ജസ്റ്റിസ് ലോയ കേസ്: അന്വേഷണം വേണമെന്ന ഹരജി വിധിപറയാന്‍ മാറ്റി
കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ജുഡീഷ്യറിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിച്ചു.
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി വിധി പറയാനായി മാറ്റി. എതിര്‍ കക്ഷിയായ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വാദം ഇന്ന് പൂര്‍ത്തിയായി.
കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ജുഡീഷ്യറിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിച്ചു. ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനില്‍പിനെ ബാധിക്കും. നാല് ജഡ്ജിമാരുടെ മൊഴിയെടുക്കേണ്ടിവരും. കാര്യങ്ങള്‍ പിന്നീട് എവിടെ ചെന്ന് അവസാനിക്കുമെന്ന് ആലോചിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തകി കോടതിയില്‍ ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ലോയയുടെ മരണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.