സംഘ്പരിവാര്‍ അക്രമങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുകയാണെന്ന് ടീസ്റ്റ സെറ്റില്‍വാദ്
ഗോസംരക്ഷണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്കുന്നതാണ് കൊലപാതകങ്ങള്‍ തുടരാന്‍ കാരണമെന്നും ടീസ്റ്റ് പറഞ്ഞു
സംഘപരിവാര്‍ അക്രമങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുകയാണെന്ന് പ്രശ്സ്ത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. ഗോസംരക്ഷണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്കുന്നതാണ് കൊലപാതകങ്ങള്‍ തുടരാന്‍ കാരണമെന്നും ടീസ്റ്റ് പറഞ്ഞു. മീഡിയവണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടീസ്റ്റ.
കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബി ജെ പി അധികാരത്തില്‍ വന്നതില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് അതത് സര്‍ക്കാരുകള്‍ ഉത്തരം പറയേണ്ട സാഹചര്യമുണ്ട്. ആള്‍കൂട്ട അക്രമങ്ങള്‍ പുതിയ രീതിയായി കടന്നുവരാന്‍ കാരണം ഇതാണ്. അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ ടീസ്റ്റ ദേശീയ മാധ്യമങ്ങളുടെ പ്രവര്‍ത്തനരീതിയെയും വിമര്‍ശിച്ചു.
ആള്‍കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന കാമ്പയിന്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായും കരട് ബില്‍ ഉടന്‍ പുറത്തിറക്കുമെന്നും ടീസ്റ്റ് പറഞ്ഞു.