നക്‍സല്‍ ആക്രമണങ്ങളെ നേരിടാന്‍ ‘സമാധാന്‍’
സുക്മയിലെ നക്‍സല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നക്‍സല്‍ബാധിത പ്രദേശങ്ങളുള്‍പ്പെട്ട 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്രം വിളിച്ചത്
നക്‍സല്‍ ആക്രമണങ്ങളെ ചെറുക്കാനായി സമാധാന്‍ എന്നപേരില്‍ പുതിയ പദ്ധതിക്ക് കേന്ദ്രം രൂപം നല്‍കി. നക്സല്‍ ആക്രമണങ്ങള്‍ രൂക്ഷമായ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് നക്സലാക്രമണങ്ങളുടെ തോത് കുറഞ്ഞതായി യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന കേന്ദ്രആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു.
സുക്മയിലെ നക്‍സല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നക്‍സല്‍ബാധിത പ്രദേശങ്ങളുള്‍പ്പെട്ട 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്രം വിളിച്ചത്. വെടിയുണ്ടകൊണ്ട് മാത്രം നെക്സലുകളെ തടയാനാവില്ലെന്നതിനാല്‍ ഹ്രസ്വ-ദീര്‍ഘ കാല പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി യോഗത്തില്‍ പറഞ്ഞു. സമാധാന്‍ പദ്ധതി പ്രകാരം കേന്ദ്രസംസ്ഥാനസേനകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമായി ഏകോപിക്കും. സേനയില്‍ നിന്ന് തട്ടിയെടുക്കുന്ന ആയുധങ്ങളാണ് മുഖ്യമായും നക്സലുകള്‍ ഉപയയോഗിക്കുന്നത് എന്നതിനാല്‍ ആയുധങ്ങളില്‍ സെന്‍സറുകളും ബയോമെട്രിക്ക് സംവിധാനങ്ങളും ഘടിപ്പിക്കും.
ഓരോ സംസ്ഥാനങ്ങളിലും നക്സലുകളുടെ സാഹചര്യങ്ങള്‍ സമാനമല്ലെന്നതിനാല്‍ തന്ത്രങ്ങളും മാറ്റണം. നക്സലുകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് ഇല്ലാതാക്കുക എന്നത് പരമപ്രധാനമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. രാജ്യത്ത് നക്സല്‍ ആക്രമണങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.