ബാബരി ഗൂഢാലോചനക്കേസ്: സുപ്രീം കോടതി വിധി മാറ്റിവച്ചു

Update: 2018-05-25 15:30 GMT
Editor : Sithara
ബാബരി ഗൂഢാലോചനക്കേസ്: സുപ്രീം കോടതി വിധി മാറ്റിവച്ചു
Advertising

എന്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണോ എന്ന കാര്യത്തിലെ വിധിയാണ് രണ്ടാഴ്ച്ചത്തേക്ക് മാറ്റിയത്

ബാബരി മസ്ജിദ് തകര്‍ത്തതിലെ ഗുഢാലോചനക്കേസില്‍ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധികള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് സുപ്രിം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം മാനിച്ചാണ് കോടതിയുടെ തീരുമാനം. ഉന്നയിക്കാനുള്ള വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ കോടതി പ്രതിഭാഗത്തോട് നിര്‍ദേശിച്ചു.

ബാബരി മസ്ജിദ് തകര്‍ത്തതിലെ ഗുഢാലോചനക്കേസില്‍ ബിജെപി നേതാക്കളായ എല്‍കെ അദ്വനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് തുടങ്ങിയവരാണ് പ്രതികള്‍. ഇവരെ കുറ്റ വിമുക്തരാക്കിയ വിചാരണക്കോടതി വിധി ലഖ്നൌ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ സിബിഐയും, സന്നദ്ധ പ്രവര്‍ത്തകനായ ഹാജി മെഹ്ബൂബും നല്‍കിയ അപ്പീലുകളാണ് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് രണ്ടാഴ്ചത്തേക്ക് മാറ്റിയത്.

കേസ് ഇന്ന് പരിഗണിച്ചപ്പോള്‍, തങ്ങളുടെ വാദം വിശദമായി കേള്‍ക്കണമെന്നും, ഇതിന് അല്‍പ്പം സാവകാശം അനുവദിക്കണമെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. തുര്‍ന്നാണ് ജസ്റ്റിസുമാരായ പിസി ഘോഷും, ആര്‍എഫ് നരിമാനും അടങ്ങിയ ബെഞ്ച് രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്. ഇതിനകം വാദങ്ങള്‍ എഴുതിത്തയ്യാറാക്കി നല്‍കണമെന്ന് പ്രതിഭാഗത്തോട് കോടതി നിര്‍ദേശിച്ചു. കേസില്‍ കീഴ്ക്കോടതികള്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ രീതിയെ സുപ്രിം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപത്രങ്ങള്‍ റദ്ദാക്കാനാകില്ലെന്നും, പ്രഥമ ദൃഷ്ട്യാ ഈ കേസിലെ വിധികള്‍ തെറ്റാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്ത കേസ് ലക്നൌ കോടതിയിലും അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഗുഢാലോചനക്കേസ് റായ്ബറേലി കോടതിയിലുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവ രണ്ടും ഒരു കേസായി സിബിഐ ലക്നൌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മറ്റൊരു കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നടത്താനാകില്ലെന്നാണ് ഗൂഢാലോചനക്കേസ് തള്ളുന്നതിനുള്ള കാരണമായി വിചാരണക്കോടതി പറഞ്ഞിരുന്നത്. വിചാരണക്കോടതി ഉത്തരവിനാധാരം സാങ്കേതിക കാരണങ്ങളാണെങ്കില്‍ അംഗീകരിക്കാനാകില്ലെന്ന് ഹരജികള്‍ അവസാനമായി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. ലക്നൌ കോടതിയിലും റായ്ബറേലി കോടതിയിലും സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ ഒരുമിച്ച് വിചാരണ നടത്തുന്നതിന് തടസ്സമെന്തെന്നും കോടതി ചോദിച്ചിരുന്നു.

കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍, നേരത്തെ വാദം കേട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ആര്‍എഫ് നരിമാന്‍റെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇന്നേക്ക് മാറ്റിയത്. ജസ്റ്റിസുമാരായ പിസി ഘോഷ്, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ മുന്നൂറിലേറെ സീറ്റുകളില്‍ ജയിച്ച് ബിജെപി അധികാരത്തിലെത്തിയ രാഷ്ട്രീയ സാഹചര്യത്തിലും കോടതി തീരുമാനം ഏറെ നിര്‍ണായകമാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News