മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; നന്ദേഡ് കോര്‍പറേഷന്‍ കോണ്‍ഗ്രസ് തൂത്തുവാരി
മഹാരാഷ്ട്രയില്‍ നന്ദേഡ്-വഗാല കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം.
മഹാരാഷ്ട്രയില്‍ നന്ദേഡ്-വഗാല കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം. 81 സീറ്റുകളില്‍ കോണ്‍ഗ്രസ് 67 സീറ്റുകളില്‍ വിജയിക്കുകയും 4 സീറ്റുകളില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. ബിജെപിക്ക് നാല് സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ശിവസേനയുടെ നേട്ടം ഒരു സീറ്റില്‍ ഒതുങ്ങി. 2014ലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മിന്നുന്ന ജയത്തിന് ശേഷം ഇത്തരമൊരു തിരിച്ചടി കിട്ടിയത് ബിജെപിക്ക് ക്ഷീണമായി.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ പ്രതികരിച്ചു. അശോക് ചവാനാണ് കോണ്‍ഗ്രസിന്‍റെ പ്രചരണത്തെ മുന്നില്‍ നിന്ന് നയിച്ചത്. ഭിന്നിപ്പിച്ച് ഭരിക്കുകയും മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ട് പിടിക്കുകയും ചെയ്യുന്ന ബിജെപി തന്ത്രത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ നേതൃത്വത്തില്‍ ശക്തമായിത്തന്നെ ബിജെപി പ്രചരണ രംഗത്തുണ്ടായിരുന്നു. കോര്‍പറേഷന്‍ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നെങ്കിലും സംസ്ഥാനത്തെ ബിജെപി തേരോട്ടത്തിനിടയില്‍ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് നേട്ടമായി.