ശശികല കിടന്നുറങ്ങിയത് വെറും നിലത്ത്
ശശികലക്ക് പ്രത്യേക സൌകര്യങ്ങളൊന്നും തന്നെ ഉണ്ടാകില്ലെന്നും ജയില്‍ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ സഹായിക്കുന്ന തരത്തില്‍ ഒരു കൌണ്‍സിലിങ് മാത്രമാണ് പരമാവധി ലഭിക്കാവുന്നതെന്നും
അനധികൃത സ്വത്ത് സന്പാദന കേസില്‍ വിചാരണ കോടതി നല്‍കിയ തടവ് ശിക്ഷ സുപ്രീംകോടതി ശരിവച്ചതോടെ ഇന്നലെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയ എഐഏഡിഎംകെ അധ്യക്ഷ ശശികല കിടന്നുറങ്ങിയത് വെറും നിലത്ത്. ഇവര്‍ക്ക് കിടക്ക നല്‍കേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ കൂടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് തീരുമാനമെടുക്കും. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യേക സൌകര്യങ്ങളോട് കൂടിയ സെല്‍ അനുവദിക്കണമെന്ന് ശശികല അഭ്യര്‍ഥിച്ചിരുന്നെങ്കിലും ജഡ്ജി ഇത് നിരാകരിക്കുകയായിരുന്നു. ശശികലക്ക് പ്രത്യേക സൌകര്യങ്ങളൊന്നും തന്നെ ഉണ്ടാകില്ലെന്നും ജയില്‍ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ സഹായിക്കുന്ന തരത്തില്‍ ഒരു കൌണ്‍സിലിങ് മാത്രമാണ് പരമാവധി ലഭിക്കാവുന്നതെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
പുളിശാതവും ചട്ടിണിയുമാണ് ഇന്ന് ശശികലക്ക് പ്രഭാത ഭക്ഷണമായി നല്‍കിയതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്‍പ്പസമയം അവര്‍ ധ്യാനത്തിലേര്‍പ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനുള്ള അനുമതി, ആഴ്ചയില്‍ രണ്ട് ദിവസം നോണ്‍- വെജിറ്റേറിയന്‍ ഭക്ഷണം, ടെലിവിഷന്‍ എന്നിവയുള്ള ക്ലാസ് വണ്‍ സെല്ലില്‍ തന്നെ പാര്‍പ്പിക്കണമെന്നായിരുന്നു ശശികലയുടെ ആവശ്യം. മെഴുകുതിരി നിര്‍മ്മാണമാണ് ശശികലക്ക് ജയിലില്‍ നല്‍കിയിട്ടുള്ള ജോലിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇത്തരം നടപടികളിലേക്ക് കടക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.