രാകേഷ് അസ്താനയെ സിബിഐ ഇടക്കാല മേധാവിയായി നിയമിച്ചതില്‍ പ്രതിഷേധം
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് നിയമനത്തെ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
സിബിഐ ഇടക്കാല മേധാവിയായി ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് കത്ത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് നിയമനത്തെ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് കത്തയച്ചത്. നിയമനം റദ്ദാക്കണമെന്ന ആവശ്യവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ കോമൺ കോസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ മാസം രണ്ടാം തിയതിയാണ് സ്ഥാനമൊഴിയുന്ന അനിൽ സിൻഹക്ക് പകരം സിബിഐ ഇടക്കാല മേധാവിയായി 1984 ബാച്ച് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ നിയമിച്ചത്. നിയമ വിധേയമല്ല നിയമനമെന്നും മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
സിബിഐ ഡയറക്ടര്‍ പോലുള്ള ഉന്നത സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള ലോക്പാല്‍, ലോകായുക്ത നിയമങ്ങള്‍ രാകേഷ് അസ്താനയുടെ നിയമനക്കാര്യത്തില്‍ പാലിച്ചില്ലെന്ന് കത്തില്‍ പറയുന്നു. 2013ല്‍ പാസാക്കിയ ലോക്പാല്‍ - ലോകായുക്ത നിയമ പ്രകാരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അംഗങ്ങളായ സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കേണ്ടത്. സമിതി യോഗം ചേരാതെയാണ് അസ്താനയുടെ നിയമനം. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാണ് കത്തിലെ ആവശ്യം.
രാകേഷ് അസ്താനയെ നിയമിക്കുന്നതിനായി സാധ്യത പട്ടികയിലുണ്ടായിരുന്ന സ്‌പെഷല്‍ ഡയറക്ടര്‍ ആര്‍ കെ ദത്തയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറിയായി സ്ഥലം മാറ്റിയെന്നും ആരോപമുണ്ട്. 10 വര്‍ഷത്തിനിടെ ആദ്യമായാണ് സിബിഐ മേധാവി വിരമിക്കുമ്പോള്‍ പുതിയ മേധാവിയെ നിയമിക്കാതിരിക്കുന്നത്. രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ കോമൺ കോസ് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഈ ആഴ്ച വാദം കേള്‍ക്കും.