ദലിതര്‍ ഉണര്‍ന്നപ്പോള്‍ ഇളകിയ ഗുജറാത്ത് മുഖ്യമന്ത്രി കസേര
നരേന്ദ്ര മോദിക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ആനന്ദി ബെന്‍ പട്ടേല്‍ സ്ഥാനമൊഴിയുന്നത് സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് സൂചന.
നരേന്ദ്ര മോദിക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ആനന്ദി ബെന്‍ പട്ടേല്‍ സ്ഥാനമൊഴിയുന്നത് സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് സൂചന. പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം മുന്നോട്ട് വെച്ചാണ് ആനന്ദി ബെന്നിനെ പാര്‍ട്ടി അനുനയിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പട്ടേല്‍ സമുദായത്തിന്റെ സംവരണ പ്രക്ഷോഭം കെട്ടടങ്ങി എങ്കിലും തൊട്ട് പുറകെ ഗുജറാത്തിലെ ദലിതര്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്. ഗുജറാത്തിലെ ദലിത് പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലും പടരുമെന്ന ഭയമാണ് ബിജെപി നേതൃത്വത്തിനുള്ളത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കാനും ഉനയിലെ ദലിത് പീഡനം വഴിയൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമീണ, താലൂക്ക് മേഖലകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിക്കകത്ത് വിമത നീക്കങ്ങള്‍ ശക്തമാവുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ആനന്ദിബെന്നിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാന്‍ ഓം പ്രകാശ് മാഥൂറിനെ നിയോഗിക്കുകയും ചെയ്തു. ബെന്നിനെ മാറ്റണമെന്നതായിരുന്നു മാഥൂര്‍ കമ്മിറ്റിയുടെ ശിപാര്‍ശ. ഇതേ തുടര്‍ന്ന് വിമത നേതാവായ നിധിന്‍ പട്ടേലുമായി ദേശീയ നേതൃത്വം അനൌദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു.
പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയ് രൂപാലിയുടെ പേരും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ആനന്ദി ബെന്‍ പട്ടേല്‍ ബാധ്യതയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം അടുത്ത മുഖ്യമന്ത്രിയുടെ പേര് ഉടനെ തീരുമാനിക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചത്.