അഖിലേഷിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യം; ഉദയ്‍വീറിനെ മുലായം പുറത്താക്കി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. മകന്‍ അഖിലേഷ് യാദവിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് മുലായം സിങിന് കത്തയച്ച എംഎല്‍സി ഉദയ്‍വീര്‍ സിങിനെ പാര്‍ട്ടിയില്‍ നിന്നു ആറു വര്‍ഷത്തേക്ക് പുറത്താക്കി. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും മറ്റു അധികാരങ്ങളും അഖിലേഷിന് കൈമാറണമെന്നായിരുന്നു മുലായത്തിനുള്ള കത്തിലെ ആവശ്യം. തന്റെ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉദയ്‌വീര്‍ സിങ് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. മുലായത്തിന്റെ സഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും മുലായത്തിന്റെ രണ്ടാം ഭാര്യയും അടക്കമുള്ളവര്‍ അഖിലേഷിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് കത്തില്‍ ആരോപിച്ചിരുന്നു. ഈ കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഉദയ്‌വീറിനെ പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയത്.