില്‍ നിന്നും വലിയ അളവില്‍ ദലിത് സമൂഹത്തെ മോചിപ്പിച്ചതിന് മദ്യ മയക്കുമരുന്ന് മാഫിയകള്‍ക്കും കണ്ണിലെ കരടായിരുന്നു ഡി.എച്ച്.ആര്‍.എം.

സംഭവം നടന്നിട്ട് പതിമൂന്ന് വര്‍ഷമായിട്ടും കേരള പൊലീസ് ഡി.ജി.പി നേരിട്ട് ഉന്നയിച്ച ദലിത് തീവ്രവാദം ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ശ്രീലങ്കയില്‍ നിന്ന് കപ്പലില്‍ വര്‍ക്കലയില്‍ ദലിത് തീവ്രവാദ സംഘടനയ്ക്ക് ആയുധങ്ങളെത്തുന്നു എന്നുവരെ അച്ചടിച്ച മാധ്യമങ്ങളുണ്ട്. ദൃശ്യമാധ്യമങ്ങളും ഈ പ്രചരണങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്നവിധം ഭാവനാ സമ്പന്നമായ കഥകള്‍ നല്‍കി. അക്കാലത്ത് സംസ്ഥാന ഭരണം കൈയിലുണ്ടായിരുന്നതിന്റെ പിന്‍ബലത്തില്‍ സി.പി.എമ്മും, ശിവസേന, ബി.ജെ.പി ശക്തികളും മാധ്യമങ്ങളെയും പൊലീസിനെയും ഉപയോഗപ്പെടുത്തി നടത്തിയ അതിക്രൂരമായ ദലിത് വേട്ടയാണ് ഡി.എച്ച്.ആര്‍.എമ്മിനെതിരെ നടന്നത്. ഇത്രയധികം ശക്തികളെ ഒന്നിച്ച് നേരിടാനുള്ള കരുത്തോ പിന്‍ബലമോ ഇല്ലാത്തതിനാല്‍ എല്ലാം പുക മാത്രമായ ആരോപണങ്ങളായിട്ടും ഡി.എച്ച്.ആര്‍എമ്മിന് പഴയ ശക്തിയോ ഓജസ്സോ ഇല്ല. ഇതുതന്നെയാണ് ഭരണകൂടവും അധികാര ശക്തികളും ആഗ്രഹിച്ചതും. കേരളത്തില്‍ ഉയര്‍ന്നുവന്ന ഒരു ദലിത് മുന്നേറ്റത്തെ ഭരണകൂടം കുഴിച്ച് മൂടിയത് ഈ വിധമായിരുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സജീദ് ഖാലിദ്

Writer

Similar News