യുജിസി നെറ്റ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം വൈകുന്നു
മാനവിക, ഭാഷാ വിഷയങ്ങളിലുള്ള യുജിസി നെറ്റ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം വൈകുന്നു.
മാനവിക, ഭാഷാ വിഷയങ്ങളിലുള്ള യുജിസി നെറ്റ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം വൈകുന്നു. ഫെബ്രുവരി ഒന്നിന് വിജ്ഞാപനം ഉണ്ടാകുമെന്നാണ് യുജിസി അറിയിച്ചിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും മാറ്റങ്ങളോടെയാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്.
പരിഷ്കരിച്ച രീതിയിലുള്ള നെറ്റ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ യുജിസി അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ യുജിസിയുടെ ഔദ്യോഗിക വൈബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം നിരീക്ഷിച്ചു വരികയാണെന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സ്റ്റുഡന്‍റ്സ് ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
ജൂലൈ എട്ടിന് പരീക്ഷ നടത്തുമെന്നാണ് നേരത്തെ യുജിസി അറിയിച്ചിരുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് ആറിന് തുടങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. നെറ്റ് പരീക്ഷയുടെ പേപ്പറുകളുടെ എണ്ണം ഇത്തവണ മൂന്നില്‍ നിന്നും രണ്ടായി കുറച്ചിട്ടുണ്ട്. ജെആര്‍എഫ് പരീക്ഷ എഴുതുന്നതിനുള്ള പ്രായപരിധി 28ല്‍ നിന്നും 30 ആക്കി. വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷ നടത്താനുള്ള എസ്ഐഒയുടെ നിര്‍ദേശം സ്വീകരിക്കപ്പെട്ടെന്നും ദേശീയ അധ്യക്ഷന്‍ നഹാസ് മാള പറഞ്ഞു.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യുജിസിക്കും സിബിഎസ്ഇക്കും എസ്ഐഒ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.