പാകിസ്താനില്‍ പിടിയിലായത് റോയുടെ ചാരനല്ലെന്ന് ഇന്ത്യ
പാകിസ്താനില്‍ പിടിയിലായത് ഇന്ത്യന്‍ ചാരനല്ലെന്ന് വിദേശകാര്യമന്ത്രാലയം.
പാകിസ്താനില്‍ പിടിയിലായത് ഇന്ത്യന്‍ ചാരനല്ലെന്ന് വിദേശകാര്യമന്ത്രാലയം. അറസ്റ്റിലായ ആള്‍ മുന്‍ നേവി ഓഫീസര്‍ കുല്‍ഭൂഷണ്‍ യാദവാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ക്ക് സര്‍ക്കാരുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിധ്വംസക പ്രവര്‍ത്തനം നടത്തിയ ഇന്ത്യക്കാരനെ ബാലുചിസ്ഥനില്‍ നിന്ന് അറസ്റ്റ് ചെയ്തെന്നാണ് പാകിസ്താന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. എന്നാല്‍ ഇന്ത്യന്‍ നേവിയില്‍ നിന്നും കാലാവധി തീരും മുമ്പ് വിരമിച്ച കുല്‍ഭൂഷണ്‍ യാദവിന് സര്‍ക്കാരുമായി യാതൊരു വിധ ബന്ധവുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. റോയുടെ (റിസര്‍ച്ച് ആന്റ് അനലിസിസ് വിങ്) ചാരനാണ് പാകിസ്താനില്‍ പിടിയിലായെതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന പേരില്‍ ഇറാന്‍ പാസ്പോര്‍ട്ടുമായാണ് കുല്‍ഭൂഷണ്‍ അറസ്റ്റിലായതെന്നാണ് പാകിസ്താനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സ്വദേശിയായ ഇയാളുടെ വ്യാജ പാസ് പോര്‍ട്ടിന്റെ കോപ്പി ആണെന്ന് കാണിച്ച് ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു. 2013 മുതല്‍ കുല്‍ഭൂഷണ്‍ റോയില്‍ അംഗമാണെന്നും റിപ്പോര്‍ട്ടുകളില്‍ ആരോപിക്കപ്പെട്ടിരുന്നു.