യുപിയില്‍ എന്‍ടിപിസി പ്ലാന്‍റില്‍ പൊട്ടിത്തെറി; മരണം 20 ആയി
ഉത്തര്‍ പ്രദേശിലെ റായ്ബറേലിയിലെ എന്‍ടിപിസി താപനിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര്‍ മരിച്ചു.
ഉത്തര്‍ പ്രദേശില്‍ റായിബറേലിയിലെ ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്ലാന്റിലെ തെര്‍മല്‍ ബോയിലറിലുണ്ടായ അമിത സമ്മര്‍ദ്ദമാണ് അപകട കാരണം.
ഇന്നലെ വൈകുന്നേരമാണ് സംഭവം. അപകട സമയത്ത് 150 ഓളം തൊഴിലാളികള്‍ പ്ലാന്റിലുണ്ടായിരുന്നു. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ പുതുതായി തുടങ്ങിയ 500 മെഗാവാട്ട് യൂണിറ്റിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഇവരെ സമീപത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 25000 രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പ്രിന്‍സിപ്പള്‍ ഹോം സെക്രട്ടറിയോട് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. 210 മെഗാവാട്ടിന്റെ മറ്റ് അഞ്ച് യൂണിറ്റുകളും പ്ലാന്റിലുണ്ട്.