നിര്‍മിച്ച ഭൂരിഭാഗം കക്കൂസുകളിലും വെള്ളവും ഡ്രെയിനേജ് സംവിധാനവുമില്ല; സ്വച്ഛ്ഭാരത് പദ്ധതി പാളുന്നു

Update: 2018-05-28 05:47 GMT
Advertising

പദ്ധതി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് 55.4 ശതമാനം ആളുകളും തുറസ്സായ സ്ഥലത്താണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് എന്ന് ദേശീയസാമ്പിള്‍ സര്‍വേ ഫലം വ്യക്തമാക്കുന്നു.

സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഭൂരിഭാഗം കക്കൂസുകളിലും വെള്ളസൌകര്യമില്ലെന്ന് ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ തുറസ്സായ മലമൂത്രവിസര്‍ജ്ജന വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കക്കൂസുകള്‍ നിര്‍മിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍‌ ആവിഷ്ക്കരിച്ചത്. പുതിയ സര്‍വ്വേ പ്രകാരവും രാജ്യത്തെ 55.4 ശതമാനം ആളുകളും തുറസ്സായ സ്ഥലത്താണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്.

2019 ഓടെ തുറസ്സായ സ്ഥലങ്ങളെ മലമൂത്ര വിസര്‍ജ്ജനമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014 ഒക്ടോബറില്‍ സ്വച്ഭാരത് അഭിയാന്റെ കീഴില്‍ കക്കൂസ് നിര്‍മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് 55.4 ശതമാനം ആളുകളും തുറസ്സായ സ്ഥലത്താണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് എന്ന് ദേശീയസാമ്പിള്‍ സര്‍വേ ഫലം വ്യക്തമാക്കുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലൂടെ പണികഴിപ്പിച്ച കക്കൂസുകള്‍ക്കും വെള്ളസൌകര്യമോ ഡ്രെയിനേജ് സംവിധാനമോ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും സര്‍വേ ഫലം ചൂണ്ടികാട്ടുന്നു. ഒരു ലക്ഷം വീടുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്. രാജ്യത്തെ 60 ശതമാനം കക്കൂസുകള്‍ക്കും വെള്ള സൌകര്യമില്ല. ഗ്രാമങ്ങളിലെ 40 ശതമാനവും നഗരങ്ങളിലെ 8 ശതമാനവും കക്കൂസുകള്‍ ഡ്രെയിനേജ് സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടില്ല. 2019 ഓടെ 12 ദശലക്ഷം കക്കൂസുകള്‍ നിര്‍മിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും ഇതുവരെയും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍ 2012 ലെ അപേക്ഷിച്ച് 5 ശതമാനത്തിലധികം വീടുകളില്‍ കക്കൂസുകള്‍ ഉപയോഗിക്കുന്പോള്‍ നഗരപ്രദേശങ്ങളില്‍ കക്കൂസില്ലാത്ത വീടുകളുടെ എണ്ണത്തില്‍ 3 ശതമാനത്തോളം വര്‍ധനവ് ഉണ്ടായി. ലോകബാങ്കുമായി സഹകരിച്ച് കൊണ്ടുള്ള പദ്ധതിക്ക് 1.96 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.

Tags:    

Similar News