എഎപി സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ചുവെന്ന് കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഡല്‍ഹിയ്ക്ക് പുറത്ത് പ്രചാരത്തിലുള്ള പ്രാദേശിക ഭാഷാ പത്രങ്ങളിലും ചാനലുകളിലുമടക്കം പരസ്യങ്ങള്‍ നല്‍കി കോടികള്‍ ധൂര്‍ത്തടിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിയ്ക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഇത്തരത്തില്‍ പരസ്യം നല്‍കിയതെന്നാരോപിച്ച് പിസിസി അധ്യക്ഷന്‍ അജയ് മാക്കന്‍ സര്‍ക്കാര്‍ പരസ്യ ഉള്ളടക്ക നിയന്ത്രണ സമിതിയ്ക്ക് പരാതിയും നല്‍കി.
അഴിമതിയ്ക്കെതിരെയും പൊതുഖജനാവിലെ പണം ധൂര്‍ത്തടിയ്ക്കുന്നതിനെതിരെയും നിലപാടെടുത്ത് അധികാരത്തില്‍ വന്ന ഡല്‍ഹിയിലെ അരവിന്ദ് കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെയാണ് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിനായി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരിയ്ക്കുന്നത്. മുമ്പ് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പരസ്യം നല്‍കുന്നതിനായി 30 കോടിയോളം രൂപ നീക്കിവെച്ചിരുന്നപ്പോള്‍ 528 കോടി രൂപയാണ് ഇതിനായി അരവിന്ദ് കെജ്‍രിവാള്‍ സര്‍ക്കാര്‍ 528 കോടി രൂപ നീക്കിവെച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിയ്ക്കുന്നു. ഇതില്‍ വലിയൊരു ഭാഗം തുക ചെലവഴിട്ടത് ദേശീയ തലത്തിലും ഡല്‍ഹിയ്ക്ക് പുറത്ത് പ്രാദേശിക ഭാഷകളില്‍ പ്രവര്‍ത്തിയ്ക്കുന്ന മാധ്യമങ്ങളിലും പരസ്യം നല്‍കാനാണ്.
ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രചാരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതിനാണ് ഇത്രയും പണം ചെലവഴിച്ചതെന്നും കോണ്‍ഗ്രസ് ആരോപിയ്ക്കുന്നു.
സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും പണം ഇല്ലാത്ത അവസ്ഥയിലാണ് ഡല്‍ഹിയിലെ നികുതിദായകരുടെ പണം ഡല്‍ഹിക്കാര്‍ക്ക് മനസ്സിലാവുക പോലും ചെയ്യാത്ത ഭാഷകളില്‍ പരസ്യം നല്‍കാന്‍ ചെലവിട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ പരസ്യ ഉള്ളടക്ക നിയന്ത്രണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ഇത്തരത്തില്‍ പരസ്യം നല്‍കിയതെന്നാരോപിച്ച് പിസിസി അധ്യക്ഷന്‍ അജയ് മാക്കന്‍ സമിതി അധ്യക്ഷന്‍ ബിബി ടാണ്ടന്‍ പരാതി നല്‍കിയിട്ടുണ്ട്.