രോഹിത് വെമുല ദലിതനല്ല; പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് ആന്ധ്ര സര്‍ക്കാര്‍
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ലെന്ന് ആന്ധ്ര സര്‍ക്കാര്‍
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ലെന്ന് ആന്ധ്ര സര്‍ക്കാര്‍. വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
രോഹിത് വെമുലയും അമ്മ രാധിക വെമുലയും ദലിതരല്ലെന്നാണ് ഇക്കാര്യം പരിശോധിച്ച സ്ക്രൂട്ടിനി കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. രാധിക വെമുല വദേര വിഭാഗക്കാരിയാണെന്നും വദേര വിഭാഗം ഒബിസി വിഭാഗത്തിലാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. രോഹിത് വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന നിഗമനത്തിലെത്തിയ ആന്ധ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമ്മ രാധിക വെമുലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ദലിത് എന്ന വാദത്തില്‍ രാധിക വെമുല ഉറച്ചുനില്‍ക്കുകയാണെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അക്കാര്യം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഗുണ്ടൂര്‍ ജില്ലാഭരണകൂടത്തില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല സ്ഥിരീകരിച്ചു. രോഹിത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുമെന്നും രാജ വെമുല പറഞ്ഞു.
രോഹിത് വെമുല ദലിത് അല്ലെന്ന് കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണിത്. തങ്ങള്‍ ദലിതരല്ലെന്ന് പ്രഖ്യാപിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി രോഹിത് വെമുലയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ രാധിക പറയുകയുണ്ടായി. അഭിഭാഷകരുമായി കൂടിയാലോചിച്ച് രേഖകള്‍ ഹാജരാക്കാനാണ് രാധികയുടെയും കുടുംബത്തിന്റെയും തീരുമാനം.