കുംഭമേളക്കിടെ സന്യാസിമാര്‍ പൊലീസുകാരെ ആക്രമിച്ചു
മധ്യപ്രദേശിലെ ഉജജയിനില്‍ സിംഹസ്ത കുംഭമേളക്കിടെ ഒരു വിഭാഗം സന്യാസിമാര്‍ പൊലീസിനെ ആക്രമിച്ചു.
മധ്യപ്രദേശിലെ ഉജജയിനില്‍ സിംഹസ്ത കുംഭമേളക്കിടെ ഒരു വിഭാഗം സന്യാസിമാര്‍ പൊലീസിനെ ആക്രമിച്ചു. ഞായറാഴ്ച നടന്ന മേളക്കിടെയാണ് ജുന അഖാര വിഭാഗത്തില്‍പെട്ട സന്യാസിമാരും പൊലീസും സംഘര്‍ഷമുണ്ടായത്. സന്യാസിമാര്‍ പൊലീസുകാരെ ആക്രമിക്കുന്നതിനിടെ ഏതാനും വിശ്വാസികളെയും മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. മേളക്കിടെ തങ്ങളുടെ ക്യാമ്പില്‍ മോഷണം നടക്കുന്നതിനെപ്പറ്റി സന്യാസിമാര്‍ പരാതിപ്പെട്ടെന്നും മോഷ്ടാക്കളെന്ന് സംശയിച്ച് പിടികൂടി പൊലീസിനു കൈമാറിയവരെ യാതൊരു അന്വേഷണവും നടത്താതെ വിട്ടയച്ചതായും ആരോപിച്ചായിരുന്നു ആക്രമണം. ഈ വിഷയം ഉന്നയിച്ച് ഒരു വിഭാഗം സന്യാസിമാര്‍ ഉജ്ജയിനില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുകയും ഗതാഗതം തടസപ്പെടുത്തി സമാധാന അന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്നതിനിടെയാണ് പൊലീസിന് നേര്‍ക്ക് കൈയേറ്റമുണ്ടായത്. ശനിയാഴ്ച രാത്രിയില്‍ നടന്ന ഘോഷയാത്രക്കിടെ സന്യാസിമാര്‍ക്കെതിരെ രണ്ട് സ്ഥലങ്ങളിലായി ആക്രമണമുണ്ടാവുകയും മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റ് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഏപ്രില്‍ 22ന് ആരംഭിച്ച കുംഭമേള മെയ് 21നാണ് അവസാനിക്കുക.