ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്‍ലിംകള്‍ക്ക് സീറ്റ് നല്‍കുന്നതെന്തിന്? ബിജെപി എംപി
ഉത്തര്‍പ്രദേശില്‍ മുസ്‍ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിനെ ചൊല്ലി ബിജെപിയില്‍ അസ്വാരസ്
ഉത്തര്‍പ്രദേശില്‍ മുസ്‍ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിനെ ചൊല്ലി ബിജെപിയില്‍ അസ്വാരസ്യം. മുസ്‍ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കും ടിക്കറ്റ് നല്‍കാത്തത് ബിജെപിക്ക് സംഭവിച്ച വലിയ പിഴവാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞു. ഇത് തള്ളി ബിജെപിയുടെ ഫൈസാബാദ് എംപി വിനയ് കത്യാര്‍ രംഗത്തെത്തി. ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്‍ലിംകള്‍ക്ക് സീറ്റ് നല്‍കുന്നതെന്തിനെന്ന് കത്യാര്‍ ചോദിച്ചു. സീറ്റ് നല്‍കാത്തതിനെ ന്യായീകരിച്ച് മുക്താര്‍ അബ്ബാസ് നഖ്‍വിയും രംഗത്തെത്തി.
ഉത്തര്‍പ്രദേശില്‍ ഒരു മുസ്‍ലിം സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. ഇത് തെറ്റായ സന്ദേശം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് ഉമാഭാരതിയുടെയും പ്രതികരണം. മുസ്‍ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തത് പാര്‍ട്ടിക്ക് പറ്റിയ പിഴവാണ്. ഇക്കാര്യത്തില്‍ രാജ്നാഥ് സിംഗിന്‍റെ അഭിപ്രായമാണ് തനിക്കുള്ളതെന്നും ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമാഭാരതി പറഞ്ഞു. ഇതിന് മറുപടിയുമായി അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ എംപി വിനയ് കത്യാര്‍ രംഗത്തെത്തി. തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് എന്തിനാണ് സീറ്റ് നല്‍കുന്ന കത്യാര്‍ ചോദിച്ചു. ഇതോടെ വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കുള്ള അഭിപ്രായ ഭിന്നത പരസ്യമായി. തുടര്‍ന്നാണ് വിശദീകരണവുമായി മുഖ്താര്‍ അബ്ബാസ് രംഗത്തെത്തിയത്.
അതേസമയം മുസ്‍ലിംകള്‍ക്ക് സീറ്റ് നല്‍കാത്ത ബിജെപിയുടെ നടപടി ബോധപൂര്‍വ്വമാണെന്നാണ് വിമര്‍ശം. എസ്പിയും ബിഎസ്പിയും ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് മുസ്‍ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.