മോദി ഇന്ന് ഗുജറാത്തില്‍ പ്രചാരണത്തിനെത്തും
സൌരാഷ്ട്ര - കച്ച് മേഖലയില്‍ ബിജെപി വലിയ വെല്ലുവിളി നേരിടുന്നതിനാലാണ് നേതാക്കളുടെ പട ഒഴുകിയെത്തുന്നത് എന്നാണ് വിലയിരുത്തല്‍
ഗുജറാത്തില്‍ ബിജെപിയുടെ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. ഭുജില്‍ രാവിലെ പത്തരയ്ക്ക് ആദ്യ റാലിക്ക് ശേഷം മൂന്നിടത്തെ സമ്മേളനങ്ങളില്‍ കൂടി നരേന്ദ്ര മോദി പങ്കെടുക്കും.
ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കച്ചിലും സൌരാഷ്ട്ര മേഖലയിലെ എട്ട് റാലികളിലുമാണ് ഇന്നും 29നുമായി നരേന്ദ്ര മോദി പങ്കെടുക്കുക. റാഫേല്‍ പോര്‍വിമാനക്കരാറിലും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സാമ്പത്തിക ക്രമക്കേടിലും പ്രധാനമന്ത്രി മൌനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പ്രധാനമന്ത്രിയുടെ മറുപടി തെരഞ്ഞെടുപ്പ് റാലികളിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഹാര്‍ദിക് പട്ടേലിന്‍റെ പടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയെ ആക്രമിക്കാനും മോദി തയ്യാറായേക്കും.
പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, നിധിന്‍ ഗഡ്കരി, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍ തുടങ്ങിയവരും ഈ ദിവസങ്ങളില്‍ സൌരാഷ്ട്ര മേഖലയില്‍ പ്രചാരണത്തിനെത്തും. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം കേന്ദ്ര മന്ത്രിമാരെത്തും വിധത്തിലാണ് പ്രചാരണം ആസൂത്രണം ചെയ്തിരിക്കുന്നത്.
സൌരാഷ്ട്ര - കച്ച് മേഖലയില്‍ ബിജെപി വലിയ വെല്ലുവിളി നേരിടുന്നതിനാലാണ് നേതാക്കളുടെ പട ഒഴുകിയെത്തുന്നത് എന്നാണ് വിലയിരുത്തല്‍. പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണ തിരികെപ്പിടിക്കാന്‍ നരേന്ദ്ര മോദിക്കാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.