കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്
മന്ത്രിസഭാ രഹസ്യങ്ങള്‍ ചോരാതിരിക്കാനാണ് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് മന്ത്രിമാരെപ്പോലും വിലക്കിയത്
കേന്ദ്രമന്ത്രിസഭാ യോഗങ്ങള്‍ക്കെത്തുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം. മന്ത്രിസഭാ രഹസ്യങ്ങള്‍ ചോരാതിരിക്കാനാണ് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് മന്ത്രിമാരെപ്പോലും വിലക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും വിശ്വാസമില്ലെന്ന വിമര്‍ശം ശക്തമാവാന്‍ പുതിയ നടപടി ഇടയാക്കിയിട്ടുണ്ട്.
മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തിനെത്തുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടു വരരുതെന്ന നിര്‍ദേശം കാബിനറ്റ് സെക്രട്ടേറിയറ്റാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് നല്‍കിയത്. അതാത് മന്ത്രിമാരെ ഇക്കാര്യമറിയിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് ഇത്തരമൊരു നിരദേശം നല്‍കുന്നത്. മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കമെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം.
സുപ്രധാന ചര്‍ച്ചകള്‍ ചോരാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതാവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെ ഏകാധിപത്യ നടപടികളുടെ ഭാഗമാണിതെന്നും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും മോദിക്ക് വിശ്വാസമില്ലെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.