ജിയോയും ഓയിലും തമ്മില്‍ ബന്ധമുണ്ട്
ലാഭത്തിലാകുന്നതിന് റിലയന്‍സ് ജിയോക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നാണ് കരുതുന്നത്. റിലയന്‍സിന്റെ വാക്കുകള്‍ പ്രകാരം ഇക്കാലമത്രയും ഓയില്‍ വിപണിയില്‍ നിന്നുള്ള ലാഭവിഹിതമായിരിക്കും ജിയോയെ നിലനിര്‍ത്തുക...
'റിലയന്‌സിന് ഡാറ്റയാണ് പുതിയ എണ്ണ, സംസ്‌ക്കരിച്ച ഡാറ്റ(ഇന്റലിജന്റ് ഡാറ്റ)യാണ് പുതിയ പെട്രോള്‍' കഴിഞ്ഞ മാര്‍ച്ചില്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് അംബാനി തന്നെയാണ് ഇത് പറഞ്ഞത്. ഇന്ത്യയില്‍ ഏറ്റവും ലാഭം നേടുന്ന സ്വകാര്യ സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്റ് ഗ്യാസ് ഗ്രൂപ്പിന്റെ വരുമാനത്തിന്റെ വിഹിതം ഉപയോഗിച്ച് രാജ്യത്തെ 4ജി മേഖല അപ്പാടെ പിടിച്ചെടുക്കാനാണ് മുകേഷ് അംബാനിയുടെ ശ്രമം. സ്വപ്‌നം കാണാന്‍ പോലുമാകാത്ത സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന റിലയന്‍സിന്റെ തന്ത്രം ജിയോയുടെ കാര്യത്തില്‍ ഫലം കാണുന്നുവെന്ന് വേണം കരുതാന്‍.
ഇപ്പോഴും കാര്യമായി പരസ്യങ്ങളൊന്നും റിലയന്‍സ് ജിയോ നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പരസ്യത്തേക്കാള്‍ വാര്‍ത്തയുടെ രൂപത്തിലാണ് ജിയോയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിച്ചത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഉപഭോക്താക്ക് അവസരമൊരുക്കുമെന്ന് പ്ലാനുകള്‍ മുകേഷ് അംബാനി റിലയന്‍സ് ഓഹരി ഉടമകളുടെ യോഗത്തില്‍ പ്രഖ്യാപിച്ചതോടെ ജിയോയുടെ പ്രചാരത്തിന് വേഗം കൂടുകയായിരുന്നു. ഇന്ത്യയില്‍ ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളുകള്‍, റോമിംങ് ഇല്ല, വിശേഷ ദിവസങ്ങളില്‍ അധിക നിരക്കില്ല, സെപ്തംബര്‍ അഞ്ച് മുതല്‍ വെല്‍ക്കം ഓഫറായി ജിയോ സേവനങ്ങള്‍ ഒരു മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം... സിനിമ, സംഗീതം, ചാനലുകള്‍ എന്നിവയുടെ ജിയോ ആപ് ഡിസംബര്‍ വരെ സൗജന്യം... എന്നിങ്ങനെ നീളുന്ന റിലയന്‍സ് ജിയോയുടെ ഓഫറുകള്‍ തന്നെ പരസ്യമായി മാറി.
29000 കോടിരൂപയാണ് റിലയന്‍സ് ജിയോക്ക് വേണ്ടി മുടക്കിയിരിക്കുന്നത്. പ്രാഥമിക മുതല്‍ മുടക്കിന് പുറമേ ഇനിയും വലിയ തോതില്‍ പണം മുടക്കേണ്ടി വരും. തങ്ങളുടെ എണ്ണ ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭമാണ് ജിയോയില്‍ നിക്ഷേപിക്കുന്നതെന്നാണ് റിലയന്‍സ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തൊന്നും ലാഭകരമാകാന്‍ സാധ്യതയില്ലെങ്കിലും ഭാവിയിലേക്കുള്ള നിക്ഷേപമായാണ് മുകേഷ് അംബാനിയും റിലയന്‍സും ജിയോയെ കാണുന്നതെന്ന് ചുരുക്കം.
2010ല്‍ ദേശീയതലത്തിലുള്ള സ്‌പെക്ട്രം അവകാശം ലേലത്തില്‍ സ്വന്തമാക്കിയതിന്റെ പിറ്റേന്നാണ് ഇന്‍ഫോടെല്‍ ബ്രോഡ് ബാന്റിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കിയത്. ഇതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 4ജി നെറ്റ്‌വര്‍ക്കിംങ് സേവനത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനമാകുന്നത്. 4ജി സേവനത്തില്‍ മാത്രം ഒതുങ്ങാതെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് സേവനമാണ് റിലയന്‍സ് ലക്ഷ്യം വെക്കുന്നത്. വോയ്‌സ് കോളുകള്‍ പോലും ഡാറ്റ രൂപത്തില്‍ പോകുമ്പോള്‍ വേഗതയിലും ഗുണമേന്മയിലും എതിരാളികളായ എയര്‍ടെലിനേയും വൊഡഫോണിനേയും ഐഡിയയേയും ബഹുദൂരം പിന്നിലാക്കാനാകുമെന്നാണ് ജിയോ വക്താക്കള്‍ അവകാശപ്പെടുന്നത്.
ലാഭത്തിലാകുന്നതിന് റിലയന്‍സ് ജിയോക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നാണ് കരുതുന്നത്. റിലയന്‍സിന്റെ വാക്കുകള്‍ പ്രകാരം ഇക്കാലമത്രയും ഓയില്‍ വിപണിയില്‍ നിന്നുള്ള ലാഭവിഹിതമായിരിക്കും ജിയോയെ നിലനിര്‍ത്തുക. റിലയന്‍സിന്റെ ജിയോ ആപ്ലിക്കേഷനുകളാണ് 4ജി സേവനത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ഉപഭോക്താവിന്റെയും വ്യക്തമായ വിവരങ്ങളും ഏതെല്ലാം ആപ്ലിക്കേഷനുകള്‍ എത്രസമയം ഉപയോഗിക്കുന്നു തുടങ്ങി ഓരോരുത്തരുടേയും സ്വകാര്യവിവരങ്ങള്‍ വരെ റിലയന്‍സിന് ലഭിക്കും. ഇത്തരം വിവരങ്ങള്‍ റിലയന്‍സ് എങ്ങനെയാകും ഉപയോഗിക്കുകയെന്ന ആശങ്ക പങ്കുവെക്കുന്നവരും കുറവല്ല.
ജിയോയെ എത്രത്തോളം പ്രാധാന്യത്തിലാണ് റിലയന്‍സ് കാണുന്നത് എന്നതിന്റെ തെളിവാണ് അവരുടെ മുംബൈയിലെ ആസ്ഥാന മന്ദിരം. 15000 ജീവനക്കാരാണ് ജിയോയുടെ മുംബൈ ഓഫീസില്‍ മാത്രം പണിയെടുക്കുന്നത്. വലിയ ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളും അടങ്ങുന്നതാണ് ജിയോയുടെ ആസ്ഥാനമന്ദിരം. റിലയന്‍സിനെ സംബന്ധിച്ചിടത്തോളം പണം കുഴിച്ചെടുക്കുന്ന ഓയില്‍ മേഖലയുടെ കണ്ണാടിയിലെ പ്രതിബിംബം പോലെ ഭാവിയിലെ മറ്റൊരു എണ്ണഖനിയാണ് ജിയോ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.