രാജ്യത്ത് ശിശു മരണനിരക്കില്‍ കുറവുളളതായി റിപ്പോര്‍ട്ട്
2015നെ അപേക്ഷിച്ച് 2016ല്‍ 8 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണ്ടെത്തല്‍
രാജ്യത്ത് ശിശു മരണനിരക്കില്‍ കുറവുളളതായി സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം ബുള്ളറ്റിന്‍. 2015നെ അപേക്ഷിച്ച് 2016ല്‍ 8 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. ആണ്‍ - പെണ്‍ ശിശു നിരക്കിലെ വ്യത്യാസത്തിലും കുറവുണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു. ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയമാണ് സര്‍വെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2015,16 വര്‍ഷങ്ങളിലെ നവജാത ശിശു ജനന - മരണ കണക്കുകളാണ് സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം ബുള്ളറ്റിന്‍ പുറത്തുവിട്ടത്. 2015ല്‍ ആയിരം നവജാത ശിശുക്കളില്‍ 37 എന്ന നിലയിലായിരുന്നു മരണ നിരക്കെങ്കില്‍, 2016ല്‍ അത് 34 ആയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2015ല്‍ ശിശുമരണനിരക്ക് 9.3 ലക്ഷമായിരുന്നത് 2016ല്‍ 8.4 ലക്ഷമായി കുറഞ്ഞു. അതായത് ഒരു വര്‍ഷം കൊണ്ട് 90,000 ശിശുമരണങ്ങള്‍ കുറഞ്ഞു. ഉത്തരാഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും 2015 ലെ കണക്കുകൾ പ്രകാരം ശിശു മരണ നിരക്കില്‍ കുറവുണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളും ആരോഗ്യ മേഖലയിലെ സേവനങ്ങളുമാണ് മാറ്റത്തിന് കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദം.