മഹാരാഷ്ട്രയില്‍ പാലം തകര്‍ന്ന് ബസ് ഒഴുക്കില്‍പ്പെട്ടു; 22 പേരെ കാണാതായി
രണ്ട് ബസ്സുകള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായി
കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പാലം തകര്‍ന്ന് 22 പേരെ കാണാതായി. രണ്ട് ബസ്സുകള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായി. മുംബൈ - ഗോവ ഹൈവേയിലുള്ള പാലം തകര്‍ന്നാണ് വാഹനങ്ങളും യാത്രക്കാരും ഒഴുക്കില്‍പ്പെട്ടത്.
മുംബൈ - ഗോവ ഹൈവേയില്‍ മഹദിനും പോലാദ്പൂരിനും ഇടയിലുള്ള പാലമാണ് പുലര്‍ച്ചെ കനത്ത മഴയെ തുടര്‍ന്നുണ്ടായ അതിശക്തമായ ഒഴുക്കില്‍ തകര്‍ന്നത്. ഈ സമയത്ത് പാലത്തിനു മുകളിലുണ്ടായിരുന്ന രണ്ട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും ഒഴുക്കില്‍പ്പെടുകയായിരുന്നു. രണ്ടു ബസ്സുകളിലുമായി ഉണ്ടായിരുന്ന 18 യാത്രക്കാര്‍, 4 ജീവനക്കാര്‍ എന്നിവരെയും ബസ്സുകള്‍ക്കൊപ്പം കാണാതായി. കാണാതായവരെയും വാഹനങ്ങളും കണ്ടെത്താന്‍ തീരസംരക്ഷണ സേന ചേതക് ഹെലികോപ്ടറും സീ കിങ്ങ് വിമാനവും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചു.
ദേശീയ ദുരന്ത നിവാരണ സേനാ സംഘവും സ്ഥലത്തെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പാലമാണ് അപകടത്തില്‍പ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്നാവിസിനെ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.