നോട്ടുനിരോധത്തെയും ജി.എസ്.ടിയെയും ന്യായീകരിച്ച് നരേന്ദ്രമോദി
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഗൌരവ് യാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി
നോട്ടുനിരോധത്തെയും ജി.എസ്.ടിയെയും ന്യായീകരിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.എസ്.ടി സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്ഥാനങ്ങളുടേതാണെന്നും കേന്ദ്രത്തിന്റേതല്ലെന്നും മോദി ഗുജറാത്തില്‍ പറഞ്ഞു. ഇന്നത്തെ റാലിക്ക് വേണ്ടിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന് നേരത്തെ വിമര്‍ശമുയര്‍ന്നിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഗൌരവ് യാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജിഎസ്ടിയെക്കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത് കേന്ദ്രമല്ല, സംസ്ഥാനങ്ങളാണെന്നും മോദി പറഞ്ഞു. ജി.എസ്.ടി സംബന്ധിച്ച ആശങ്കകള്‍ ബിജെപി പരിഹരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി
നോട്ടുനിരോധനത്തിലൂടെ രണ്ട് ലക്ഷം വ്യാജകന്പനികളെ പൂട്ടിക്കാനായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശമാണ് പ്രസംഗത്തിലൂടനീളം പ്രധാനമന്ത്രി ഉന്നയിച്ചത്. രാഷ്ട്രീയത്തിന്റെ നിലവാരം കോണ്‍ഗ്രസ്സ് ഇല്ലാതാക്കി. കുടുംബവാഴ്ച ഇന്ത്യയുടെ വികസനത്തെയും വളര്‍ച്ചയെയും മുരടിപ്പിച്ചു. ഗുജറാത്തിനെ സേവിച്ചതിന്റേ പേരില്‍ തന്നെയും അമിത്ഷായെയും ജയിലിലേക്ക് അയക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും മോദി പറഞ്ഞു.
രാജ്യം മുഴുവന്‍ കാവിതരംഗമാണെന്നും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മിന്നുന്ന വിജയത്തിന്റെ ശില്‍പ്പി അമിത്ഷായാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. മോദിയുടെ ഇന്നത്തെ റാലിക്ക് വേണ്ടിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.