നോട്ട് അസാധുവാക്കല്‍: മോദി നടപ്പാക്കിയത് മാര്‍ക്സിന്റെ നയമെന്ന് ഉമാഭാരതി
നോട്ട് അസാധുവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ നടപ്പാക്കിയത് കാള്‍ മാര്‍ക്‌സിന്റെ അജണ്ടയാണെന്ന് ബിജെപി നേതാവ് ഉമാഭാരതി.
നോട്ട് അസാധുവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയത് കാള്‍ മാര്‍ക്‌സിന്റെ നയമാണെന്ന് ബിജെപി നേതാവ് ഉമാഭാരതി. ഇത് മാര്‍ക്‌സിന്റെ അജണ്ടയാണ്. പിന്നീട് ഇതേകാര്യം ലോഹ്യയും കാന്‍ഷി റാമും പറഞ്ഞെന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു.
എങ്ങനെയാണ് മോദിയുടെ നയങ്ങള്‍ മാര്‍ക്സിന്റേതുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന ചോദ്യത്തിന് ഉമാഭാരതിയുടെ മറുപടി ഇങ്ങനെ- സമത്വം വേണമെന്നാണ് മാര്‍ക്‌സ് എപ്പോഴും പറഞ്ഞത്. ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്നും. ഒരിടത്ത് ഒരു വ്യക്തിക്ക് 12 മുറികളുള്ള വീടുണ്ടെങ്കില്‍ മറ്റൊരിടത്ത് ഒരു മുറിയില്‍ 12 പേര്‍ ഉറങ്ങുന്നുണ്ടാവും. അത്തരം വിവേചനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിലപാടെന്ന് ഉമാഭാരതി വിശദീകരിച്ചു.
സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയിലെ അകലം ഇല്ലാതാക്കുക എന്നതാണ് മോദിയുടെ നയം. 12 മുറികളുള്ള ആളെ നിര്‍ബന്ധിച്ച് ഒഴിപ്പിച്ചല്ല അകലം കുറയ്ക്കേണ്ടത്. ജന്‍ ധന്‍ അക്കൗണ്ടുകളിലൂടെയും മുദ്ര യോജനയിലൂടെയും കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിലൂടെയുമൊക്കെയേ ഇതു നടക്കൂ. കള്ളപ്പണം സംബന്ധിച്ച നയത്തിന്റെ പേരില്‍ ലോകമെമ്പാടുമുള്ള ഇടതുസംഘടനകള്‍ മോദിജിയെ അഭിനന്ദിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഉമാഭാരതി പറഞ്ഞു.