ഉത്തരാഖണ്ഡ് രാഷ്ട്രീയ പ്രതിസന്ധി: ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി
ഉത്തരാഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ കെകെ പൌള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.
ഉത്തരാഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ കെകെ പൌള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. മാര്‍ച്ച് പതിനെട്ടിന് നിയമസഭയില്‍ നടന്ന സംഭവ വികാസങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും റിപ്പോര്‍ട്ടിനൊപ്പം ഗവര്‍ണര്‍ നല്‍കി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ ഇന്നലെ രാഷ്ട്രപതിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് കടുത്ത ഭരണ സ്തംഭനമാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ച സംഭവ വികാസങ്ങളും, അതില്‍ നടത്തിയ ഇടപെടലുകളും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പ്രതിസന്ധിക്ക് തുടക്കം കുറിച്ച ഈ മാസം പതിനെട്ടിന് നടന്ന നിയമസഭ സമ്മേളന സെഷന്റെ ദൃശ്യങ്ങളുടെ സിഡിയും ഗവര്‍ണര്‍ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. പതിനെട്ടിന് നടന്ന സെഷനില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും, ശബ്ദ വോട്ടിലൂടെ ധനകാര്യ ബില്‍ പാസ്സാക്കാന്‍ സ്പീക്കര്‍ അനുവദിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രധാനമായും ആരോപിക്കുന്നത്. ഇത് ഭരണഘടന വിരുദ്ധമാണെന്നും, ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങള്‍, ബില്ലിനെതിരെ രംഗത്തെത്തിയതോടെ നിയമസഭയില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയിരിക്കുകയാണെന്നും, അതിനാല്‍ സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും ബിജെപി എംഎല്‍എമാരും വിമത എംഎല്‍എമാരും കഴിഞ്ഞ ദിവസം രാഷ്ട്രപതിയെക്കണ്ട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ മാസം 28ന് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം ഗവര്‍ണര്‍ നിശ്ചയിച്ചതാണെന്നും, അതിനുള്ള സൌകര്യം ഒരുക്കിത്തരണമെന്നും, കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെക്കണ്ട് ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.