വോട്ട് കോണ്‍ഗ്രസിനെങ്കില്‍, കേന്ദ്ര പദ്ധതികള്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി മന്ത്രി
''ഇത് ബി.ജെ.പിയുടെ പദ്ധതിയാണ്. കോണ്‍ഗ്രസിനാണ് നിങ്ങള്‍ വോട്ടു ചെയ്യുന്നതെങ്കില്‍ ഈ പദ്ധതിയുടെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കില്ല''
കോണ്‍ഗ്രസിന് വോട്ടുചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ഒരു മന്ത്രി. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാന്‍ മന്ത്രിസഭയിലെ വനിതാ മന്ത്രിയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിന് വോട്ടുചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഉജ്വല്‍ യോജനയുടെ സഹായം നല്‍കില്ലെന്നാണ് ബി.ജെ.പി മന്ത്രിയായ യശോധര രാജെ സിന്ദെയുടെ ഭീഷണി. കൊലരസ് നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിലാണ് അവര്‍ വിവാദപരാമര്‍ശം നടത്തിയത്. നിലവില്‍ ശിവപുരിയില്‍ നിന്നുള്ള എം.എല്‍.എയാണ് യശോധര രാജെ.
‘എന്തുകൊണ്ടാണ് ഈ ഗ്യാസ് പദ്ധതി മുന്‍പ് ഇല്ലാതിരുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത് ബി.ജെ.പിയുടെ പദ്ധതിയാണ്. കോണ്‍ഗ്രസിനാണ് നിങ്ങള്‍ വോട്ടു ചെയ്യുന്നതെങ്കില്‍ ഈ പദ്ധതിയുടെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കില്ല. എന്നാല്‍ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.’ -യശോധര രാജെ പറയുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഫെബ്രുവരി 24 നാണ് കൊലരസ് നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും അഭിമാനപോരാട്ടമാണ് കൊലരസിലേത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ലമെന്റ് മണ്ഡലത്തിലാണ് കൊലരസ് നിയമസഭാ മണ്ഡലം സ്ഥിതി ചെയ്യുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ബന്ധു കൂടിയാണ് യശോധര രാജെ സിന്ധ്യ.
മന്ത്രിയുടെ പ്രസ്താവന വോട്ടര്‍മാര്‍ക്കെതിരായ ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ മന്ത്രി ചെയ്തത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ മാത്രമെ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് സംഭവം വിവാദമായപ്പോള്‍ മന്ത്രി നല്‍കുന്ന വിശദീകരണം.
2016 ലാണ് പ്രധാനമന്ത്രി ഉജ്വല്‍ യോജനയ്ക്ക് എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ദരിദ്രരായ വീട്ടമ്മമാരെ ലക്ഷ്യംവെച്ചാണ് പദ്ധതി.