വിവാദ പരാമര്‍ശം: സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞില്ല
പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ അവസ്ഥയിലായിരുന്നുവെന്ന പരാമര്‍ശത്തില്‍ നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞില്ല.
പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ അവസ്ഥയിലായിരുന്നുവെന്ന പരാമര്‍ശത്തില്‍ നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞില്ല. പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സല്‍മാന്‍ നല്‍കിയ വിശദീകരണത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
സല്‍മാന്‍ ഖാന്‍ എന്ത് വിശദീകരണമാണ് നല്‍കിയതെന്ന് ലളിത കുമാരമംഗലം വെളിപ്പെടുത്തിയില്ല. സല്‍മാന്റെ മറുപടി വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. വനിതാ കമ്മീഷന് മുന്‍പാകെ ഹാജരാകണമെന്നും സല്‍മാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സല്‍മാന്‍ ഹാജരായില്ല. അഭിഭാഷകന്‍ മുഖേനയാണ് മറുപടി നല്‍കിയത്.
സല്‍മാന്‍ ഗുസ്തി താരമായി അഭിനയിക്കുന്ന പുതിയ ചിത്രമായ സുല്‍ത്താന്റെ പ്രചാരണത്തിന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. വിവാദത്തെ കുറിച്ച് സല്‍മാന്‍ പ്രതികരിച്ചില്ല. അതേസമയം അദ്ദേഹത്തിന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍ സല്‍മാന്‍ പറഞ്ഞത് തെറ്റാണെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി മാപ്പ് ചോദിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.