'ഞാന്‍ പട്ടേലിന്‍റെ അനുയായി': നവംബര്‍ 8ന് തന്‍റെ കോലംകത്തിക്കാന്‍ പോകുന്നവരോട് മോദി
നവംബര്‍ എട്ടിന് കരിദിനം ആചരിക്കാനും തന്‍റെ കോലം കത്തിക്കാനും പദ്ധതിയിടുന്നവരോട് താന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ അനുയായി ആണെന്നാണ് പറയാനുള്ളതെന്ന് മോദി
ഹിമാചല്‍ പ്രദേശില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശവുമായി പ്രധാനമന്ത്രിയുടെ പ്രചാരണം. സ്വന്തം നേതാക്കളിലെ വിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളിലെ വിമതരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ കണ്‍ഗ്ര ജില്ലയിലെ ഷാഹ്പൂര്‍ മണ്ഡലത്തില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. നോട്ട് നിരോധത്തെ കുറിച്ച് കോണ്‍ഗ്രസ് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. നവംബര്‍ എട്ടിന് കരിദിനം ആചരിക്കാനും തന്‍റെ കോലം കത്തിക്കാനും പദ്ധതിയിടുന്നവരോട് താന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ അനുയായി ആണെന്നാണ് പറയാനുള്ളത്. എന്തുവന്നാലും അഴിമതിക്കെതിരെ പോരാടുമെന്നും മോദി വ്യക്തമാക്കി. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരിച്ചപ്പോഴാണ് ഹിമാചലില്‍ ഏറ്റവും കൂടുതല്‍ വികസനമുണ്ടായതെന്നും മോദി അവകാശപ്പെട്ടു.
നോട്ട് നിരോധം, ജിഎസ്ടി, സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിലെ പ്രതിപക്ഷ വിമര്‍ശത്തിന് രാവിലെ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലും പ്രധാനമന്ത്രി മറുപടി പറഞ്ഞിരുന്നു. ലോകബാങ്ക് ഇന്ത്യയുടെ റാങ്കിംഗ് ഉയര്‍ത്തുന്നത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ലെന്നും ജിഎസ്ടിയില്‍ ഭാവിയില്‍ മാറ്റങ്ങള്‍ക്ക് തയ്യാറാണെന്നുമാണ് ഡല്‍ഹിയില്‍ വ്യക്തമാക്കിയത്.