പാകിസ്താന്‍ ഭീകരവാദത്തെ മഹത്വവത്ക്കരിക്കുകയാണെന്ന് മോദി
രാജ്യം എഴുപതാം സ്വാതന്ത്രദിനം ആഘോഷിക്കുന്നു.
പാകിസ്താന്‍ ഭീകരതയെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി. ഭീകരവാദത്തില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്നും, ഇന്ത്യ സ്വരാജില്‍ നിന്ന് സുരാജ്യമായിമാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. തന്റെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഇന്ത്യയെന്ന സ്വരാജിനെ സുരാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം. സാധാരണക്കാരുടെ ജീവിതം മാറ്റി മറിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
ഭീകരവാദത്തില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി പാകിസ്താനെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. പാകിസ്താനിലെ പെഷവാറില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ എല്ലാ ഇന്ത്യക്കാരുടെ കണ്ണുകളും നിറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ നിര്‍ത്തണം. ബലൂചിസ്താനിലും ഗില്‍ഗിത്തിലും പാക് അധീനകശ്മീരിലും ഇന്ത്യ നടത്തുന്ന ഇടപെടലുകളെക്കുറിച്ചും പ്രധാനമന്ത്രി സൂചന നല്‍കി.
രാജ്യം നേരിട്ട വരള്‍ച്ചയും അത് മൂലം കര്‍ഷകരും ജനങ്ങളും അനുഭവിച്ച ദുരിതങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു.