ഇന്ത്യയിലെ 81 ശതമാനം മുഖ്യമന്ത്രിമാരും കോടിപതികള്‍

Update: 2018-05-29 23:35 GMT
ഇന്ത്യയിലെ 81 ശതമാനം മുഖ്യമന്ത്രിമാരും കോടിപതികള്‍
Advertising

മുഖ്യമന്ത്രിമാരില്‍ 35 ശതമാനം പേരും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍

ഇന്ത്യയിലെ 81 ശതമാനം മുഖ്യമന്ത്രിമാരും കോടിപതികള്‍. മുഖ്യമന്ത്രിമാരില്‍ 35 ശതമാനം പേരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സീമാന്ധ്രയുടെ ചന്ദ്ര ബാബു നായിഡുവാണ് മുഖ്യമന്ത്രിമാരിലെ ധനാഢ്യന്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ വിശകലനം ചെയ്താണ് നാഷണല്‍ ഇലക്ഷന്‍ വാച്ചുമായി ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 31 മുഖ്യമന്ത്രിമാരില്‍ 25 പേരും കോടിശ്വരന്‍മാരാണ്. 177 കോടി ആസ്തിയുള്ള സീമാന്ത്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും ധനാഢ്യന്‍. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടുവും ശതകോടിശ്വരനാണ്.

കേരളമുഖ്യമന്ത്രി പിണറായി വിജയനും 1 കോടിയുടെ ആസ്തിയുണ്ട്. 27 ലക്ഷത്തിന്റെ മാത്രം ആസ്തിയുള്ള ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരാണ് സമ്പത്തില്‍ താഴെ. 30 ലക്ഷത്തിന്റെ ആസ്തിയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിമാരില്‍ 11 പേരും ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. 22 കേസുകളില്‍ പ്രതിയായ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ലിസ്റ്റില്‍ ഒന്നാമതും ക്രിമിനല്‍ ഗൂഢാലോചനയടക്കം 11 ‍ കേസുകളില്‍ പ്രതിയായ പിണറായി വിജയന്‍ പട്ടികയില്‍ രണ്ടാമതുമാണ്. ഒറ്റകേസ് മാത്രമുള്ള മെഫ്ബൂബ മുഫ്തി, നിതീഷ് കുമാര്‍ എന്നിവരാണ് പട്ടികയില്‍ താഴെയുള്ളത്. കൊലപാതകകുറ്റമാണ് നിതീഷ് കുമാറിന്‍റെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പക്ഷെ ആരും ഒരുകേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഇവരുടെ സത്യവാങ്മൂലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Tags:    

Similar News