രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് വേണ്ടെന്ന് തീരുമാനിച്ചതായി ആര്‍ബിഐ

Update: 2018-04-08 22:32 GMT
Editor : Subin
രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് വേണ്ടെന്ന് തീരുമാനിച്ചതായി ആര്‍ബിഐ
Advertising

2008ല്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് പലിശ രഹിത ബാങ്കിങ് ഇടപാട് ലക്ഷ്യമിട്ടുള്ള ഇസ്ലാമിക് ബാങ്കിങ് എന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.

രാജ്യത്ത് ഇസ്‌ലാമിക് ബാങ്കിങ് വ്യവസ്ഥ നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി റിസര്‍വ്വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ആര്‍.ബി.ഐ നിലപാട് അറിയിച്ചത്. നിലവില്‍ രാജ്യത്ത് ബാങ്കിങ് സാമ്പത്തിക ഇടപാടുകളില്‍ വിശാലവും തുല്യവുമായ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്നും തീരുമാനത്തിന് കാരണമായി ആര്‍.ബി.ഐ വിശദീകരിക്കുന്നു.

2008ല്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് പലിശ രഹിത ബാങ്കിങ് ഇടപാട് ലക്ഷ്യമിട്ടുള്ള ഇസ്ലാമിക് ബാങ്കിങ് എന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. മതപരമായ വിശ്വാസപ്രകാരം ബാങ്കിങ് പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ ബാങ്കിങ് മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. ഇതിനായി ബാങ്കുകളില്‍ ഇസ്‌ലാമിക് വിന്‍ഡോ ആരംഭിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാമിക്ക് ബാങ്കിങ് രാജ്യത്ത് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം കൊണ്ടു വരുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും പരിശോധിച്ചിരുന്നു, എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതായും റിസര്‍വ് ബാങ്ക് അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ബാങ്കിങ് സംവിധാനം സാമ്പ ത്തിക ഇടപാടുകളില്‍ വിശാലവും തുല്യവുമായ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് ആര്‍ബിഐ വിശദീകരിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട നിയമ, സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആര്‍.ബി.ഐ ഇന്‍റര്‍ ഡിപ്പാര്‍ട്‌മെന്‍റല്‍ ഗ്രൂപ്പിന് രൂപം നല്‍കിയിരുന്നു. ഇന്ത്യന്‍ബാങ്കുകള്‍ക്ക് ഇസ്ലാമിക് ബാങ്കിങ് മേഖലയില്‍ മുന്‍പരിചയമില്ലാത്തതിനാല്‍ പടിപടിയായി പദ്ധതി നടപ്പിലാക്കിയാല്‍ മതിയെന്നായിരുന്നു ഈ സമിതിയും നിര്‍ദേശിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News