തിരിച്ചടക്കാത്ത വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി
നിഫ്റ്റിയും സെന്‍സെക്സും ഇടിഞ്ഞ് ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി
തിരിച്ചടക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. 90 ദിവസമായിരുന്നത് 150 ദിവസമായാണ് നീട്ടിയത്. നോട്ട് നിരോധത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖലാ ബാങ്കുകളുടേതുള്‍പ്പെടെ വിവിധ ഓഹരികള്‍ കൂപ്പുകുത്തിയപ്പോള്‍ ഓഹരി വിപണയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 385 പോയിന്‍റും നിഫ്റ്റി 145 പോയിന്റും ഇടിഞ്ഞു; ഓഹരി വിപണിയിലേത് 2015 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച.
ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. നിഫ്റ്റിയും സെന്‍സെക്സും ഇടിഞ്ഞ് ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വമാണ് പ്രധാനകാരണമെന്നാണ് വിലയിരുത്തല്‍. അതിനിടെ ഒരു കോടി രൂപ വരെയുള്ള ഭവന, വാഹന, വായ്പകളുടെ തിരിച്ചടവിന് റിസര്‍വ് ബാങ്ക് അറുപത് ദിവസം നീട്ടി നല്‍കി.,
ഇന്ന് വ്യാപാര തുടക്കത്തില്‍ തന്നെ ബോംബെ സ്റ്റോക്ക് എക്സ്‍ചേഞ്ച് സൂചികയായ സെന്‍സക്സ് 420 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്‍ചേഞ്ച് സൂചികയായ നിഫ്റ്റി 151 പോയിന്റും ഇടിഞ്ഞു, വ്യാപാരം അവസാനിക്കുമ്പോഴും ഈ നില തുടര്‍ന്നതോടെ സെന്‍സെക്സ് 25 765 പോയിന്റിലും നിഫ്റ്റി 7929 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. മെയ് 25ന് ശേഷം ഇതാദ്യമായാണ് സെന്‍സെക്സ് 8000 പോയന്റിന് താഴെ പോകുന്നത്.
നോട്ട് നിരോധം ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ പിന്നോട്ടടിക്കുമെന്ന വിലയിരുത്തലാണ് വിപണിയെ ബാധിച്ചത്. ഇതോടെ വന്‍ തോതില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വാങ്ങലില്‍ നിന്ന് പിന്‍മാറി, പുറമെ കയ്യിലുള്ള ഒഹരികള്‍ വിറ്റഴിക്കാന്‍ സന്നദ്ധരാകുന്നതാണ് വിപണിയില്‍ ദൃശ്യമായത്. പൊതു മേഖല ബാങ്കുകള്‍ ഐടി കമ്പനികള്‍ എന്നിവയുടെ ഓഹരികള്‍ക്കാണ് വലിയ തിരിച്ചടിയുണ്ടാത്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കും കുറഞ്ഞ് 68 രൂപ 27 പൈസ എന്ന നിലയിലെത്തി.
അതിനിടെ, നോട്ട് നിരോധത്തെ തുടര്‍ന്ന് ജനങ്ങള്‍ കറന്‍സി ക്ഷാമം അനുഭവിക്കുന്ന പശ്ചാതലത്തില്‍ കിട്ടാകടം സംബന്ധിച്ച വ്യവസ്ഥ റിസര്‍വ് ബാങ്ക് പരിഷ്കരിച്ചു. തിരിച്ചടക്കാത്ത വായ്പകളെ കിട്ടാകടമായി പ്രഖ്യാപിക്കുന്നതിനുള്ള സമയ പരിധി 90 ദിവസമായിരുന്നത് 180 ദിവസമാക്കി ഉയര്‍ത്തി.