വിവാദമായ ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രം
പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ക്കു മേല്‍ ഇന്ത്യയിലുള്ള അവരുടെ അനന്തരാവകാശികള്‍ക്കു പോലും മുന്‍കാല പ്രാബല്യത്തോടെ,അവകാശം നിഷേധിയ്ക്കുന്നതാണ് ഈ നിയമഭേദഗതി...
നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍എതിര്‍പ്പറിയിച്ചിട്ടുള്ള ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ക്കു മേല്‍ ഇന്ത്യയിലുള്ള അവരുടെ അനന്തരാവകാശികള്‍ക്കു പോലും മുന്‍കാല പ്രാബല്യത്തോടെ,അവകാശം നിഷേധിയ്ക്കുന്നതാണ് ഈ നിയമഭേദഗതി. നിയമഭേദഗതി ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് നാളെ രാജ്യസഭയില്‍ പ്രസ്താവന നടത്തും.
പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുക്കള്‍ ഇന്ത്യന്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിന് നിയമപ്രാബല്യം നല്‍കുന്ന നിയമമാണ് 1968ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ശത്രുസ്വത്ത് നിയമം. 1962ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ നിര്‍മിക്കപ്പെട്ട നിയമമാണിതെന്നാണ് വിശദീകരണം.
പക്ഷേ ഇന്ത്യ-പാകിസ്താന്‍ വിഭജന സമയത്ത് പാകിസ്താനിലേക്ക് പോയവരുടെ സ്വത്തുക്കളും ഈ വകയില്‍, സര്‍ക്കാര്‍ നിയോഗിച്ച സൂക്ഷിപ്പുകാരന്‍റെ നിയന്ത്രണത്തിലായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപ വിലവരുന്ന ആയിരക്കണക്കിന് സ്വത്തുവകകളാണ് ഇപ്രകാരം സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയത്. എന്നാല്‍, 1968ലെ നിയമപ്രകാരം കണ്ടുകെട്ടിയ വസ്തുക്കള്‍ക്കു മേല്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഉടമസ്ഥരുടെ ഇന്ത്യക്കാരായ അനന്തരാവകാശികള്‍ കോടതികളെ സമീപിച്ചുതുടങ്ങി. ഇത്തരമൊരു കേസില്‍ 30 വര്‍ഷത്തോളം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ 2005 ഒക്ടോബര്‍ 21ന് അല്‍തമസ് കബീര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹരജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
ഇതേതുടര്‍ന്നാണ് ശത്രുസ്വത്ത് നിയമത്തില്‍ ഭേദഗതി വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചിന്തിയ്ക്കുന്നത്. ഇതിന്‍റെ ഫലമായി കഴിഞ്ഞ യു.പി.എ ഭരണകാലത്തുതന്നെ ഒരു ഭേദഗതി ബില്‍ രൂപപ്പെടുത്തിയിരുന്നു. പക്ഷേ അത് അത് പാസാക്കാനായില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ശത്രുസ്വത്ത് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് 2016 ജനുവരിയില്‍തന്നെ രാഷ്ട്രപതി പുറത്തിറക്കി. 2016 മാര്‍ച്ച് എട്ടിന് ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. തുടര്‍ന്നാണ് ബില്‍ രാജ്യ സഭയുടെ പരിഗണനയ്ക്ക് വന്നത്. വ്യവസ്ഥകളില്‍ വിശദപരിശോധന വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടു. കഴിഞ്ഞ സമ്മേളനത്തില്‍ സഭയില്‍ വെച്ച സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിരവധി പാര്‍ട്ടികളുടെയും ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളുടെയും വിയോജനക്കുറിപ്പുകളും ഭേദഗതി നിര്‍ദേശങ്ങളുമുണ്ട്.