ജാര്‍ഖണ്ഡില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം
രാംഗറിലെ തെര്‍മല്‍ പ്ലാന്റില്‍ പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.
ജാര്‍ഖണ്ഡിലെ രാംഗറില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാംഗറിലെ തെര്‍മല്‍ പ്ലാന്റില്‍ പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. പ്രതിഷേധക്കാര്‍ പ്ലാന്റിന് തീയിടാന്‍ ശ്രമിച്ചതാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
രാംഗറിലെ തെര്‍മല്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാമെന്ന ഉറപ്പ് നല്‍കിയിരുന്നു. നിരവധി തവണ ചര്‍ച്ച നടന്നിട്ടും തൊഴില്‍ ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമാക്കിയത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്. പ്രതിഷേധക്കാരില്‍ ചിലര്‍ പ്ലാന്റിന് തീയിടാന്‍ ശ്രമിച്ചതായി പൊലീസ് ആരോപിച്ചു.
എന്നാല്‍ ചെറിയ സംഘര്‍ഷം ഉണ്ടായപ്പോള്‍ തന്നെ പൊലീസ് ജനക്കൂട്ടത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമീപത്തെ ഹൈവെ ഉപരോധിക്കുകയും പൊലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.