കോടതിയലക്ഷ്യ നടപടി ; ജസ്റ്റിസ് കര്‍ണന്‍ തുറന്ന പോരിന്
ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച കത്ത്. ജാതി വിവേചനത്തിന്‍റെ ഇരയെന്ന് രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ കര്‍ണന്‍റെ ആരോപണം
കോടതിയലക്ഷ്യനടപടി ആരംഭിച്ച സുപ്രീംകോടതി ചീഫ്‌ജസ്റ്റിനേയും ജഡ്‌ജിമാരേയും രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് സി എസ് കര്‍ണന്‍ രംഗത്ത്. സവര്‍ണ ജഡ്‌ജിമാര്‍ ദളിതനായ തനിക്കെതിരേ ഗൂഡാലോചന നടത്തുകയാണെന്ന് കാട്ടി സുപ്രീംകോടതി രജിസ്‌ട്രാര്‍ക്ക് കര്‍ണന്‍ കത്തയച്ചു. കേസ് രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിടണമെന്നും കര്‍ണന്‍ ആവശ്യപ്പെട്ടു.
ജാതി വിവേചനത്തിന്‍റെ ഇരായാണ് താനെന്ന് വ്യക്തമാക്കുന്നതാണ് ജസ്റ്റിസ് സി എസ് കര്‍ണന്‍ സുപ്രീം കോടതി രജിസ്ട്രാറിനയച്ച കത്ത്.പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. രാജ്യത്തെ 20 ഹൈക്കോടതി ജഡ്ജിമ്മാര്‍ അഴിമതിക്കാരാണ്. ദളിതനായ തനിക്കെതിരേ സവര്‍ണ ജഡ്‌ജിമാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. കോടതികളിലെ അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് തെളിവുകളുളള സാഹചര്യത്തിലാണ് ജഡ്‌ജിമാര്‍ക്കെതിരേ കേന്ദ്രസര്‍ക്കാരിന് പരാതി അയച്ചതെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കുന്നു.
ജസ്റ്റിസ് കര്‍ണനെതിരേ വെളളിയാഴ്‌ച്ചയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗബെഞ്ച് കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ചത്. തിങ്കളാഴ്‌ച്ച കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ജസ്‌റ്റിസ് കര്‍ണന്‍റെ പുതിയ നീക്കം. ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍, ജസ്‌റ്റിസ് സജ്ജയ് കൗള്‍ എന്നിവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് കത്തിലൂളളത്. ചീഫ് ജസ്റ്റിസ് മുന്‍വിധിയോടെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ജഡ്‌ജിയായിരിക്കെ കേഹാറിനെതിരേ താന്‍ ഉത്തരവ് പുറപ്പെടുവിച്ചതിനുളള പ്രതികാരനടപടിയാണ് കോടതിലക്ഷ്യമെന്നും കര്‍ണന്‍ ആരോപിച്ചു.
ചീഫ് ജസ്റ്റിസ് വിരമിക്കുന്നതുവരെ കേസില്‍ വാദം കേള്‍ക്കരുത്. കേസ് അടിയന്തരമായി പരിഗണിക്കേണ്ടതാണെങ്കില്‍ പാര്‍ലമെന്റിന് വിടണം. വിശദീകരണം കേള്‍ക്കാതെ സിറ്റിങ് ജഡ്‌ജിയായ ഒരാള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കോടതിക്ക് യാതൊരു അധികാരവുമില്ലെന്നും കര്‍ണന്‍ അവകാശപ്പെട്ടു. നീതിന്യായ വ്യവഹാരങ്ങളില്‍ നിന്നും ഭരണപരമായ ചുമതലകളില്‍ നിന്നും സുപ്രീംകോടതി മാറ്റി നിര്‍ത്തിയിരിക്കുന്ന കര്‍ണന്‍ തിങ്കളാഴ്ച്ച ഹാജറാകാതിരുന്നാല്‍ അത് പുതിയ നിയമ പ്രശ്നങ്ങള്‍ക്ക് വഴി വെക്കും.