ഗുജറാത്ത് തെരഞ്ഞെടുപ്പ്: വിവിപാറ്റ് എണ്ണില്ലെന്ന് സുപ്രീംകോടതി

Update: 2018-05-24 22:48 GMT
Editor : Alwyn K Jose
ഗുജറാത്ത് തെരഞ്ഞെടുപ്പ്: വിവിപാറ്റ് എണ്ണില്ലെന്ന് സുപ്രീംകോടതി
Advertising

25 ശതമാനം വിവിപാറ്റ് എണ്ണണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ വോട്ടുകള്‍ വിവിപാറ്റുകളുമായി ഒത്തുനോക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയില്ല. 25 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് ഗുജറാത്ത് കോണ്‍ഗ്രസ് കമ്മറ്റി നല്‍‌കിയ ഹര്‍ജിയില്‍ ഇടപെടാന്‍‌ കോടതി വിസമ്മതിച്ചു. തെരെഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ സാഹചര്യത്തില്‍ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

തെഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാര പരിധിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിവിപാറ്റ് എണ്ണുന്നതിന് അനുമതി നിഷേധിച്ചത്. 25 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണം എന്ന ആവശ്യം പിന്നീട് 20 ശതമാനമെങ്കിലും എണ്ണുക എന്നാക്കി ഹര്‍ജിക്കാരായ ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം മയപ്പെടുത്തി. പിന്നീട് 10 ശതമാനമെങ്കിലും എണ്ണിയാല്‍ മതി എന്ന നിലപാടിലേക്ക് വരെ ഹര്‍ജിക്കാര്‍ എത്തിയെങ്കിയും ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞു. നിലവില്‍ ഹര്‍ജയില്‍‌ ഇടപെടാനാകില്ല. കോ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താമെന്നു പറയുന്നതിനുള്ള വിശദീകരണവും തെളിവും എന്താണെന്നും സുപ്രീംകോടതി ചോദിച്ചു.

തെരഞ്ഞെടുപ്പ് ചട്ടം പരിഷ്കരിക്കണം എന്നാണ് ആവശ്യമെങ്കില്‍ ഉചിതമായ രൂപത്തില്‍‌ പിന്നീട് ഹര്‍ജി സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. വോട്ടിങ് മെഷീനുകളിൽ അട്ടിമറിയും ക്രമക്കേടും സംശയിക്കത്തക്ക വിധം തകരാറുകള്‍ വ്യാപകമായി കണ്ടെത്തിയതോടെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News