ഉന്നം പിഴച്ചില്ല; ഭര്‍തൃസഹോദരനെ ഷൂട്ടിംഗ് താരം അക്രമികളില്‍ നിന്ന് രക്ഷിച്ചു
ഷൂട്ടിംഗ് റെയ്ഞ്ചില്‍ പ്രകടപ്പിക്കുന്ന കൃത്യതയാണ് അയിഷയ്ക്ക് അക്രമികളെ കുടുക്കാന്‍ കരുത്തു പകര്‍ന്നത്.
ദേശീയ ഷൂട്ടിംഗ് താരമാണ് 33കാരിയായ അയിഷ ഫലഖ്. പക്ഷേ കഴിഞ്ഞ ആറു വര്‍ഷമായി അവളുടെ കയ്യില്‍ തോക്കുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം അവള്‍ക്ക് കളത്തിന് പുറത്ത് തന്റെ തോക്ക് ഉപയോഗിക്കേണ്ടിവന്നു. അക്രമികള്‍ തട്ടിക്കൊണ്ടുപോയ 21 കാരനായ തന്റെ ഭര്‍തൃസഹോദരന്‍ ആസിഫ് ഫലഖിനെ രക്ഷിക്കാനാണ് തന്റെ ലൈസന്‍സ് പിസ്റ്റള്‍ ആയിഷ പ്രയോഗിച്ചത്. രണ്ടു തവണയാണ് ആയിഷ അക്രമികള്‍ക്കെതിരെ ഉന്നം വെച്ചത്. രണ്ടും പിഴച്ചില്ല... പ്രതികളില്‍ ഒരാളുടെ അരയിലും രണ്ടാമത്തെയാളുടെ കാലിലും ആണ് ആയിഷയുടെ വെടിയുണ്ട തുളച്ചുകയറി.
പാര്‍ട്ട് ടൈം ടാക്സി ഡ്രൈവറാണ് ആസിഫ്. വ്യാഴാഴ്ച രാത്രിയില്‍ ധര്യഗഞ്ചില്‍ നിന്ന് രണ്ട് യാത്രക്കാര്‍ ആസിഫിന്റെ കാറില്‍ കയറുകയായിരുന്നു. ഓണ്‍ലൈനില്‍ ശാസ്ത്രി നഗര്‍ സന്ദര്‍ശനത്തിനെന്ന് കാണിച്ചാണ് അവര്‍ ആസിഫിന്റെ ടാക്സി ബുക്ക് ചെയ്തിരുന്നത്. പക്ഷേ രാത്രി പത്തുമണിയോടെ ആ യാത്രക്കാര്‍ ആസിഫിനെ അക്രമിക്കുകയും ഹരിയാന അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലേക്ക് അവനെയും കാറിനെയും കടത്തിക്കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് കുടുംബാംഗങ്ങളെ വിളിച്ച് 25000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.
ആസിഫിന്റെ സഹോദരന്‍ ഫലഖ് ഷേര്‍ അലാം ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. ശേഷം അയിഷയും ഭര്‍ത്താവും അക്രമികള്‍ പറഞ്ഞിടത്തേക്ക് പുറപ്പെടുകയായിരുന്നു. പൊലീസിനേയും കൂട്ടി അയിഷ ഫലഖ് അക്രമികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും പ്രതികള്‍ പൊലീസ് ഉള്ള വിവരം അറിഞ്ഞ് സ്ഥലം വിട്ടു. തന്റെ കൈയിലുണ്ടായിരുന്ന ലൈസന്‍സ് ഉള്ള പിസ്റ്റളുമായാണ് അയിഷ ഭര്‍തൃസഹോദരനെ മോചിപ്പിക്കാനായി പോയത്.
പരുക്കേറ്റ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് റാഫി, ആകാശ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
2015ല്‍ ഉത്തരമേഖലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവാണ് അയിഷ. ഷൂട്ടിംഗ് റെയ്ഞ്ചില്‍ പ്രകടപ്പിക്കുന്ന കൃത്യതയാണ് അയിഷയ്ക്ക് അക്രമികളെ കുടുക്കാന്‍ കരുത്തു പകര്‍ന്നത്.