ജീവന്‍ രക്ഷിച്ച ആ റിക്ഷാവണ്ടിക്കാരന് അവള്‍ മകളായി..ഡോക്ടറായ മകള്‍
25000 ത്തിലധികം ലൈക്കുകളും അയ്യായിരത്തിലധികം ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു
ജീവിതം അങ്ങിനെയാണ്...പ്രതീക്ഷിക്കാതെ അത് നമുക്കായി പലതും കാത്തുവച്ചിരിക്കും..അപ്രതീക്ഷിതമായ ഒന്ന്...ഒരു വാക്ക് കൊണ്ട് പോലും നന്‍മ ചെയ്താല്‍ അത് ഒരായിരം പുണ്യങ്ങളായി തിരിച്ചു വരും, അപ്പോള്‍ പിന്നെ ഒരു ജീവന്‍ രക്ഷിച്ചാലോ...ഒരു മനുഷ്യ ജീവിതം സഫലമാകാന്‍ വേറെ വേണോ. റിക്ഷാവണ്ടിക്കാരനായ ബബ്‍ലു ഷേക്കിന്റെ ജീവിതത്തിലും അങ്ങിനെ ഒന്നുണ്ടായി...തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യക്കൊരുങ്ങിയ പെണ്‍കുട്ടിയെ ബബ്‍ലു രക്ഷിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളെ കണ്ടുമുട്ടിയതും ബബ്‍ലുവിന്റെ ജീവിതം മാറിമറിഞ്ഞതും പെട്ടെന്നായിരുന്നു. ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ജിഎംബി ആകാശാണ് സിനിമാക്കഥയെ വെല്ലുന്ന ബബ്‍ലുവിന്റെ ജീവിതം ലോകത്തെ അറിയിച്ചത്. 25000 ത്തിലധികം ലൈക്കുകളും അയ്യായിരത്തിലധികം ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു.
ബബ്‍ലുവിന്റെ ജീവിതകഥ അദ്ദേഹം തന്നെ പറയട്ടെ
മൂന്ന് ആണ്‍മക്കളായിരുന്നു ഞങ്ങള്‍ക്ക്, ഒരു പെണ്‍കുട്ടി ഉണ്ടാകണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു. ഒരു മകള്‍ ഉണ്ടാകുന്നത് വലിയൊരു ഭാഗ്യമാണെന്ന് ഞാനെപ്പോഴും എന്റെ ഭാര്യയോട് പറയാറുണ്ടായിരുന്നു. ഞാനൊരു റിക്ഷാവണ്ടിക്കാരനാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ ജോലി ചെയ്യുന്നു. പല യാത്രക്കാരും എന്നോട് മോശമായിട്ടാണ് പെരുമാറാറുള്ളത്. ചിലര്‍ എന്നോട് അസഭ്യം പറയും. ഒരിക്കല്‍ ഒരു പിതാവ് അയാളുടെ മകളെ കോളേജില്‍ കൊണ്ടുചെന്നാക്കാന്‍ എന്നോട് പറഞ്ഞു. വളരെ ശ്രദ്ധയോടെ വേണം അവളെ കൊണ്ടുപോകണമെന്നായിരുന്നു ആ പിതാവിന്റെ അഭ്യര്‍ഥന. ആ യാത്രയില്‍ അവള്‍ കരയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ കാര്യം തിരക്കിയപ്പോള്‍ നേരെ നോക്കി വണ്ടിയോടിക്കാനായിരുന്നു അവള്‍ പറഞ്ഞത്. തുടര്‍ന്ന് വണ്ടി നിര്‍ത്താന്‍ അവള്‍ എന്നോട് ആവശ്യപ്പെട്ടു, ആര്‍ക്കോ ഫോണ്‍ ചെയ്യുന്നതും കണ്ടു. അവള്‍ ഉച്ചത്തില്‍ സംസാരിക്കുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഏതോ ഒരു പയ്യനൊപ്പം ഒളിച്ചോടാനായിരുന്നു അവളുടെ പദ്ധതി. എന്നാല്‍ പയ്യന്‍ അതിന് തയ്യാറായിരുന്നില്ല. പെട്ടെന്ന് അവള്‍ റിക്ഷയിലേക്ക് ചാടിക്കയറി, എനിക്കുള്ള പണം അവിടെ വച്ച ശേഷം തിടുക്കത്തില്‍ റയില്‍വെ ട്രാക്ക് ലക്ഷ്യമാക്കി നടന്നു.
അവളെന്തെങ്കിലും ചെയ്താല്‍ ആ പിതാവിനോട് ഞാനെന്ത് പറയും എന്ന് ഞാന്‍ ചിന്തിച്ചു. ഞാനും അവളുടെ പിറകെ ഓടി. തിരികെ വരാന്‍ ഞാനവളോട് അപേക്ഷിച്ചു. പകരം അവളെന്നെ അപരിഷ്കൃതന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണുണ്ടായത്. അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു. അവളെ അവിടെ തനിച്ച് വിട്ടിട്ടു പോകാന്‍ എനിക്ക് മനസ് വന്നില്ല. മൂന്ന് മണിക്കൂറുകളോളം ഞങ്ങള്‍ അവിടെ നിന്നു. ഇതിനിടെ കനത്ത മഴയും. അവള്‍ എന്നോട് വണ്ടിയെടുക്കാന്‍ പറഞ്ഞു. മഴ ആയതുകൊണ്ട് പതിയെ ആണ് റിക്ഷ ഓടിച്ചത്. ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല. ഞാവനളെ അവളുടെ വീടിന് അടുത്ത് ഇറക്കി. അങ്കിള്‍ ഒരിക്കലും ഈ വഴി വരരുത്, എന്നെ അറിയാമെന്നോ ആത്മഹത്യ സംഭവമോ ആരോടും പറയരുത്..പോകാന്‍ നേരം അവള്‍ എന്നോട് അപേക്ഷിച്ചു. ഞാന്‍ തലകുനിച്ച് തിരികെ നടന്നു...അന്ന് ഞാനാരോടും സംസാരിച്ചില്ല, ഒന്നും കഴിച്ചില്ല...ഒരു മകള്‍ ഉണ്ടാകാത്തത് എന്റെ ഭാഗ്യമാണെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
ഈ സംഭവം നടന്നിട്ട് എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈയിടെ ഒരു എനിക്കൊരു അപകടമുണ്ടായി. അവിടെ കൂടിയെത്തിയ ആളുകളാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. ബോധം വരുമ്പോള്‍ ഒരു പെണ്‍കുട്ടി അടുത്ത് നിന്ന് എന്നെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. എങ്ങിനെയുണ്ട് എന്ന് അവള്‍ എന്നോട് ചോദിച്ചു. ഇവളെ മുന്‍പ് കണ്ടിട്ടില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത. വെള്ള കോട്ടും സ്റ്റെതസ്കോപ്പുമിട്ട് നില്‍ക്കുന്ന അവളെ തിരിച്ചറിയുക പ്രയാസമായിരുന്നു. അന്ന് ആത്മഹത്യക്കൊരുങ്ങിയ പെണ്‍കുട്ടിയായിരുന്നു അവള്‍. എനിക്ക് നല്ല ചികിത്സ ലഭിച്ചു. നല്ലൊരു ഡോക്ടറുടെ അടുത്തേക്ക് എന്നെ മാറ്റി. അത് എന്റെ അച്ഛനാണ് അവള്‍ ആ ഡോക്ടറോട് പറയുന്നതു ഞാന്‍ കേട്ടു. ഡോക്ടര്‍ ഇംഗ്ലീഷില്‍ എന്തോ മറുപടിയും പറഞ്ഞു. ഈ അച്ഛനില്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരു ഡോക്ടറാകുമായിരുന്നില്ല എന്റെ മുറിവേറ്റ കയ്യില്‍ പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ആ ബെഡ്ഡില്‍ കിടന്ന് കണ്ണുകള്‍ മുറുകെ അടയ്ക്കുമ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞു. റിക്ഷാവണ്ടിക്കാരനായ എനിക്ക് ഒരു മകളുണ്ടായിരിക്കുന്നു, ഡോക്ടറായ മകള്‍.