സദ്യക്ക് ഇറച്ചിയില്ല, വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി
വിവാഹചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലെത്തിയ വരനും കൂട്ടുകാര്‍ക്കും പച്ചക്കറി മാത്രം അടങ്ങിയ സദ്യ ഇഷ്ടപ്പെട്ടില്ല
ഒരു കല്യാണം മുടങ്ങാന്‍ എന്തെങ്കിലും കാരണം വേണോ...കാരണമില്ലെങ്കിലും അതുണ്ടാക്കി കല്യാണം മുടക്കുന്നവരുമുണ്ട്. അത്തരമൊരു സംഭവത്തിനാണ് ഉത്തര്‍പ്രദേശിലെ കുല്‍ഹേദി വില്ലേജ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വിവാഹ സദ്യക്ക് ഇറച്ചി വിളമ്പിയില്ല എന്നതാണ് ഇവിടെ വിവാഹം മുടങ്ങാനുള്ള കാരണം.
സംഭവം ഇങ്ങിനെ...നഗ്മയും റിസ്വാനുമാണ് വധൂവരന്‍മാര്‍. വിവാഹചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലെത്തിയ വരനും കൂട്ടുകാര്‍ക്കും പച്ചക്കറി മാത്രം അടങ്ങിയ സദ്യ ഇഷ്ടപ്പെട്ടില്ല. കെബാബും കോര്‍മയും ബിരിയാണിയും ഇല്ലാതെ എന്ത് വിവാഹ സദ്യ എന്നായിരുന്നു വരന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് നഗ്മയെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് റിസ്വാന്‍ അറിയിക്കുകയും ചെയ്തു. മാര്‍ക്കറ്റില്‍നിന്ന് ആവശ്യത്തില്‍ ഇറച്ചി ലഭ്യമാകാത്തതാണ് സദ്യ പച്ചക്കറിയാക്കാന്‍ കാരണമെന്ന് വധുവിന്റെ വീട്ടുകാരും ഗ്രാമസഭയും ചേര്‍ന്ന് വിശദീകരിച്ചെങ്കിലും വരനും കൂട്ടരും വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.
ഇതോടെ ഇയാളെ വേണ്ടെന്ന നിലപാട് വധുവും സ്വീകരിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ നഗ്മയെ കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സംഭവത്തിന് ബോളിവുഡ് സ്റ്റൈല്‍ ക്ലൈമാക്സ് ആവുകയും ചെയ്തു. വിവാഹത്തിനെത്തിയവര്‍ പച്ചക്കറി സദ്യ അസ്സലായിട്ട് കഴിച്ച് വധൂവരന്‍മാരെ അനുഗ്രഹിച്ച് മടങ്ങുകയും ചെയ്തു.